മിന്‍മിനിയുടെ ജീവിതം ഓശാനഞായര്‍ മുതല്‍ ഉയിര്‍പ്പുഞായര്‍ വരെ

മിന്‍മിനിയുടെ ജീവിതം ഓശാനഞായര്‍ മുതല്‍ ഉയിര്‍പ്പുഞായര്‍ വരെ

ഓശാന ഞായര്‍

ശ്രുതി അച്ഛന്‍ ലയം അമ്മ മകളുടെ പേര് സംഗീതം എന്ന ഗാനം പോലെയായിരുന്നു ആ വീട്. കീഴ്മാ
ട് പഞ്ചായത്തിന്റെ പുറകുവശത്തുള്ള പൂയ്യപ്പിളളി വീട്ടിലെ കാര്യമാണ് പറയാന്‍ പോകുന്നത്. കളമശേരി ഇന്ത്യന്‍ അലുമിനിയം കമ്പനിയിലെ ജീവനക്കാരനായിരുന്നു ജോസഫ്. ഭാര്യ ട്രീസ അവര്‍ക്ക് ദൈവം നല്കിയത് നാലു പെണ്‍മക്കളെ.

എല്ലാവര്‍ക്കും സംഗീതത്തിന്റെ ചിറകുകൂടി നല്കിയാണ് ദൈവം അവരെ ഭൂമിയിലേക്ക് അയച്ചത്. എല്ലാവരും പാടുന്ന വീട്. അതായിരുന്നു പൂയ്യപ്പിള്ളി കുടുംബം. ജോസഫ് ജോലി കഴിഞ്ഞ് വരുമ്പോള്‍ തന്നെ മക്കളെ അടുത്തു വിളിച്ചിരുത്തി അവരെക്കൊണ്ട്  പാടിക്കും. ആ ഗാനസദസുകള്‍ ചിലപ്പോള്‍ രാത്രി വരെ നീണ്ടുപോകും. ആ പാട്ടുകേട്ടാണ് അയല്‍ക്കാര്‍ പോലും ഉറങ്ങിയിരുന്നത്. സന്തോഷവും സ്നേഹവും സംഗീതവും നിറഞ്ഞ വീട്. ജോസഫിന്റെ മക്കള്‍ എല്ലാവരും പാടുമായിരുന്നുവെങ്കിലും ഇളയവളായ റോസിലിയായിരുന്നു കൂടുതല്‍ നന്നായി പാടിയിരുന്നത്. വീട്ടില്‍ അവളെ എല്ലാവരും മിനി എന്നുവിളിച്ചു.

ഒരു പാട്ട് കേട്ട് ഇഷ്ടപ്പെട്ടാല്‍ അത് കാണാതെ പഠിക്കുന്ന ശീലമുണ്ടായിരുന്നു മിനിക്ക്. അന്ന് ഇന്നത്തേതു പോലെ പാട്ടുകള്‍ പഠിച്ചെടുക്കാനുള്ള സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ റേഡിയോ മാത്രമേ ഉണ്ടായിരുന്നുമുള്ളൂ.

അതുകൊണ്ട് അയല്‍വീട്ടിലെ ടേപ്പ് റിക്കോര്‍ഡില്‍ നിന്നാണ് പാട്ടുകള്‍ കേട്ടു പഠിച്ചിരുന്നത്. മിനിയുടെ വീടിന്റെ അയല്‍വക്കത്തെ വീട് ഒരു കുന്നിന്‍മുകളിലായിരുന്നു. മിനിയുടെ വീട് അതിന്റെ താഴെയും.

ആ വീട്ടുകാര്‍ ടേപ്പ് റിക്കോര്‍ഡര്‍ ഉറക്കെ വയ്ക്കും. താഴെ യിരുന്ന് മിനി അതുകേട്ടുപഠിക്കും. അതായിരുന്നു പൊതുരീതി. നേഴ്സറി ക്ലാസ് മുതല്‍ സംഗീതം അവളുടെ ആത്മാവിന്റെ ഭാഗവും ജീവന്റെ ശ്വാസവും ആയിരുന്നതിനാല്‍ അന്നുതൊട്ടേ മത്സരങ്ങളില്‍ സമ്മാനം കിട്ടിത്തുടങ്ങിയിരുന്നു.

എങ്കിലും പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സ്ഥാനം കിട്ടിയതായിരുന്നു മിനിയെ കേരളം അറിയാനിടയാക്കിയത്.

