മാമയുടെ ലാസ്റ്റ് സപ്പറും വട്ടക്കുഴിയുടെ ഒടുവിലത്തെ അത്താഴവും

മാമയുടെ ലാസ്റ്റ് സപ്പറും വട്ടക്കുഴിയുടെ ഒടുവിലത്തെ അത്താഴവും

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അങ്ങേത്തലക്കലാണ് അമേരിക്ക എന്നാണു സങ്കല്‍പ്പം. അതാണ് റെനീ കോക്‌സ് എന്ന ജമൈക്കന്‍ വംശജയായ കലാകാരിയും ചെയ്തത്. അമേരിക്കയിലെ അറിയപ്പെടുന്ന ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമാണ് റെനീ കോക്‌സ്. 1999 ല്‍ അവരൊരു ‘കലാസൃഷ്ടി’ ഉണ്ടാക്കി; ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ ‘അന്ത്യഅത്താഴം’ എന്ന ചിത്രത്തെ വികൃതമായി അനുകരിക്കുന്ന ഒന്ന്. ‘യോ മാമാസ് ലാസ്റ്റ് സപ്പര്‍’ എന്ന് അതിനു പേരുമിട്ടു.

അത്താഴമേശയാണ് രംഗം. പന്ത്രണ്ടു പുരുഷന്മാര്‍. അതില്‍ പതിനൊന്നുപേരും കറുത്തവര്‍. യൂദാസ് മാത്രം വെളുത്ത നിറമുള്ളൊരാള്‍. നടുവില്‍ വിരിച്ചകരങ്ങളുമായി റെനീ കോക്‌സ്; ശരീരത്തില്‍ ഒരിഞ്ചുപോലും തുണിയില്ല. പെയിന്റിംഗും ഫോട്ടോഗ്രാഫിയും സമന്വയിപ്പിച്ച ഒരുതരം ‘കൊളാഷ്’ കലാരൂപം. അന്നവര്‍ക്ക് 39 വയസ്സാണ് പ്രായം.

അതുവരെ അത്രയൊന്നും പ്രസിദ്ധയല്ലാതിരുന്ന റെനീ കോക്‌സ് അതോടെ പച്ചപിടിച്ചു. പ്രശസ്തിയില്‍ അവര്‍ മുങ്ങി. തന്നെത്തന്നെ വിപണനം ചെയ്യാന്‍ കണ്ടെത്തിയ വിജയകരമായൊരു തന്ത്രമായിരുന്നു ‘യോ മാമാസ് ലാസ്റ്റ് സപ്പര്‍’ എന്നു സാരം. കേരളത്തില്‍ ഇപ്പോള്‍ രംഗം കൊഴുപ്പിക്കുന്നത് ഇതേപോലൊരു ‘മാമാസ് ലാസ്റ്റ് സപ്പര്‍’ ആണെന്നതു യാദൃച്ഛികമാകാന്‍ ഇടയില്ല. ‘ഭാഷാപോഷിണി’യില്‍ അച്ചടിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത വിവാദചിത്രത്തിന്റെ രചയിതാവും റെനീ കോക്‌സിനെപ്പോലെ മറ്റൊരു ‘ഏകദിന സുല്‍ത്താന്‍’ ആയി മാറി എന്നതാണ് സത്യം; ടോം വട്ടക്കുഴി എന്നാണ് കക്ഷിയുടെ പേര്. കറകളഞ്ഞ കത്തോലിക്കാ കുടുംബത്തിലെ അംഗം. വയസ് 49. ഇടുക്കി ജില്ലയിലെ തോക്കുപാറ സെന്റ് സെബാസ്‌റ്യന്‍സ് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകന്‍. പിന്നീട് ഭാഷാപോഷിണിയുടെ ഇല്ലസ്‌ട്രേറ്റര്‍. നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടും അവാര്‍ഡുകള്‍ ലഭിച്ചിട്ടും കിട്ടാതെപോയ പ്രശസ്തിയിലാണ് ഇപ്പോള്‍ ടോം.

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രചാരം കുറഞ്ഞ മാസികയാണ് ഭാഷാപോഷിണി. പതിനായിരം കോപ്പിപോലും അച്ചടിക്കാത്ത ഒന്ന്. ആ മാസികയും ടോം വരച്ച ചിത്രവും അധികമാരും കാണാതെ പോകുമായിരുന്നു എന്നു സാരം.

