‘മാതൃസ്‌നേഹത്തിന്റെ കൈയൊപ്പ്’ പ്രകാശനം ചെയ്തു

‘മാതൃസ്‌നേഹത്തിന്റെ കൈയൊപ്പ്’ പ്രകാശനം ചെയ്തു

കൊച്ചി: സ്വന്തം ജീവന്‍ സമര്‍പ്പിച്ചും ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കാന്‍ സന്നദ്ധയായി വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ട വിശുദ്ധ ജാന്ന ബെറേത്ത മൊള്ളയുടെ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശി സിബി മൈക്കിള്‍ എഴുതിയ ‘മാതൃസ്‌നേഹത്തിന്റെ കൈയൊപ്പ്’ എന്ന ഗ്രന്ഥം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം ചെയ്തത്.

ജീവന്റെ മഹത്വം പ്രഘോഷിച്ച വിശുദ്ധ ജാന്നയുടെ ജീവചരിത്രഗ്രന്ഥം എട്ടു മക്കളുടെ മാതാപിതാക്കളായ സെസില്‍ കൊണ്ടോടിക്കും ഡിമ്പിള്‍ സിസിലിനും നല്‍കിയാണു പ്രകാശനം ചെയ്തത്. വിശുദ്ധ ജാന്നയുടെ ജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന ‘മാതൃസ്‌നേഹത്തിന്റെ കൈയൊപ്പ്’ എന്ന ഗ്രന്ഥം ജീവന്റെ സംസ്‌കാരത്തിനു മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മരട് സെന്റ് ജാന്ന പള്ളി വികാരി ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, കെസിബിസി പ്രോലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, ഷൈനി സിബി എന്നിവര്‍ പങ്കെടുത്തു.

വിശുദ്ധ ജാന്നയുടെ ഇളയമകള്‍ ഡോ. ജാന്ന എമ്മാനുവേല മൊള്ളയുടെയും ഇളയസഹോദരി സിസ്റ്റര്‍ ഡോ. വെര്‍ജീനിയ ബെറെത്തയുടെയും കുറിപ്പുകള്‍ പുസ്തകത്തിലുണ്ട്.

You must be logged in to post a comment Login