മാര്‍ട്ടിന്റെ കണക്കുപുസ്തകം 2

മാര്‍ട്ടിന്റെ കണക്കുപുസ്തകം 2

Louis-Martinbമാര്‍ട്ടിനെക്കുറിച്ചാണല്ലോ നമ്മള്‍ പറഞ്ഞുവന്നത്. മാര്‍ട്ടിന്റെ കുടുംബവും പട്ടാളക്കാരുടേതായിരുന്നു. ലൂയിസ് മാര്‍ട്ടിന്‍ എന്നാണ് മുഴുവന്‍ പേര്. 1823 ല്‍ ലൂയിയുടെ പിതാവ് പത്തൊന്‍പതാം ലൈറ്റ് ഇന്‍ഫന്ററിയിലെ ക്യാപ്റ്റനായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ബോര്‍ഡെക്‌സിലായിരുന്നു സേവനം ചെയ്തിരുന്നത്.
സ്‌പെയ്‌നില്‍ ചില പ്രശ്‌നങ്ങള്‍ തലപൊക്കിയപ്പോള്‍ അദ്ദേഹത്തിന് അവിടേയ്ക്ക് പോകേണ്ടിവന്നു. ആ സമയം ഭാര്യ ഗര്‍ഭിണിയായിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞ് അധികം വൈകാതെ ഭാര്യ പ്രസവിച്ചു. അതായിരുന്നു ലൂയി മാര്‍ട്ടിന്‍. സ്‌പെയ്‌നില്‍ നിന്ന് തിരികെ വന്നപ്പോള്‍ ആ കുടുംബം അവിഞ്ഞോണിലേക്കും പിന്നീട് സ്ട്രാസ്‌ബെര്‍ഗിലേക്കും താമസം മാറി. മാര്‍ട്ടിന് ഏഴുവയസാകുന്നതുവരെ അവിടെയായിരുന്നു ജീവിതം.
അക്കാലങ്ങളില്‍ മാര്‍ട്ടിന് ഏറ്റവും വലിയ കൗതുകമായുണ്ടായിരുന്നത് കത്തീഡ്രലിലെ വലിയ ക്ലോക്കായിരുന്നു. യൂറോപ്യന്‍ നിര്‍മ്മാണവൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണായിരുന്നു ഈ ക്ലോക്ക്. മാര്‍ട്ടിന്റെ പ്രകൃതിസ്‌നേഹം ഉണര്‍ന്നതും ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു.
പിതാവ് പട്ടാളത്തില്‍ നിന്ന് റിട്ടയര്‍ ആയിക്കഴിഞ്ഞപ്പോള്‍ നോര്‍മാന്‍ഡിയിലേക്ക് കുടുംബം മാറിതാമസിച്ചു. അലെങ്കോനിലെ നഗരമായിരുന്നു അത്. ലൂയിയുടെ തുടര്‍ന്നുള്ള പഠനം ഇവിടെയായിരുന്നു. ഇരുപതാം വയസിലാണ് ലൂയിയുടെ മനസ്സിലേക്ക് ആ ആഗ്രഹം പടര്‍ന്നുകയറിയത്. വാച്ചുനിര്‍മ്മാണക്കാരനാകണം. ഒരുപക്ഷേ കത്തീഡ്രലില്‍ കണ്ട വലിയ ക്ലോക്കായിരിക്കും മാര്‍ട്ടിന് ഇത്തരമൊരു ആഗ്രഹം നല്കിയത്. ഈ ആഗ്രഹവുമായി സ്ട്രാസ്ബര്‍ഗിലേക്ക് ലൂയി മടങ്ങിപ്പോയി. ഈ പഠനകാലയളവിലാണ് സെന്റ് ബര്‍നാര്‍ഡിന്റെ ആശ്രമത്തിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തിയത്. തിരികെ പോരുമ്പോള്‍ അവിടെ നിന്ന് ഒരു വെളുത്ത പൂവ് ഓര്‍മ്മയ്ക്കായി മാര്‍്ട്ടിന്‍ കൊണ്ടുവന്നിരുന്നു. മാര്‍്ട്ടിന്റെ വിശുദ്ധിയുടെ അടയാളമായി ആ പൂവ് മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ മരിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സാധനസാമഗ്രികളുടെ കൂട്ടത്തില്‍ ഈ പൂവും ഉണ്ടായിരുന്നുവത്രെ.. വാടിക്കരിഞ്ഞുണങ്ങി..
ഈ തീര്‍ത്ഥാടനം മറ്റൊരു ആഗ്രഹത്തിലേക്ക് മാര്‍ട്ടിനെ നയിക്കുകയായിരുന്നു. വൈദികനാകണം..പൗരോഹിത്യത്തിലേക്ക് തന്നെ ദൈവം വിളിക്കുന്നു. മാര്‍ട്ടിന് അത്തരമൊരു ചിന്തപ്രബലപ്പെട്ടുതുടങ്ങി.