അതോടെ മിനിയെ തേടി പുറമെ നിന്ന് പല അവസരങ്ങളും വന്നുതുടങ്ങി. കൊച്ചിന്‍ ആര്‍ട്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ നിന്നുള്ള ക്ഷണമായിരുന്നു അതിലൊന്ന്. സിഎസി വഴിയാണ് ആദ്യമായി കാസറ്റില്‍ പാടാനുള്ള അവസരവും ലഭിച്ചത്. ഇതിനിടയില്‍ കലാഭവന്റെയും തൊടുപുഴ സരിഗയുടെയും ട്രൂപ്പിലെ പ്രധാന ഗായികയും മിനിയായി.

സിഎസി സ്റ്റുഡിയോയില്‍ ചിത്രയ്ക്കുവേണ്ടി ട്രാക്കുപാടിയതാണ് മിനിയുടെ ജീവിതത്തിലെ വലിയൊരു മാറ്റത്തിന് കാരണമായത്. അടുത്തയിടെ അന്തരിച്ച രാജാമണിയായിരുന്നു ആ കാസറ്റിന്റെ സംഗീതം നിര്‍വഹിച്ചത്. ട്രാക്കുപാടാന്‍ തിരുവനന്തപുരത്തേക്ക് വരാമോയെന്ന രാജാമണിയുടെ ചോദ്യത്തിന്റെ കൂട്ടുപിടിച്ച് ജോസഫും മകളും തിരുവനന്തപുരത്തെത്തി. വേണു നാഗവള്ളിയുടെ സ്വാഗതം എന്ന സിനിമയില്‍ ചിത്രയ്ക്ക്ട്രാക്ക് പാടാന്‍ വേണ്ടിയായിരുന്നു അത്. പക്ഷേ ട്രാക്ക് കേട്ടതിന് ശേഷം ചലച്ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു കാര്യം തീരുമാനിച്ചു. ട്രാക്ക് മാറ്റണ്ടാ. ഈ പാട്ട് മിനിയുടെ ശബ്ദത്തില്‍ തന്നെ കേള്‍ക്കട്ടെ. ഈ സന്തോഷ
വര്‍ത്തമാനം വേണു നാഗവള്ളി അറിയിച്ചപ്പോള്‍ ജോസഫിന് സന്തോഷം കൊണ്ട് കരച്ചില്‍ വന്നു.

മിനിക്കാവട്ടെ തനിക്ക് ലഭിച്ച അംഗീകാരത്തിന്റെ വില അത്രയധികമായി മനസ്സിലായതുമില്ല. അങ്ങനെ ഒരു പിന്നണിഗായികയെ കൂടി മലയാള സിനിമയ്ക്ക് ലഭിക്കുകയായിരുന്നു.
മിനിയുടെ പാട്ട് ഗായകന്‍ പി. ജയചന്ദ്രന്‍ കേട്ടതാണ് സംഗീതസാമ്രാട്ടായ ഇളയരാജായിലേക്കുള്ള വഴി തുറന്നത്.

ചിത്രയ്ക്ക് തിരക്ക് വര്‍ദ്ധിച്ചതുകാരണം പുതിയൊരു ഗായികയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് ഇളയരാജയ്ക്ക് മുമ്പില്‍ മിനിയെത്തിയത്. മിനിയുടെ പാട്ടുകേട്ട ഇളയരാജ പറഞ്ഞു, ‘ഇനി കേരളത്തിലേക്ക് തിരിച്ചുപോകണ്ട. ഇവിടെതന്നെ വര്‍ക്കുണ്ടാവും’ മിനിയെ മിന്‍മിനിയാക്കിയതും ഇളയരാജ തന്നെ.

