മറുപിറവി

മറുപിറവി

life-birth-and-rebirthഒരു മറുപിറവി സാധ്യമാണ്, ഈ ജന്മത്തില്‍ത്തന്നെ. നിളയുടെ തീരത്ത് നിന്ന് ആ പദം വല്ലാതെ മോഹിപ്പിക്കുന്നു പുനര്‍ജ്ജനി. തിരുവില്വാമലയിലാണ്, പ്രതിഷ്ഠകളില്ലാത്ത ആ ഗുഹാക്ഷേത്രം. വ്രതശുദ്ധിയോടുകൂടി നൂണ്ടിറങ്ങിയാല്‍ ജന്മാന്തര പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്ന വിശ്വാസമുണ്ടവിടെ. ഒരിത്തിരി നേരം ബോധത്തെ ഇരുളിലൂടെ നൂളാന്‍ വിട്ടുകൊടുക്കുന്ന ഏതൊരാള്‍ക്കും വെളിച്ചത്തിന്റൈ പൈതലായി പുനര്‍ജ്ജനിക്കാനാവുമെന്ന് സങ്കല്പം!. ഇരുട്ട് എല്ലാ സുഗന്ധങ്ങളുടെയും ഗര്‍ഭചഗൃഹമാണ് സുഗന്ധമുള്ളതെല്ലാം വിരിയുന്നതവിടെനിന്നാണ്.

ആരംഭത്തില്‍ ഒരു കുറുമ്പായി അനുഭവപ്പെട്ട ഒരു കാര്യം സംഭവിച്ചു. കൃത്യമായി പറഞ്ഞാല്‍ ആറു വര്‍ഷം മുമ്പ് വിജയദശമി പ്രഭാതത്തിലാണ്. പിന്നീട് ആത്മമിത്രമായി മാറിയ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു. എനിക്കിന്ന് ആദ്യാക്ഷരം കുറിക്കണമെന്നുണ്ട്. അയാളപ്പോള്‍ എം. ജിയില്‍ ഗവേഷണവിദ്യാര്‍ത്ഥിയായി പേരു കൊടുത്തിട്ടുണ്ടായിരുന്നു! ഞങ്ങള്‍ ഒരിക്കല്‍ കൂടി അരിയില്‍ അക്ഷരങ്ങള്‍ എഴുതി നോക്കി. പേരറിയാത്തൊരു ഈര്‍പ്പം ഞങ്ങളെ പൊതിഞ്ഞു നിന്നു. എഴുതിയതൊക്കെ പാളിയെന്നു ബോധ്യപ്പെട്ടാല്‍ കണ്ണുകള്‍ തുടച്ച് എല്ലാം മായിച്ച് വീണ്ടുമെഴുതാനായിരിക്കണം അരിയിലും മണലിലും ഈ ദേശത്ത് വിദ്യാരംഭം കുറിച്ചിരുന്നത്.

ബസ്‌സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് സോളമന്‍ സ്രാങ്കിനെ കണ്ടത്. കുളിച്ച് അലക്കിയ വസ്ത്രങ്ങളുമായി… അതിലിത്ര പ്രത്യേകത എന്തെന്നല്ലേ? മുമ്പ് കണ്ടപ്പോഴൊരിക്കലും അയാളങ്ങനെ ആയിരുന്നില്ല. അഴിഞ്ഞു പോകുമെന്ന് ഭയന്ന് മടിക്കുത്തില്‍ കൈവച്ച്, തെല്ലാടി, പീള വീണ മിഴികളുമായി… ആതമാഭിമാനത്തോടെ അയാള്‍ പറയുന്നു: ഇപ്പ സോളമന്‍ സ്രാങ്കിനെ എല്ലാവര്‍ക്കും എന്തു കാര്യമാണെന്നോ! പാതിരി കഥകളിലെ സ്ഥിരം കഥാപാത്രമെന്ന് പറഞ്ഞ് തള്ളരുത്. നിങ്ങള്‍ ഒരു മദ്യപന്റെ ആരുമല്ലാത്തതുകൊണ്ട് തോന്നുന്നതാണിത്. ഒരിക്കലെങ്കിലും ഒരു എഎ (Alcoholic Anpnymous) ഒത്തുചേരലില്‍ പോകണം. ഒരോരുത്തരായി മുമ്പോട്ടു വരുന്നു. പേരു പറയുന്നു. ഞാനിന്ന് മദ്യപിച്ചിട്ടില്ലായെന്നു നമ്രതയോടെ സാക്ഷ്യപ്പെടുത്തുന്നു. ചുറ്റിനുമിരിക്കുന്നവര്‍ നിറമിഴികളോടെ അതിനെ വാഴ്ത്തുന്നു:……..