അത്രവേഗം അബദ്ധങ്ങളില്‍ ചാടുന്നതല്ല മനോരമയുടെ പാരന്പര്യം. ഓരോന്നിന്റെയും വിപണിസാധ്യതകള്‍ കണ്ടറിഞ്ഞു വിത്തെറിയാന്‍ നന്നായി അറിയുന്നവരാണ് കണ്ടത്തില്‍ കുടുംബം. അതിനുതകുന്ന മികച്ച പ്രഫഷനലുകളെ കണ്ടെത്തി ചുമതല ഏല്‍പ്പിക്കാനും അവര്‍ക്ക് കഴിയുന്നു. അതുകൊണ്ടാണ് ഇന്ത്യയിലെതന്നെ ഏറ്റവും പ്രചാരമുള്ള പ്രസിദ്ധീകരങ്ങള്‍ അച്ചടിക്കാന്‍ അവര്‍ക്ക് കഴിയുന്നതും. ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ കുത്തകാവകാശമൊന്നും സംരക്ഷിക്കാം എന്നു വാക്കുകൊടുത്തവരല്ല അവര്‍. വിപണിയില്‍ വിറ്റുപോകുന്നതെന്തും പഥ്യമാണ് അവര്‍ക്ക്. സുറിയാനി ക്രിസ്ത്യാനികളിലെ ജൂതപാരന്പര്യത്തിന്റെ കച്ചവടജീന്‍ നന്നായി രക്തത്തിലുള്ളവര്‍.

എന്നിട്ടും ഇത്തരത്തിലൊരു ചിത്രം അച്ചടിച്ചതിനെ നോട്ടപ്പിശക് എന്നുപറഞ്ഞു സമാധാനിക്കാന്‍ വയ്യ. കാരണം, അങ്ങനെയൊരു ‘നോട്ടപ്പിശക്’ സംഭവിക്കാവുന്ന ഘടനയല്ല മനോരമയുടെ എഡിറ്റോറിയല്‍ വിഭാഗത്തിന്. ബാലരമയും കളിക്കുടുക്കയും മുതല്‍ ദിനപത്രവും ന്യൂസ് ചാനലും വരെ ഈയൊരു പ്രൊഫഷണലിസത്തിന്റെ ഉള്ളംകൈയില്‍ എടുത്ത് ജാഗ്രതയുടെ ഭൂതക്കണ്ണാടിയില്‍ക്കൂടി നോക്കുന്നവരാണ് അവര്‍. എങ്കിലും എവിടെയോ ഒരു അരുതായ്മ; സംഭവിക്കരുതാത്തത് സംഭവിച്ചു. പതിവുപോലെ തിരുത്തും ക്ഷമാപണവും വന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രൈസ്തവവാര്‍ത്തകളുടെ ആറാട്ടായിരുന്നു തിരുവിതാംകൂര്‍, കൊച്ചി മേഖലകളില്‍. കുടിയേറ്റ മലബാറിലും അങ്ങനെതന്നെ ആയിരുന്നുവെന്നാണ് ഊഹം.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഞങ്ങളൊക്കെ പത്രപ്രവര്‍ത്തനം ആരംഭിക്കുന്‌പോള്‍ നാലോ അഞ്ചോ പത്രങ്ങള്‍ വിചാരിച്ചാല്‍ കേരളത്തില്‍ ഏതൊരു വാര്‍ത്തയും തമസ്‌ക്കരിക്കാന്‍ ആകുമായിരുന്നു. അക്കാലം ആകാശവാണിയും ദൂരദര്‍ശനും കടുത്ത സര്‍ക്കാര്‍ നിയന്ത്രണത്തില്‍. സ്വകാര്യ വാര്‍ത്താ ചാനലുകള്‍ ഇല്ലേയില്ല. ഒരു പ്രബലനോ പ്രബലസമുദായത്തിനോ ഒരു വാര്‍ത്ത മുക്കണമെങ്കില്‍ കോട്ടയത്തേക്ക് രണ്ടു ഫോണ്‍ കോള്‍; കോഴിക്കോട്ടേക്ക് ഒന്ന്, തിരുവനന്തപുരത്തേക്ക് മറ്റൊന്ന്. അതോടെ തീരും ആ വാര്‍ത്തയുടെ ജാതകം. അങ്ങനെ ‘അബോര്‍ഷന്‍’ ചെയ്യപ്പെട്ട നിരവധി വാര്‍ത്തകള്‍ എനിക്ക് നേരിട്ടറിയാം.

