മാറുന്ന കാലം, മാറുന്ന ഭാര്യമാര്‍

മാറുന്ന കാലം, മാറുന്ന ഭാര്യമാര്‍

നിനക്ക് ഞാനില്ലാതെ ജീവിക്കാനാവാത്തതുപോലെയാണ് എനിക്ക് നീയില്ലാതെയും ജീവിക്കാനാവാത്തത്. നിന്റെ സ്‌നേഹവും നിന്റെ സാന്നിധ്യവും നിന്റെ ശബ്ദവും എന്റെ ജീവിതച്ചുവടുകളെ ഈ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. യഥാര്‍ത്ഥത്തില്‍ ദാമ്പത്യത്തില്‍ ഇങ്ങനെയൊരു മനോഭാവമാണ് ഉണ്ടാവേണ്ടത്. പക്ഷേ ഇത് എത്ര പേര്‍ക്കുണ്ട്?

ഇന്നത്തെ ഭൂരിപക്ഷം ദമ്പതികളും സ്വയം പര്യാപ്തരാണ്. ജോലി, വിദ്യാഭ്യാസം, സാമ്പത്തികം എന്നിങ്ങനെയുള്ള മേഖലകളില്‍ അവര്‍ പലപ്പോഴും സമാനരുമാണ്. അതുകൊണ്ട് തന്നെ താന്‍പോരിമ അവരില്‍ പ്രകടവുമാണ്. ഒരേ സമയം വീട്ടില്‍ നിന്നിറങ്ങുന്നു.. ഒരേ സമയത്ത് തിരിച്ചുവരുന്നു… ഏറെക്കുറെ ഒരേ ശമ്പളവും. ഇനി ഒരാള്‍ക്ക് ഇത്തിരി കൂടുതലാണ് ശമ്പളമെങ്കില്‍ പറയാനുമില്ല..

തനിക്ക് മറ്റെയാളെ അധികമായി ആശ്രയിക്കേണ്ടതില്ല എന്ന ബോധ്യം അവരുടെ ബോധതലങ്ങളില്‍ ഉറച്ചിട്ടുണ്ട്. കാരണം ഞാനൊരു ഏണിംങ് മെമ്പറാണ്. ആശ്രിതത്വം പലപ്പോഴും സാമ്പത്തികമേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. ഒരാളെ ആത്മവിശ്വാസമുള്ളവനാക്കുന്നതിലെ ഒരു ഘടകം ധനസ്ഥിതി തന്നെയാണ്.

പണം ഉള്ളവനെക്കാള്‍ ആത്മവിശ്വാസം കുറവായിരിക്കും മിക്കപ്പോഴും പണമില്ലാത്തവന്. ഭര്‍ത്താവിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന തൊഴില്‍രഹിതയായ ഭാര്യയ്ക്ക് ഇന്നത്തെകാലത്ത് മിക്കപ്പോഴും ആത്മവിശ്വാസം കുറവായിരിക്കാനാണ് സാധ്യത.

എന്നാല്‍ ജോലിയുണ്ടെങ്കിലോ ഭര്‍ത്താവിനൊപ്പം തലയെടുപ്പോടെ നില്ക്കാനുള്ള തന്റേടം അവള്‍ പലയിടത്തും പ്രദര്‍ശിപ്പിക്കാറുമുണ്ട്. തൊട്ടതിനും പിടിച്ചതിനുമെല്ലാം വിവാഹമോചനങ്ങള്‍ പെരുകുന്നതിന്റെ ഒരു കാരണം സാമ്പത്തികസുരക്ഷിതത്വം നല്കുന്ന ആത്മവിശ്വാസം തന്നെയല്ലേ?

സ്വന്തംകാലില്‍ നില്ക്കാന്‍ പ്രാപ്തിയുള്ള ഒരു യുവതിയെ അറിയാം. ലേയ്റ്റ് മാര്യേജായിരുന്നു അവളുടേത്. കുടുംബത്തിലെ കാര്യങ്ങളെല്ലാം നോക്കിനടത്തിയപ്പോള്‍ അവളുടെ കാര്യം വൈകിപ്പോയി. പിന്നെ മുപ്പത്തഞ്ചിലോ മറ്റോ കല്യാണം. അധികം വൈകാതെ ഗര്‍ഭിണി. അപ്പോഴേയ്ക്കും ഭര്‍ത്താവിന്റെ തനിസ്വഭാവം വെളിവായി. മുക്കുടിയന്‍. സംശയരോഗി. എന്തോ ഒരു പ്രശ്‌നത്തിന്റെ പേരില്‍ അയാള്‍ വീടിറങ്ങിപ്പോയി.

