മിഡില്‍ ഈസ്റ്റ് ക്രിസ്ത്യാനികള്‍ക്ക് ആശ്വാസമേകാന്‍ ചാള്‍സ് രാജകുമാരന്‍

വെയ്ല്‍സ്: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പീഡിത ക്രിസ്ത്യാനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചാള്‍സ് രാജകുമാരന്‍ രംഗത്ത്. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ താന്‍ ഒരുക്കമാണെന്ന് അദ്ദേഹം അറിയിച്ചു. വെസ്റ്റ്മിന്‍സ്റ്റെര്‍ ആര്‍ച്ച്ബിഷപ്പ് വിന്‍സെന്റ് നിക്കോളാസ്, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ മതനേതാക്കള്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ അവസ്ഥ ദിവസം ചെല്ലുംതോറും വഷളായി വരികയാണെന്ന് ചാള്‍സ് രാജകുമാരന്‍ പറഞ്ഞു. വാക്കുകള്‍ കൊണ്ടുപോലും വിവരിക്കാനാകാത്ത ക്രൂരതയാണിത്. വിശ്വാസമെന്ന പേരില്‍ മനുഷ്യര്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങളെ നീതീകരിക്കാനാകില്ല.
ക്രൈസ്തവര്‍ മാത്രമല്ല, മുസ്ലീം സഹോദരങ്ങളും ഭീഷണിയിലാണ്.

ക്രിസ്തുമതം വിദേശമതമാണെന്നാണ് ഭീകരവാദികള്‍ പറയുന്നത്. എന്നാല്‍ കാലങ്ങളായി ക്രിസ്തുമതം ഈ രാജ്യങ്ങളില്‍ നിലവിലുണ്ട്. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ 5 വര്‍ഷങ്ങള്‍ കൊണ്ട് ഇറാഖില്‍ നിന്നും ക്രിസ്തുമതം തുടച്ചുനീക്കപ്പെടുമെന്ന എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായിത്തന്നെ കാണണം. അന്താരാഷ്ട്രസമൂഹം ഈ വിഷയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

ലിബിയയില്‍ ഐഎസ് ഭീകരര്‍ വധിച്ച കോപ്റ്റിക് രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ചാള്‍സ് രാജകുമാരന്‍ ധനസഹായം നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റ് ക്രൈസ്തവരുടെ സംരക്ഷണത്തിനായി എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടനക്കും അദ്ദേഹം ധനസഹായം നല്‍കിവരുന്നുണ്ട്.

You must be logged in to post a comment Login