മലാക്കിയുടെ പ്രവചനങ്ങള്‍ ആധികാരികമോ?

മലാക്കിയുടെ പ്രവചനങ്ങള്‍ ആധികാരികമോ?

ഇക്കാലഘട്ടത്തില്‍ ഫ്രാന്‍സിസ് പാപ്പായ്‌ക്കെതിരെ ചിലര്‍ ഉപയോഗിക്കുന്ന ആയുധങ്ങളിലൊന്നാണ് മലാക്കിയുടെ പ്രവചനങ്ങളെന്ന് അറിയപ്പെടുന്ന മധ്യാകാലഘട്ടത്തിലെ രേഖകള്‍. മാര്‍പാപ്പമാരെ കുറിച്ച് മലാക്കി നടത്തിയതായി പറയപ്പെടുന്ന പ്രവചനങ്ങള്‍ ഏറെ ഊഹാപോഹങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്. എന്താണ് ഈ മലാക്കിയുടെ പ്രവചനങ്ങള്‍? അവയ്ക്ക് എത്രത്തോളം വിശ്വാസയോഗ്യതയുണ്ട്?

പന്ത്രണ്ടാം നൂറ്റാണ്ടില്‍ അയര്‍ലണ്ടില്‍ ജീവിച്ചിരുന്ന മെത്രാനായിരുന്നു, വി. മലാക്കി. ഭാവിയിലെ 112 മാര്‍പാപ്പമാരെ കുറിച്ച് അദ്ദേഹം ലത്തീന്‍ ഭാഷയില്‍ ഓരോ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലാക്കിയുടേത് എന്നറിയപ്പെടുന്ന പ്രവചനങ്ങള്‍ പതിനാറാം നൂറ്റാണ്ട് വരെ അജ്ഞാതമായിരുന്നു എന്നു പറയുന്നത് ഈ പ്രവചനങ്ങളുടെ ആധികാരികതയെ കുറിച്ച് സംശയം ഉളവാക്കുന്നു. 1590 വരെ റോമിലെ ആര്‍ക്കൈവുകളില്‍ അജ്ഞാതമായി കിടന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. അര്‍ണോള്‍ഡ് ഡി വയോണ്‍ എന്നയാളാണ് 1590 ല്‍ മലാക്കിയുടെ പ്രവചനങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ പ്രവചനങ്ങള്‍ അന്നു മുതല്‍ ഏറെ ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വഴി വച്ചിട്ടുണ്ട്. ഈ പ്രവചനങ്ങളുടെ ആധികാരികതയെ കുറിച്ചാണ് പ്രധാന തര്‍ക്കം നിലനിന്നിട്ടുള്ളത്.

മെത്രാനായിരുന്ന വി. മലാക്കിയുടെ സ്വന്തം പ്രവചനങ്ങളായിരുന്നെങ്കില്‍ എന്തു കൊണ്ട് നാനൂറ് വര്‍ഷം അവ ആരും അറിയാതെ പോയി എന്ന സംശയം കൂടാതെ വി. മലാക്കിയുടെ ജീവചരിത്രം എഴുതിയ വി. ബര്‍ണാഡ് എന്തു കൊണ്ട് ഇങ്ങനെയൊരു പ്രവചനത്തെ കുറിച്ച് പറയാതെ പോയി എന്ന ചോദ്യവും ഈ പ്രവചനങ്ങളുടെ ആധികാരികതയെ കുറിച്ച് സംശയം ജനിപ്പിക്കുന്നു.

മലാക്കിയുടെ പ്രവചനങ്ങളില്‍ പറയുന്ന ചില കാര്യങ്ങള്‍ യാഥാര്‍ത്ഥത്തില്‍ സംഭവിച്ചതുമായി ചിലര്‍ ചേര്‍ത്തു വായിക്കുന്നുണ്ടെങ്കിലും എല്ലാ കാര്യങ്ങളും സത്യത്തോടു നീതി പുലര്‍ത്തുന്നവയല്ല എന്നതും ശ്രദ്ധേയമാണ്. ഉദാഹരണത്തിന് പോള്‍ ആറാമനെ കുറിച്ചുള്ള പ്രവചനത്തില്‍ പറയുന്ന ‘പൂക്കളുടെ പൂക്കള്‍’, ജോണ്‍ പോള്‍ ഒന്നാമനെ കുറിച്ച് പറയുന്ന ‘അര്‍ദ്ധചന്ദ്രനില്‍ നിന്ന്’, ജോണ്‍ പോള്‍ രണ്ടാമനെ കുറിച്ച് പറയുന്ന ‘സൂര്യന്റെ ക്ലേശത്തില്‍ നിന്ന്’ തുടങ്ങി പരാമര്‍ശങ്ങള്‍ക്കൊന്നും വ്യക്തമായ ബന്ധങ്ങളില്ല.

കത്തോലിക്കാ സഭ മലാക്കിയുടെ പ്രവചനങ്ങള്‍ക്ക് യാതൊരു ആധികാരികതയും കല്പിക്കുന്നില്ല. മാത്രമല്ല ആധുനിക പണ്ഡിതന്മാരുടെ പൊതുവായ അഭിപ്രായത്തില്‍ മലാക്കിയുടെ പ്രവചനങ്ങള്‍ പതിനാറാം നൂറ്റാണ്ടില്‍ മെനഞ്ഞെടുക്കപ്പെട്ട കെട്ടുകഥയാണ്.

‘ആ സമയത്തെ കുറിച്ച് പിതാവിനല്ലാതെ, മറ്റാര്‍ക്കും സ്വര്‍ഗത്തിലെ മാലാഖമാര്‍ക്കോ പുത്രനു പോലുമോ അറിയില്ല.’ (മത്തായി 24-36).

ഈ വചനം ഓര്‍ക്കാം. കേട്ടുകേള്‍വികളുടെയും പ്രവചനങ്ങളുടെയും പിന്നാലെ പോകാതെ നമുക്ക് കത്തോലിക്കാ വിശ്വാസത്തോട് ഉറച്ചു നില്‍ക്കാം.

You must be logged in to post a comment Login