മഹലിയ: ‘സ്തുതിഗീതങ്ങളുടെ രാജകുമാരി’

മഹലിയ: ‘സ്തുതിഗീതങ്ങളുടെ രാജകുമാരി’

സ്തുതിഗീതങ്ങളെ ആഘോഷഗാനങ്ങളായി ജനഹൃദയത്തിലേക്കെത്തിച്ച കരുത്തുറ്റ ആ പെണ്‍ശബ്ദത്തിന്റെ ഉടമക്ക് മറ്റേതു പേരാണ് യോജിക്കുക? സ്വര്‍ഗ്ഗീയ ഈണങ്ങള്‍ കൊണ്ട് അനേകം ഗാനാസ്വാദകരുടെ ഹൃദയത്തെ തൊട്ടതു കൊണ്ടാകണം ‘ക്വീന്‍ ഓഫ് ഗോസ്പല്‍സ്’ എന്ന വിശേഷണം ലോകമെങ്ങുമുള്ള ആരാധകര്‍ മഹലിയ ജാക്‌സന് ചാര്‍ത്തിക്കൊടുത്തത്.

ന്യൂ ഓര്‍ലിയന്‍സില്‍ 1911 ലാണ് മഹലിയ ജാക്‌സന്റെ ജനനം. പള്ളിമണികള്‍ കേട്ടുണര്‍ന്നിരുന്ന ബാല്യത്തില്‍ നിന്നുമായിരുന്നു മഹലിയയുടെ സംഗീതവഴിയുടെ തുടക്കം. കുട്ടിക്കാലത്ത് ദേവാലയത്തില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്ന സ്തുതിഗീതങ്ങള്‍ക്ക് കാതോര്‍ത്തിരുന്ന കുട്ടിക്കാലം. ആ പാട്ടുകളോട് സ്വരം ചേര്‍ത്ത് അവളും പാടാനാരംഭിച്ചു. നാലാം വയസ്സില്‍ അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടായ വഴിത്തിരിവാണ് അവളെയും പള്ളിയിലെ ഗായകസംഘത്തോടൊപ്പം ചേര്‍ത്തത്. മഹലിയയുടെ അമ്മയുടെ മരണമായിരുന്നു അത്.

സംഗീതത്തിന് അവളുടെ മുറിവുകളെ ഉണക്കാനാകുമെന്ന് അറിഞ്ഞുകൊണ്ടാകണം, ബന്ധുക്കള്‍ മഹലിയയെ പള്ളിയിലെ ഗായകസംഘത്തില്‍ ചേര്‍ത്തു. അള്‍ത്താരയിലെ ക്രൂശിത രൂപത്തെ നോക്കി അവള്‍ പാടി. ആ കുഞ്ഞുമനസ്സിലെ സങ്കടങ്ങളൊക്കെയും സ്തുതിഗീതങ്ങളിലലിഞ്ഞു ചേര്‍ന്നിരുന്നു. ദേവാലയത്തിലെത്തുന്നവര്‍ മഹലിയയുടെ സ്വരം തിരിച്ചറിയാന്‍ ആരംഭിച്ചതോടെ പാട്ടുവഴികളില്‍ കൂടുതല്‍ സജീവമായി.

