മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം

മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം

 

Vatican Pope Easter Vigilഈ രാവ് ഈസ്റ്റര്‍ ജാഗരത്തിന്റെ രാവാണ്. കര്‍ത്താവ് ഉറങ്ങുകയല്ല, ആ കാവല്‍ക്കാരന്‍ തന്റെ ജനതയ്ക്കു കാവലിരിക്കുകയാണ്. അവരെ അടിമത്തത്തില്‍ നിന്നും പുറത്തു കൊണ്ടു വരാനും അവര്‍ക്കു മുമ്പില്‍ സ്വാതന്ത്ര്യത്തിന്റെ പാത തുറക്കാനും വേണ്ടി.

തന്റെ സ്‌നേഹത്തിന്റെ ശക്തിയാല്‍ കര്‍ത്താവ് കാവല്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു, ചെങ്കടലിലൂടെ അവിടുന്നവരെ കടത്തിക്കൊണ്ടു പോകുന്നു. മരണത്തിന്റെ അഗാധതയിയൂടെയും പാതാളത്തിലൂടെയും അവിടുന്ന് യേശുവിനെ കൊണ്ടുവരികയാണ്.

യേശുവിന്റെ ശിഷ്യന്‍മാര്‍ക്ക് അതൊരു ജാഗരത്തിന്റെ രാത്രിയായിരുന്നു. സങ്കടങ്ങളുടെയും പേടിയുടെയും രാത്രി. അവര്‍ മുകളിലത്തെ മുറിയില്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ സ്ത്രീകളാകട്ടെ ഞായര്‍ പുലരിയില്‍ കര്‍ത്താവിന്റെ ശരീരം അഭിഷേകം ചെയ്യാന്‍ കല്ലറയിലേക്കു പോയി. അവരുടെ ഹൃദയങ്ങള്‍ ദുഖഭരിതമായിരുന്നു. അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരുന്നു: ‘നമ്മളെങ്ങനെ അകത്തു കടക്കും? ആര് നമുക്കായി കല്ലറയുടെ കല്ല് മാറ്റിത്തരും?’ എന്നാല്‍ ആ മഹാസംഭവത്തിന്റെ ആദ്യത്തെ അടയാളം ഇതാ. ആ കൂറ്റന്‍ കല്ല് അതിനു മുമ്പേ ആരോ മാറ്റുകയും കല്ലറ തുറന്നു കിടക്കുകയും ചെയ്തരിക്കുന്നു!

‘കല്ലറയില്‍ പ്രവേശിച്ചപ്പോള്‍ വെളുത്ത വസ്ത്രം ധരിച്ച ഒരു യുവാവ് കല്ലറയ്ക്കുള്ളില്‍ വലതുഭാഗത്തായി ഇരിക്കുന്നത് അവര്‍ കണ്ടു…’ (മര്‍.16.5). ഒഴിഞ്ഞ കല്ലറ എന്ന ആ മഹത്തായ അടയാളം ആദ്യം കണ്ടതും അതിലേക്ക് ആദ്യം പ്രവേശിച്ചതും സ്ത്രീകളാണ്…