ആ വാക്കുകള്‍ അന്വര്‍ത്ഥമായി. പുതിയൊരു നാദം സിനിമാ സംഗീത ലോകത്തെ കീഴടക്കുന്നതാണ് ലോകം പിന്നീട് കണ്ടത്. മിനിയുടെ ഫ്‌ളാറ്റിന് മുമ്പില്‍ സംഗീതസംവിധായകരുടെ വണ്ടികള്‍ കാത്തുകിടുന്നു. റിക്കോര്‍ഡിംങ് റൂമുകള്‍ ആ ഗാനധാരയില്‍ അലിഞ്ഞു. അതിനിടയിലേക്കായിരുന്നു റോജായുമായി ഏആര്‍ റഹ്മാന്റെ വരവ്. ചിന്ന ചിന്ന ആശെ ചി
റകടിക്കും ആശെയിലൂടെ മിന്‍മിനി പ്രശസ്തിയുടെ കൊടുമുടിയിലെത്തി ഒരു ദിവസം തന്നെ പന്ത്രണ്ടും പതിമൂന്നും പാട്ടുകള്‍. അതും വിവിധ ഭാഷയിലെ പാട്ടുകള്‍. സിംഗപ്പൂര്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് അവാര്‍ഡ്, തമിഴ്നാട് സ്റ്റേറ്റ് അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ്, സിനിമ എക്സ്പ്രസ് എന്നിങ്ങനെ അവാര്‍ഡുകളുടെ പെരുമഴകള്‍. ഇന്ത്യ മുഴുവന്‍ മിന്‍മിനിയെന്ന ഗായികയെ ആരാധിച്ച നാളുകള്‍.

പെസഹാവ്യാഴം

സംഗീതസംവിധായകന്‍ ഗംഗൈ അമരന്റെ നേതൃത്വത്തില്‍ ലണ്ടനില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു മിന്‍മിനി. ആദ്യഗാനം പാടാനെത്തിയപ്പോള്‍ തന്നെ തൊണ്ട വലിഞ്ഞുമുറുകുന്നതുപോലെ. ഒരിക്കലും പാടാന്‍ നേരത്ത് മിനി സ്ട്രെയ്ന്‍ അനുഭവിച്ചിട്ടില്ല. പാട്ട് എപ്പോഴും അനായാസമായിരുന്നു.

പക്ഷേ ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായി… ഏതൊക്കെയോ തരത്തില്‍ പാടി തീര്‍ത്തുവെന്ന് മാത്രം. രണ്ടാമത്തെ പാട്ട് പാടാനെത്തി. പക്ഷേ അത് പാടി മുഴുമിപ്പിക്കാനായില്ല. ഏതോ അകാരണമായ ഭീതി മിന്‍മിനിയുടെ ഉള്ളില്‍ നിറഞ്ഞു. സ്റ്റേജിന് പുറകില്‍ ചെന്നിരുന്ന് മിനി വിങ്ങിപ്പൊട്ടി. നാലു ദിവസം കഴിഞ്ഞ് സ്വിറ്റ്സര്‍ലന്റില്‍ ആയിരുന്നു പ്രോഗ്രാം. അവിടെയും പാടാന്‍ കഴിഞ്ഞില്ലെങ്കില്‍… വിവിധ ചിന്തകളാല്‍ മിന്‍മിനിയുടെ മനസ്സ് അശാന്തമായി. അടുത്ത ദിവസം തന്നെ ഡോക്ടറെ കാണാനെത്തി.

പരിശോധനയില്‍ ഡോക്ടര്‍മാര്‍ വിവിധ സാധ്യതകളാണ് പറഞ്ഞത്. ഭക്ഷ്യവിഷബാധ, കാലാവസ്ഥ വ്യതിയാനം, സ്ട്രെയ്ന്‍.ചികിത്സ ആരംഭിച്ചു, വോയ്സ് റെസ്റ്റ് നിര്‍ദ്ദേശിക്കപ്പെട്ടു. അതിനിടയില്‍ മിന്‍മിനിക്ക് ശബ്ദം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. മിനിയുടെ രോഗത്തിന്റെ കാരണമറിയാതെ വൈദ്യശാസ്ത്രം അമ്പരന്നു. മിനിയുടെ ജീവിതത്തിലെ ദു:ഖവെള്ളികള്‍ ആരംഭിക്കുകയായിരുന്നു. ഒരു പൂമ്പാറ്റയെപോലെ പാറിനടന്നിരുന്ന നിന്നോടാരാണ് മോളേ ഈ ചതി ചെയ്തത് എന്നായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സങ്കടം. യഥാര്‍ത്ഥത്തില്‍ മിന്‍മിനിക്ക് എന്താണ് സംഭവിച്ചത്? ഇന്നും അതിന്റെ ഉത്തരം മിനിക്കറിയില്ല; മറ്റുള്ളവര്‍ക്കും

