മറിയം: ദൈവത്തോടൊത്ത് വളര്‍ന്നവള്‍ അഥവാ ദൈവകുടുംബാംഗം

മറിയം: ദൈവത്തോടൊത്ത് വളര്‍ന്നവള്‍ അഥവാ ദൈവകുടുംബാംഗം

മെയ് മാസം. മരിയ വണക്കത്തിനായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മാസം. മറിയത്തെക്കുറിച്ചുള്ള ചില മാധുര്യമുള്ള ചിന്തകള്‍

പൗലോസ് ശ്ലീഹായുടെ ഒരു വിശേഷണം ഇങ്ങനെയാണ്. നിങ്ങളെല്ലാവരും ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളാണ്. നമ്മളെല്ലാവരും ദൈവകുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ ആ കുടുംബത്തിലെ ഏറ്റവും ആദ്യത്തെ അംഗം പരിശുദ്ധ മറിയമായിരിക്കില്ലേ എന്ന ചിന്ത അങ്ങനെയാണ് കടന്നുകൂടിയത്.

ഒരാള്‍ ഒരു കുടുംബത്തിലെ അംഗമാകുന്നത് എങ്ങനെയാണ്? അവിടെ ജനിച്ചു, വളര്‍ന്നു, ആ പൈതൃകത്തില്‍ അവകാശം പറ്റി. പാരമ്പര്യങ്ങള്‍ ഉള്‍ക്കൊണ്ട്.. അതൊക്കെയാണ് ഒരു വ്യക്തിയെ ഒരു കുടുംബത്തിലെ അംഗമാക്കുന്നത്.

മറിയത്തെക്കുറിച്ചുള്ള പാരമ്പര്യങ്ങളിലൊന്ന് ഇങ്ങനെയാണ്. നന്നേ ചെറുപ്പം മുതല്‍ക്കേ ദൈവാലയത്തിലാണത്രെ മറിയം വളര്‍ന്നുവന്നത്. ദൈവാലയത്തില്‍ വളര്‍ന്നവള്‍ എന്നാല്‍ ദൈവത്തൊടൊത്ത് വളര്‍ന്നവള്‍ എന്നാണ് അര്‍ത്ഥം. അതിന് ദൈവത്തോളം വളര്‍ന്നവള്‍ എന്നര്‍ത്ഥവുമില്ല. കാരണം മറിയം ദൈവത്തിന്റെ സൃഷ്ടി തന്നെയാണ്.

ദൈവത്തെ അവള്‍ക്ക് അങ്ങനെ ചെറുപ്പം മുതല്‌ക്കേ ഹൃദയത്തില്‍ അടയാളമുദ്രയായി സ്വീകരിക്കാന്‍ കഴിഞ്ഞു. ദൈവത്തെ അവള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.( ദൈവത്തെ മനസ്സിലാക്കാന്‍ കഴിയുക! ഹോ എത്ര വലിയ അറിവാണത്! അതിന്റെ പൂര്‍ണ്ണതയിലേക്ക് എത്ര മനുഷ്യര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും). അകന്നുനില്ക്കുന്ന ഒരു സാന്നിധ്യമായിരുന്നില്ല അത്. കാരണം ദൈവം അവളുടെ ഉളളിലുണ്ടായിരുന്നു.

ജീവിതത്തിലേല്‌ക്കേണ്ടിവന്ന സഹനങ്ങളെയും പലായനങ്ങളെയും തിരസ്‌ക്കരണങ്ങളെയും എല്ലാം പരാതികൂടാതെ സ്വീകരിക്കാന്‍ മറിയത്തിന് കഴിഞ്ഞത് നന്നേ ചെറുപ്പം മുതല്‌ക്കേ രൂപപ്പെട്ടുവന്ന ഈ ആത്മീയപരിസരം വഴിയാണ്. ആത്മീയത ഒരാളുടെ പരിപാകമായ വ്യക്തിത്വത്തെ കൂടി രൂപപ്പെടുത്തുന്നു. മുളച്ചുവരുന്നതിനൊപ്പം വളര്‍ച്ചയ്ക്കാവശ്യമായതെല്ലാം ആഹരിച്ച് വളര്‍ന്ന ഒരു തളിര്‍മുല്ല തന്നെയായിരുന്നു പരിശുദ്ധ മറിയം.

