മാറ്റുവിന്‍, വികല പ്രത്യയശാസ്ത്രങ്ങളെ

മാറ്റുവിന്‍, വികല പ്രത്യയശാസ്ത്രങ്ങളെ

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ റഷ്യയില്‍ വര്‍ഗസമര പ്രത്യയശാസ്ത്രം അടിച്ചേല്‍പിച്ച ലെനിനെക്കുറിച്ചും റഷ്യക്കാരെക്കുറിച്ചും ഇങ്ങനെ എഴുതുകയുണ്ടായി. “Their worst misery was his birth, their next worst was his death..” ലെനിന്റെ മരണവും നിര്‍ഭാഗ്യകരമായി എന്നു പറയാന്‍ കാരണം തന്റെ വരട്ടു സിദ്ധാന്തം പ്രായോഗികമല്ലെന്നു മനസിലാക്കി പുതിയ സാമ്പത്തിക നയത്തിനു രൂപം കൊടുത്ത് മുന്നോട്ടു പോകുന്നതിന് അദ്ദേഹം ശ്രമിക്കാന്‍ തുടങ്ങിയിരുന്നു. അപ്പോഴാണു താന്‍ നിഷേധിച്ചിരുന്ന ദൈവത്തിന്റെ പക്കല്‍ കണക്കു കേള്‍പ്പിക്കാന്‍ അദ്ദേഹത്തിനു പോകേണ്ടി വന്നത്.

വിശ്വവിഖ്യാതനായ ആര്‍നോള്‍ഡ് ടോയിന്‍ബി ലോകനാഗരികതകളെ വിശകലം ചെയ്ത ശേഷം ചരിത്രത്തിന്റെ അടിസ്ഥാന തത്വമായി ചൂണ്ടികാട്ടിയത് വെല്ലുവിളിയും പ്രതികരണവും എന്ന പ്രതിഭാസത്തെയായിരുന്നു. ഓരോ കാലഘട്ടത്തിന്റെയും യഥാര്‍ത്ഥ വെല്ലുവിളികള്‍ തിരിച്ചറിയാനും അവയ്ക്കു സമുചിതമായ പ്രത്യുത്തരം നല്‍കാനും കഴിഞ്ഞില്ലെങ്കില്‍ അങ്ങനെയുള്ളവര്‍ കഥാവശേഷമാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതു കേരള ജനത ഓര്‍ത്തിരിക്കേണ്ടതാണ്.

ഇവിടെ കേരളത്തില്‍ രണ്ടു കടുത്ത പ്രത്യയശാസ്ത്രങ്ങളാണ് ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്. ഒന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ വടക്കേ ഇന്ത്യയില്‍ ഉദയം ചെയ്ത ഹിന്ദുത്വവാദം. ഏതാനും വര്‍ഷം മുമ്പാണ് അതു കേരളത്തില്‍ കടന്നുവന്നത്. ഇതു കൂടുതല്‍ ശക്തിയാര്‍ജിക്കാനുള്ള ശ്രമത്തിലാണ്. ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പ് ജര്‍മനിയില്‍ ആരംഭിച്ച വര്‍ഗസമര പ്രത്യയശാസ്ത്രമാണ് മറ്റേത്. സാമൂഹിക-സാമ്പത്തിക രംഗത്തെ എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള ഒറ്റമൂലികളാണ് തങ്ങളുടേത് എന്നാണ് രണ്ടു പ്രത്യയശാസ്ത്രക്കാരും ആണയിട്ടു പറയുക.