ദു:ഖവെള്ളി, ദു: ഖശനി

കാല്‍വരിയാത്രയിലൂടെ കടന്നു പോയ ദിനരാത്രങ്ങളായിരുന്നു മിനിയെ സംബന്ധിച്ചിടത്തോളം അ
ക്കാലം. ഭക്ഷണം കഴിക്കാന്‍ വയ്യാത്ത അവസ്ഥ. എന്തെങ്കിലും കഴിച്ചാലുടനെ ഛര്‍ദ്ദിക്കും. ശരീരത്തില്‍ സൂചികുത്തുന്ന വേദന. ഫാനിന്റെ കാറ്റ് പോലും വേദന സമ്മാനിച്ച രോഗപര്‍വ്വങ്ങള്‍. ശരീരം ചീര്‍ത്തുവന്നു. ചീര്‍ത്ത ശരീരം മഞ്ഞനിറം കൊണ്ട് നിറഞ്ഞു. മരണത്തിന്റെ മഞ്ഞ
നിറം.

അതിനിടയിലായിരുന്നു മൂന്നാമത്തെ ചേച്ചിയുടെ വിവാഹം. അപ്പച്ചനും അമ്മച്ചിയുമെല്ലാം കല്യാണത്തിന്റെയും മിന്‍മിനിയുടെ ചികിത്സയുടെയും തിരക്കുകളിലായിരുന്നു. അത്തരമൊരു ദിനത്തിലാണ് പിന്നണിഗായകന്‍ മനോ മിനിയെ കാണാനെത്തിയത്. മനോയുടെ മുന്നുവയസുകാ
രന്‍ മകന്‍ വഴി തുടങ്ങിയ സ്നേഹബന്ധമായിരുന്നു ആ വീടും വീട്ടുകാരുമായി മിനിക്കുണ്ടായിരുന്നത്. തനിക്ക് ഇല്ലാതെ പോയ ഒരു സഹോദരനായിട്ടാണ് മനോയെ മിനി വിശേഷി
പ്പിക്കുന്നതും.

മനോയും ഭാര്യയും കൂടി മിനിയെ ചെന്നൈയിലേക്ക് കൊണ്ടുപോയി. ആശുപത്രികള്‍
തോറും മിനിയെയും കൂട്ടി മനോയും ഭാര്യയും കയറിയിറങ്ങി. പീഡാസഹനങ്ങളുടെ ഇരുണ്ടരാത്രികളില്‍ മുഖം കുത്തി നിലത്തുവീണപ്പോള്‍ ഭാരം താങ്ങാനും മുഖം തുടയ്ക്കാനും വന്ന വേറേനിക്കയും ശിമയോനുമായിരുന്നു മനോയും ഗായകന്‍ പി. ജയചന്ദ്രനും. മനോ പിറക്കാതെ പോയ സഹോദരനാണെങ്കില്‍ ജയചന്ദ്രന്‍ പിതൃസ്ഥാനത്തായിരുന്നു.

മിന്‍മിനിയുടെ ക്ഷേമം തിരക്കി എല്ലാദിവസങ്ങളിലും ജയചന്ദ്രന്‍ എത്തിയിരുന്നു. രണ്ട് ആയമാരെയാണ് മനോ മിന്‍മിനിയുടെ പരിചരണത്തിനായി ഏര്‍പ്പെടുത്തിയത്. ഏഴു
മാസത്തോളം ചെന്നൈയില്‍ മനോയുടെ വീട്ടിലായിരുന്നു മിനി അക്കാലത്ത് താമസിച്ചിരുന്നത്. സിദ്ധയും ആയുര്‍വേദവും ഹോമിയോയും… വിവിധ ചികിത്സകള്‍ മാറിമാറി പരീക്ഷിച്ചുകൊണ്ടിരുന്നു, പ്രയോജനം ഒന്നും ലഭിക്കാതിരുന്നിട്ടും..

സിനിമാലോകത്തു നിന്ന് മറ്റാരും തന്നെ അക്കാലങ്ങളില്‍ തിരക്കാന്‍ വരാതിരുന്നതിനെക്കുറിച്ച് സത്യമായും മിന്‍മിനിക്ക് പരാതിയില്ല.സ്വരം നഷ്ടപ്പെട്ട്, ആവശ്യങ്ങള്‍ ഓരോന്ന് നോട്ടുബുക്കില്‍ എഴുതിക്കാണിച്ചുകൊണ്ടിരുന്ന എന്നെ അഭിമുഖീകരിക്കാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക് ധൈര്യം വന്നുകാണില്ല. അതായിരിക്കാം അവരെന്നെ കാണാന്‍ വരാ
തിരുന്നത് എന്ന് മിന്‍മിനി വിശ്വസിക്കുന്നു.

