മാര്‍ക്ക് വാല്‍ബെര്‍ഗ് പുരോഹിതന്റെ വേഷം അഭിനയിക്കുന്നു

മാര്‍ക്ക് വാല്‍ബെര്‍ഗ് പുരോഹിതന്റെ വേഷം അഭിനയിക്കുന്നു

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിലെ അസാധാരണ മുഖമാണ് നടന്‍ മാര്‍ക്ക് വാല്‍ബര്‍ഗിന്റേത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി താന്‍ ഒരു കത്തോലിക്കനായിത്തീര്‍ന്നതാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. പത്തു മിനിറ്റ് നേരം പ്രാര്‍ത്ഥനയില്ലാതെ അദ്ദേഹം ഒരു ദിവസംപോലും ആരംഭിക്കാറുമില്ല.

ഇങ്ങനെ വിശ്വാസജീവിതം പരിക്കുപറ്റാതെ കൊണ്ടുപോകുന്ന ഈ അതുല്യപ്രതിഭ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വേഷം ചെയ്യാന്‍ പോവുകയാണ്. മുന്‍കാല ബോക്‌സറും പിന്നീട് കത്തോലിക്കാ വൈദികനുമായി മാറിയ ഫാ. സ്റ്റുവാര്‍ട്ട് ലോംങിന്റെ ജീവിതകഥ അഭ്രപാളികളിലാകുമ്പോള്‍ അതിന് ജീവന്‍ നല്കുന്നത് മാര്‍ക്ക് വാല്‍ബെര്‍ഗാണ്.

ബോക്‌സിംങ് രംഗത്തുണ്ടായ ഒരു പരിക്കിനെ തുടര്‍ന്നാണ് ലോംഗ് പ്രസ്തുത രംഗം വിട്ടത്. പിന്നീട് ഒരു ബൈക്കപകടം ആ ജീവിതത്തിലുണ്ടായി. അതാവട്ടെ അദ്ദേഹത്തെ മരണത്തോളം എത്തിക്കുകയും ചെയ്തു. അവിടെ നിന്നാണ് സത്യത്തെക്കുറിച്ചുള്ള അന്വേഷണം അദ്ദേഹം ആരംഭിച്ചത്.

അതാവട്ടെ സെമിനാരിയിലേക്ക് വഴിതുറക്കുകയായിരുന്നു. എന്നാല്‍ പൗരോഹിത്യസ്വീകരണത്തിന് തൊട്ടുമുമ്പ് 2007 ല്‍ അദ്ദേഹത്തെ അപൂര്‍വ്വമായ ഒരു ഓട്ടോഇമ്യൂണ്‍ ഡിസീസ് കീഴടക്കി. പിന്നീട് പവര്‍ചെയറിലിരുന്നുകൊണ്ടായിരുന്നു അദ്ദേഹം ഇടവകഭരണം നടത്തിയിരുന്നത്.

വിശ്വാസികളുടെ സ്‌നേഹവും ആദരവും പിടിച്ചുപറ്റിയ വൈദികനായിരുന്നു ഫാ. ലോംഗ്. 2014 ല്‍ അമ്പതാമത്തെ വയസില്‍ ഫാ. ലോംഗ് ഈ ലോകത്തോട് വിട പറഞ്ഞു.

ഇപ്രകാരമുള്ള ഫാ. ലോംഗിന്റെ വിശ്വാസജീവിതമാണ് അഭ്രപാളിയിലാക്കുന്നത്. ദീര്‍ഘകാല സുഹൃത്ത് ഡേവിഡ് ഒ റസലാണ് ചിത്രത്തിന്റെ സംവിധായകന്‍.

ആയിരങ്ങളെ പ്രചോദിപ്പിച്ച ഒരു ജീവിതമായിരുന്നു ഫാ. ലോംഗിന്റേത് എന്ന് ചിത്രത്തെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റ് നടത്തിക്കൊണ്ട് ഫെയ്‌സ്ബുക്കില്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു. അദ്ദേഹം തന്റെ വിളി കണ്ടെത്തി, അതില്‍ ഉറച്ചുനിന്നു. ഒരു സ്ത്രീയുമായി പ്രണയത്തിലായിരുന്നിട്ടുപോലും. ഒരു കത്തോലിക്കാ വൈദികനാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വാല്‍ബെര്‍ഗ് പറയുന്നു.

ദ ഫൈറ്റര്‍ എന്ന സിനിമയ്ക്കുവേണ്ടിയാണ് റസലും വാല്‍ബെര്‍ഗും ഇതിന് മുമ്പ് ഒരുമിച്ചത്.

ബിജു

You must be logged in to post a comment Login