തീരെ ചെറിയ ഒരു പ്രതികൂലത്തിന് മുമ്പില്‍പോലും നമ്മളെല്ലാവരും എത്ര പെട്ടെന്നാണ് വാടിപോകുന്നത്! അതിനൊന്നേ കാരണമുള്ളൂ നാം ദൈവത്തോടൊത്ത് വളര്‍ന്നിട്ടില്ല.. ദൈവത്തെ നാം ഇപ്പോഴും ദൈവം ആയിരിക്കുന്നതുപോലെ മനസ്സിലാക്കിയിട്ടുമില്ല. മറിച്ച് നമ്മുടേതായ രീതിയില്‍ നാം ദൈവത്തെ വിലയിരുത്താനും ദൈവത്തിന് വിലയിടുവാനും ശ്രമിക്കുന്നു.
ദൈവത്തോടൊത്ത് വളര്‍ന്നവളായതുകൊണ്ടാണ് അവള്‍ക്ക് ലോകത്തിന്റെ മുഴുവനും അമ്മയായിത്തീരാന്‍ കഴിഞ്ഞത്.

ദൈവത്തോടൊത്ത് വളരുക എന്നാല്‍ ദൈവഹൃദയം സ്വന്തമാക്കുക. സ്വന്തം മനസ്സിന്റെ ചക്രവാളം വികസിപ്പിക്കുക, എന്നെല്ലാം കൂടി അര്‍ത്ഥമുണ്ട്.
കേവലം ഒരു സ്ത്രീക്ക് തന്റേതല്ലാത്ത ഒരു കുഞ്ഞിനെ പോലും അതിന്റേതായ വിശാലാര്‍ത്ഥത്തില്‍ അമ്മയെപ്പോലെ സ്‌നേഹിക്കാനാവില്ല. രണ്ടാനമ്മമാര്‍ എന്ന സംജ്ഞ തന്നെ രൂപപ്പെട്ടത് അങ്ങനെയാണല്ലോ. അവള്‍ സ്വന്തം അമ്മയല്ല.രണ്ടാമത്തെ അമ്മയാണ്. എത്ര രണ്ടാനമ്മമാര്‍ക്ക് പെറ്റമ്മയായി മാറാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് വേറൊരു കാര്യം.

എന്നിട്ടും ചില അമ്മമാര്‍ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. നമ്മളൊക്കെ പലപ്പോഴും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെളിവാരിയെറിയുകയും ഒക്കെ ചെയ്തിട്ടുളള കന്യസ്ത്രീയമ്മമാരാണത്. മാനുഷികമായ അവരുടെ എല്ലാ കുറവുകളെയും ഓര്‍മ്മിച്ചുകൊണ്ടുതന്നെയാണ് പറയുന്നത് അവരിലൊക്കെ ഏറിയും കുറഞ്ഞുമൊക്കെ പെറ്റമ്മമാരും അമ്മമറിയവുമൊക്കെയുണ്ട്. കാരണം എത്രയെത്ര കുഞ്ഞുങ്ങള്‍ക്കാണ് / വ്യക്തികള്‍ക്കാണ് അനാഥാലയങ്ങളിലും പുനരധിവാസകേന്ദ്രങ്ങളിലുമെല്ലാമായി അമ്മയായി അവര്‍ ജീവിക്കുന്നത്. !

നമ്മള്‍ കരുതുന്നത് ഒരു കുഞ്ഞിന്റെ ചെറുപ്രായത്തില്‍ മാത്രം മതി അമ്മയെന്നാണ്. എന്നാല്‍ അമ്മത്തത്തോടുള്ള ദാഹം എല്ലാ വ്യക്തികളുടെയും അബോധങ്ങളിലൂടെയൊഴുകിക്കൊണ്ടിരിക്കുന്ന ഒരു പുഴയാണ്. ഒരു പ്രായത്തിനും അതിന്റെ ഒഴുക്ക് നിര്‍ത്താനാവില്ല.