തൊട്ടുമുമ്പില്‍ ഒരു വാടകവീടുണ്ട്. തൊഴിലാളി പ്രവര്‍ത്തകനായ ഭര്‍ത്താവ് കഴിഞ്ഞ മഴക്കാലത്ത് മരിച്ചു. അമ്മയും മൂന്നു കുഞ്ഞുങ്ങളും. ഇത്തരം പ്രതിസന്ധികളില്‍ ഒരു കേവല മലയാളിക്ക് സങ്കല്പ്പിക്കാവുന്ന ലളിതമായ പരിഹാരമാണ് അമ്മ ആലോചിച്ചത് മരിച്ചുകളയുക. ഒമ്പതില്‍ പഠിക്കുന്ന മകള്‍ ഓര്‍ത്തു. ഒരു മുറി നിറയെ അച്ഛന്‍ വായിച്ചിരുന്ന നാലു പത്രങ്ങളുടെ കെട്ടുകളുണ്ട്. സ്‌കൂളിലവളെ കടലാസുകൂടൊട്ടിക്കുന്ന കരവേല അദ്ധ്യാപകന്‍ പഠിപ്പിച്ചിട്ടുണ്ട്. സന്ധ്യകളില്‍ നിരത്തില്‍ വച്ചവരെ കാണാറുണ്ട്. അമ്മയും കുഞ്ഞുങ്ങളും ആ വലിയ കായ സഞ്ചിയില്‍ നിറയെ കടലാസു കൂടുകളാണ്. തിരികെ വരുമ്പോള്‍ പലവ്യഞ്ജനങ്ങളും ഒക്കെ മറുപിറവിയുടെ ആനന്ദോത്സവങ്ങളാണ്.

എണ്ണിയാല്‍ തീരാത്ത ജന്മങ്ങളിലൂടെ ഇടറി നടക്കുന്ന ഒരു തുടര്‍ച്ചയാണ്് നമ്മളെന്ന് ഇതരമതങ്ങളില്‍ വിശ്വാസമുണ്ട്. സ്വയം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് നരജന്മം. അതില്‍ പിഴച്ചാല്‍ ആ ചാക്രികത തുടങ്ങും. ബുദ്ധ പാരമ്പര്യങ്ങളില്‍ അലച്ചിലെന്നു തന്നെയാണ് (wandering) അതിനെ വിശേഷിപ്പിക്കുന്നത്. വ്യക്തിതലങ്ങളില്‍ (Becoming again) എന്ന് ചിലരെ പരിചയപ്പെടുമ്പോള്‍ തോന്നുന്ന ആകര്‍ഷണവും സ്വാതന്ത്യവും ഇതിനു കാരണമായി വ്യാഖ്യാനിക്കപ്പെടുന്നു. ടിബറ്റില്‍ ഒരു ലാമയെ കണ്ടെത്തുന്നതുപോലും അത്തരം ചില സൂചനകളിലൂടെയാണെന്ന് വായിച്ചിട്ടുണ്ട്. ഭംഗിയുള്ള ആത്മീയ കവിതയായിട്ട് അനുഭവപ്പെടുമ്പോള്‍ പോലും അതിന്റെി യുക്തിഭദ്രത അത്ര ബോധ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഒരു ജന്മത്തില്‍ത്തന്നെ പല ജീവിതം സാധ്യമാണ്. ഓരോ മരണങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കിത് വെളിപ്പെട്ടുകിട്ടും. എത്ര മരണങ്ങളാണ് ഒരേ ജീവിതത്തില്‍. ഒരുറക്കം പോലും മരണം തന്നെയെന്ന് ഗാന്ധി. ഓരോ രാത്രിയിലും ഞാന്‍ മരിക്കുന്നു. മരണം നിദ്രയാണെന്ന് കരുതുന്നതിനേക്കാള്‍ അഗാധമാണ് നിദ്രയെ മരണമായി വായിച്ചെടുക്കുന്നത്. പുലരിയില്‍ ഞാന്‍ വീണ്ടും പിറക്കുന്നുവെന്നു അയാള്‍ കൂട്ടിചേര്‍ക്കുന്നു. “My sun sets to rise again…” ബ്രൌണി0ഗിന്റെ വരികള്‍ ഓര്‍ക്കുന്നു.

