മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഓര്‍മ്മകള്‍ക്ക് മുന്പില്‍…

മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഓര്‍മ്മകള്‍ക്ക് മുന്പില്‍…

എല്ലാവരുടെയും പ്രാര്‍ത്ഥനകളാണ് എനിക്ക് വേണ്ടത്. വളരെക്കാലം അയല്‍ക്കാരായി നാം കഴിഞ്ഞുകൂടി. അങ്ങോട്ടുതന്നതിലേറെ ഇങ്ങോട്ടു ഞാന്‍ വാങ്ങിക്കഴിഞ്ഞു. രാത്രി അവസാനിച്ചു. പ്രഭാതമായി. മുറിയിലെ വിളക്കണഞ്ഞു, ഇതാ വിളി കേള്‍ക്കുന്നു ഞാന്‍ ഇറങ്ങുകയായി…

ചില ജീവിതങ്ങളെ സംഗ്രഹിക്കാനാവില്ല.. വ്യാഖ്യാനങ്ങളുടെ വിസ്തൃതിയില്‍ വാ്‌ഴ്‌ത്തേണ്ടവയാണ് അത്തരം ജീവിതങ്ങള്‍. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ അങ്ങനെയൊരു ജീവിതമാണ്. ഒരു വരിയില്‍ ഒതുക്കിനിര്‍ത്താനാവാത്ത വിധത്തിലുള്ള അസാധാരണ വ്യക്തിത്വം. അസാധാരണമായ ജീവിതത്തെ സാധാരണമായി അവതരിപ്പിച്ചു കടന്നുപോയ ആള്‍. പുഴയറിയാതെ കുളിച്ചുകയറിയതുപോലെയുള്ള ഒരാള്‍..

1934 ജൂലൈ 26 ന് ഇന്നത്തെ ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ച്ചിറയില്‍ തോമന്‍ കുട്ടിയുടെയും മറിയം കുട്ടിയുടെയും നാലുമക്കളില്‍ മൂന്നാമനായി ജനനം. നാട്ടിലെ പ്രമാണിയായിരുന്നു തോമന്‍കുട്ടി. പള്ളിയിലെ കൈക്കാരനും. ചാക്കോച്ചന്‍ എന്ന വിളിപ്പേരിലായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍ അറിയപ്പെട്ടിരുന്നത്. ചാക്കോച്ചന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരണമടഞ്ഞു. പെറ്റമ്മയെ നഷ്ടമായ ചാക്കോച്ചന്‍ അന്നുമുതലാണ് സ്വര്‍ഗ്ഗീയ അമ്മയുടെ കൈ പിടിച്ചു നടന്നുതുടങ്ങിയത്. ആ കരമാവട്ടെ മരണത്തിനപ്പുറവും അദ്ദേഹം മുറുക്കെ പിടിച്ചിട്ടുമുണ്ടായിരുന്നു.

വിശുദ്ധരുടെ ജീവചരിത്രവായനയാണ് ചാക്കോച്ചന്റെ ജീവിതതത്തെ വിശുദ്ധിയുടെ പരിമളം കൊണ്ട് നിറച്ചത്. തനിക്കൊരു വിശുദ്ധനാകണം എന്ന ഉറച്ച തീരുമാനം അത്തരംവായനയുടെ തിരുമുറ്റത്ത് വച്ച് ചാക്കോച്ചന്‍ എടുക്കുകയും ചെയ്തു. വിശുദ്ധനാകണം, വൈദികനാകണം.അതായിരുന്നു ചാ്‌ക്കോച്ചന്റെ എന്നത്തെയും വലിയ ആഗ്രഹം. അപ്പന്റെ കണ്ണുനീര് മിഷനറി വൈദികനാകണം എന്ന ചാക്കോച്ചന്റെ തീരുമാനത്തെ മാറ്റിയെടുത്തു. അങ്ങനെയാണ് 1952 ല്‍ തൃശൂര്‍ തോപ്പ് സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ചാക്കോച്ചന്‍ ചേര്‍ന്നത്. പിന്നീട് കാന്‍ഡിയിലും പൂനെയിലുമായിരുന്നു വൈദികപഠനം.

