മാനവിക മൂല്യങ്ങള്‍ സംരക്ഷിക്കണം:കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: വര്‍ത്തമാനകാലഘട്ടത്തില്‍ മാനവിക മൂല്യങ്ങള്‍ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി . ഈസ്റ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വഴിയോരങ്ങളിലും ആശുപത്രിക്കിടക്കകളിലും അനാഥാലയങ്ങളിലും വേദനയുഭവിക്കുന്നവര്‍ക്ക് ക്രിസ്തുവിശ്വാസികള്‍ ജീവന്റെ സുവിശേഷം പ്രഘോഷിക്കണം. അങ്ങനെ അവര്‍ തൃപ്തരാക്കപ്പെടണം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുമുള്ള പീഡനങ്ങള്‍, വര്‍ഗ്ഗീയകലാപങ്ങള്‍, പരിസ്ഥിതി മലിനീകരണം, അഴിമതി, ചൂഷണം, തുടങ്ങിയ തിന്‍മകളെയെല്ലാം പ്രതിരോധിക്കണം. മാതാവിന്റെ ഉദരത്തില്‍ ഉരുവാകുന്നതു മുതല്‍ മരിക്കുന്നതു വരെ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടണം. മരണശേഷമുള്ള ഉത്ഥാനത്തിലേക്ക് പ്രവേശിക്കാനാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പ് നമ്മളോട് ആവശ്യപ്പെടുന്നത്. എല്ലാ മനുഷ്യര്‍ക്കും അവന്റെ ഉത്ഥാനത്തിന്റെ മഹത്വം ലഭിക്കുന്നു.

കരുണയുടെ ഈ വര്‍ഷം പലവിധ കാരണങ്ങളാല്‍ വേദനയനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ പകരണം. അങ്ങനെ അവര്‍ ജീവന്റെ അനുഭവത്തിലേക്ക് നയിക്കപ്പെടണം. അതാണ് സഭാമക്കളുടെ ഉത്തരവാദിത്വം. അതാണ് പരിശുദ്ധ പിതാവ് കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തുന്നതും.

ഉത്ഥാനത്തിന്റെ അനുഭവം എന്നത് മരണശേഷം മാത്രം ലഭിക്കുന്ന ഒന്നല്ല. ഭൂമിയിലെ ജീവിതത്തിലും നമുക്കത് അനുഭവിക്കാന്‍ കഴിയും. അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കേണ്ടതും നമ്മുടെ കടമയാണ്. ദുഷ്‌കരമായ അവസ്ഥകളിലും ദൈവത്തിന് അവന്റെ സംരക്ഷണയിലുമുള്ള വിശ്വാസം നാശത്തിന്റെ ദിനങ്ങളെ പ്രത്യാശയുടെ ദിനങ്ങളാക്കി മാറ്റാന്‍ ഒരുവനെ സഹായിക്കുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

You must be logged in to post a comment Login