റിട്ടയര്‍മെന്റിനു ശേഷം സമാദരണീയനായ ഒരു വ്യക്തിയെകാണുമ്പോള്‍ നിസ്സംഗതയോടെ ഇങ്ങനെ പറഞ്ഞുകേട്ടു, ജോലിയില്‍ നിന്നു വിരമിക്കല്‍ ഒരാളുടെ ആദ്യത്തെ മരണമാണ്. പ്രണയം തകര്‍ന്നു ഒരു പെണ്‍കുട്ടിയും പറയുന്നതിതുതന്നെയാണ്. ഘടികാരങ്ങളെ നിലപ്പിച്ചു മുറി കൊട്ടിയടച്ച് ശവക്കല്ലറയിലെന്ന പോലെ ജീവിക്കാന്‍ തയ്യാറാകുന്ന മിസ് ഹവിഷാം എന്ന ഡിക്കന്‌സിപന്റൈാ കഥാപാത്രമുണ്ട്. ഉറ്റവരുടെ വിയോഗത്തില്‍ മരിച്ചടക്കപ്പെട്ടവരേക്കാള്‍ അടഞ്ഞു പോയ മനുഷ്യരേയും ഞാനീ ദിനങ്ങളില്‍ കാണുന്നുണ്ട്. ഒന്നോര്‍ത്താല്‍ ഓരോ കുമ്പസാരങ്ങളും ഓരോ മരണങ്ങളാണ്. ഒത്തിരി മരണങ്ങള്‍ക്ക് ഒത്തിരി പിറവികളുണ്ടാകണം. ഈ ജന്മത്തിലല്ല, ഇപ്പോള്‍, ഇന്ന്. ആരോ പുറത്തുനിന്ന് കല്‍പ്പിക്കുന്നുണ്ട്: കല്ലറയിലെ കല്ലുകള്‍ എടുത്തു മാറ്റുക. അവന്റെ നാടകളഴിക്കുക. ശവക്കച്ച കീറുക. ലാസറേ പുറത്തു വരിക!

വീണ്ടും പിറവി എന്ന വാക്ക് ക്രിസ്തു നിക്കദേമൂസിനോടാണ് ആദ്യം പറയുന്നത്. രാത്രിയിലെത്തിയ ജ്ഞാനസഞ്ചാരിയായാണ് യോഹന്നാന്‍ അയാളെ ചിത്രീകരിക്കുക. ജ്ഞാനസഞ്ചാരങ്ങളുടെ കഥകളാണ് എല്ലാ മഹത്ഗ്രന്ഥങ്ങളും. ഭൂമിയുടെ അതിരുകളില്‍ നിന്ന് യാത്ര ചെയ്ത് ശലമോനെ കാണാനെത്തിയ ഒരു രാജ്ഞിയെ യേശു വാഴ്ത്തുന്നുണ്ട്. ഒരാളുടെ ഉള്ളില്‍ ഒരു തരി വെട്ടമുണ്ടെന്ന അറിവില്‍ ശലഭങ്ങള്‍ പോസലെ ചിലരതില്‍ ആകര്‍ഷിക്കപ്പെടുന്നു. കരിഞ്ഞുപോയാലെന്ത്. ചിറകുകള്‍ അടര്‍ന്നു വീഴുന്നതിനേക്കാള്‍ എത്ര നല്ലതാണത്. കടല്‍ക്കൊള്ളക്കാര്‍ മുങ്ങാങ്കുഴിയിട്ട് കളിക്കുന്ന ചാലുകളിലൂടെയാണ് ശലമോനെ തേടിയുള്ള അവളുടെ യാത്ര. അപകടം പിടിച്ചതാണ് ജ്ഞാനത്തിന്റെ അയന പഥങ്ങള്‍. ശലമോനെക്കാള്‍ പ്രഭയുള്ള ഒരാളെത്തേടിയാണ് നിക്കദേമൂസിന്റെ യാത്ര. രാവ് അറിവുകള്‍ക്ക് വേണ്ടിയാണ്. എല്ലാത്തരം അറിവുകള്‍ക്കും . കുഞ്ഞുങ്ങളെ അറിയുവാനും പരസ്പരം അറിയുവാനും ആ പരമചൈതന്യത്തെ മിഴിപൂട്ടി ധ്യാനിക്കാനുമൊക്കെ. ക്രിസ്തുവിന്റെ മരണത്തോളം അയാള്‍ ഇരുളില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍, അവന്റെ മരണത്തിനുശേഷം അയാള്‍ വെളിച്ചത്തിലേക്കു വന്ന അരിമെത്തിയിലെ ജോസഫിനോടൊപ്പം ക്രിസ്തുവിന്റെ ശരീരം ചുമന്നുകൊണ്ടു പോകുന്നു. മരിച്ചവന്റെ ശരീരത്തെ ചേര്‍ത്തു പിടിക്കുന്നവനില്‍ അദൃശ്യമായ ചില കൈമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.