ഇതെഴുതുമ്പോള്‍ എണ്‍ത്തിയാറ് വയസുണ്ട് എന്റെ അപ്പന്. അപ്പന്‍ വല്ലപ്പോഴും വരുന്ന പനിചുമജലദോഷങ്ങള്‍ക്കിടയിലോ ചിലപ്പോള്‍ ഒരു കോട്ടുവാ ഉതിര്‍ക്കുമ്പോള്‍ പോലും എന്റെ അമ്മേ” എന്ന് ഇടയ്ക്ക് വിളിക്കാറുണ്ട്. അതൊക്കെ സ്വന്തം അമ്മയെയാണോ അതോ പരിശുദ്ധ അമ്മയെയാണോ ഇനി അതൊന്നുമല്ലെങ്കില്‍ വെറുതെ വിളിച്ചുപോകുന്നതാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ആ വിളിയുണ്ടല്ലോ ആ വിളിയില്‍ ഒരമ്മയെക്കുറിച്ചുള്ള ഓര്‍മ്മയുണ്ട്.

അമ്മയുടെ സാമീപ്യത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമുള്ള ധ്യാനമുണ്ട്.
ഓരോ പുരുഷന്റെ ഉള്ളിലും അമ്മ എന്ന ബിംബത്തിന് ഒരു പ്രതിഷ്ഠയുണ്ട്. തന്റെ സ്‌നേഹബന്ധങ്ങളിലെല്ലാം അവന്‍ അന്വേഷിക്കുന്നത് ഒരമ്മയുടെ കൂടി സ്‌നേഹമാണ്.. ഭാര്യ അമ്മ കൂടിയാകണം എന്നതാണ് അവന്റെ ഒരാഗ്രഹം. മഴ പെയ്തു നനഞ്ഞുവരുമ്പോള്‍ തുകര്‍ത്തിത്തരുന്ന തൂവാലയായും പനിക്കിടക്കയില്‍ കൂടെയെരിയുന്ന അഗ്നിയായും ചെളിയില്‍ ചവിട്ടികടന്നുവരുമ്പോള്‍ മാലിന്യം കഴുകിത്തരുന്ന സ്‌നാനതീര്‍തഥമായും ആശങ്കകളും ആകുലതകളും തികട്ടിവരുമ്പോള്‍ മാറോട് ചേര്‍ത്ത് അടുപ്പിക്കുന്ന സാന്ത്വനമായും ഒരു പെണ്ണിനെ അവനെന്നും ആഗ്രഹിക്കുന്നുണ്ട്.

നീ ഒരു ഭാര്യയായിരിക്കാം.. പ്രസവിച്ചിട്ടുമുണ്ടാകാം.. ഒരു കുഞ്ഞിനെയെങ്കിലും പാലൂട്ടി വളര്‍ത്തിയിട്ടുമുണ്ടാവാം.. പക്ഷേ നീ കുഞ്ഞിന് മാത്രമേ അമ്മയായിട്ടുള്ളോ? നിന്റെ ഭര്‍ത്താവിന് കൂടി അമ്മയാകാന്‍ നിനക്ക് വിളിയുണ്ടെന്ന് മറന്നുപോകരുത്.. നിനക്ക് ലഭിച്ച ആദ്യത്തെ കുഞ്ഞ് നിന്റെ ഭര്‍ത്താവാണ്. കുഞ്ഞിന്റെ വിശപ്പും ദാഹവും ആഗ്രഹങ്ങളും ആവശ്യങ്ങളും അവന്‍ പറയാതെതന്നെ നിനക്ക് മനസ്സിലാവുന്നുണ്ടെങ്കില്‍ ഭര്‍ത്താവിനെയും നിനക്ക് അങ്ങനെതന്നെ മനസ്സിലാക്കാന്‍ കഴിയണം. അതിലാണ് നിന്റെ വിജയം.

