മാര്‍പാപ്പായുടെ കാവല്‍ക്കാരനെ പ്രേമിച്ച അമേരിക്കക്കാരിക്ക് മംഗല്യം!

മാര്‍പാപ്പായുടെ കാവല്‍ക്കാരനെ പ്രേമിച്ച അമേരിക്കക്കാരിക്ക് മംഗല്യം!

swissയൂറോപ്പിലേക്ക് മൂന്നാഴ്ചത്തെ വിനോദയാത്ര പോയതാണ് അമേരിക്കക്കാരി മിറാന്‍ഡ എംദേ. ആ യാത്രയില്‍ മിറാന്‍ഡ രണ്ടു പേരുമായി പ്രണയത്തിലായി. ഒന്ന് റോമാനഗരം. രണ്ട് റോമന്‍ കത്തോലിക്കരുടെ അധിപനായ പാപ്പായുടെ കാവല്‍ക്കാരനായ സ്വിസ് ഗാര്‍ഡ് ജോനാഥന്‍ ബിനാഗി. ആ രാജ്യാന്തര പ്രണയം ഈ വര്‍ഷം ഒക്ടോബര്‍ 17 ന് റോമിലെ സാന്ത കാതെറിന ഡെല്ല റോട്ടയില്‍ വച്ചു പൂവണിയും. അന്നാണ് അവരുടെ വിവാഹം.

കഥ ഇങ്ങനെ. അമ്മയായ മര്‍ത്തായോടൊപ്പം യാത്ര തിരിച്ച മിറാന്‍ഡയ്ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കയറിയതില്‍ പിന്നെ പോരാന്‍ തോന്നുന്നില്ല. പിറ്റേന്നു കാലിഫോര്‍ണിയയിലേക്കു മടങ്ങുന്നതിനു മുമ്പായി മിറാന്‍ഡ് അമ്മയോടു ചോദിച്ചു: ‘ഞാനിപ്പോഴും അവിവാഹിതയല്ലേ. ഇവിടെ ആറു മാസം താമസിച്ച് വത്തിക്കാനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്താലെന്താ?’

താമസിക്കണമെങ്കില്‍ എന്തെങ്കിലുമൊക്കെ തൊഴില്‍ വേണമല്ലോ. പറ്റാവുന്നിടത്തെല്ലാം അന്വേഷിച്ചു. ഒന്നും കിട്ടാതെ മനസ്സു മടുത്ത് അവസാനം മിറാന്‍ഡ പറഞ്ഞു: ‘വാ. നമുക്ക് ഹോട്ടലിലേക്ക് മടങ്ങാം’.
‘അതിനു മുമ്പ് സെന്റ് ആന്‍സ് ഗേറ്റ് വഴി പോയി അവിടെയുള്ള സ്വിസ് ഗാര്‍ഡിനോട് വിവരം തിരക്കാം’ എന്നായി മിറാന്‍ഡ സെന്റ് മാര്‍ത്ത എന്നു വിളിക്കുന്ന അവളുടെ അമ്മ.

അവര്‍ കണ്ടുമുട്ടിയത് ജോനാഥന്‍ ബിനാഗി എന്ന സ്വിസ് ഗാര്‍ഡിനെ. അവള്‍ തന്റെ ആഗമനോദ്യേശ്യം പറഞ്ഞു. ഒരല്പ നിമിഷങ്ങള്‍ കൊണ്ട് ജോനാഥന്റെ മാന്യവും ഹൃദ്യവുമായ പെരുമാറ്റം മിറാന്‍ഡയെ സ്വാധീനിച്ചു. ‘എന്റെ ജോലി 8 മണിക്കു കഴിയും. അതിനു ശേഷം ഡിന്നറിനു വരാമോ? ‘ മിറാന്‍ഡ പക്ഷേ, സ്‌നേഹപൂര്‍വം അത് നിരസിച്ചു. ജോനാഥന്‍ തന്റെ മേല്‍വിലാസം എഴുതിക്കൊടുത്തു.

അവിടെ നിന്നും മടങ്ങിയിട്ടും ജോനാഥന്റെ ആതിഥ്യമര്യാദയും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിന്റെ ഹൃദ്യതയും മിറാന്‍ഡയുടെ ഹൃദയത്തില്‍ മായാതെ നിന്നു.
തിരിഞ്ഞു നടക്കുമ്പോള്‍ മിറാന്‍ഡ അമ്മയോടു പറഞ്ഞു: ‘ഞാന്‍ പ്രണയത്തിലാണെന്നു തോന്നുന്നു! എന്തെങ്കിലും സാധ്യത കാണുന്നുണ്ടോ?’

അമേരിക്കയില്‍ മടങ്ങിയെത്തിയിട്ടും ജോനാഥനും മിറാന്‍ഡയുടെ ഇമെയില്‍ വഴി ബന്ധം തുടര്‍ന്നു. മാന്യമായ സംഭാഷണങ്ങള്‍. എല്ലാ പ്രണയബന്ധങ്ങളിലുമെന്ന പോലെ ഇമെയില്‍ ടെക്‌സ്റ്റ് മെസേജുകള്‍ക്കും ഫോണ്‍ കോളിനും വഴിമാറി. മിറാന്‍ഡ ഈ സമയമൊക്കെ ദൈവഹിതത്തിന് സ്വയം സമര്‍പ്പിച്ചു.

2014 ഏപ്രിലില്‍ ജോണ്‍ പോള്‍ രണ്ടാമന്റെ വിശുദ്ധപദവി പ്രഖ്യാപനവുമായ ബന്ധപ്പെട്ട് മിറാന്‍ഡ വീണ്ടും വത്തിക്കാനിലെത്തി. ആഘോഷങ്ങള്‍ക്കു ശേഷം പ്രണയികള്‍ നടത്തിയ യുഗ്മയാത്ര പ്രണയത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ മിറാന്‍ഡയ്ക്ക് ഉറപ്പായി, ഇതു തന്നെ എന്റെ പുരുഷന്‍!

swisssssസ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയി ജോനാഥന്റെ മാതാപിതാക്കളെ കാണുകയായിരുന്നു, അടുത്ത പടി. വിവാഹം ഉറപ്പിച്ചു. പാപ്പായുടെ നേരിട്ടുള്ള ആശീര്‍വാദവും ലഭിച്ചു. പാപ്പാ പുഞ്ചിരിയോടെ പറഞ്ഞു: ‘കുറേ കുഞ്ഞുങ്ങളുള്ള മനോഹരമായ ഒരു കുടുംബജീവിതം ആശംസിക്കുന്നു!’

ജോനാഥന്‍ മിറാന്‍ഡയുടെ മാതാപിതാക്കളെ കാണാനും എത്തി. സ്‌നേഹത്തിന്റെ അര്‍ത്ഥം എന്താണെന്ന അവളുടെ പിതാവിന്റെ ചോദ്യത്തിന് ജോനാഥന്‍ നല്‍കിയ ഉത്തരം ഇതായിരുന്നു: ‘സ്വയം നല്‍കുക… ഒന്നും ചോദിക്കാതിരിക്കുക’

തന്റെ മകളെ നല്‍കാന്‍ ഇതില്‍ പരം ഏതുത്തരമാണ് ഒരു പിതാവ് ആഗ്രഹിക്കുക? ഇനി വിവാഹം. ഒക്ടോബര്‍ 17ന്!

 

അഭിലാഷ് ഫ്രേസര്‍.

You must be logged in to post a comment Login