ലളിതമായൊരു വാക്കാണ് ക്രിസ്തു അയാളോടു പറഞ്ഞത്. വീണ്ടും പിറക്കുക. ചരിത്രം മുഴുവന്‍ ആരംഭത്തില്‍ സൂചിപ്പിച്ചത് കണക്ക് ഓരോരോ വീണ്ടും പിറവികളുടെ കഥയാണ്. അവരോടൊപ്പം അവരുടെ കാലം മാറണമെന്നില്ല. എന്നിട്ടും അവരുടെ കാലത്തിന് അവര്‍ സഞ്ചാരപ്പലകകളാകുന്നു. ഒരിക്കല്‍ കുലീനമല്ലാത്ത തന്റെ ബന്ധങ്ങള്‍ക്ക് കൂട്ടുകാരിയായിരുന്ന ഒരുവളെ തെരുവില്വലച്ച് അഗസ്റ്റിന്‍ തിരിച്ചറിയാതെ പോകുന്നത് അതുകൊണ്ടാണ്. ഞാന്‍ പഴയ ഇന്നയാളാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്താനുള്ള ശ്രമത്തില്‍ അവള്‍ പരാജയപ്പെടുന്നു. അല്ല ഞാന്‍ അഗസ്റ്റിന്‍ അല്ല എന്ന് മന്ത്രിച്ച് അയാള്‍ കടന്നുപോകുന്നു. മറുപിറവിയില്‍ ഭൂതകാലമില്ല. നേപ്പോളിയന്റെ പടക്കൂട്ടം കണക്കാണവര്‍. ഓരോരോദേശങ്ങളിലേക്കു പ്രവേശിക്കുവാന്‍ താല്ക്കാലിക പാലങ്ങളുണ്ടാക്കുക. പിന്നെ അതിലേക്കു പ്രവേശിച്ചു കഴിയുമ്പോള്‍ സഞ്ചരിച്ച പാലങ്ങളെ തകര്‍ത്തുകളയുക. ഭാരതത്തിന്റെ ഭാഷയിലെ പൂര്‍വാശ്രമങ്ങള്‍. ഭംഗിയോ കുലീനതയോ ഇല്ലാത്ത കാര്യങ്ങള്‍ ഇനി ഒരാള്‍ക്ക് കൂട്ടു വരേണ്ടതില്ല. സന്യാസിമാര്‍ക്ക് മാത്രമല്ല അത്തരം വിട്ടുകളയേണ്ട പൂര്‍വജന്മങ്ങള്‍. സാധാരണക്കാരനും അതിനുള്ള അവകാശമുണ്ട്. ഈ ദേശത്ത് സന്യാസദീക്ഷ സ്വീകരിക്കുന്ന രീതി ധ്യാനവിഷയമാക്കേണ്ടതാണ്. ഒരു കരയില്‍നിന്ന് പുഴയുടെ മറുകരയിലേക്കു നീന്തുക. പിന്നെ നഗ്‌നനായി തീരത്തു കയറുമ്പോള്‍ പുത്തന്‍ വസ്ത്രങ്ങളുമായി കുറച്ചുപേര്‍ കാത്തുനില്ക്കു്ന്നുണ്ടാകും. തിരിഞ്ഞു നോക്കിയാല്‍ അലകളില്‍ അയാള്‍ ഉടുത്തിരുന്ന വസ്ത്രം ഒഴുകിപ്പോകുന്നതു കാണാം. ആ ജീര്‍ണ്ണതയില്‍ ചില വീണ്ടും പിറവികളുണ്ട്. ഏകാധിപത്യത്തിനും അധര്‍മ്മത്തിനും എതിരായ എല്ലാ പോരാട്ടങ്ങളിലും വീണ്ടും പിറവിയുടെ അനുരണനങ്ങളുണ്ട്. അടുത്ത നാളുകളിലെ മുല്ലപ്പൂ വിപ്ലവങ്ങള്‍ എടുക്കുക. സമൂഹങ്ങള്‍ക്കും ഉരഗങ്ങളെപ്പോലെ ചില ഉറയൂരലുകള്‍ ആവശ്യമുണ്ട്. ഉവ്വ്, ആവശ്യത്തിലേറെ വേദനയുണ്ടതില്‍. ഉണ്ണി ആറിന്റെ ഒരു തിരക്കഥയില്‍ പറയുന്നതുപോലെ എല്ലാ വിപ്ലവങ്ങളിലും ചോര പൊടിയേണ്ടതുണ്ട്. അതൊരു വീടിനകത്താണെങ്കില്‍ പോലും. നവോത്ഥാനങ്ങളൊക്കെ മറുപിറവിയുടെ കഥകളാണ്. ഈ നാട്ടില്‍ ശ്രീ നാരായണ ഗുരുവായിരുന്നു ഏറ്റവും ശ്രദ്ധിക്കേണ്ട അതിന്റെ കാര്‍മ്മികന്‍. കവിതയിലും ചലച്ചിത്രത്തിലും ഒക്കെ വീണ്ടും പിറവി സംഭവിക്കുന്നുവെന്നുള്ളതാണ് നമ്മുടെ മലയാളത്തിലെ നല്ല സുവിശേഷം. എഫ്. എം. കേള്‍ക്കുകയായിരുന്നു. എന്തോ കുറുമ്പുകള്‍ക്കു വേണ്ടി ആര്‍. ജെ. വിളിച്ച ഒരാള്‍ ചിക്കന്‍പോക്‌സ് പിടിച്ച് കിടക്കുകയാണെന്നു പറഞ്ഞപ്പോള്‍ അവളുടെ ശബ്ദത്തില്‍്‌നി്ന്ന് കുസൃതിപോയി. അവളിങ്ങനെ പറഞ്ഞു: ശരിയാണോന്നറിയില്ല എന്നാലും ചിക്കന്‍പോക്‌സിനു ശേഷം ജീവിതം കുറേക്കൂടി നല്ലതായിരിക്കുമെന്ന് കേട്ടിട്ടുണ്ട്.
ദേവീവിളയാട്ടമെന്നാണ് തമിഴ്‌നാട്ടില്‍ അതിനെ വിളിക്കുക. കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം ജീവിതം കുറേക്കൂടി ഭംഗിയുള്ളതായി മാറും.