ഭാര്യാത്വവും അമ്മത്തവും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. മറിയത്തിന്റെ ലോകമാതൃത്വം യൗസേപ്പിനോടുകൂടി ചേര്‍ത്തുവായിക്കപ്പെടണം എന്ന് കരുതുന്നവനാണ് ഞാന്‍. മറിയം ആദ്യം അമ്മയായത് ജോസഫിനായിരുന്നു. ദാമ്പത്യത്തില്‍ ഭാര്യ ഭര്‍ത്താവിന് കൂടി അമ്മയായി മാറേണ്ടതിനെക്കുറിച്ച് പരിശുദ്ധ മറിയം തന്നെ പറയുന്നുണ്ട്.

ജീവിതസഖിയും അതേ സമയം ഭര്‍ത്താവിന്റെ അമ്മയും ആകാന്‍ കഴിവുള്ള സ്ത്രീ അനുഗ്രഹീതയാകുന്നുവെന്നാണ് മറിയത്തിന്റെ വാക്കുകള്‍.മറിയത്തിന്റെ സാന്നിധ്യത്താല്‍ പുതുജീവന്‍ പ്രാപിച്ച ഉണക്കമരച്ചില്ലയായിരുന്നു ജോസഫ്. മറിയം കൂടെയുള്ളതുകൊണ്ട് പിന്നെയൊരിക്കലും അത് വാടിയില്ല.. കരിഞ്ഞുമില്ല.

വര്‍ഷമെത്ര കഴിഞ്ഞിട്ടും പത്മരാജന്റെ രാത്രിച്ചിത്രം എന്ന കഥയിലെ പോളിനെ മറന്നിട്ടില്ല.. അമ്മ മരിച്ചുകിടക്കുമ്പോള്‍ വീട്ടുജോലിക്കാരിയെ പ്രാപിക്കുന്ന സങ്കീര്‍ണ്ണമായ മാനസികഭാവമുള്ള കഥാപാത്രമാണവന്‍. എല്ലാ പുരുഷന്മാരും തേടുന്നത് സ്ത്രീശരീരത്തിന്റെ സൗന്ദര്യങ്ങളെയും നിമ്‌ന്നോന്നതങ്ങളെയും മാത്രമല്ല അവന്റെ ഉള്ളില്‍ ഇന്നും അപൂര്‍ണ്ണമായി കിടക്കുന്ന സ്ത്രീത്വത്തിന്റെ ചിലവിവിധഭാഗങ്ങളെക്കൂടിയാണ്.

തുടങ്ങിയിടത്തേക്ക് തന്നെ പോകാം. ഏറെ വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്കും പരിത്യാഗപ്രവര്‍ത്തനങ്ങള്‍ക്കും ശേഷമാണല്ലോ യോവാക്കിമിനും അന്നായ്ക്കും മറിയം മകളായി പിറന്നത്. അവരപ്പോള്‍ ദൈവത്തോട് ഒരു കാര്യം നേര്‍ന്നിരുന്നു. ഒരു കുഞ്ഞ് ജനിക്കുകയാണെങ്കില്‍ ആ കുഞ്ഞിനെ ദൈവത്തിന് സമര്‍പ്പിക്കാമെന്ന്..

ആദ്യഫലം ദൈവത്തിനുള്ളതാണെന്ന് ബൈബിളിലുടനീളം കാണുന്ന ഒരു വിശ്വാസമാണ്. ആറ്റുനോറ്റുണ്ടായ ഉണ്ണി..കൊതിതീരെ കളിപ്പിച്ചും ഊട്ടിയും ഉറക്കിയും പോലും കഴിഞ്ഞിട്ടില്ല. എന്നിട്ടും ദൈവത്തിന് കൊടുത്ത വാക്ക് പാലിക്കാന്‍ അവര്‍ സന്മനസ്സുള്ളവരാകുന്നു.ഫലമോ കൊച്ചുമറിയത്തിന്റെ ജീവിതം ദൈവാലയത്തിലാകുന്നു. അങ്ങനെയാണ് ദൈവം അവളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ആളാകുന്നത്. വളര്‍ന്നുവരുന്ന സാഹചര്യവും കുടുംബപശ്ചാത്തലവും ഒരാളുടെ ആത്മീയതയുടെ വേരുറപ്പിക്കാന്‍ ശക്തമായ കാരണങ്ങളാകുന്നു.

