മഹാപാതകങ്ങള്‍ വരുന്ന വഴി…

മഹാപാതകങ്ങള്‍ വരുന്ന വഴി…

കോളിളക്കം സൃഷ്ടിച്ച ആറ്റിങ്ങല്‍ കൊലക്കേസിന് വിധി വന്നതിന്റെ ചൂടിലാണ് കേരളം. മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലക്കേസ് അതിരുവിട്ട ആസക്തിയും അഹന്തയും ദൈവചിന്തയില്ലായ്മയും മനുഷ്യനെ കൊണ്ടെത്തിക്കുന്ന മൃഗീയമായ (\മൃഗീയതയ്ക്കപ്പുറമോ?) ഒരവസ്ഥയിലേക്കുള്ള സൂചന നല്‍കുന്നു. പൈശാചികത എന്ന അവസ്ഥയെ കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ അറിയാത്ത സ്വന്തം മകളെ കൊല്ലാന്‍ ഒത്താശ ചെയ്തു കൊടുത്ത പ്രതിയെ നോക്കിയാല്‍ മതി. മാറി നിന്ന് ഇവരെ വിമര്‍ശിക്കുന്നവര്‍ ആരും ഒരു ആത്മപരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്നതാണ് ഖേദകരം.

ഒന്നാം പ്രതി നിനോ മാത്യുവിന്റെ പിതാവ് പ്രഫ ടി ജെ മാത്യു അപകടത്തിലേക്ക് നീങ്ങുന്ന മകനെ പിന്തിരിപ്പിക്കാന്‍ വേണ്ടി അയച്ച കത്തിലെ വരികള്‍ ഇങ്ങനെയാണ്: ‘നിനക്കൊരു മകളുണ്ട്. നിന്റെ ഭാര്യയെ ഒരിക്കലും വേദനിപ്പിക്കരുത്. ഒരു സ്ത്രീയുമായി നിനക്കുള്ള ബന്ധം സുഹൃത്തുക്കള്‍ പറഞ്ഞ് എനിക്കറിയാം. നീ ഈ തെറ്റ് തിരുത്തണം. പള്ളിയില്‍ പോയി കുമ്പസാരിക്കണം. അച്ചനെ കണ്ട് കൗണ്‍സിലിംഗിന് വിധേയനാകണം. തെറ്റുകള്‍ തിരുത്തണം.’

വിവേകിയായ ഒരു പിതാവിന്റെ കത്തിലെ വരികളാണ് മുകളില്‍ വായിച്ചത്. മുതിര്‍ന്ന്, വിദ്യാഭ്യാസമുള്ള ഒരു മകനോട് ഇതിലേറെ എന്ത് പറയാനാകും?

മഹാപാതകങ്ങള്‍ ഒരു നിമിഷം കൊണ്ടു സംഭവിക്കുന്നതല്ല. പൈശാചികത ഉള്ളില്‍ വളരാന്‍ നിങ്ങള്‍ അനുവാദം കൊടുക്കുമ്പോഴാണ് അത് നിങ്ങളെ കീഴടക്കുന്നത്. നിങ്ങള്‍ തെറ്റിലേക്കു നീങ്ങുമ്പോള്‍ പ്രകാശം വന്ന് പല തവണ നിങ്ങളുടെ വാതിലില്‍ മുട്ടി വിളിക്കും. എത്ര മാത്രം തുറവി നിങ്ങള്‍ക്കുണ്ട്, എത്ര നന്മ നിങ്ങളില്‍ അവശേഷിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ നല്ല ഭാവി.

ദൈവത്തെ കുറിച്ച് ചിന്തയില്ലാതെ ആസക്തികളെ പിന്‍ചെല്ലുമ്പോള്‍ ഒരു തരം അന്ധകാരം വന്ന് നിങ്ങളുടെ മനസ്സിനെ മൂടുന്നു. വിവേകം അസ്തമിക്കുന്നു. കാണേണ്ടത് കാണാന്‍ കഴിയാതെ വരികയും കാണാന്‍ അരുതാത്തത് മാത്രം കാണുകയും ചെയ്യുന്നു. മകളെയും ഭര്‍ത്താവിനെയും കാണാന്‍ കഴിയാത്ത വിധം ആ സ്ത്രീ സ്വാര്‍ത്ഥമതിയായതില്‍, ആസക്തിയിലേക്ക് ചുരുങ്ങിയതിലാണ് തുടക്കം. ്അതു പോലെ മകനെയും ഭാര്യയെയും ഓര്‍ക്കണമെന്ന പിതാവിന്റെ കത്ത് ഹൃദയത്തെ തൊടാനാവത്ത വിധം അയാളുടെ മനസ്സില്‍ അന്ധകാരം വ്യാപിച്ചിരുന്നു.

നമ്മള്‍ മാത്രമേ കാണുന്നുള്ളൂ, നമ്മുടെ പാതകങ്ങള്‍ എന്ന വ്യാമോഹമാണ് നമ്മുടെ ഏറ്റവും വലിയ പരാജയം. എല്ലാം കാണുന്ന ദൈവം നമ്മെ കാണുന്നുണ്ട് എന്നൊരു ചിന്ത ഇല്ലാതെ പോകുന്നുണ്ടെങ്കില്‍ ഇപ്പോഴേ സൂക്ഷിക്കണം, വലിയ ദുരന്തങ്ങള്‍ അത്ര അകലെയൊന്നുമല്ല. എത്ര അനുഭവങ്ങള്‍ കണ്ടിട്ടും എത്ര പാഠങ്ങള്‍ വായിച്ചിട്ടും പഠിക്കാത്തവരാണ് നമ്മള്‍!

കുമ്പസാരത്തിന്റെ വില ചെറുതായി കാണാന്‍ വരട്ടെ. തുറന്നു കുമ്പസാരിക്കാനുള്ള അവസരം പ്രകാശത്തിലേക്കുള്ള സുനിശ്ചിതമായ വാതിലാണ്. പിതാവിന്റെ കത്തിലൂടെ ദൈവം അയാള്‍ക്ക് അവസാനത്തെ അവസരം നല്‍കുകയായിരുന്നു…

നിങ്ങള്‍ക്കു വേണമെങ്കില്‍ കുമ്പസാരത്തെ പരിഹസിക്കാം, കൗണ്‍സിലിംഗിനെ പുച്ഛിച്ചു തള്ളാം. എന്നാല്‍, ഇതെല്ലാം അവഗണിച്ച് എത്തുന്ന മഹാദുരന്തത്തില്‍ ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കായി പോകുമെന്നു മാത്രം. കനത്ത ഇരുട്ടില്‍…

പ്രകാശമാനമായ ഒരു ജീവിതം കൈയെത്തും ദൂരത്തുള്ളപ്പോള്‍ എന്തിന് ഉള്ളില്‍ മൂളുന്ന ഇരുട്ടിന്റെ ചിന്തകള്‍ക്ക് കാതു കൊടുക്കണം? ദുരാശകള്‍ വന്നു വാതിലില്‍ മുട്ടുമ്പോള്‍ നിങ്ങള്‍ പ്രിയപ്പെട്ടവരെ ഓര്‍ക്കൂ, അവര്‍ നിങ്ങളുടെ ജീവിതത്തില്‍ പകരുന്ന സന്തോഷത്തെ ഓര്‍ക്കൂ…

മനസ്സില്‍ പ്രകാശമില്ലാതെന്തു ജീവിതം?
ഫ്രേസര്‍

You must be logged in to post a comment Login