ആ ആഗ്രഹത്തിന്റെ കൂട്ടുപിടിച്ച് ആല്‍പ്‌സിലെ വിശുദ്ധ ബെര്‍നാര്‍ഡിന്റെ ആശ്രമത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ ഇരുപത്തിമൂന്ന് വയസായിരുന്നു മാര്‍ട്ടിന്റെ പ്രായം. സന്യാസികളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ധൈര്യവുമായിരുന്നു അത്തരമൊരു സഭയിലേക്ക് തിരിയാന്‍ മാര്‍ട്ടിനെ പ്രേരിപ്പിച്ചത്. സന്യാസിമാര്‍ വളര്‍ത്തുന്ന നായ്ക്കള്‍ ആല്‍പ്‌സിലെ മഞ്ഞില്‍ അപകടത്തില്‍ പെടുന്ന യാത്രക്കാരെ സഹായിക്കുന്നതുമാതിരിയുള്ള സംഭവങ്ങളും മാര്‍ട്ടിനെ ആ സഭയിലേക്ക് ആകര്‍ഷിച്ചിരുന്നു.
ഏറെ പ്രതീക്ഷയോടെയായിരുന്നു മാര്‍ട്ടിന്‍ ആശ്രമത്തിലേക്ക് ചെന്നത് എങ്കിലും നിരാശതയോടെ തിരിച്ചുപോരാനായിരുന്നു അവന്റെ വിധി. ലാറ്റിന്‍ അറിയില്ല എന്നതിന്റെ പേരിലായിരുന്നു ആശ്രമാധിപന്‍ അവനെ തിരിച്ചയച്ചത്. അലെങ്കോയില്‍ തിരികെയെത്തിയ മാര്‍ട്ടിന്‍ ഉത്സാഹത്തോടെ ലാറ്റിന്‍ പഠി്ക്കാന്‍ ആരംഭിച്ചു.
മാര്‍ട്ടിന്റെ സ്വഭാവത്തിലെ ഒരു പ്രത്യേകതയെക്കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു. ചെലവാക്കുന്ന തുകയ്‌ക്കെല്ലാം കൃത്യമായി കണക്കുകള്‍ എഴുതിസൂക്ഷിക്കുന്ന ആളായിരുന്നു മാര്‍ട്ടിന്‍. മാര്‍ട്ടിന്റെ കണക്കുപുസ്തകത്തിലെ ഒരു പേജില്‍ നമ്മുക്ക് ഇങ്ങനെ വായിക്കാനാവും. ഞാന്‍ എന്റെ ലാറ്റിന്‍ ഡിക്ഷനറി വിറ്റു.
ലാറ്റിന്‍ പഠിക്കാന്‍ പറ്റാത്തതുകൊണ്ടാണോ അതോ തനിക്ക് പുരോഹിതനാകാനുള്ള വിളിയില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണോ മാര്‍ട്ടിന്‍ ലാറ്റിന്‍ ഡിക്ഷനറി വിറ്റത്? അറിയില്ല.
വാച്ച് നിര്‍മ്മാണത്തിനുള്ള പാഠങ്ങള്‍ പഠിക്കാനായി മാര്‍ട്ടിന്‍ പാരീസിലേക്ക് മടങ്ങി. അധികം വൈകാതെ പാരീസിലെ മികച്ച ഒരു വാച്ച് നിര്‍മ്മാണവിദഗ്ധനായി മാര്‍ട്ടിന്‍ അറിയപ്പെട്ടുതുടങ്ങി. പാരീസില്‍ സമ്പാദിച്ച പേരുമായി അലെങ്കോയിലെത്തിയ മാര്‍ട്ടിന്‍ അവിടെ വാച്ച് റിപ്പയറിംങിനും അസംബ്ലിക്കുമായി രണ്ട് സ്ഥാപനങ്ങള്‍ ആരംഭിച്ചു. സ്വന്തമായി ഒരു വീട് വാങ്ങി.
വായനയായിരുന്നു മാര്‍ട്ടിന്റെ പ്രധാന ഹോബി. ബില്യാര്‍ഡ്‌സ് കളിക്കാരനുമായിരുന്നു. നീന്തല്‍, മീന്‍പിടിത്തം എന്നിവയായിരുന്നു ഇതര വിനോദങ്ങള്‍.. എന്നാല്‍ ഈ വിനോദങ്ങള്‍ക്കൊന്നിനും അപഹരിക്കാനാവാത്ത ഒന്നായിരുന്നു മാര്‍്ട്ടിന്റെ പ്രാര്‍ത്ഥനാജീവിതം.
ഏതു രീതിയിലും വഴിപിഴച്ചുപോകാമായിരുന്ന ജീവിതമായിരുന്നു മാര്‍ട്ടിന്റേത്..അവിവാഹിതന്‍, സുന്ദരന്‍, കൈയില്‍ ആവശ്യത്തിന് പണം..പക്ഷേ ആ വഴിക്കൊന്നും മാര്‍ട്ടിന്‍ പോയില്ല.. എല്ലാവര്‍ക്കും അനുകരണീയമായ അവിവാഹിത ജീവിതം തുടര്‍ന്നുവരികയായിരുന്നു മാര്‍ട്ടിന്‍.
വിവാഹത്തെക്കുറിച്ചുള്ള യാതൊരു ചിന്തയും അയാളുടെ മനസ്സിലുണ്ടായിരുന്നില്ല. ഇങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോകവെയായിരുന്നു പാലത്തില്‍ വച്ചുള്ള ആ കണ്ടുമുട്ടല്‍. സെലി ഗ്വെരിനുമായുള്ള ആ കണ്ടുമുട്ടലിന് ശേഷം എന്താണ് സംഭവിച്ചത് എന്നറിയണ്ടെ?( തുടരും)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login