അവരുടെ സ്ഥാനത്ത് നമ്മളാണെങ്കിലോ.. നമ്മള്‍ നമ്മുടെ മക്കളെ ദൈവത്തിന് കൊടുക്കാന്‍ പലപ്പോഴും തയ്യാറല്ല.. പ്രാര്‍ത്ഥിച്ചതും അതുവഴി കുഞ്ഞിനെ കിട്ടിയതുമൊക്കെ ശരി തന്നെ. പക്ഷേ കൈയില്‍ കിട്ടിയോ ഇനി എന്റെ ആഗ്രഹവും സ്വപ്നവും അനുസരിച്ച് മക്കള്‍ വളരണം. ഇതാണ് ഭൂരിപക്ഷത്തിന്റെയും മനസ്സിലിരുപ്പ്. അച്ചനോ കന്യാസ്ത്രീയോ ആകുന്നത് രണ്ടാം തരം ജീവിതവൃത്തിയാണെന്നാണ് അവരുടെ ചിന്ത.

അത് നാം നന്ദികേട് കാണിക്കുന്നതല്ലേ. അച്ചന്മാരും കന്യാസ്ത്രീകളും വഴി കൈപ്പറ്റിയ എത്രയോ നന്മകളെ മറക്കുന്നതിന് തുല്യമല്ലേ അത്. ഇന്നത്തെ നമ്മുടെ ജീവിതസാഹചര്യത്തില്‍ മാതാപിതാക്കള്‍ക്ക് മക്കള്‍ക്ക് ദൈവത്തെ എന്തുമാത്രം കൊടുക്കാന്‍ കഴിയുന്നുണ്ട് എന്നും ചിന്തിച്ചുനോക്കുന്നത് നല്ലതായിരിക്കും. മക്കളെ കുടുംബജീവിതത്തിലേക്കോ മറ്റേതെങ്കിലും ജീവിതാവസ്ഥകളിലേക്കോ പറഞ്ഞുവിടുമ്പോഴൊന്നും ദൈവികചിന്ത പറഞ്ഞുകൊടുക്കാന്‍ നമ്മള്‍ പല മാതാപിതാക്കള്‍ക്കും കഴിയുന്നുണ്ടെന്ന് തോന്നുന്നില്ല.

അല്ലെങ്കില്‍ മകന്‍/മകള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മക്കളേ ദൈവവിചാരത്തോടെ നിങ്ങള്‍ ജീവിതം ആരംഭിക്കണം, ദൈവഹിതം അനുസരിച്ച് പ്രവര്‍ത്തിക്കണം, ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കണം, ദൈവത്തോട് ആലോചന ചോദിക്കണം ..ഇങ്ങനെയൊക്കെ എത്ര മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കുന്നുണ്ട്? അല്ലെങ്കില്‍ വേണ്ട നമ്മളില്‍ എത്ര പേര്‍ക്ക് അത്തരമൊരു ഉപദേശം കിട്ടിയിട്ടുണ്ട് എന്ന് ഓര്‍ത്തുനോക്കുന്നതാകും കൂടുതല്‍ എളുപ്പം.

അത്തരമൊരു പാരമ്പര്യം അപൂര്‍വ്വമായതുകൊണ്ട് പലര്‍ക്കും മറുപടിയുണ്ടാവണമെന്നുമില്ല. ചെറുപ്പംമുതല്‍ക്കേ ദൈവികചിന്തയില്‍ വളര്‍ന്നുവരുന്നവരൊന്നും നിത്യമായ വഴിതെറ്റലുകള്‍ക്ക് വിധേയരാവുകയൊന്നുമില്ല. എപ്പോഴെങ്കിലും ഇടറിപ്പോയാല്‍ തന്നെ തിരികെവരുവാന്‍ അവര്‍ക്ക് ദൈവതിരുവാതിലുകള്‍ ഉള്ളതുകൊണ്ടുതന്നെയാണത്.