ജീവന്‍ മാത്രം അവശേഷിക്കെ നിലനില്ക്കുന്ന വെറുമൊരു ജീവിതം. അതായിരുന്നു അക്കാലത്തെ മിന്‍മിനി. പതിനാലര വയസ് മുതല്‍ റിക്കോര്‍ഡിംങ്ങിന് പോയിത്തുടങ്ങിയ, നന്നേ ചെറുപ്പം മുതല്‍ക്കേ പാടിത്തുടങ്ങിയ ഗായിക ഇന്നിതാ ഒരക്ഷരംപോലും ശബ്ദിക്കാന്‍ കഴിയാതെ…

പാട്ടാണ് ജീവിതത്തിന്റെ ആത്മാവ് എന്ന് വിശ്വസിച്ചിരുന്ന ഒരു ഗായികയ്ക്ക് എങ്ങനെ പാടാതെ ജീവിക്കാനാവും? ഓര്‍മ്മകള്‍ പുഴപോലെ വന്ന് മിന്‍മിനിയെ നനച്ചു… ആരും കാണാതെ മിന്‍മിനി കരഞ്ഞു… അതിലേറെ അപ്പച്ചനും അമ്മച്ചിയും. പ്രാര്‍ത്ഥനയില്‍ കരഞ്ഞുതോര്‍ന്ന നാളുകള്‍. ധ്യാനകേന്ദ്രങ്ങളില്‍ നിന്ന് ധ്യാനകേന്ദ്രങ്ങളിലേക്ക്. ഒന്നു മിണ്ടാന്‍ മിനി അധികമായി കൊതിച്ച നാളുകള്‍. ശബ്ദം എത്ര സൗഭാഗ്യമാണ് എന്ന് തിരിച്ചറിഞ്ഞ നാളുകള്‍.

ബാത്ത്‌റൂമില്‍ കയറി ശബ്ദം തിരിച്ചുകിട്ടിയോ എന്ന് പരീക്ഷിച്ച ദിനങ്ങള്‍. കാരണം ഒരു കാറ്റ് മാത്രമായിരുന്നു തൊണ്ടയില്‍ നിന്ന് പുറത്തുവന്നിരുന്നത്. അത് അപ്പച്ചനോ അമ്മച്ചിയോ അറിയരുത്. മകള്‍ക്കുവേണ്ടി ജീവിച്ച ആ മാതാപിതാക്കള്‍ക്ക്, മകളെ പിന്നണിഗായികയായി കാണാന്‍ ആഗ്രഹിച്ച അപ്പച്ചന് അത് സഹിക്കാന്‍ കഴിയുന്നതല്ല എന്ന് മിനിക്കറിയാമായിരുന്നു. ജീവിതവും ഭാവിയും മുഴുവന്‍ ഇരുണ്ടുപോയ അത്തരം ദിനങ്ങളില്‍ ഒന്നല്ല മൂന്നുതവണ ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കാന്‍ വരെ മിനിക്ക് തോന്നിയിരുന്നു.

ഉയിര്‍പ്പുഞായര്‍

സ്വരം നഷ്ടപ്പെട്ട കാലത്തുതന്നെയായിരുന്നു മിന്‍മിനിയുടെ വിവാഹം. മിന്‍മിനിയെ അടുത്തറിയാവുന്ന, മ്യൂസിക് ട്രൂപ്പിലെ അംഗവും കീബോര്‍ഡിസ്റ്റും സംഗീതജ്ഞ
നുമായ ജോയിയായിരുന്നു ഭര്‍ത്താവ്. മിനിയുടെയും ജോയിയുടെയും പിതാക്കന്മാര്‍ സുഹൃത്തുക്കളായിരുന്നു. മിന്‍മിനിയുടെ അപ്പച്ചന്‍ ജോസഫിന് ഹൃദ്രോഗബാധയുണ്ടായ അവ
സരത്തിലാണ് മകളെ സുഹൃത്തിന്റെ മകന്റെ കരങ്ങളില്‍ ഏല്പിച്ചുകൊടു
ത്തത്. ഐസിയുവില്‍ നടന്ന ആ വിവാഹനിശ്ചയം മൂന്നു മാസം കഴിഞ്ഞാണ് ഭാവിവധൂവരന്മാര്‍ അറിഞ്ഞതുതന്നെ. വിവാഹം ഇപ്രകാരം നിശ്ചയിച്ചു കഴിഞ്ഞ വേളയിലാണ് മിന്‍മിനിക്ക് ശബ്ദം നഷ്ടമായത്.