മറ്റു കാഴ്ചപ്പാടുകളോടെല്ലാം അസഹിഷ്ണുത കാട്ടുന്നവരാണ് ഇരുകൂട്ടരും. രണ്ടു കൂട്ടരും ഭരണം കൈയാളാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാന്‍ തയാറുമാണ്. എതിരാളികളെ വേണമെങ്കില്‍ അടിച്ചൊതുക്കാനും ഈ രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ക്കും മടിയില്ല. കേരളത്തില്‍ പലയിടങ്ങളിലും അവര്‍ തമ്മിലുള്ള കൊലപാതക കേസുകള്‍ ഏറെയാണല്ലോ. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന നിലപാടാണ് ഈ രണ്ടു പ്രത്യേയശാസ്ത്രങ്ങള്‍ക്കുമുള്ളത്. സര്‍വാധിപത്യമാണു രണ്ടു കൂട്ടരുടെയും മാര്‍ഗത്തിലുള്ളത്. ഈ വസ്തുതകള്‍ നമുക്ക് മറക്കാനാവില്ല.

വര്‍ഗീയ തീവ്രതയുടെ പ്രത്യയശാസ്ത്രം

ഏക മത തീവ്രവാദത്തിന്റെ ഏറ്റവും ക്രൂരമായ ഭാവമാണ് ഐഎസിന്റെ അന്തസ്സത്ത. അത്തരം കാടത്തം ഇന്ത്യയില്‍ വേരൂന്നിയിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍, ഹിന്ദുത്വവാദം ഏകമതാധിഷ്ഠിത രാഷ്ട്രത്തിനുവേണ്ടിയുള്ള തീവ്രമായ കടുത്ത നിലപാടാണ്. അതിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അപവാദപ്രചരണങ്ങള്‍ നടത്തുക ഇന്നു സാധാരണമായിട്ടുണ്ട്. ദേവാലയങ്ങളും വിദ്യാലയങ്ങളും മറ്റും ആക്രമിക്കപ്പെടുന്നു. മധ്യപ്രദേശില്‍ ഒരു ക്രൈസ്തവ വിദ്യാലയത്തില്‍ കയറി സരസ്വതി വിഗ്രഹം സ്ഥാപിച്ചത് മറക്കാറായിട്ടില്ലല്ലോ.

ചരിത്രം തിരുത്തിക്കുറിക്കാനും ഹിന്ദുത്വവാദത്തിന് അനുകൂലമായ പാഠപുസ്തകങ്ങള്‍ ക്രമീകരിക്കാനുമുള്ള ശ്രമവും അവര്‍ നടത്തിവരികയാണ്. ഇപ്പോള്‍ ഭാരതത്തിനായ് പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്താനുമുള്ള ശ്രമത്തിലുമാണല്ലോ അവര്‍. മാധ്യമങ്ങള്‍ പറയുന്നതുപോലെ സര്‍വത്ര കാവിവത്കരണത്തിനുള്ള നീക്കങ്ങളാണിപ്പോള്‍ എല്ലാ രംഗങ്ങളിലും നടക്കുക.

ന്യൂനപക്ഷങ്ങളെ ദേശവിരുദ്ധരായിചിത്രീകരിച്ച് ഭൂരിപക്ഷ വോട്ട് കൈവശപ്പെടുത്താനാണ് അവരുടെ ശ്രമം. ഇങ്ങനെ വിഭാഗീയത വരുത്തുന്നത് രാജ്യത്തിന്റെ ഭാവിക്ക് ഒട്ടും ഗുണകരമാകില്ല എന്നത് അവര്‍ മനസിലാക്കുന്നില്ല. നമ്മുടെ ഭരണഘടനാശില്‍പികള്‍ ഇതേക്കുറിച്ച് ഏറെ ബോധവാന്മാരായിരുന്നു. ബ്രിട്ടീഷുകാര്‍ പോകുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു ഭദ്രതാബോധം ഉറപ്പാക്കണമെന്നു കരുതിയാണ് അവര്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ചും ന്യൂനപക്ഷാവകാശത്തെക്കുറിച്ചും വ്യവസ്ഥകള്‍ വച്ചതും അവയെ മൗലികാവകാശമാക്കുകയും ചെയ്തത്.

