സിനിമാ കൊട്ടകയില്‍ കേട്ട ക്രിസ്തുസ്തുതികള്‍

കലയ്ക്ക് ജാതിയും മതവും ഇല്ല. മനോഹരമായ ക്രൈസ്തവഭക്തിഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് കടന്നുവന്നിട്ടുള്ള ചിന്തയാണത്. കാരണം ക്രൈസ്തവരെയും അതിശയിപ്പിക്കുന്ന വിധത്തില്‍ പല അക്രൈസ്തവരും ക്രൈസ്തവഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട് എന്നതുതന്നെ. പ്രത്യേകിച്ച് മലയാള ചലച്ചിത്രങ്ങളില്‍.

നന്മ നേരും അമ്മ..വിണ്ണിന്‍ രാജ കന്യ എന്ന മരിയന്‍ ഗീതം ഏതൊരു കത്തോലിക്കന്റെയും ആത്മീയഗാനശേഖരത്തിലെ അനര്‍ഘനിധികളിലൊന്നാണ്. അതിന്റെ രചയിതാവിനെ തേടിയുള്ള അന്വേഷണം ചെന്നെത്തുന്നത് ഏതെങ്കിലും മരിയന്‍ദൈവശാസ്ത്രജ്ഞന്റെ പാണ്ഡിത്യത്തിന്റെ മുമ്പിലല്ല അസാധാരണകവിത്വമുള്ള അക്രൈസ്തവനായ കവിയുടെ മുമ്പിലാണ്. മറ്റാരുമല്ല അത് നാഴിയിടങ്ങഴി പാലുകൊണ്ട് നാടാകെ കല്യാണം നടത്തിയ പി. ഭാസ്‌ക്കരന്‍ എന്ന കവിയുടെ മുമ്പില്‍.

1977 ല്‍ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. സംഗീതം നല്കിയിരിക്കുന്നത് സലീല്‍ ചൗധരിയും.സുജാത, ലത രാജു, മാസ്റ്റര്‍ ശ്രീജിത്ത് എന്നിവരാണ് പാടിയിരിക്കുന്നത്. ഒരു സ്‌കൂളിലെ അസ്ലംബിയുടെ പശ്ചാത്തലത്തില്‍ പാടിയിരിക്കുന്ന മേരിസ്തുതിയായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

മറ്റൊരു പ്രശസ്തമായ മരിയന്‍ ഗാനമാണ് നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം. 1972 ല്‍ ഇറങ്ങിയ മിസ് മേരി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ആര്‍ കെ ശേഖര്‍. ഗാനം ആലപിച്ചത് പി. സുശീല.

മാതാവേ മാതാവേ എന്ന മറ്റൊരു ഗാനമുണ്ട് 1973 ല്‍ പുറത്തിറങ്ങിയ നഖങ്ങള്‍ എന്ന ചിത്രത്തില്‍. അനശ്വരപ്രതിഭകളായ വയലാറും ദേവരാജനും കൂടി ചേര്‍ന്നാണ് ഈ ഗാനം മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്. നിത്യസഹായ മാതാവേ എന്ന മറ്റൊരു മരിയന്‍ ഗാനവുമുണ്ട് . 1984 ല്‍ പുറത്തിറങ്ങിയ കടമ്മറ്റത്തച്ചന്‍ എന്ന സിനിമയിലേതാണ് ആ ഗാനം. ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത് പ്രേംനസീറും സുമിത്രയുമാണ്. പൂവച്ചല്‍ ഖാദര്‍ -ഏടി ഉമ്മര്‍ ടീം ആണ് ഗാനസ്രഷ്ടാക്കള്‍.

നിത്യവിശുദ്ധയാം കന്യാമറിയമേ എന്ന ഏറെ പ്രശസ്തമായ  ഗാനം നദി എന്ന ചിത്രത്തിലാണ്.
വയലാറും ദേവരാജനും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വന്‍ യേശുദാസ്.

യേശുമാതാവേ ജനനീ എന്ന ഗാനം നാത്തൂന്‍ എന്ന സിനിമയിലേതാണ്. 1974 ല്‍ ഇറങ്ങിയ ഈ ചിത്രത്തിന്റെ ഗാനശില്പികള്‍ എംഎസ് ബാബുരാജും ശ്രീകുമാരന്‍ തമ്പിയുമാണ്.

പി. സുശീലയും രേണുകയും ചേര്‍ന്ന് പാടിയ ഗാനമാണ് ബാവായ്ക്കും പുത്രനും എന്നത്. ചിത്രം മകനേ നിനക്കുവേണ്ടി .1971 ല്‍ ആണ് ചിത്രം ഇറങ്ങിയത്.വയലാറും ദേവരാജനുമാണ് പാട്ട് സമ്മാനിച്ചവര്‍. ജ്ഞാനസുന്ദരി എന്ന 1961 ല്‍ ഇറങ്ങിയ സിനിമയിലും രണ്ടു മരിയ ഗീതങ്ങളുണ്ട് കന്യാമറിയമേ, ആവേ മരിയ എന്നിങ്ങനെയാണ് ഗാനങ്ങള്‍. പി. ലീലയുടെ ശബ്ദത്തില്‍. അഭയദേവും ദക്ഷിണാമൂര്‍ത്തിയുമാണ് ഗാനം ഒരുക്കിയത്. 1954 ല്‍ ഇറങ്ങിയ സ്‌നേഹസീമയിലും ഈ ടീം ഒരുമിച്ചിട്ടുണ്ട്. കനിവോലും കന്യാമറിയമേ എന്ന ഗാനത്തിന് വേണ്ടിയാണത്.

