മഹാദുരിതത്തില്‍ വിശ്വാസം തുണയായി ഒരു ജീവിതം

മഹാദുരിതത്തില്‍ വിശ്വാസം തുണയായി ഒരു ജീവിതം

Sunset_woman_Unsplash.jpg32 വയസ്സ് എന്നത് യുവത്വം പ്രസരിക്കുന്ന പ്രായമാണ്. നാലു മക്കളുടെ അമ്മയാണെങ്കില്‍ കൂടി ചെയ്തു തീര്‍ക്കാന്‍ പലതുമുണ്ടാകും ഈ പ്രായത്തില്‍. എന്നാല്‍ സ്റ്റെഫാനി പാര്‍ക്കര്‍ എന്ന വീട്ടമ്മയുടെ അവസ്ഥ വ്യത്യസ്തമാണ്. വിധിയുടെ ക്രൂരത എന്നൊക്കെ പറഞ്ഞു പഴകിയ പ്രയോഗങ്ങള്‍ സ്‌റ്റെഫാനിയുടെ കാര്യത്തിലും ആവര്‍ത്തിക്കാം. എന്നാല്‍ ആ ക്രൂരതയെ പഴിക്കാന്‍ അവര്‍ തയ്യാറല്ല. സ്‌റ്റെഫാനി പാര്‍ക്കര്‍ ഇന്നൊരു പ്രതീകമാണ്. രോഗപീഢകള്‍, അതെത്ര വലുതാണെങ്കില്‍ കൂടി സ്വയം മരണം വരിക്കാതെ വിശ്വാസതീക്ഷ്ണതയാല്‍ ജ്വലിച്ച് സര്‍വ്വതും സഹിക്കുന്നവരുടെ പ്രതീകം.
കാലിഫോര്‍ണിയന്‍ സ്വദേശിയായ സ്‌റ്റെഫാനി പാര്‍ക്കര്‍ 3 വര്‍ഷമായി സ്‌കീലോഡേര്‍മ്മ എന്ന മാരകരോഗത്തിനടിമയാണ്. ചര്‍മ്മത്തിനോ മറ്റ് അവയവങ്ങള്‍ക്കോ കട്ടി കൂടുന്ന അവസ്ഥയാണിത്. സ്‌റ്റെഫാനിയുടെ കാര്യത്തില്‍ ഇത് ശ്വാസകോശത്തിനാണ്. ഇതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ വേറെയും. ദഹനം ശരിയായ രീതിയില്‍ നടക്കില്ല. എപ്പോഴും തളര്‍ച്ച അനുഭവപ്പൈടും. മാരകരോഗങ്ങളാല്‍ പീഢിതരായ രോഗികളെ മരിക്കാനനുവദിക്കുന്ന നിയമം കാലിഫോര്‍ണിയയിലുണ്ട്. എന്നാല്‍ തുളച്ചു കയറുന്ന വേദന അനുഭവപ്പെടുമ്പോളും സ്‌റ്റെഫാനി സ്വയം മരണത്തെ പുല്‍കാന്‍ തയ്യാറല്ല. അത് സ്വാഭാവികമായി സംഭവിക്കേണ്ടതാണ് എന്നാണ് സ്റ്റെഫാനിയുടെ പക്ഷം. ‘മരണം അനിവാര്യമാണ്. ഉറപ്പായിട്ടും അത് സംഭവിക്കുക തന്നെ ചെയ്യും. പക്ഷേ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. ഇന്നത്തെ ദിവസം ദു:ഖപൂര്‍ണ്ണമായിരിക്കും. എന്നാല്‍ നാളെ അങ്ങനെയാവണമെന്നില്ല’, സ്റ്റെഫാനി പറയുന്നു.
വിശ്വാസമാണ് ഈ ദുരിതക്കയത്തിലും തങ്ങളെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി എന്ന് സ്‌റ്റെഫാനിയുടെ ഭര്‍ത്താവ് ബ്രയാന്‍ പറയുന്നു. ‘ദൈവമാണ് നമ്മെ ഈ ഭൂമിയിലേക്കയച്ചത്. തിരികെ വിളിക്കാനുള്ള അവകാശവും ദൈവത്തിനാണ്. നമ്മെ ഓരോരുത്തരെയും കുറിച്ച് ദൈവത്തിന് ഓരോ പദ്ധതിയുണ്ട്. ഈ സഹനങ്ങളെല്ലാം ആ പദ്ധതിയുടെ ഭാഗമാണ്’, ബ്രയാന്‍ പറയുന്നു. പങ്കാളിയെ ശുശ്രൂഷിക്കാന്‍ താന്‍ ചെയ്തു കൊണ്ടിരുന്ന മുഴുവന്‍ സമയജോലി പാര്‍ട്ട് ടൈം ജോലിയാക്കി മാറ്റിയിരിക്കുകയാണ് ബ്രയാന്‍. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ അല്‍പനാളുകള്‍ കൂടി മാത്രമേ നീളുകയുള്ളൂ എന്ന് സ്റ്റെഫാനിക്കും കുടുംബാംഗങ്ങള്‍ക്കും അറിയാം. എന്നാല്‍ നാളയെക്കുറിച്ച് ആകുലയാകുന്നില്ലെന്നും ഇന്നിലാണ് തന്റെ ശ്രദ്ധയെന്നും സ്റ്റെഫാനി പറയുന്നു.

 

അനൂപ.

You must be logged in to post a comment Login