എല്ലാ പിറവികളും ഇങ്ങനെ സുകൃതങ്ങളിലേക്കുതന്നെ ആകണമെന്നില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ കുട്ടികളുടെ സ്ലയ്ടുപോലെ താഴേക്കു വഴുതിപ്പോകാവുന്നതാണ് ജീവിതം. കുലീനമായി ആരംഭിച്ച പലതും കുലീനമായി അവസാനിച്ചിട്ടില്ല. കാഫ്കയുടെ ഗ്രിഗര്‍ ഒടുവില്‍ കുറയായാണ് മാറുന്നത്. അതിനെ വിഴുപ്പുകൊട്ടയിലേക്കു എടുത്തിടാനാണ് വേലക്കാരുടെ തീരുമാനം. വൈശാഖിന്റെന ഒരു കഥയില്‍ വായിച്ചുവായിച്ച് പ്രേമചന്ദ്രനെന്നൊരാള്‍ ഇരട്ടവാലനായി മാറിയതോര്‍ക്കുന്നു. ഡാവിഞ്ചി മോഡലുകളെ വച്ചിട്ടാണ് ചിത്രങ്ങള്‍ വരച്ചതെന്ന് കേട്ടിട്ടുണ്ട്. മിലാനിലെ സാന്താമരിയ ആവൃതിയിലാണ് അന്ത്യ അത്താഴത്തിന്റെു ആ ചിത്രമിപ്പോള്‍. ജൂദാസിനെ മാത്രം വരച്ചിട്ടില്ല. ഒടുവില്‍ കണ്ടെത്തി. ഹീനതയുടെ പര്യായം പോലെ ഒരാള്‍. കാശുകൊടുത്ത് പിരിച്ചുവിടുമ്പോള്‍ അയാള്‍ പറഞ്ഞു: എനിക്ക് പരിചയമുള്ള സ്റ്റുഡിയോയാണിത്. മുമ്പൊരിക്കല്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ ഇങ്ങനെ ഇരുന്ന് തന്നിട്ടുണ്ട്. അന്ന് ഞാന്‍ മിലാന്‍ കത്തീഡ്രലില്‍ ഗായകനായിരുന്നു. ചിത്രത്തിലെ നടുക്കായിരുന്നു നിങ്ങളെന്നെ വരച്ചത്.

