മാവൂരൂസ് കരുണയുടെ വാതില്‍ തുറന്നു, അനൂപും ഭാര്യയും അകത്തു കടന്നു

കൊച്ചി: എന്നും കരുണയുടെ പാതയില്‍ നടന്ന ബ്ര. മാവുരൂസ് കാരുണ്യവര്‍ഷത്തില്‍ കരുണയില്‍ കൂടുതല്‍ പ്രവര്‍ത്തനനിരതനാകുന്നു. തന്റെ കൊച്ചുവീട്ടില്‍ ഒരു ദരിദ്രകുടുംബത്തിന് സൗജന്യമായി താമസിക്കാന്‍ അവസരം നല്കിക്കൊണ്ടാണ് മാവൂരുസ് കരുണയുടെ വാതില്‍ തുറന്നത്.

സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കാരനായ തൃശുര്‍ കേച്ചേരി സ്വദേശി അനുപിനും ഭാര്യ ചിത്രയ്ക്കും ഒന്നരവയസുകാരി മകള്‍ അമേയക്കുമായാണ് ബ്രദര്‍ താമസസ്ഥലം വിട്ടുകൊടുത്തത്.
ബ്രദറിന്റെ ആശ്രയഭവനിലെ കൂട്ടായ്മയില്‍ പണ്ടുമുതല്‌ക്കേ ചിത്ര ഉണ്ടായിരുന്നു. വാടകവീട് കിട്ടാതെ തെരുവിലേക്ക് ജീവിതം മാറ്റിനടേണ്ടിവരുമോ എന്ന ഭീതിയിലായിരുന്നു അനൂപും കുടുംബവും.

ആറായിരം രൂപയായിരുന്നു ചെറിയ വീടിന് പോലും വാടക. പതിനെട്ടായിരം രൂപ അഡ്വാന്‍സും. തുച്ഛവരുമാനക്കാരനായ അനൂപിന് രണ്ടും താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ഇതറിഞ്ഞപ്പോഴാണ് മാവുരൂസ് ഈ കുടുംബത്തിന് താമസിക്കാനായി തന്റെ ഭവനം പകുത്തുനല്കിയത്.നാലടി മാത്രം വീതിയുള്ള തന്റെ അടുക്കള പകുതിയാക്കിയാണ് മുകളിലെത്തെ നിലയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ കഴിയത്തക്കവിധത്തില്‍ പുതിയ കുടുംബത്തിനായി മാവുരൂസ് വഴിയൊരുക്കിയത്.

നമ്മില്‍ പലരുടെയും കാരുണ്യപ്രവൃത്തികള്‍ വാക്കുകളുടെ തലത്തില്‍ മാത്രം ഒതുങ്ങിപ്പോകുമ്പോള്‍ അതിനെ പ്രായോഗികതലത്തില്‍ അവതരിപ്പിച്ചു എന്നതാണ് മാവുരൂസിന്റെ പ്രവര്‍ത്തനങ്ങളെ ശ്രദ്ധേയമാക്കുന്നത്.

You must be logged in to post a comment Login