കര്‍തൃപ്രാര്‍ത്ഥനയുടെ സ്വാധീനമെന്നോണം വയലാര്‍ എഴുതിയ ഒരുഗാനമുണ്ട് സ്ഥാനാര്‍ത്ഥി സാറാമ്മ എന്ന ചിത്രത്തില്‍. എല്‍പി ആര്‍ വര്‍മ്മയാണ് സംഗീതം. പാടിയിരിക്കുന്നത് പി.സുശീല. യരൂശലേമിന്‍ നാഥാ യേശുനാഥാ അവിടുന്നെന്നെ പരീക്ഷണങ്ങളില്‍ അകപ്പെടുത്തരുതേ എന്നാണ് ആദ്യവരികള്‍.

കര്‍ത്തൃപ്രാര്‍ത്ഥനയുടെ സ്വാധീനം വളരെ പ്രകടമായ രീതിയില്‍ കാണുന്ന മറ്റൊരു വയലാര്‍ സിനിമാഗാനമാണ് ആകാശങ്ങളില്‍ ഇരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ എന്ന നാടന്‍ പെണ്ണിലെ ഗാനം. യറുശലേമിന്‍ നായകനെ കാത്തിരിക്കുന്ന തീവ്രമായ ആഗ്രഹത്തിന്റെ വരികളാണ് റബേക്ക എന്ന സിനിമയ്ക്കുവേണ്ടി വയലാര്‍ എഴുതിയിരിക്കുന്നത് . പി. ലീലയുടെ സ്വരത്തില്‍ ഈഗാനം കേള്‍ക്കാന്‍ കഴിയും.

കാലിത്തൊഴുത്തില്‍ പിറന്നവനേ എന്ന ഗാനം 1979 ല്‍ പുറത്തിറങ്ങിയ സായൂജ്യം എന്ന സിനിമയിലേതാണ്. യൂസഫലി കേച്ചേരിയും കെ ജെ ജോയിയും ചേര്‍ന്ന് ഒരുക്കിയ ഈഗാനരംഗത്ത് ഇന്നത്തെ നടി ഉര്‍വ്വശിയും പ്രത്യക്ഷപ്പെടുന്നു എന്നത് ഒരുപക്ഷേ അധികമാര്‍ക്കും അറിയില്ലായിരിക്കും.

സത്യനായകാ മുക്തിദായകാ എന്ന ഭക്തിഗാനം തിരുനാള്‍ദിനങ്ങളില്‍ പലപ്പോഴും കേള്‍ക്കാറുള്ള ഒന്നാണ്. 1979 ല്‍ ഇറങ്ങിയ ജീവിതം ഒരു ഗാനം എന്ന സിനിമയിലേതാണ് ഈ ഗാനം . ശ്രീകുമാരന്‍ തമ്പിയും എംഎസ് വിശ്വനാഥനും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയത്.

ഓഎന്‍വി കുറുപ്പ് എഴുതിയ ഒരു ഭക്തിഗാനമുണ്ട് ജോര്‍ജ് കിത്തുവിന്റെ സമാഗമം എന്ന സിനിമയില്‍. വാഴ്ത്തിടുന്നിതാ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാനകിയാണ്. ജോണ്‍സണ്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

1997 ല്‍ പുറത്തുവന്ന സിനിമയാണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍.യൂസഫലി രവിബോംബെ ടീമിന്റെ അതിമനോഹരഗാനങ്ങളാണ് സിനിമയുടെ പ്രത്യേകത. അതിലെ ഒരു ഗാനം ഭക്തിഗാനമാണ്. വാതില്‍ തുറക്കു നീ കാലമേ എന്ന ഗാനം പാടിയിരിക്കുന്നത് കെഎസ് ചിത്രയാണ്.

1994 ല്‍ ഇറങ്ങിയ പാവം ഐ എ ഐവാച്ചന്‍ എന്ന റോയ് പിതോമസിന്റെ ചിത്രത്തിലുമുണ്ട് ഒരു ഭക്തിഗാനം. തിരുസന്നിധാനം എന്ന ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസാണ്. രവീന്ദ്രനും ബിച്ചുതിരുമലയുമാണ് ഗാനശില്പികള്‍.

1965 ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് തൊമ്മനും മക്കളും. ഞാനുറങ്ങാന്‍ പോകും മുമ്പായ് എന്ന ഗാനം ഈ സിനിമയിലേതാണ്. അല്ലിയാമ്പല്‍ക്കടവില്‍ പോലെയുള്ള സിനിമയുമായി മാത്രം കൂടുതല്‍പേരും പരാമര്‍ശിക്കാറുള്ള ജോബ് മാസ്റ്ററാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് പക്ഷേ വര്‍ഗീസ് മാളിയേക്കലാണ്.

ഇനിയും ഇതുപോലെ എത്രയോ മനോഹരമായ ഭക്തിഗാനങ്ങള്‍ മലയാളസിനിമകളിലുണ്ട്. ക്രിസ്തുവിനെയും അവിടുത്തെ ജീവിതത്തെയും അറിയാന്‍ ക്രിസ്ത്യാനിയാകണമെന്ന് പോലും ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നവയാണ് ഈ ഗാനങ്ങള്‍. പള്ളികളിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഇനിയെങ്കിലും ഓര്‍മ്മിക്കുക, ഈ ഗാനങ്ങള്‍ സമ്മാനിച്ചവരെ..

You must be logged in to post a comment Login