ജലത്താലും ആത്മാവിനാലുമാണ് ഈ പിറവി സംഭവിക്കേണ്ടത്. നിഷ്‌കളങ്കതയുടെ വീണ്ടെടുപ്പാണ് ജലസൂചന. ആത്മാവ് ശക്തിയുടെ പര്യായമാണ്. ശുദ്ധിയും ശക്തിയും ജീവിതത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ ഒന്നുമൊരാള്‍ക്കത് കടമ്പയാകുന്നില്ല. അയാളുടെ ഇന്നലെകള്‍ പോലും. വേദപുസ്തകത്തിലെ വീണ്ടും എന്ന ഗ്രീക്ക് വാക്കിന് (അനോഥേന്‍) ഉയരത്തില്‍ നിന്ന് എന്ന അര്‍ത്ഥവുമുണ്ട്. വലിയൊരു സ്‌നേഹാനുഭവത്തില്‍ മാത്രമാണ്, ഇത്തരം വീണ്ടും പിറവികള്‍ സാധ്യമാകുന്നത്. പ്രണയത്തില്‍പ്പെട്ട ഒരാളെ ഓര്‍ത്തെടുത്താല്‍ കാര്യങ്ങള്‍ക്ക് ഒരു ധാരണകിട്ടും. അതേ നടപ്പാതകള്‍ അതേ ഇലച്ചാര്‍ത്തുകള്‍ അതേ ജാലകങ്ങള്‍ അതേ മഴ. എന്നാല്‍ നിങ്ങള്‍ പഴയതല്ലാത്തതുകൊണ്ട് ഇതൊന്നും പഴയതല്ല. തളിരിലകളുമായി നില്‍ക്കുന്ന ആ പുളിമരത്തിനുപോലും എന്തൊരു പച്ച. ഒരു പാലറ്റിലുമില്ലാത്തത്. ഒരു പിറവിയും ആരുടേയും ശാഠ്യത്തില്‍ സംഭവിക്കുന്നതല്ല. അതുപോലെ ഈ സ്‌നേഹാനുഭവവും നിങ്ങളുടെ അവകാശമായിരുന്നില്ല. ആരുടെയോ കരുണ, പ്രസാദം. ദൈവകാരുണ്യത്തിനും ഗര്‍ഭപാത്രത്തിനും ഹീബ്രുബൈബിളില്‍ ഒരേ പദം തന്നെയാണ് ഉപയോഗിക്കുന്നതെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. ആ കരുണയുടെ ഇരുട്ടു ഗൃഹത്തില്‍ കണ്ണുപൂട്ടിയിരിക്കുമ്പോള്‍ അറിയാം ആരും നഷ്ടപ്പെട്ടിട്ടില്ല. ആരും വൈകീട്ടുമില്ല.

ഓരോ ദിവസവും സംഭവിക്കേണ്ട വീണ്ടും പിറവിയാണിത്. ഉപയോഗിക്കാത്ത ഓട്ടുപാത്രങ്ങളും നിലവിളക്കുകളുമൊക്കെയെടുത്ത് സമയം കിട്ടുമ്പോഴൊക്കെ ഒരു ഗ്രാമീണ സ്ത്രീ തുടച്ചുവൃത്തിയാക്കുന്നതുപോലെ സദാനിരന്തരം ദൈവം പോലും അതു ചെയ്യുന്നുണ്ട്. ഓരോ ദിനത്തിലും ഓരോ പ്രഭാതത്തിലും അവിടുത്തെ സ്‌നേഹം പുതിയതാണെന്ന് വേദപുസ്തകവായനയുണ്ട്. ഓരോ ദിവസവും വിരിയുന്നവര്‍ക്കാണ് പൂക്കളെപ്പോലെ സുഗന്ധം. കണ്ണുപൂട്ടിയോര്‍ക്കുമ്പോള്‍ ആ സുഗന്ധം എന്നെയും പൊതിയുന്നുണ്ട്.

 

ബോബി ജോസ് കപ്പൂച്ചിന്‍.

You must be logged in to post a comment Login