ദൈവഹിതത്തിന് പകരം സ്വഹിതം അവതരിപ്പിക്കുന്നതാണ് നമ്മുടെ ദാമ്പത്യങ്ങളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഒരു പ്രശ്‌നത്തിന് മുമ്പില്‍ അല്ലെങ്കില്‍ ദാമ്പത്യകലഹത്തിന് മുമ്പില്‍ നാം പ്രതികരിക്കുന്നത് നമ്മുടേതായ രീതിയിലാണ്.

എന്നാല്‍ ആ പ്രശ്‌നത്തോട് ദൈവം എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് മനസ്സിനെ തെല്ലൊന്ന് ശാന്തമാക്കി ചിന്തിച്ച് അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നമ്മുടെയൊക്കെ കുടുംബച്ചിത്രങ്ങള്‍ എത്രയേറെ വര്‍ണ്ണാഭമാകുകകയില്ല! എല്ലായ്‌പ്പോഴും അങ്ങനെ ചെയ്യുന്ന ഒരാള്‍ എന്ന നിലയിലല്ല ഇതെഴുതിയത് മറിച്ച് ചിലപ്പോഴെങ്കിലും ആ വഴിക്ക് ശ്രമിച്ചിട്ടുള്ള ആള്‍ എന്ന നിലയിലാണ്. അങ്ങനെയൊരു ആലോചനയെങ്കിലും മനസ്സിലേക്ക് കൊണ്ടുവരണമെങ്കില്‍ നമ്മുടെ മനസ്സില്‍ അല്പമെങ്കിലും ദൈവവിചാരം ഉണ്ടാവണം.ദൈവവിചാരമാണ് നമ്മെ പല കുഴപ്പങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നത്..

ഒരു സ്ത്രീയുടെ ജീവിതഗ്രാഫ് ഇങ്ങനെയാണ്. നന്നേ ചെറുപ്പത്തിലേ മാതാപിതാക്കള്‍ ഉപേക്ഷിച്ചുകളഞ്ഞ അവള്‍ പിന്നീട് വളര്‍ന്നുവന്നത് ഒരു അനാഥാലയത്തിലാണ്. പ്രായപൂര്‍ത്തിയെത്തിയപ്പോള്‍ അവിടുത്തെ കന്യാസ്ത്രീകള്‍ ഇടപെട്ട് വിവാഹംകഴിപ്പിച്ചയച്ചു. സല്‍ഗുണസമ്പന്നനായ ഒരു ചെറുപ്പക്കാരന്‍. സന്തോഷകരമായ കുടുംബജീവിതം.. അവര്‍ക്കൊരു മകന്‍ പിറന്നു. അവന് പത്തോ പതിനഞ്ചോ വയസുള്ളപ്പോള്‍ ഒരപകടത്തില്‍പെട്ട് ഭര്‍ത്താവ് മരണമടഞ്ഞു. പിന്നെ മകനുവേണ്ടിയായി ജീവിതം.

മകന്‍ വളര്‍ന്ന് ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ അനുഭാവിയായി. തീക്ഷ്ണമതിയായ പ്രവര്‍ത്തകനുമായി. ഒടുവില്‍ രാഷ്ട്രീയചേരിപ്പോരുകളില്‍ പെട്ട് മകനെ എതിര്‍പാര്‍ട്ടിക്കാര്‍ മൃഗീയമായി കൊലപ്പെടുത്തി, അതും അമ്മയുടെ മുമ്പില്‍ വച്ച്..പരിശുദ്ധ മറിയത്തിന്റെ ജീവിതത്തോട് മറ്റൊരു വിധത്തില്‍ ഈ സംഭവങ്ങളെയും ഉദാഹരിക്കാവുന്നതാണ്. ഇരുവരുടെയും ജീവിതവഴികള്‍ ഉപരിപ്ലവമായി നോക്കുകയാണെങ്കില്‍ സമാനവുമാണ്.
പക്ഷേ അനുഭവങ്ങളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഏറെ അന്തരമുണ്ട്.

