മാതാപിതാക്കള്‍ സഭക്ക് കൊടുത്ത മകന്‍

മാതാപിതാക്കള്‍ സഭക്ക് കൊടുത്ത മകന്‍

സമപ്രായക്കാരായ മറ്റു യുവജനങ്ങളെപ്പോലെ മകന്‍ കെസിവൈഎം ശാഖാപ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോള്‍ മാതാപിതാക്കള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. ഈ ഊര്‍ജ്ജവും ആവേശവും ഇടവകക്കുള്ളില്‍ ഒതുങ്ങുമെന്നു കരുതി. ക്രമേണ, അത് ഫൊറോനാ തലത്തിലേക്കും രൂപതാതലത്തിലേക്കും വളര്‍ന്നപ്പോള്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി. സംസ്ഥാന നേതൃനിരയിലേക്കെത്തിയപ്പോള്‍  ഇവിടം കൊണ്ടെങ്കിലും അവസാനിപ്പിക്കുമെന്ന് കരുതി. പക്ഷേ, സിജോ കര്‍മ്മവീഥിയില്‍ പിന്നെയും ഏറെ മുന്നോട്ടു പോയി, ക്രൈസ്തവ ധര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും പുതുകാഹളമൂതിക്കൊണ്ട്. സിജോയുടെ നേതൃത്വത്തില്‍ കീഴില്‍ യുവശക്തിയൊന്നാകെ അണിനിരന്നു. ഇപ്പോഴിതാ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ കേരളത്തില്‍ നിന്നുള്ള ആദ്യ ദേശീയ അദ്ധ്യക്ഷനായി ഈ യുവനേതാവ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കേരളസഭക്കൊന്നാകെ ഇത് അഭിമാനത്തിന്റെ മുഹൂര്‍ത്തം…

‘നന്ദി… കൂടെ നിന്നവര്‍ക്ക്, ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക്, കേരളസഭക്ക്, കേരളത്തിലെ യുവജനങ്ങള്‍ക്ക്, കെസിവൈഎം മുന്‍ നേതാക്കന്‍മാര്‍ക്ക്, എല്ലാറ്റിലുമുപരി സര്‍വ്വശക്തനോട്‌… എല്ലാവരുടേയും സ്‌നേഹവും സഹകരണവും പ്രാര്‍ത്ഥനയുമാണ് ഇവിടം വരെയെത്തിച്ചത്’, ചരിത്രനേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷം സിജോ പങ്കുവെച്ചത് ഇങ്ങനെ.

ആദ്യം എതിര്‍ത്തിരുന്ന മാതാപിതാക്കളും ഇപ്പോള്‍ സിജോക്കൊപ്പമാണ്. മാതാപിതാക്കള്‍ തന്നെ പൂര്‍ണ്ണമായും സഭക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്ന് സിജോ പറയുന്നു. ഇതിനും പുറമേയാണ് സുഹൃത്തുക്കളുടെയും സഭയുടെയും അകമഴിഞ്ഞ പിന്തുണ. തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് നല്‍കിയ പ്രോത്സാഹനങ്ങളെ സിജോ പ്രത്യേകം അനുസ്മരിച്ചു.

രണ്ട് വര്‍ഷമാണ് ഭരണകാലാവധി. ഇതിനിടെ രണ്ട് പ്രധാന പരിപാടികള്‍. ആദ്യത്തേത് ജൂലൈയില്‍ പോളണ്ടില്‍  നടക്കുന്ന ആഗോള യുവജനസമ്മേളനം. രണ്ടാമത്തേത് മംഗലാപുരത്തു നടക്കുന്ന ദേശീയ യുവജന കണ്‍വെന്‍ഷന്‍. ഇക്കാലയളവിനുള്ളില്‍ ചെയ്തുതീര്‍ക്കാനുമുണ്ട്, സ്വപ്‌നങ്ങളേറെ. യുവത്വത്തിന്റെ ചോരത്തിളപ്പില്‍ തോന്നുന്ന ഭ്രാന്തന്‍ സ്വപ്‌നങ്ങളായോ കേവലം വാക്കുകളിലൊതുങ്ങുന്ന ആശയങ്ങളായോ അവയെ ഒതുക്കാന്‍ സിജോക്ക് താത്പര്യമില്ല. കൂടുതല്‍ കര്‍മ്മനിരതനായി ഈ സ്വപ്‌നങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാനാണ് സിജോയുടെ തീരുമാനം. ‘രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ കാണും. ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന ആവശ്യവുമായി ഐസിവൈഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന് ഉടന്‍ നിവേദനം സമര്‍പ്പിക്കും. നമ്മുടെ യുവജനങ്ങള്‍ വിര്‍ച്വെല്‍ ലോകത്താണ് ജീവിക്കുന്നത്. പലരും സാമൂഹിക പ്രതിബദ്ധതയില്ലാത്തവരാണ്. ഇതില്‍ നിന്നും പുറത്തുകടന്ന് പ്രശ്‌നങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ സമീപിക്കാന്‍ നമുക്കു സാധിക്കണം. സഭക്കും സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന സത്യസന്ധരായ രാഷ്ട്രീയ നേതാക്കളെ നമുക്കാവശ്യമുണ്ട്. അങ്ങനെയുള്ള യുവജനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്’, സിജോ പറയുന്നു.

കെസിവൈഎം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സിജോ കാഞ്ഞങ്ങാട് സ്വദേശികളായ തോമസ്-വത്സമ്മ ദമ്പതികളുടെ മകനാണ്. സീറോ മലബാര്‍  സഭാ യുവജനസംഘടനയുടെ നിലവിലെ പ്രസിഡന്റു കൂടിയാണ് തലശ്ശേരി രൂപതാംഗമായ സിജോ. ഐസിവൈഎമ്മിന്റെ ഭാരതത്തിലെ 14 റീജിയണുകളില്‍ നിന്നുള്ള പ്രതിനിധികളോട് മത്സരിച്ചാണ് സിജോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

 

അനൂപ സെബാസ്റ്റ്യന്‍

 

You must be logged in to post a comment Login