പതിയെപ്പതിയെ വാര്‍ത്തയുടെ തലവര മാറിവന്നു. ഏഷ്യാനെറ്റ് വന്നതോടെ അതിനൊരു വിഷ്വല്‍ ഐഡന്റിറ്റി കിട്ടിത്തുടങ്ങി. പത്രത്തില്‍ വരാത്ത വാര്‍ത്തയും ചാനലില്‍ വരുമെന്ന അവസ്ഥ. സൂര്യാ ടിവി കൂടി കളത്തിലെത്തിയപ്പോള്‍ വാര്‍ത്താക്കളി സ്വകാര്യതയുടെ പത്രമേശവിട്ട് പുറത്തുവന്നു. കൈരളി രംഗത്ത് എത്തിയതോടെ അല്‍പ്പംകൂടി ജാഗ്രത വേണമെന്നായി. ഇന്ത്യവിഷന്‍ മുഴുവന്‍ സമയ വാര്‍ത്താചാനലായി രംഗത്തുവന്നതോടെ വാര്‍ത്തയെ തമസ്‌കരിക്കാന്‍ എളുപ്പമല്ലാതായി. കൂടുതല്‍ വാര്‍ത്താ ചാനലുകള്‍ വന്നതോടെ വാര്‍ത്തയുടെ കളിക്കളം ഒരു കാലിച്ചന്ത പോലെയായി മാറി. കാഴ്ചക്കാരന്റെ മുന്നിലേക്കുള്ള വിപണിയുടെ ഉല്‍പ്പന്നമായി വാര്‍ത്ത മാറിയതോടെ മൂക്കാത്ത, പഴുക്കാത്ത, പക്വതയെത്താത്ത വാര്‍ത്തകള്‍ സ്വീകരണമുറികളില്‍ നിറഞ്ഞു. വൈകുന്നേരത്തെ ചര്‍ച്ചാ വെടിവട്ടങ്ങളില്‍ വിശ്വാസവും മതവും ഒക്കെ വല്ലാതെ ബലാല്‍സംഗം ചെയ്യപ്പെട്ടു. ടിവി സ്‌ക്രീനുകളില്‍ മിണ്ടാതെ മിഴിച്ചിരുന്നുപോകുന്ന വൈദീകവേഷധാരികളെ കാണുന്നതും പതിവായി. അതൊരുതരം അശ്ലീലമായ ഫലിതംപോലെ ഓക്കാനം വരുത്തുന്നതായി എന്നതാണ് നേര്.

സോഷ്യല്‍ മീഡിയ വന്നതോടെ വാര്‍ത്തയും ദൂഷണവും തമ്മിലുള്ള അതിര്‍വരന്പ് തീര്‍ത്തും മാഞ്ഞുപോയി. ആര്‍ക്കും ഏതു നുണക്കഥയും നിമിഷനേരംകൊണ്ട് പ്രചരിപ്പിക്കാവുന്ന അവസ്ഥ. വാര്‍ത്തയുടെ പിതൃത്വം അപ്പാടെ ഇല്ലാതെപോയി എന്നതാണ് കഷ്ടം. പിതൃശൂന്യതയുടെ അന്തിച്ചന്തയായി സോഷ്യല്‍ മീഡിയ. ആര്‍ക്കും ആരേയും അപഹസിക്കാന്‍ എളുപ്പമാണെന്നു വന്നു.

ഇതോടെ സംഘടനകളും സ്ഥാപനങ്ങളും സാരഥികളും സോഷ്യല്‍ മീഡിയയെ തങ്ങളുടെ വരുതിക്കാക്കാന്‍ ശ്രമം തുടങ്ങി. ഇതില്‍ ഏറ്റവും നന്നായി ശോഭിക്കുന്നവരാണ് കേരളത്തിലെ സിപിഎം. അവര്‍ക്ക് തങ്ങളുടേതായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളുടെ ഒരു കൂട്ടായ്മയുണ്ട്. പാര്‍ട്ടിക്കെതിരെയുള്ള ഏത് പ്രചാരണത്തേയും എതിര്‍ത്തുതോല്‍പ്പിക്കാന്‍ അവര്‍ അരയും തലയും മുറുക്കി രംഗത്തുവരും. സംഘപരിവാറിനുമുണ്ട് അത്തരത്തിലൊരു സംഘം. മുസ്‌ലിം വിഭാഗങ്ങള്‍ക്കുമുണ്ട് ഒന്നിലേറെ സംഘങ്ങള്‍.

ചിത്രം വരച്ച ടോമിനെയും അതച്ചടിച്ച മനോരമയെയും കുറ്റം പറയുന്നതിനു മുന്പ് ഒരുചൂണ്ടുവിരല്‍ നീട്ടേണ്ടത് നമ്മുടെ സഭാസംവിധാനങ്ങളുടെ നേര്‍ക്കുതന്നെ; പ്രത്യേകിച്ചും ബഹുഭൂരിപക്ഷം വരുന്ന സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിനു നേരെ! കൃത്യമായ ഒരു മാധ്യമ അജണ്ടയോ ഒരു വിവാദവിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ജാഗ്രതാപൂര്‍ണമായ സംവിധാനങ്ങളോ അരക്കോടിയോളം അംഗങ്ങളുള്ള ഈ സഭക്കില്ലെന്നത് കഷ്ടമാണ്.

നിരവധി വക്താക്കളും ഉപവക്താക്കളും ഒക്കെയുണ്ടെന്നാണ് കേഴ്‌വി. പക്ഷെ…സഭാതലവന്റെ കഴുത്തില്‍ ആരോ ചാര്‍ത്തിയ നോട്ടുമാല സോഷ്യല്‍ മീഡിയയില്‍ വിവാദമായി കത്തിപ്പടര്‍ന്നപ്പോള്‍ ഒരാളെപ്പോലും കണ്ടില്ല, നേരിയൊരു പ്രതിരോധത്തിനു പോലും. ഇത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നാണക്കേടാണ്.

സ്നേഹാദരങ്ങളോടെ

ശാന്തിമോന്‍ ജേക്കബ്

ചീഫ് എഡിറ്റര്‍

You must be logged in to post a comment Login