മാലാവിയുടെ നിശ്ശബ്ദ രോദനങ്ങള്‍

മാലാവിയുടെ നിശ്ശബ്ദ രോദനങ്ങള്‍

salaവെള്ളപ്പൊക്കം, മലേറിയ, എയ്ഡ്‌സ്.. ദാരിദ്ര്യം..അനാഥര്‍.. മലാവിയുടെ ഏകദേശ ചിത്രം ഇങ്ങനെയാണ്. ലോകത്തിന് മുമ്പില്‍ ഈ രോദനങ്ങള്‍ അത്രയധികമൊന്നും കേള്‍ക്കാറുമില്ല. പ്രത്യേകിച്ച് പാശ്ചാത്യലോകം. കാരണം അവര്‍ക്ക് ചൂഷണം ചെയ്യാനുള്ള വിഭവങ്ങള്‍ അത്രയധികമൊന്നും ഇവിടെയില്ല. എങ്കിലും തേയില, പരുത്തി, പുകയില എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട വരുമാനമാര്‍ഗ്ഗങ്ങള്‍.. ഈ ജനതയ്ക്ക് ഇത്തിരിയെങ്കിലും ആശ്വാസം നല്കുന്നത് ക്രിസ്തുസ്‌നേഹത്താല്‍ പ്രചോദിതരായി ജീവിതം സമര്‍പ്പിക്കാനെത്തിയ ചില സന്യസ്തരാണ്. അവരില്‍ ഒരാളാണ് സാക്രമെന്റെന്‍ കന്യാസ്ത്രീയായ ഓര്‍നേല സാല. മുപ്പത് വര്‍ഷമായി മാലാവിയില്‍ മിഷനറിയായി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് ഇവര്‍.

ഇവിടത്തെ ജനങ്ങളുടെ പരമാവധി ആയുര്‍ദൈര്‍ഘ്യം നാല്പത്തിയേഴ് വയസാണ്. അപ്പോഴേക്കും എയ്ഡ്‌സിന്റെ കരാളഹസ്തങ്ങളില്‍പെട്ട് അവര്‍ മൃതിയടഞ്ഞിരിക്കും. ദിവ്യകാരുണ്യത്തില്‍ നിന്ന് ശക്തിസംഭരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജം കണ്ടെത്തുന്നതെന്ന് സിസ്റ്റര്‍ പറയുന്നു. ഏഴ് കന്യാസ്ത്രീകളാണ് ഈ സമൂഹത്തിലുള്ളത്. അതില്‍ രണ്ടുപേര്‍ ഇറ്റലിക്കാരും ഒരാള്‍ കെനിയക്കാരിയും നാലുപേര്‍ പ്രദേശവാസികളുമാണ്. ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍, ആരാധനകള്‍, സ്‌കൂളില്‍ അധ്യാപനം എന്നിവയാണ് ഇവരുടെ പ്രധാന ശുശ്രൂഷാമേഖലകള്‍. വിദ്യാഭ്യാസം നല്കി ദരിദ്രരായ മനുഷ്യരുടെ മാന്യത ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇവരെ രക്ഷിക്കാനാവൂ.. സിസ്റ്റര്‍ പറയുന്നു. ദാരിദ്ര്യത്തിന്റെ നടുവിലാണ് കന്യാസ്ത്രീമാരുടെ ജീവിതവും. നല്ലൊരു ഭാവിക്കുവേണ്ടി വളരെ ചെറിയ പ്രതീക്ഷകളേ ഞങ്ങള്‍ക്കുള്ളൂ. പക്ഷേ പ്രത്യാശ ഞങ്ങളെ നിരാശരാക്കുന്നില്ല.സിസ്റ്റര്‍ പറഞ്ഞു.

You must be logged in to post a comment Login