മാര്‍പാപ്പയുടെ ‘ഇമ്മിണി വല്യ’ ചെറുപുഷ്പം!

മാര്‍പാപ്പയുടെ ‘ഇമ്മിണി വല്യ’ ചെറുപുഷ്പം!

POPE2010 ഓഗസ്റ്റ് 7, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ബെര്‍ഗോളിയോ അദ്ദേഹത്തിന്റെ മാധ്യമ സെക്രട്ടറി ഫെഡറികോ വെയ്ല്‍സിനുമൊപ്പം വി. സജേതന്റെ മരണദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക വിശുദ്ധ കുര്‍ബാന നടത്തുന്നതിനായി ബ്യൂണോ ഐറിസിലുള്ള വിശുദ്ധന്റെ ദേവാലയത്തില്‍ എത്തി. എല്ലാവര്‍ഷവും അദ്ദേഹമാണ് അവിടെ വിശുദ്ധ കുര്‍ബാന നയിക്കുക. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അനുഗ്രഹത്തിനായി കാത്തു നില്‍ക്കുന്ന വിശ്വാസികളുടെ നീണ്ട നിരയെക്കുറിച്ചും ബോധ്യമുണ്ടായിരുന്നു.
വിശുദ്ധ കുര്‍ബാനയ്ക്കായി പോകുന്നതിനു മുന്‍പ് അദ്ദേഹം തന്റെ സെക്രട്ടറിയോട് ചെറുപുഷ്പത്തോട് താന്‍ ചോദിച്ചിരുന്ന കാര്യത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. അദ്ദേഹം കൊച്ചു ത്രേസ്യയുടെ കടുത്ത ആരാധകനാണ്. വിശുദ്ധ കുര്‍ബാനയ്ക്ക് പുറപ്പെടും മുന്‍പ് തനിക്ക് എന്തെങ്കിലും അടയാളമയക്കാന്‍ കൊച്ചു ത്രേസ്യയോട് ആവശ്യപ്പെട്ടിരുന്നു.
ബ്യൂണോ ഐറിസിന്റെ അതിര്‍ത്തിയിലുള്ള വി. സേജേതന്റെ മരണദിനത്തില്‍ ആയിരങ്ങളാണ് എത്തുക. ഓരോ മണിക്കൂര്‍ ഇടവിട്ട് അവിടെ ആരാധനയും നടത്തി വരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികളുടെ സമീപത്തേയ്ക്ക്, അവരെ അനുഗ്രഹിക്കുന്നതിനായും സംസാരിക്കുന്നതിനും കടന്നു ചെല്ലും. അന്നേ ദിവസം കര്‍ദ്ദിനാള്‍ അതീവ ക്ഷീണിതനാകയാല്‍ വിശുദ്ധ കര്‍ബാനയ്ക്കു ശേഷം പതിനഞ്ചു ബ്ലോക്കുകളോളം നീളുന്ന വിശ്വാസികളെ കാണുന്നതിനു പകരം അഞ്ചു ബ്ലോക്കു വരെ കണ്ടതിനു ശേഷം തിരിച്ചുവരാന്‍ അദ്ദേഹം തീരുമാനിച്ചു.
എന്നാല്‍ കുര്‍ബാന കഴിഞ്ഞ് കര്‍ദ്ദിനാളിന് കടുത്ത വേദനയാകയാല്‍ രണ്ടു ബ്ലോക്കുകള്‍ വരെ സന്ദര്‍ശിച്ച് തിരിച്ചു വരാന്‍ തീരുമാനിച്ചു.
കര്‍ദ്ദിനാള്‍ രണ്ടാമത്തെ ബ്ലോക്കില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെക്കാള്‍ ഉയരം കൂടിയ, കറുത്ത മേല്‍ക്കുപ്പായം ധരിച്ച് വലതു കൈ കീശയിലിട്ടുമിട്ട ഒരാള്‍ കര്‍ദ്ദിനാളിനു മുന്‍പില്‍ വന്നു.
അപരിചിതനെ നോക്കി കണ്ണെടുക്കുന്നതിനു മുന്‍പ് അദ്ദേഹം കീശയില്‍ നിന്നും ഒരു വെളുത്ത റോസാ പുഷ്പമെടുത്ത് കര്‍ദ്ദിനാളിനു നീട്ടി. അന്തിച്ചു നിന്ന കര്‍ദ്ദിനാള്‍ ആ പുഷ്പം ആശീര്‍വദിച്ചു പോകാനൊരുങ്ങി.
‘അങ്ങേയ്ക്ക് ഒന്നും മനസ്സിലായില്ല. ഇതാണ് അങ്ങു കാത്തിരിക്കുന്ന അടയാളം’, ചിരിച്ചു കൊണ്ട് റോസാ പുഷ്പം ഭാവിയില്‍ മാര്‍പാപ്പയാകുന്ന കര്‍ദ്ദിനാളിനു നേര്‍ക്കു അപരിചിതന്‍ നീട്ടി.
ഇതു കേട്ട കര്‍ദ്ദിനാള്‍ ഉടന്‍ തന്നെ പുഷ്പം വാങ്ങി കൈയ്യില്‍വച്ചു. അദ്ദേഹം തിരിഞ്ഞ്,’ ചെറുപുഷ്പം തന്നെ കൈവെടിയുകയില്ല. ഞാന്‍ ഈ നിരയുടെ അവസാനം വരെ പോകും’, എന്ന് ഫെഡറിക്കിനോട് പറഞ്ഞു. പെട്ടന്നു തന്നെ അഞ്ജാതന്‍ അപ്രത്യക്ഷനായി. കര്‍ദ്ദിനാള്‍ ഊര്‍ജ്ജസ്വലതയോടെ വിശ്വാസികളെ മുഴുവന്‍ സന്ദര്‍ശിച്ചു.
ബര്‍ഗോളിയോ മാര്‍പാപ്പയായതിനു ശേഷവും അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഫിലിപ്പിയന്‍സിലേക്കുള്ള യാത്രാ മധ്യേയാണ് സംഭവം. ശ്രീലങ്കയില്‍ നിന്ന് മനിലേക്കുള്ള യാത്രയില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയായ കരോളിന്‍ പിഗോസി പാപ്പയ്ക്ക് വി. കൊച്ചു ത്രേസ്യയുടെ പ്രതിമ സമ്മാനിച്ചു.
‘കാര്യങ്ങള്‍ എങ്ങനെ നടക്കുമെന്ന് എനിക്കറിയാതെ വരുമ്പോള്‍ കൊച്ചു ത്രേസ്യക്കു സമര്‍പ്പിച്ച് തിരിച്ച് റോസാപുഷ്പമയക്കാന്‍ ആവശ്യപ്പെടും ഈ യാത്രയ്ക്കും ഞാനതു ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ റോസാപുഷ്പത്തിനു പകരം രൂപമാണ് ലഭിച്ചത്’, പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തനിക്ക് പാരീസിലെ മാര്‍ക്കറ്റില്‍ നിന്നാണ് കൊച്ചു ത്രേസ്യയുടെ രൂപം ലഭിച്ചതെന്നും അത് പിന്നീട് പോളിഷ് ചെയ്ത് പാപ്പയ്ക്കു സമ്മാനിക്കുകയായിരുന്നുവെന്നും പിഗോസി മാധ്യമങ്ങളോട് പറഞ്ഞു.

 

നീതു മെറിന്‍.

You must be logged in to post a comment Login