മാപ്പു കൊണ്ടൊരു പ്രതികാരം…!

നിനച്ചിരിക്കാത്ത നേരത്ത് ഒരു കറുത്ത വെള്ളിയാഴ്ച അപ്രതീക്ഷിതമായെത്തിയ ദുരന്തം അന്റോയ്ന്‍ ലെയ്‌റിസിന്റെ ജീവിതമാകെ മാറ്റിമറിച്ചു. മരണം അനിവാര്യമായൊരു ജീവിത സത്യമാണെങ്കില്‍ കൂടി ജീവന്റെ പാതിയായവള്‍ ഇനി തന്നോടൊപ്പം ഉണ്ടാവില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ അന്റോയിന് ഏറെ പാടുപെടേണ്ടി വന്നു. പാരിസിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അദ്ദേഹത്തിന്റെ ഭാര്യയുമുണ്ടായിരുന്നു.

ലോകം മുഴുവന്‍ ഭീകരരരുടെ കിരാതമായ പ്രവര്‍ത്തിയെ അപലപിക്കുമ്പോഴും തങ്ങള്‍ക്ക് ഈ ദുര്‍വിധി ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിക്കുമ്പോഴും അന്റോയിനെ വ്യത്യസ്തനാക്കുന്ന ഒന്നുണ്ട്. അകം പൊള്ളുമ്പോഴും പ്രിയപ്പെട്ടവളുടെ കൊലപാതകികളോട് ക്ഷമിക്കുവാനുള്ള മനസ്സ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ചുരുങ്ങിയ നേരം കൊണ്ടാണ് വൈറലായത്. സൈബര്‍ ഇടങ്ങളെപ്പോലും പൊള്ളിച്ച ആ കുറിപ്പ്:

‘വെള്ളിയാഴ്ച രാത്രി പകരം വെയ്ക്കാനാകാത്ത ഒരു ജീവനെ നിങ്ങള്‍ കവര്‍ന്നെടുത്തു. എന്റെ പ്രണയത്തെ, എന്റെ മക്കളുടെ അമ്മയെ…എങ്കിലും നിങ്ങളെനിക്ക് വെറുക്കപ്പെട്ടവരായിരിക്കില്ല. നിങ്ങളാരാണെന്ന് എനിക്കറിയില്ല, നിങ്ങള്‍ ആത്മാവു നഷ്ടപ്പെട്ട ആരെങ്കിലുമായിരിക്കുമെന്ന് എനിക്ക് അറിയാന്‍ ആഗ്രഹവുമില്ല. ദൈവത്തിനു വേണ്ടിയാണ് നിങ്ങള്‍ കൊല്ലുന്നതെങ്കില്‍ എന്റെ ഭാര്യയുടെ ശരീരത്തില്‍ തുളച്ചുകയറിയ ഓരോ വെടിയുണ്ടകളും അവന്റെ ഹൃദയത്തിലെ മുറിവുകളായിരിക്കും.

ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ഇന്നു രാവിലെ ഞാനവളെ കണ്ടു. അപ്പോഴുമവള്‍ വെള്ളിയാഴ്ച വൈകുന്നേരം അവസാനമായി നേരില്‍ കണ്ടതു പോലെ, 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവളെ ആദ്യമായി കണ്ടതു പോലെ സുന്ദരിയായിരുന്നു. ശരിയാണ്, ഞാന്‍ അതീവ ദു:ഖിതനാണ്. എന്നാല്‍ നിങ്ങളുടെ ഈ വിജയം അധിക കാലം നീണ്ടു നില്‍ക്കില്ല. എല്ലാ ദിവസവും അവള്‍ ഞങ്ങളോടൊപ്പം തന്നെ ഉണ്ടാകും. ഒടുവില്‍ നിങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത, ഉദാത്ത സ്‌നേഹത്തിന്റെ പറുദീസയില്‍ വെച്ച് ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടും.

ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരേ ഉള്ളൂ.. ഞാനും മകനും. എന്നാല്‍ ലോകത്തിലെ മറ്റേതു സൈനിക ശക്തിയേയുംകാള്‍ കരുത്തരാണു ഞങ്ങള്‍. നിങ്ങളെക്കുറിച്ചോര്‍ത്ത് എനിക്ക് ഒട്ടും സമയം കളയാനില്ല. 17 മാസം പ്രായമായ മകന്‍ മെല്‍വില്‍ ഉച്ചയുറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കാനായി. എന്നത്തേയും പോലെ അവനു ഞാന്‍ ഉച്ചഭക്ഷണം നല്‍കും, ഞങ്ങളൊന്നിച്ച് കളിക്കും. അവന്‍ എന്നും സന്തോഷവാനായിരിക്കും. അവനും നിങ്ങളെ വെറുക്കുകയില്ല’.

24 മണിക്കൂറിനുള്ളില്‍ 126,000 ആളുകളാണ് അന്റോയിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്. കണ്ണുകളില്‍ അല്‍പം നനവോടെയല്ലാതെ ആരും ഇത് വായിച്ചിരിക്കാനും ഇടയില്ല. അലസവായനക്കു പോലും ഇടം നല്‍കാതെ ഓരോ വായനക്കാരുടേയും ഹൃദയങ്ങളെ അന്റോയിന്റെ കുറിപ്പ് തൊട്ടിരിക്കുമെന്നുറപ്പ്…
അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login