മാനുഷികമൂല്യങ്ങള്‍ സെമിനാരി പരിശീലനത്തില്‍ പരമപ്രധാനം: സീറോ മലബാര്‍ സിനഡ്

മാനുഷികമൂല്യങ്ങള്‍ സെമിനാരി പരിശീലനത്തില്‍ പരമപ്രധാനം: സീറോ മലബാര്‍ സിനഡ്

കൊച്ചി: മനുഷ്യരെ സ്‌നേഹിക്കുകയും മാനവികതയ്ക്കു മുന്‍തൂക്കം നല്‍കുകയും ചെയ്യുന്ന വൈദികരെ രൂപപ്പെടുത്താന്‍ സെമിനാരികള്‍ ശ്രദ്ധിക്കണമെന്നു സീറോ മലബാര്‍ സഭ സിനഡ് ആഹ്വാനം ചെയ്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടര്‍ന്നു സമൂഹത്തിന്റെ ചേരികളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മാതൃക നല്‍കി പരിശീലനാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ സെമിനാരി അധ്യാപകര്‍ തയാറാവണം. സാധാരണ മനുഷ്യരുടെ വൈകാരിക ബുദ്ധിമുട്ട് മനസിലാക്കുന്ന ഹൃദയവും മനസുമുള്ള വൈദികരെ സഭയ്ക്കു നല്‍കാന്‍ സെമിനാരികള്‍ക്കു കടമയുണ്ടെന്നും സിനഡ് ഓര്‍മ്മപ്പെടുത്തി.

പ്രതിസന്ധിയിലായ കര്‍ഷകരുടെ ജീവിതങ്ങളെ പിന്തുണയ്ക്കാന്‍ പരിശ്രമിക്കണം. കാരുണ്യവര്‍ഷത്തില്‍ ഭവനരഹിതര്‍ക്കു ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ സഭയിലെങ്ങും കൂട്ടായ ശ്രമങ്ങള്‍ വേണം. കാലത്തിന്റെ സ്വരം ശ്രവിക്കാനും അവയോടു ക്രിയാത്മകമായി പ്രതികരിക്കാനും എല്ലാ സെമിനാരികളും പരിശീലനാര്‍ഥികളെ ഒരുക്കണം.

സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാലു മേജര്‍ സെമിനാരികള്‍ ഉള്‍പ്പടെ, 17 സെമിനാരികളാണു സീറോ മലബാര്‍ സഭയ്ക്കുള്ളത്.

കൊടകരയില്‍ സമാപിച്ച നാലാമതു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലൂടെ, വ്യത്യസ്ത മേഖലകളില്‍ സേവനം ചെയ്യുന്നവരുടെ സഹായം സഭയുടെ നവീകരണത്തിലുണ്ടാകുമെന്നത് ആഹ്ലാദകരമാണെന്നും സിനഡ് വിലയിരുത്തി.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണു സിനഡ് നടക്കുന്നത്. സിനഡ് സെപ്റ്റംബര്‍ രണ്ടിനു സമാപിക്കും.

You must be logged in to post a comment Login