ഏതനുഭവത്തെയും എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് ഒരു സ്ത്രീയെ മറിയമാക്കുന്നത്. മറിയത്തോളം സഹിച്ച സ്ത്രീകളില്ല എന്നൊക്കെ പലരും പറയാറുണ്ട്. ചിലപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് അങ്ങനെ. പക്ഷേ ഇപ്പോഴെനിക്ക് തോന്നുന്നു മറിയത്തെക്കാള്‍ സഹിക്കുന്ന ഒരു പാട് സ്ത്രീകള്‍ നമുക്കിടയിലുള്ളപ്പോള്‍ അങ്ങനെ പറയുന്നതില്‍ കഴമ്പില്ലെന്ന്.

വളരെയധികം തിക്താനുഭവങ്ങളിലൂടെയുംവേദനകളിലൂടെയും തിരസ്‌ക്കരണങ്ങളിലൂടെയും അപമാനങ്ങളിലൂടെയുമെല്ലാം കടന്നുപോകുന്ന എത്രയോ സ്ത്രീകള്‍.. പക്ഷേ അവരൊന്നും മറിയമാരാകുന്നില്ല എന്നേയുള്ളൂ. എന്താണ് കാരണം,അവര്‍ അനുഭവങ്ങളെയും സാഹചര്യങ്ങളെയും ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കുന്നില്ല. ആ അനുഭവങ്ങളിലൂടെ ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുമില്ല. ജീവിതത്തിലെ ഏത് നിഷേധാത്മകമായ അനുഭവങ്ങള്‍ക്ക് പിന്നിലും മറിയം ദൈവത്തെ കണ്ടു.

നിരാശയ്ക്ക് അടിമപ്പെടാന്‍ അവള്‍ക്കൊന്നുമുണ്ടായിരുന്നില്ല. അവള്‍ക്കൊന്നിനോടും പരാതിയുണ്ടായിരുന്നില്ല.. ആരോടും കുറ്റപ്പെടുത്തുന്ന വാക്കുകള്‍ പറഞ്ഞുമില്ല.. മകനെ തള്ളിപ്പറഞ്ഞ അവന്റെ കൂട്ടുകാര്‍ പശ്ചാത്താപത്തോടെ വരുമ്പോള്‍ പോലും സ്‌നേഹത്തിന്റെ വിരുന്നൂട്ടാന്‍ അവള്‍ സന്നദ്ധയാകുന്നു.

ദൈവത്തെയോ മനുഷ്യനെയോ തന്റെ ദു:ഖങ്ങള്‍ക്ക് പഴിചാരാതിരിക്കാന്‍ മാത്രം ദൈവത്തോട് ചേര്‍ന്നുനില്ക്കാന്‍ കഴിയുന്ന വിധത്തിലുള്ള ആത്മീയതയുടെ പാഠങ്ങള്‍ അവള്‍ സ്വായത്തമാക്കിയിരുന്നതുകൊണ്ടാണത്

ഒരു സ്ത്രീയുടെ സാധ്യതയുടെ പേരാണ് മറിയം.ഒരു സ്ത്രീയുടെ വെല്ലുവിളിയുടെ പേരാണ് മറിയം.ഓരോ സ്ത്രീയുടെ ഉള്ളിലും മറിയമുണ്ട്, അല്പം ത്യാഗവും സ്‌നേഹവും സഹനവും പ്രത്യാശയും ചേര്‍ത്താല്‍ ഓരോ സ്ത്രീയും മറിയത്തിലേക്ക് ചേര്‍ക്കപ്പെടും.

സ്ത്രീയേ നിന്റെ ഉള്ളിലെ മറിയത്തത്തിന് എന്റെ വന്ദനം..നീ മറിയമാകുക..അമ്മയാകുക..

 

വിനായക് നിര്‍മ്മല്‍

 

 

You must be logged in to post a comment Login