പതിനാറാം വയസ്സില്‍ ന്യൂ ഓര്‍ലിയന്‍സില്‍ നിന്ന് ചിക്കാഗോയിലേക്ക് ജീവിതം പറിച്ചുനട്ടപ്പോഴും ദേവാലയങ്ങളിലെ ഗായകസംഘങ്ങളെ അവള്‍ തിരഞ്ഞിരുന്നു. താമസിയാതെ സ്തുതിഗീതങ്ങളുമായി ലോകമെമ്പാടും സഞ്ചരിക്കുന്ന ‘ജോണ്‍സണ്‍ സിങ്ങേഴ്‌സ്’ എന്ന ഗായകസംഘത്തോടൊപ്പം ചേര്‍ന്നു. ഐക്യത്തിന്റെ താളം കണ്ടെത്താനാകാതെ ‘ജോണ്‍സണ്‍ സിങ്ങേഴ്‌സ്’ പല കൈവഴികളായി പിരിഞ്ഞ സമയത്താണ് സംഗീതസംവിധായകനായ തോമസ് എ ഡോഴ്‌സിയെ പരിചയപ്പെട്ടത്. ഇരുവരുമൊത്ത് നിരവധി സംഗീത ആല്‍ബങ്ങള്‍ വിശ്വാസികള്‍ക്ക് സമ്മാനിച്ചു. 14 വര്‍ഷമുള്ള ആ സൗഹൃദക്കൂട്ടുകെട്ടില്‍ നിന്ന് പിറന്നത് അനവധി സ്തുതിഗീതങ്ങള്‍… അപ്പോളോ റെക്കോര്‍ഡ്‌സുമായും കൊളമ്പിയ റെക്കോര്‍ഡ്‌സുമായുമുള്ള കൂട്ടുകെട്ടില്‍ പിറന്നതും ഹിറ്റ് ഗാനങ്ങളാണ്. നിരവധി വിദേശരാജ്യങ്ങളില്‍ മഹലിയ തന്റെ ശബ്ദസാന്നിദ്ധ്യമറിയിച്ചു. ഇതിനിടെ ഐസക്ക് ഹോക്കന്‍ഹള്‍ എന്നയാളെ വിവാഹം ചെയ്‌തെങ്കിലും ദാമ്പത്യബന്ധം വിവാഹമോചനത്തിലാണ് കലാശിച്ചത്.

പരമ്പരാഗത ഈണങ്ങള്‍ക്കൊപ്പം ജാസ്, ഡ്രംസ് തുടങ്ങിയ സംഗീതോപകരണങ്ങളെ ആരാധനാഗീതങ്ങളോടു ചേര്‍ത്തിണക്കിയിരുന്നു മഹലിയ. ഇത് പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തിയിരുന്നെങ്കിലും ആ ചടുലതാളങ്ങളെ ആസ്വാദകര്‍ നെഞ്ചേറ്റിയിരുന്നു. ഇതുപോലൊരു ശബ്ദം നൂറു വര്‍ഷത്തില്‍ ഒരിക്കലല്ല, ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണെന്നാണ് സുഹൃത്തായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് മഹലിയയെക്കുറിച്ച് പറഞ്ഞത്.

ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് പാട്ടീണങ്ങള്‍ കൊണ്ട് ആരാധക ഹൃദയങ്ങളില്‍ ഇടം നേടുമ്പോഴും മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു മഹലിയ. വര്‍ണ്ണവിവേചനത്തിന്റെ അലയൊലികള്‍ മുഴങ്ങിക്കേട്ടിരുന്ന സമയത്ത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനൊപ്പം പൗരാവകാശ പ്രവര്‍ത്തനങ്ങളിലും മഹലിയ ശക്തയായ പെണ്‍സാന്നിദ്ധ്യമായി. ഒരിക്കല്‍ അതിജീവനം സാദ്ധ്യമാകുമെന്ന വിശ്വാസത്തിലാണ് ‘വി ഷാല്‍ ഓവര്‍കം’ എന്ന ഗാനം ആലപിക്കുന്നത്.

പാടി പൂര്‍ത്തിയാക്കാത്ത ഗാനം പോലെ ഹൃദയാഘാതത്തെ തുടര്‍ന്ന് 1972 ജനുവരി 27 ന് മഹലിയ മരിച്ചപ്പോള്‍ അരലക്ഷത്തോളമാളുകളാണ് ആ അനുഗ്രഹീത ഗായികക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. ക്രിസ്തുമസിന്റെ ആഘോഷരാവുകളിലും പീഡാനുഭവ വാരത്തിന്റെ ദു:ഖസ്മരണയിലുമെല്ലാം മഹലിയയുടെ  ഗാനങ്ങള്‍ ഇന്നും ശ്രുതി മീട്ടുമ്പോള്‍ സ്വര്‍ഗ്ഗത്തിലെ മാലാഖമാരുടെ സ്തുതികീര്‍ത്തനങ്ങള്‍ക്കൊപ്പം സുവിശേഷഗീതങ്ങളുടെ രാജകുമാരി തന്റെ ശബ്ദവും ചേര്‍ത്തുവെയ്ക്കുന്നുണ്ടാകണം…..

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login