ഈ ജാഗരണത്തിന്റെ രാത്രിയില്‍ ഒഴിഞ്ഞ കല്ലറയില്‍ പ്രവേശിക്കുന്നത് നമുക്കു നല്ലതാണ്. സ്ത്രീകളുടെ അനുഭവം ധ്യാനിക്കുന്നതും. അതിനുവേണ്ടിയാണ് നാം ഇവിടെ നില്‍ക്കുന്നത്. പ്രവേശിക്കാന്‍, തന്റെ സ്‌നേഹത്തിന്റെ ജാഗരം വഴി ദൈവം പൂര്‍ത്തിയാക്കിയ രഹസ്യത്തിലേക്കു പ്രവേശിക്കാന്‍.
ഈ രഹസ്യത്തിലേക്കു പ്രവേശിക്കാതെ നമുക്ക് ഈസ്റ്റര്‍ രഹസ്യത്തിലേക്കു പ്രവേശിക്കാനാവില്ല. അത് ബൗദ്ധികമായ ഒന്നു മാത്രമല്ല, നാം കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന ഒന്നല്ല… അതിനേക്കാളൊക്കെ വളരെയേറെയാണ്!
രഹസ്യത്തിലേക്കു കടക്കുക എന്നാല്‍ അത്ഭുതപ്പെടാനും ധ്യാനിക്കാനുമുള്ള കഴിവ് നേടുക എന്നതാണ്. നിശബ്ദത ശ്രവിക്കുക എന്നും നിശബ്ദതയുടെ നടുവിലെ ഏറ്റവും നേര്‍ത്ത മന്ത്രണം പോലും കേള്‍ക്കുക എന്നുമാണ്. (1 രാജ. 19.12).
രഹസ്യത്തിലേക്കു കടക്കുക എന്നാല്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ചു ഭയപ്പെടാതിരിക്കുക എന്നതാണ്. നമ്മില്‍ തന്നെ അടച്ചു പൂട്ടിയിരിക്കാതിരിക്കുക. നമുക്ക് ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ നിന്നും ഓടിയകലാതിരിക്കുക, പ്രശ്‌നങ്ങളുടെ നേര്‍ക്ക് കണ്ണടക്കാതിരിക്കുക, നമ്മുടെ ചോദ്യങ്ങളെ തള്ളിക്കളയാതിരിക്കുക എന്നെല്ലാമാണ്…
രഹസ്യത്തിലേക്കു കടക്കുക എന്നാല്‍ നമ്മുടെ സ്വസ്ഥതയുടെ പരിധിക്കു പുറത്തു കടക്കുക എന്നുമാണ്. അലസതയില്‍ നിന്നും നിസംഗതയില്‍ നിന്നും പിന്‍മാറി സത്യത്തിലേക്കും സൗന്ദര്യത്തിലേക്കും സ്‌നേഹത്തിലേക്കും ്പ്രയാണം ചെയ്യുക എന്നതാണ്. ആഴമുള്ള അര്‍ത്ഥം കണ്ടെത്തലാണത്. കണ്ടെത്താന്‍ എളുപ്പമല്ലാത്ത ഒരുത്തരം. നമ്മുടെ വിശ്വാസം അനുഭവിക്കുന്ന വെല്ലുവിളികള്‍ നിറഞ്ഞ ചോദ്യങ്ങള്‍ക്ക്, നമ്മുടെ വിശ്വസ്തതയ്ക്ക്, നമ്മുടെ അസ്തിത്വത്തിനു തന്നെ ഒരു ഉത്തരം.
രഹസ്യത്തിലേക്കു കടക്കാന്‍ നമുക്ക് എളിമ ആവശ്യമാണ്. അഹം എന്ന പീഠത്തില്‍ നിന്നും താഴ്മയിലേക്കു വരണം. നമുക്ക അമിത പ്രാധാന്യം നല്‍കാതെ നാം ശരിക്കും ആരാണെന്ന ബോധ്യത്തിലേക്കു വരണം. ശക്തി-ദൗര്‍ബല്യങ്ങളുള്ള പാപികള്‍. രഹസ്യത്തിലേക്കു കടക്കാന്‍ നാം വിഗ്ഹങ്ങളെ തച്ചുടക്കണം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നാം ആരാധിക്കണം. ആരാധിക്കാതെ ഈ രഹസ്യത്തിലേക്കു കടക്കാന്‍ നമുക്കാവില്ല.
യേശുവിന്റെ ശിഷ്യകളായിരുന്ന സ്ത്രീകള്‍ ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നു. മറിയത്തോടൊപ്പം അവര്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു. കന്യാമാതാവ് അവരുടെ വിശ്വാസം നഷ്ടപ്പെടാതെ കാത്തു. ഫലമായി, അവര്‍ ഭയത്തിന്റെ തടവുകാരായിരുന്നില്ല, മറിച്ച് പുലരിവെട്ടം വീഴും മുമ്പേ തൈലമെടുത്ത് സ്‌നേഹാഭിഷേകമേറ്റ ഹൃദയങ്ങളോടെ അവര്‍ യാത്രയായി. അവര്‍ ചെന്ന് ശൂന്യമായ കല്ലറ കണ്ടു. അവര്‍ അകത്തു കടന്നു. അവര്‍ ഉണര്‍ന്നിരിക്കേണ്ടിയിരുന്നു. അവര്‍ അകത്തു കടന്ന് രഹസ്യം ദര്‍ശിച്ചു. കര്‍ത്താവിനോടും മാതാവിനോടുമൊപ്പം ഉണര്‍ന്നിരിക്കേണ്ടതെങ്ങനെയെന്ന്ും നമുക്കു പഠിക്കാം. മരണത്തില്‍ നിന്ന് ജീവനിലേക്കു നയിക്കുന്ന രഹസ്യത്തിലേക്ക് നമുക്കും പ്രവേശിക്കാം..

You must be logged in to post a comment Login