ചികിത്സകള്‍ ഫലിക്കാതെ പോയപ്പോഴും ശബ്ദം തിരികെ കിട്ടാതെ വന്നപ്പോഴും ജോയിയുടെ സ്നേഹത്തിന് മാത്രം കുറവുണ്ടായിരുന്നില്ല, ജോയിയുടെ അപ്പച്ചന്റെയും. എല്ലാം ശരിയാകും എന്ന് പ്രതീക്ഷയുടെ തിരികള്‍ കൊളുത്തി അവര്‍ മിനിയുടെ ഇരുളടഞ്ഞ വഴികള്‍ക്ക് വെളിച്ചം പകര്‍ന്നു.

വിവാഹം മിന്‍മിനിയുടെ അന്നത്തെഅവസ്ഥയില്‍ ഏറെ ആശ്വാസമായിരുന്നു. സ്നേഹധനനായ ഭര്‍ത്താവിന്റെ പരിചരണവും കരുതലും ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയായി
രുന്നു.എവിടെയെങ്കിലും ഒരു ചികിത്സകന്റെ പേരു കേള്‍ക്കുമ്പോള്‍ അ
വിടേയ്ക്ക് ഭാര്യയെയും കൂട്ടി ജോയി പോകും. പക്ഷേ ഒരു ചികിത്സയു
മല്ല തന്നെ രക്ഷിച്ചതെന്ന് മിനി വിശ്വസിക്കുന്നു. ദൈവമാണ് തന്നെ സൗഖ്യപ്പെടുത്തിയത്.

വര്‍ഷം 1996. മിനിക്ക് പതുക്കെ പതുക്കെ ശബ്ദം തിരികെ കിട്ടിത്തുടങ്ങി. മകനെ തൊട്ടിലാട്ടി ഉറക്കാന്‍ വേണ്ടി പാടിയ പാട്ടുകളാണ് തനിക്ക് സ്വരം തിരികെ നല്കാന്‍ കാരണമായതെന്ന് മിന്‍മിനി പറയുന്നു. സാധാരണക്കാരിയായ ഒരമ്മയെപോലെ മകനെ പാട്ടുപാടിയുറക്കാന്‍ മിന്‍മിനിയും പാട്ടുപാടി. ആ പാട്ടുകള്‍ ജീവിതത്തിലേക്കുള്ള തിരിച്ചുവരവായി. അതിനിടയില്‍ ഏആര്‍ റഹ്മാന്‍ വീണ്ടും വിളിച്ചു, സിനിമയിലേക്ക്.

ചിത്രം ഭാരതിരാജായുടെ കറുത്തമ്മ. പച്ചക്കിളി പാടും ഊര് എന്നതായിരുന്നു ആ ഗാനം. പക്ഷേ ആ പാട്ട് മുഴുവനായി  ഒറ്റയടിക്ക് താന്‍ പാടിയിട്ടില്ല എന്ന് മിനി സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴായി പല വാക്കുകള്‍ പാടിയത് തികഞ്ഞ സാങ്കേതികമികവോടെ റഹ്മാന്‍ കൂട്ടി ഒട്ടിച്ചതാണ് ഇന്ന് മിന്‍മിനിയുടെ സ്വരത്തില്‍ നാം കേള്‍ക്കുന്ന ആ ഗാനം.

ഓരോ വാക്കും പെറുക്കിപെറുക്കിയാണ് പാടിയത്. എനിക്കതിനേ കഴിയുമായിരുന്നുള്ളൂ. ഒഴിഞ്ഞുമാറാന്‍ നോക്കിയിട്ടും റഹ്മാന്‍ ഒഴിവാക്കിയില്ല. അങ്ങനെയാണ് വീണ്ടും സിനിമയിലെത്തിയത്.

അത് മിന്‍മിനിയുടെ സംഗീതജീവിതത്തിന്റെ രണ്ടാം പിറവിയായിരുന്നു. സമീപകാലത്ത് ഇറങ്ങിയ ചിറകൊടിഞ്ഞ കിനാക്കള്‍, മിലി എന്നിവ വരെയെത്തി നില്ക്കുന്നു മിന്‍മിനിയുടെ സിനിമാപിന്നണി ജീവിതം.

ദൈവം എനിക്കായി ