മാര്‍പാപ്പയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം നാളെ

വത്തിക്കാന്‍: കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തോടനുബന്ധിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ പുസ്തകം ‘ദൈവത്തിന്റെ നാമം കരുണ എന്നാകുന്നു’ നാളെ പ്രകാശനം ചെയ്യും. മാര്‍പാപ്പയായതിനു ശേഷം പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ ആദ്യപുസ്തകമാണിത്.

ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്രി ടോര്‍ണിലിയുമായി മാര്‍പാപ്പ നടത്തിയ സംഭാഷണങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സ്വവര്‍ഗ്ഗാനുരാഗം പോലുള്ള വിവാദവിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകളും 100 പേജുകളുള്ള പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്.

പാപം ചെയ്ത് തന്നില്‍ നിന്നും അകന്നുപോകുന്നവരെ ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹം എന്നും പിന്തുടരുമെന്ന് ഫ്രാന്‍സിസ് പാപ്പ പുസ്തകത്തില്‍ പറയുന്നു. പാപികളായവരോട് ക്ഷമിക്കുന്നതില്‍ ഒരിക്കലും മടുപ്പു തോന്നാത്ത ദൈവമാണ് നമുക്കുള്ളത്.
മാരകപാപങ്ങള്‍ ചെയ്തവരോടു പോലും കരുണ കാണിക്കണമെന്ന ക്രിസ്തുവിന്റെ വാക്കുകളെ ചോദ്യം ചെയ്യുന്നവരെ മാര്‍പാപ്പ പുസ്തകത്തില്‍ വിമര്‍ശിക്കുന്നു.

സ്വവര്‍ഗ്ഗാനുരാഗികളും സമൂഹത്തിന്റെ ഭാഗം തന്നെയാണെന്നും അവരെ അകറ്റിനിര്‍ത്തരുതെന്നുമുള്ള മാര്‍പാപ്പയുടെ വാക്കുകള്‍ പുസ്തകത്തിലും ആവര്‍ത്തിക്കുന്നു. മാര്‍പാപ്പയുടെ ഇത്തരം നിലപാടുകളെ പല യാഥാസ്ഥിതികരും നേരത്തേ തന്നെ വിമര്‍ശിച്ചിരുന്നു.

You must be logged in to post a comment Login