പിന്നെ ബോധോദയം ഉണ്ടായപ്പോള്‍ തിരികെ വന്ന അയാളെ സ്വീകരിക്കാന്‍ അവള്‍ തയ്യാറായുമില്ല.

മദ്യപാനം നിര്‍ത്തിയിട്ട ഇങ്ങോട്ട് വന്നാല്‍ മതി. എനിക്കെന്റെ കുഞ്ഞിനെ വളര്‍ത്താന്‍ അറിയാം..അവള്‍ തീര്‍ത്തുപറഞ്ഞു.

മാസാവസാനം കൃത്യമായി ഒരു തുക കയ്യില്‍ കിട്ടുന്നു എന്ന ആത്മവിശ്വാസമാണ് ഭര്‍ത്താവില്ലാതെയും ജീവിക്കാന്‍ അവളെ പ്രേരിപ്പിച്ചതെന്ന് ഞാന്‍ കരുതുന്നു. അവള്‍ക്ക് വിദ്യാഭ്യാസവുമില്ല, വരുമാനവുമില്ല എന്ന സ്ഥിതിയാണെങ്കില്‍ ഭര്‍ത്താവിനെ തള്ളിക്കളയാന്‍ അവള്‍ സന്നദ്ധയാകുമായിരുന്നോ?

ഉദരപൂരണം പരസ്പരമുള്ള ബന്ധങ്ങളെ ഇഷ്ടക്കേടുകൊണ്ടാണെങ്കിലും വഹിച്ചുപോകാന്‍ ഒരാളെ നിര്‍ബന്ധിതരാക്കുന്നു. നമ്മുടെ പഴയകാല ദാമ്പത്യങ്ങളില്‍ കുടിയും അടിയും പിടിയും എല്ലാം ഉണ്ടായിരുന്നില്ലേ?

വീടുവിട്ടിറങ്ങിപ്പോയ ഭാര്യമാര്‍ ഒക്കെ ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് വന്നില്ലേ? ഇറങ്ങിപ്പോയ ഭര്‍ത്താവിന്റെ കൂട്ടിക്കൊണ്ടുവരാന്‍ കണ്ണീരോടെ പുറപ്പെട്ടിട്ടില്ലേ? ഭര്‍ത്താവിനോടുള്ള സ്‌നേഹം മാത്രമായിരുന്നോ ഘടകം? അവള്‍ക്ക് വിദ്യാഭ്യാസമില്ല..വരുമാനമില്ല..കായികശേഷിയില്ല.. അവള്‍ക്കു ജീവിക്കണം..അവളുടെ മക്കള്‍ക്ക് ജീവിക്കണം.

അതിനായി അവള്‍ ക്ഷമിച്ചു..സഹിച്ചു..പ്രാര്‍ത്ഥിച്ചു. ഇന്നത്തെ ഭാര്യമാര്‍ പറയും, എനിക്ക് സഹിക്കേണ്ട കാര്യമില്ല..അതെ, അവര്‍ക്ക് സഹിക്കേണ്ട കാര്യമില്ല. അതുകൊണ്ട് ക്ഷമിക്കാനും കഴിയില്ല.. ഇതു രണ്ടും ഇല്ലാത്തതുകൊണ്ട് പ്രാര്‍ത്ഥിക്കാനും വയ്യ..
ഇതൊരു ഭൂരിപക്ഷത്തിന്റെ നേര്‍ക്കുള്ള വിലയിരുത്തലൊന്നുമല്ല..

ചില ന്യൂനപക്ഷങ്ങള്‍ ഇങ്ങനെയും ഉണ്ടെന്ന് വ്യക്തമാക്കാന്‍ എഴുതിയെന്നേയുള്ളൂ.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login