മറ നീക്കി പുറത്തുവന്ന ദൈവം

മറ നീക്കി പുറത്തുവന്ന ദൈവം

കരുണയുടെ വഴിയേ…2

ദൈവത്തെ ആരാധിക്കുന്നവര്‍ രണ്ടു ഗണമാണ്. ഒന്നാമത്തെ ഗണം കോപിച്ച ദൈവത്തെ പ്രീതിപ്പെടുത്തി ശിക്ഷയില്‍ നിന്നും അനര്‍ത്ഥങ്ങളില്‍ നിന്നും രക്ഷ നേടാനും ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിച്ചെടുക്കാനും ശ്രമിക്കുന്നവര്‍. രണ്ടാമത്തെ ഗണം ദൈവം സൗജന്യമായി തങ്ങളെ അനുഗ്രഹിച്ചതും തങ്ങളോട് കരുണ കാണിച്ചതും തിരിച്ചറിഞ്ഞ് ദൈവത്തിന്റെ ആദിസ്‌നേഹത്തിനു പ്രതിസ്‌നേഹം കാണിച്ചു പോകുന്നവര്‍. യോഹന്നാന്‍ തന്റെ ലേഖനത്തില്‍ പറയുന്നു ആദ്യം ദൈവം നമ്മെ സ്‌നേഹിച്ചു. അതിനാല്‍ നാമും അവിടുത്തെ സ്‌നേഹിക്കുന്നു.

അമ്മയ്ക്കു കുഞ്ഞിനെ സ്‌നേഹിക്കാനുള്ള ജന്മവാസനയുണ്ട്. കുഞ്ഞിനാകട്ടെ അങ്ങനെയൊന്നില്ല. അമ്മ സ്‌നേഹിക്കുന്നതുകൊണ്ടാണ് കുഞ്ഞ് അമ്മയെ സ്‌നേഹിക്കുന്നത്. അമ്മ വെറുത്താല്‍ കുഞ്ഞിന് അമ്മയെ വെറുക്കാന്‍ മാത്രമേ കഴിയൂ. ഇവിടെ ആദിസ്‌നേഹത്തിന്റെ പ്രവൃത്തിക്കു തുല്യമായ പ്രതിക്രീയയായ സ്‌നേഹം സംഭവിക്കുന്നു. ആ സ്‌നേഹമാണ് ബന്ധമായിത്തീരുന്നത്.

ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; യേശുക്രിസ്തു ഭൂമിയില്‍ അവതരിക്കുന്നതുവരെ. ക്രിസ്തു പറഞ്ഞു; എന്നെ കാണുന്നവര്‍ ദൈവത്തെ കാണുന്നു എന്ന്. ഞാനും ദൈവവും ഒന്നാണെന്ന്. യേശുവിലാണ് ദൈവം മനുഷ്യനു മുമ്പില്‍ കാണപ്പെട്ടത്. ആ കാണപ്പെടല്‍ കരുണയും അനുകമ്പയും ഉദാരതയും കരുതലും എല്ലാമുള്ളവനായിട്ടു തന്നെയാണ്. യേശുവിന്റെ കുരിശുമരണത്തിലാണ് ഈ ദൈവഭാവങ്ങളെല്ലാം മറനീക്കി പുറത്തുവരുന്നത്. അതുകൊണ്ടാണ് യേശുവിന്റെ കുരിശുമരണനേരത്തു ദേവാലയത്തിന്റെ തിരശ്ശീലകള്‍ മുകള്‍ മുതല്‍ താഴെ വരെ കീറി ഇരുവശത്തേക്കും നീങ്ങിപ്പോയി എന്നു കാണുന്നത്. എന്നുവച്ചാല്‍ ദൈവം മറനീക്കി പുറത്തുവന്നു എന്നു സാരം.

ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി. സി

You must be logged in to post a comment Login