സ്വാതന്ത്ര്യ സമരകാലത്തു വര്‍ഗീയവാദികളുടെ നിലപാടുകളും പ്രഖ്യാപനങ്ങളുമെല്ലാമാണ് ഭാരതത്തിന്റെ വിഭജനത്തിനുപോലും കാരണമായതെന്നു പറയാം. ഇന്നു കാഷ്മീരും വടക്ക് കിഴക്കന്‍ പ്രദേശങ്ങളുമെല്ലാം അസ്വസ്ഥമായിരിക്കുന്നത് ഈ വിഭാഗീയതയുടെ വളര്‍ച്ചകൊണ്ടാണെന്നു പലരും പറയുന്നത് തള്ളിക്കളയാനാവില്ല. ദളിതമര്‍ദനം ഇന്നു അന്താരാഷ്ട്ര ശ്രദ്ധയിലായിട്ടുണ്ടല്ലോ.

സര്‍വാധിപത്യ പ്രവണതയാണു വര്‍ഗീയവാദത്തിന്റെ മറ്റൊരു വശം. മനുഷ്യന്‍ ഭക്ഷിക്കുന്നത് എന്തെല്ലാമായിരിക്കണം, വസ്ത്രധാരണം എങ്ങനെയാവണം. എന്നും മറ്റും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് എന്താണധികാരം? ജനാധിപത്യം വ്യക്തിസ്വാതന്ത്ര്യത്തിലും മതസ്വാതന്ത്ര്യത്തിലുമെല്ലാം അധിഷ്ഠിതമാണ്. തങ്ങളുടെ നിലപാടുകളോട് യോജിക്കാത്തവര്‍ക്ക് ഒന്നുകില്‍ പാക്കിസ്ഥാനിലേക്ക് പോകാം അല്ലെങ്കില്‍ അറബിക്കടലില്‍ച്ചാടാം എന്നും മറ്റും പറയുന്നത് അവരുടെ തികഞ്ഞ സര്‍വ്വാധിപത്യ സ്വഭാവം വ്യക്ത്മാക്കുന്നു. എല്ലാസമിതികളിലും ഉദ്യോഗനിയമന രംഗത്തുമെല്ലാം അവര്‍ സ്വന്തം അണികളെക്കൊണ്ടി നിറയ്ക്കുകയാണിപ്പോള്‍.

ഭരണവകുപ്പുകളിലും പോലീസിലും ജുഡീഷറിയിലും സ്വന്തം സില്‍ബന്തികളെ തിരുകി നിറയ്ക്കുന്ന രീതി ഒട്ടും ജനാധിപത്യത്തിനു നിരക്കുന്നതല്ല. മതപ്രചരണ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന നാട്ടില്‍ മതപരിവര്‍ത്തന നിരോധിത നിയമം വേണമെന്നും മറ്റും പറയുന്നത് ഉദ്യോഗസ്ഥ സഹായത്തോടെ ന്യൂനപക്ഷങ്ങളെ കുടുക്കാന്‍ വേണ്ടി മാത്രമാണ്. മതപ്രചരണത്തിനു ചതിയും ഭീഷണിയും ഉപയോഗിക്കാന്‍ പാടില്ല എന്നത് ഭരണഘടന അര്‍ത്ഥമാക്കുന്നുണ്ട്. അത് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമം കൊണ്ടുവരുന്നത് നിയമത്തിന്റെ നൂലാമാലയില്‍ ന്യൂനപക്ഷങ്ങളെ കുടുക്കാന്‍ മാത്രമാണ്.

