മാര്‍ ജെയിംസ് പഴയാറ്റിലിന് വിട

മാര്‍ ജെയിംസ് പഴയാറ്റിലിന് വിട

ഇരിങ്ങാലക്കുട: രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഭൗതികശരീരം സെന്റ് തോമസ് കത്തീഡ്രലിലെ കപ്പേളയില്‍ സജ്ജമാക്കിയ കല്ലറയില്‍ സഭാമേലധ്യക്ഷന്മാരുടെ കാര്‍മ്മികത്വത്തില്‍ കബറടക്കി. അന്ത്യശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്കി.

ദിവ്യബിക്ക് മധ്യേ നടന്ന സംസ്‌കാരശുശ്രൂഷകള്‍ക്കിടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബൈബിള്‍ വായിച്ചതിന് ശേഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മാര്‍ പഴയാറ്റിലിനെ വേദപുസ്തകം ചുംബിപ്പിച്ചു. പ്രതീകാത്കമമായി അവസാനമായി മെത്രാന്‍ ദൈവവചനം ചുംബിക്കുന്ന കര്‍മ്മമായിരുന്നു അത്.

ദിവ്യബലിയും സംസ്‌കാരശുശ്രൂഷകളും പൂര്‍ത്തിയായതോടെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും മാര്‍ പോളി കണ്ണൂക്കാടനും മാര്‍ പഴയാറ്റിലിന്റെ ശിരസില്‍ പുഷ്പമുടി ധരിപ്പിച്ചു.

ഭൗതികശരീരവുമായി നഗരികാണിക്കലും നടന്നു. മെത്രാന്റെ ദേവാലയമായിരുന്ന കത്തീഡ്രലിനോട് അന്ത്യയാത്ര പറഞ്ഞുകൊണ്ട് വൈദികര്‍ ഭൗതികശരീരം അടക്കം ചെയ്ത മഞ്ചല്‍ ചുമന്ന് ശിരോഭാഗം അള്‍ത്താരയിലും വാതിലുകളിലും മുട്ടിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്കൊടുവില്‍ ആദ്യം മുഖ്യകാര്‍മികരും പിതാക്കന്മാരും വൈദികരും സന്യസ്തരും ജനങ്ങളും കുന്തിരിക്കവും പുഷ്പദളങ്ങളും മൃതദേഹത്തില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.

ഏഴു മണിക്ക് കത്തീഡ്രല്‍ ദേവാലയത്തിലെ വലതുവശത്തെ കപ്പേളയില്‍ പ്രത്യേകമായി ഒരുക്കിയകല്ലറയില്‍ ഭൗതികശരീരം കബറടക്കി.

You must be logged in to post a comment Login