1961 ഒക്ടോബര്‍ മൂന്ന് കര്‍ദിനാള്‍ വലേറിയന്‍ ഗ്രേഷ്യസില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ച് അഭിഷിക്തനായി. പാവറട്ടി സെ്ന്റ് ജോസഫ് ഷ്രൈനിലേക്കായിരുന്നു ആദ്യ നിയമനം. പിന്നീട് ഒരേ സമയം തൃശൂര്‍ സെ്ന്റ് തോമസ് കോളജില്‍ അധ്യാപകനായും ഹോസ്റ്റല്‍ വാര്‍ഡനായും സേവനം ചെയ്തു. സെന്റ് തോമസില്‍ സേവനം ചെയ്തുവന്നിരുന്ന കാലത്തായിരുന്നു പുതുതായി രൂപമെടുത്ത ഇരിങ്ങാലക്കുട രൂപതയുടെ സാരഥിയായി അദ്ദേഹം നിയമിതനായത്. അന്ന് അദ്ദേഹത്തിന് നാല്പത്തിമൂന്ന് വയസായിരുന്നു പ്രായം. 1978 സെപ്തംബര്‍ 10 ന് കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലില്‍ അദ്ദേഹത്തെ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാനായി വാഴിച്ചു.

പാഴും ശൂന്യവുമായിരുന്ന ഒരു സ്ഥലരാശിയെ ഇന്ന് കാണുന്നവിധത്തിലുള്ള ഭൗതികനന്മകള്‍ കൊണ്ടും ആത്മീയസമൃദ്ധികൊണ്ടും സമ്പന്നമായ ഇരിങ്ങാലക്കുട രൂപതയായി വളര്‍ത്തിയ മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍. 2010 ഏപ്രില്‍ 18 ന് കാനോന്‍ നിയമപ്രകാരം അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു, തനിക്ക് അനുയോജ്യനായ പിന്‍ഗാമിയെ വാഴിച്ചുകൊണ്ട്.
1995 ജൂണ്‍ ഏഴുമുതല്‍ 1997 ജനുവരി 18 വരെ മേജര്‍ ആര്‍ച്ച് ബിഷപിന്റെ അസിസ്റ്റന്റായും സേവനം ചെയ്തിട്ടുണ്ട്.

കൊടകര സഹൃദയ എന്‍ജിനീയറിംങ് കോളജ്, മാള ബിഎഡ് കോളജ്, ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ആളൂര്‍ നവചൈതന്യ എന്നിങ്ങനെ രൂപതയുടെ വളര്‍ച്ചയെ അരക്കിട്ടുറപ്പിച്ച അനേകം സ്ഥാപനങ്ങള്‍ക്ക് ജന്മം നല്കിയത് മാര്‍ ജെയിംസ് പഴയാറ്റിലായിരുന്നു. തന്റെ സ്ഥാനത്യാഗത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് അ്‌ദ്ദേഹം ബ്ലസ് എ ഹോം എന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്.

മരണത്തിന്റെ നിഴല്‍ വീണ താഴ വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും കര്‍ത്താവ് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല എന്ന പ്രാര്‍ത്ഥനയാണ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ജീവിതത്തിന്റെ ആകെത്തുക. ദൈവകൃപയില്‍ മാത്രം ശരണം വച്ചുകൊണ്ടുളളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒന്നുമില്ലായ്മയില്‍ നിന്ന് ഇന്ന് എല്ലാം തികഞ്ഞ രൂപതയായി ഇരിങ്ങാലക്കുട രൂപത മാറിയിട്ടുണ്ടെങ്കില്‍ അതിനൊന്നേ കാരണമുള്ളൂ. ദൈവത്തില്‍ മാത്രം ആശ്രയിച്ചും ദൈവത്തിനായി സര്‍വ്വതും വിട്ടുകൊടുത്തുമുള്ള ആത്മാര്‍പ്പണം.

ഓരോ ഹൃദയമിടിപ്പിലും മാര്‍ ജെയിംസ് പഴയാറ്റിലില്‍ തുളുമ്പി നിന്നിരുന്നത് പ്രാര്‍ത്ഥനയുടെ താളമായിരുന്നു. പ്രാര്‍ത്ഥനയുടെ മനുഷ്യന്‍ എന്ന വിശേഷണം അദ്ദേഹത്തിന് അലങ്കാരമായിരുന്നില്ല, പ്രാര്‍ത്ഥന അദ്ദേഹത്തിന് ജീവിതമായിരുന്നു.

തന്നെ ആദ്യമായി പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത പ്രാര്‍ത്ഥനാജീവിതം ദൈവദാസന്‍ വിതയത്തിലച്ചന്റേതായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. ദീര്‍ഘനേരം മുട്ടുകുത്തി പ്രാര്‍്തഥിക്കുന്ന വിതയത്തിലച്ചന്‍ അള്‍്ത്താരബാലനായിരുന്ന ചാ്‌ക്കോച്ചന്റെ ആത്മീയജീവിതത്തില്‍ ഇടം നേടിയത് അങ്ങനെയായിരുന്നു.

ഇരിങ്ങാലക്കുട രൂപതയുടേത് വിശുദ്ധിക്ക് വളക്കൂറുള്ള മണ്ണാണ്. മറിയം ത്രേസ്യ, എവുപ്രാസ്യാമ്മ.. വിതയത്തിലച്ചന്‍., കനീഷ്യസ് തെക്കേക്കര സിഎംഐ, യോഹന്നാന്‍ കരിപ്പേരി അച്ചന്‍.. ഇങ്ങനെ നീളുന്നു ആ പുണ്യപ്പെട്ടവരുടെ നിര. അനതിവിദൂര ഭാവിയില്‍ ആ പട്ടികയിലേക്ക് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പേരും ചേര്‍ക്കപ്പെടുമെന്നതില്‍ ഒരു സംശയവുമില്ല.

സ്വര്‍ഗ്ഗത്തിലെ അവാര്‍ഡ് മാത്രം ലക്ഷ്യമാക്കിയായിരുന്നു ബിഷപ് ജെയിംസ് പഴയാറ്റില്‍ ജീവിച്ചിരുന്നത്. എന്നിട്ടും ഭൂമിയും അദ്ദേഹത്തെ ആദരി്ക്കാതിരുന്നില്ല. പ്രിസ്റ്റ് ദ മില്ലേനിയം, ബെസ്റ്റ് സിറ്റിസണ്‍ ഓഫ് ഇന്ത്യ, ഭാരതജ്യോതി, ഭക്തശ്രേഷ്ഠ, മാനവശ്രേഷ്ഠ എന്നിങ്ങനെയുള്ള അവാര്‍ഡുകള്‍ അവയില്‍ ചിലതു മാത്രമായിരുന്നു.

നല്ലതു ചിന്തിക്കുക, നല്ലത് പറയുക. മാര്‍ ജെയി്ംസ് പഴയാറ്റിലിന്റെ ജീവിതത്തിന്റെ ആകെത്തുക ഇതായിരുന്നു. കൃപയാല്‍ സമൃദ്ധമാക്കപ്പെട്ട ജീവിതമായിട്ടാണ് അദ്ദേഹം സ്വയം വിലയിരുത്തുന്നത്. അനുഗ്രഹിക്കപ്പെട്ട വ്യക്തിയായിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.

തിരക്കുപിടിച്ച ജീവിതത്തിനിടയിലും കൃത്യനിഷ്ഠയും സമയനിഷ്ഠയും പാലിക്കുന്നതില്‍ ഇത്രത്തോളം ശ്രദ്ധ പതിപ്പിച്ചിട്ടുള്ള മറ്റൊരു വ്യക്തി വേറെയുണ്ടെന്നും തോന്നുന്നില്ല. ഒരു പ്രോഗ്രാമിന് പോലും വൈകിയെത്തുന്ന ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ ആരുടെയും ഓര്‍മ്മയിലുണ്ടാവില്ല.

കാറ്റുകള്‍ കടന്നുപോകുമ്പോള്‍ പ്രകാശിച്ചുനില്ക്കുന്ന വിളക്കുകള്‍ അണഞ്ഞുപോകുക സ്വഭാവികം. പക്ഷേ വിളക്കുകളേ കെട്ടുപോകാറുള്ളൂ, പ്രകാശം അണയുകയില്ല.. കാറ്റുകള്‍ക്ക് ഒരിക്കലും സുഗന്ധം അപഹരിക്കാനുമാവില്ല. മാര്‍ ജെയിംസ് പഴയാറ്റിലും അങ്ങനെ തന്നെ.

കാലയവനികയ്ക്കുള്ളില്‍ അദ്ദേഹം മറഞ്ഞുവെങ്കിലും അദ്ദേഹം കൊളുത്തിവച്ച വെളിച്ചം അണഞ്ഞിട്ടില്ല. അദ്ദേഹം പ്രസരിപ്പിച്ച സുഗന്ധം മാഞ്ഞുപോവുകയുമില്ല. ഇരിങ്ങാലക്കുട രൂപതയും കേരള സഭയും എക്കാലവും അങ്ങയോട് കടപ്പെട്ടിരിക്കും.

പറഞ്ഞിടുന്നു യാത്ര ഞാന്‍ ശ്രവിക്ക മിത്രലോകമേ
യിറങ്ങിടുന്നു നിങ്ങളെ പിരിഞ്ഞുപോയിടുന്നിതാ
കുറച്ചുകാലമീവിധം കഴിഞ്ഞിടട്ടെ മേലിലേ-
യ്ക്കുറപ്പ് ഞാന്‍ തരുന്നു ചേര്‍ന്നിടാം നമുക്ക് നിത്യമായ്

 

വിനായക് നിര്‍മ്മല്‍

 

 

 

You must be logged in to post a comment Login