ഇത്തരം പഴഞ്ചന്‍ സിദ്ധാന്തങ്ങളില്‍ നിന്നും പിന്മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വൈവിധ്യവും വ്യത്യസ്തരുടെ സഹവാസവും ഇന്ന് അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്. ഒരു കാലത്ത് ഇന്ത്യയില്‍ ഗ്രാമങ്ങള്‍ ഏതാണ്ട് സ്വയം പര്യാപ്തമായിരുന്നു. ഗ്രാമത്തലവന്‍ ഒരുപക്ഷേ സര്‍വാധിപതി ആയിരുന്നിരിക്കാം. ഇന്ന് ലോകം തന്നെ ഒരു ഗ്രാമമായിരിക്കുന്ന സാഹചര്യത്തില്‍ വൈവിധ്യത്തെ നിഷേധിച്ചു ജീവിക്കാനാവില്ല. ഭാരതത്തില്‍ ഹിന്ദുത്വം പറയുന്നവര്‍ക്ക് എല്ലാ പ്രവാസികെളയും മറ്റു രാജ്യങ്ങളില്‍ നിന്നെല്ലാം തിരിച്ചുവിളിക്കാന്‍ പറ്റുമോ? മറ്റു രാജ്യങ്ങളെല്ലാം അവര്‍ അവരുടെ തിനമ നിലനിര്‍ത്താനായി ഹിന്ദുത്വം പോലുള്ള അജന്‍ഡ നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ എന്താണ് സംഭവിക്കുക? സൗദിയില്‍ സ്വദേശവത്കരണത്തിന്റെ പേരില്‍ ഏതാനും ഇന്ത്യക്കാരെ പിരിച്ചുവിട്ടപ്പോള്‍ എന്തു വെപ്രാളമായിരുന്നു നമുക്ക്. മറ്റു രാജ്യങ്ങളെല്ലാം ഹിന്ദുത്വ മോഡല്‍ പ്രഖ്യാപിച്ചാലോ?

ഒരു രാജ്യത്തെ പൗരന്മാരെ രണ്ടു തരക്കാരായി കാണുന്ന രീതി ജനാധിപത്യത്തിന് ഒട്ടും ചേര്‍ന്നതല്ല. പഴയ ജാതി സമ്പ്രദായത്തിന്റെ പുതിയൊരു പതിപ്പെന്നോ അതേക്കുറിച്ച് പറയാനാവൂ. ദളിത് മര്‍ദ്ദനത്തിന്റെ കഥകളാണല്ലോ അടുത്ത കാലത്തെ വാര്‍ത്തകളിലെല്ലാം. ആതു തീര്‍ത്തും അനീതി നിറഞ്ഞ വികല സമ്പ്രദായമാണ്. ഇത്തരം പ്രത്യയശാസ്ത്രം പുറന്തള്ളിയേ തീരൂ. പൂര്‍ണ്ണ മതസ്വാതന്ത്ര്യമാണു നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. ആധുനിക സമൂഹത്തിലെ വൈവിധ്യം അംംഗീകരിക്കാതെ മുന്നോട്ടു പോകാനാവില്ല. അക മതാധിഷ്ഠിത രാഷ്ട്രത്തിനുള്ളള ശ്രമങ്ങള്‍ ഭീകര പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കു സഹായകമാകുന്ന കാലമാണിത്. വര്‍ഗീയ സിദ്ധാന്തം ഉപേക്ഷിച്ചാലേ ഈ പാര്‍ട്ടി ജനങ്ങള്‍ക്കു സ്വീകാര്യമാവുകയുള്ളു.

വര്‍ഗസമര പ്രത്യയശാസ്ത്രം പ്രതിസന്ധിയില്‍

വര്‍ഗസമരക്കാര്‍ ഒരു കാലത്ത് കമ്യൂണിസ്റ്റ് റഷ്യ ഭൗമികപറുദീസയാണെന്നും മറ്റും കൊട്ടിഘോഷിച്ചിരുന്നു. സ്റ്റാലിന്റെ കാലത്താണ് ഇങ്ങനെ പലരും സ്തുതി പാടിയതെന്ന് ഓര്‍ക്കണം. അവസാനം ഇരുമ്പു മറ പൊളിഞ്ഞുവീണപ്പോഴാണ് സത്യാവസ്ഥ ലോകം മനസിലാക്കിയത്. അതു കഴിഞ്ഞപ്പോള്‍ ചൈനയായി ശ്രദ്ധാകേന്ദ്രം. ചൈന ഇന്നു മുതലാളിത്ത വ്യവസ്ഥിതിയുടെ മിക്ക ഭാഗങ്ങളും സ്വീകരിച്ചു കഴിഞ്ഞു. അനേകര്‍ കോടീശ്വരന്മാരായി നാടു വാഴുന്നു. കഴിഞ്ഞ കാലത്തെ അഴിമതിയുടെ ചുരുളഴിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് വെനസ്വേലയെയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇന്ന് അതും പൊളിഞ്ഞു പാളീസായിരിക്കുന്നു. അവിടെ കൊടും ദാരിദ്ര്യമാണു ബാക്കിപത്രം. വിലക്കയറ്റം 70% വരെ ആയിട്ടുണ്ടത്രേ.

വര്‍ഗസമരസിദ്ധാന്തവും സമൂഹത്തെ രണ്ടു വിഭാഗങ്ങളായി തൊഴിലാളി- മുതലാളി വിഭാഗങ്ങളായി തരംതിരിക്കുകയും മുതലാളിമാരെ മുതലാളിമാരെ വെറും ചൂഷകരായി മാത്രം ചിത്രീകരിക്കുകയുമാണല്ലോ ചെയ്തത്. സ്വകാര്യ സ്വത്താണു ഇതിനു മൂലകാരണമെന്നു സിദ്ധാന്തം കണ്ടെത്തുന്നു. അതിനാല്‍ വര്‍ഗസംഘട്ടനത്തിലൂടെ ചൂഷകരെ ഉന്മൂലനം ചെയ്യുക. സ്വകാര്യ സ്വത്ത് ഇല്ലാതാക്കി, തൊഴിലാളി വര്‍ഗാധിപത്യം – ഫലത്തില്‍ പാര്‍ട്ടിയുടെ സര്‍വാധിപത്യം നടപ്പിലാക്കി, വര്‍ഗരഹിത സമൂഹത്തെ സൃഷ്ടിക്കുകയും അങ്ങനെ ആയിക്കഴിയുമ്പോള്‍ രാഷ്ട്രീയ അധികാരം തന്നെ വേണ്ടെന്നാകുന്നുമെല്ലാമാണല്ലോ മാര്‍ക്‌സിസ്റ്റ് സ്വപ്‌നങ്ങള്‍. ലോകചരിത്രത്തെ നിര്‍ണ്ണയിക്കുന്ന അടിസ്ഥാന ഘടകമായി അവര്‍ കണ്ടത് വൈരുദ്ധ്യാത്മക ഭൗതികവാദവുമായിരുന്നു.

റഷ്യയിലും ചൈനയിലും ഈ സിദ്ധാന്തം ആയിരങ്ങളെ കൊല ചെയ്ത രക്തരൂഷിത വിപ്ലവത്തിലൂടെയാണു നടപ്പിലാക്കാന്‍ ശ്രമിച്ചത്. സ്റ്റാലിന്‍ ഉരുക്കു മുഷ്ടിയോടെ എല്ലാം തകര്‍ത്തു സര്‍വാധിപത്യം നടപ്പിലാക്കുകയായിരുന്നുപോലും. അനേകായിരങ്ങളെ സൈബീരിയയില്‍ തടങ്കല്‍പാളയങ്ങളിലേക്ക് അയച്ചു കുരുതി കഴിച്ചു. പക്ഷേ അവസാനം ഇരുമ്പുമറ പൊളിച്ചുനീക്കിയപ്പോള്‍ ഒരു ദരിദ്ര സമൂഹത്തെയും കോടിപതികളായ പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയുമാണ് ലോകം കണ്ടത്.

ചൈനയില്‍ മാവോ സെ തൂങ്ങും വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു. സര്‍വാധിപതിയായി ഭൂമിയിലെ പറുദീസ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നല്ലോ. പക്ഷേ അവിടെയും ചൈനയെ പറുദീസയുടെ അടുത്തെങ്ങും എത്തിക്കാന്‍ മാവോയ്ക്കു കഴിഞ്ഞില്ല. മാവോ മരിച്ചപ്പോള്‍ പല ഗ്രാമങ്ങളും പ്രദേശങ്ങളും തികച്ചും പിന്നോക്കാവസ്ഥയിലായിരുന്നു. 1981 ല്‍ ഡെംഗ് സിയാവോ പിംഗ് മാര്‍ക്‌സിസ്റ്റ് പ്രയ്യയശാസ്ത്രം വലിച്ചെറിഞ്ഞ് പ്രായോഗികസമീപനങ്ങള്‍ കൈക്കൊള്ളാന്‍ കരുത്തുകാട്ടി. കോര്‍പറേറ്റ് ഏജന്‍സികള്‍ക്കും മറ്റും വഴി തുറന്നു കൊടുത്തു. അമേരിക്കയിലെ മിക്ക പ്രസിദ്ധ സ്ഥാപനങ്ങളും ചൈനയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുത്തനെ ഉയര്‍ന്നു. ചൈന ഇന്ന് ഇന്ത്യയേക്കാള്‍ സാമ്പത്തിക രംഗത്ത് ഏറെ മുമ്പന്തിയിലാണെന്നു പറയാം. പക്ഷേ സര്‍വാധിപത്യത്തില്‍ അഴിമതി വളര്‍ന്നുവെന്നതും മറ്റൊരു കാര്യം.

ചൈന സാമ്പത്തിക രംഗത്തു പലരും പറയുന്ന നവലിബറലിസം സ്വീകരിച്ചങ്കിലും ഭൗതികവാദവും സര്‍വാധിപത്യവും നിലനിര്‍ത്തി. അനേകം മതവിശ്വാസികള്‍ ഇന്നും ജയിലറകളിലാണ്. ചില ക്രൈസ്തവരെ കൈക്കലാക്കി പേട്രിയോട്ടിക് ചര്‍ച്ചുകള്‍ സ്ഥാപിച്ചു സഭകളെ ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണല്ലോ. മതസ്വാതന്ത്ര്യമില്ലായ്മ ജനതകളുടെ മൗലികാവകാശത്തിന്റെ ഗൗരവമായ നിഷേധമാണ്. അതുപോലെ തന്നെ സര്‍വാധിപത്യ രീതികള്‍ക്കും ഒട്ടും കുറവുവന്നിട്ടില്ല. രാഷ്ട്രീയക്കാര്‍ എല്ലാ രംഗത്തും ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം, പ്രതിഷേധപ്രകടന സ്വാതന്ത്ര്യം, ജനാധിപത്യപരമായ തെരഞ്ഞെടുപ്പു രീതികള്‍ ഇവയെല്ലാം ഇന്നും ചൈനയ്ക്ക് അന്യമാണ്. സര്‍വാധിപത്യത്തെ മറയാക്കി അഴിമതിയും പെരുകുമല്ലോ. അതുപോലെതന്നെ സമൂഹത്തിലെ അസമത്വവും ഈ സര്‍വാധിപത്യത്തിന്റെ തണലില്‍ വളരുകയാണ്.

ഈയിടെ കണ്ട ഒരു ലേഖനത്തിന്റെ തലക്കെട്ട് പിണറായി വിജയന്‍ കേരളത്തിന്റെ ഡെംഗ് സിയാവോ പിംഗ് എന്നായിരുന്നു. എന്നുവെച്ചാല്‍ നമ്മുടെ മുഖ്യമന്ത്രി പ്രത്യയശാസ്ത്രത്തിന്റെ ഒരു ഭാഗം തിരുത്തി ചൈനയുടെ പാത സ്വീകരിക്കുകയാണോ എന്ന ചോദ്യമാണു പിറകില്‍. പുതിയ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമന കാര്യത്തിലും ഇങ്ങനെയുള്ള സംശയങ്ങള്‍ ഉയര്‍ന്നുവന്നതു സ്വാഭാവികമാണ്. ചൈനയുടെ പാതയിലൂടെ വ്യവസായ സൗഹൃദാന്തരീക്ഷം കേരളത്തിലും സൃഷ്ടിച്ചുകഴിഞ്ഞാല്‍ ഗണ്യമായ സാമ്പത്തിക പുരോഗതി കൈവരുത്താന്‍ കഴിയും. വര്‍ഗസമരത്തിന്റെ പേരിലാണല്ലോ കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷം നഷ്ടപ്പെടുത്തിയത്. വന്‍കിട പ്രൊജക്ടുകളും വന്‍കിട ഏജന്‍സികളും കേരളത്തില്‍ വന്നാല്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാവുകതന്നെ ചെയ്യും.

പക്ഷെ അതുകൊണ്ടുമാത്രം ശരിയായ പുരോഗതി ഉണ്ടാവുകയില്ലല്ലോ. ഈ പ്രത്യയശാസ്ത്രം ഉയര്‍ത്തിക്കാട്ടുന്ന സര്‍വാധിപത്യ മനോഭാവവും മാറണം. കേരളത്തില്‍ ഭരണഘടനയ്ക്കനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കാനാവു എന്നതുകൊണ്ട് ചൈനയിലും മറ്റും സംഭവിച്ചതുപോലെയൊരു സര്‍വാധിപത്യത്തിന് ഇവിടെ സാധ്യതയില്ല. പക്ഷേ നമ്പൂതിരിപ്പാടിന്റെ കാലത്തെ സെല്‍ഭരണം നമുക്കറിയാമല്ലോ. പാര്‍ട്ടിക്കാരുടെ മേധാവിത്വത്തിലൂടെ പോലിസൂം മറ്റും പാര്‍ട്ടിയുടെ ചട്ടുകങ്ങളായി മാറുമ്പോള്‍ സര്‍ക്കാരിനു പലതും ചെയ്യാനാവും. ഇപ്പോള്‍ത്തന്നെ പാര്‍ട്ടിക്കാര്‍ക്കെതിരായ കേസുകള്‍ തേച്ചുമായ്ച്ചുകളയുകയും ചിലയിടങ്ങളില്‍ പാര്‍ട്ടിക്കാര്‍ മറ്ററുള്ളവരെ ഉപദ്രവിക്കുകയും മേധാവിത്വം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടല്ലോ.

ഈയിടെ ഒരു പാര്‍ട്ടിക്കാരന്‍ ബസിലെ സീറ്റിനെച്ചൊല്ലി മര്‍ദിച്ചതായി പരാതിയുണ്ടായതായി ഓര്‍ക്കുന്നു. പാര്‍ട്ടിയുടെ വകയാണു രാഷ്ട്രമെന്നു കരുതരുത്. വരമ്പത്തു കൂലി കൊടുക്കണമെന്ന ഒരു നേതാവിന്റെ പ്രസ്താവന മറക്കാറായിട്ടില്ല. കേരളത്തിലെ പാര്‍ട്ടി ഭരണത്തിലായതിനുശേഷമുണ്ടായ കൊലപാതകങ്ങളിലെ അന്വേഷണവുമൊന്നും നീതിപൂര്‍വകമായിരിക്കുമെന്നു മിക്കവര്‍ക്കും ബോധ്യമില്ല.
പാര്‍ട്ടിക്കാര്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നന്നായി പഠിച്ചവരും പഠിപ്പിക്കുന്നവരുമായിരിക്കണമെന്നു കുറെനാള്‍ മുമ്പ് ഒരു പാര്‍ട്ടീ നേതാവ് നിഷ്‌കര്‍ഷിച്ചല്ലോ. അത്രത്തോളം മതവിരുദ്ധത ഭൂരിപക്ഷം ജനങ്ങള്‍ക്കും മതവിശ്വാസമുള്ള ഒരു ജനാധിപത്യരാജ്യത്ത് തള്ളിക്കയറ്റണമോ? ഒരു പാര്‍ട്ടിക്കാരന്‍ അന്ത്യകൂദാശ സ്വീകരിച്ചു എന്നു പറഞ്ഞതിന് എന്തെല്ലാം കോലാഹലങ്ങളുണ്ടായി. മന്ത്രി ടി.വി. തോമസ് 1972 ലെ വിദ്യാഭ്യാസ സമകാലത്ത് ഒരു കത്തോലിക്കാ മെത്രാനെ വന്നുകാണുകയും മറ്റും ചെയ്തുവെന്ന് എഴുതിയതിന് എത്ര നേതാക്കന്മാരാണ് പ്രതിഷേധവുമായി ഇറങ്ങിയത്.

വൈരുദ്ധ്യാത്മക ഭൗതിക തീവ്രവാദം ഉരുവിട്ടുകൊണ്ടിരുന്നാല്‍ ഇങ്ങനെയെല്ലാം സംഭവിക്കുമെന്നതില്‍ സംശയമില്ല. ഭൗതികരംഗത്തെ പുരോഗമനപരമായ ഒരു ക്രമീകരണത്തില്‍ ഇത്തരമൊരു ത്വാത്തികാടിസ്ഥാനത്തിനു പ്രസക്തിയില്ല എന്ന കാര്യം മനസിലാക്കാവുന്നതേയുള്ളു. പ്രായോഗികതയും ധാര്‍മികബോധവുമാണ് രാഷ്ട്രിയരംഗത്ത് ആവശ്യം.

തെറ്റായ സിദ്ധാന്തങ്ങള്‍ വലിച്ചെറിയണം

വര്‍ഗസമരവാദികളും വര്‍ഗീയവാദികളും തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ പുന:പരിശോധിക്കണം. രാഷ്ട്രത്തെ യഥാര്‍ത്ഥ പുരോഗതിയിലേക്കും സമാധാനത്തിലേക്കും നയിക്കാന്‍ ഇത്തരം സിദ്ധാന്തങ്ങള്‍ വിലങ്ങുതടികളാണ്. മുകളില്‍ പറയുന്ന സൈദ്ധാന്തിക ഭാണ്ഡങ്ങള്‍ വലിച്ചെറിഞ്ഞ് സാമൂഹിക-സാമ്പത്തിക ശാസ്ത്രങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ പദ്ധതികള്‍ രൂപീകരിച്ചു മുന്നേറാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്രദ്ധിക്കേണ്ടത്. അസമത്വം കുറയ്ക്കാനും സാമൂഹ്യക്ഷേമം വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ കണ്ടെത്തണം.

തീര്‍ച്ചയായും ധാര്‍മികബോധവും സത്യസന്ധതയുമെല്ലാം പരിരക്ഷിക്കപ്പെടണം. വ്യക്തി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും പോലെയുള്ള അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. കാര്യക്ഷമതയും ശിക്ഷണബോധവും വളര്‍ത്തിയെടുക്കണം. വിഭാഗീയതയ്ക്കതീതമായി ചിന്തിക്കാനും നീതി നിര്‍വഹിക്കാനും ഭരണകര്‍ത്താക്കള്‍ക്കു കഴിയുകയാണ് ആവശ്യം. ഇങ്ങനെയുള്ള മൂല്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുമ്പോഴാണ് പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടികളായി മാറുന്നത്. ഇവിടുത്തെ പ്രത്യയശാസ്ത്രങ്ങളില്‍ വേണ്ട അടിസ്ഥാന പരമായ മാറ്റങ്ങള്‍ വരുത്താതെ ശരിയായ ദിശയിലേക്കു രാഷ്ട്രത്തേയും സംസ്ഥാനത്തെയും നയിക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് സാധ്യമല്ല.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍

 

(കടപ്പാട് ദീപിക ദിനപ്പത്രം)

You must be logged in to post a comment Login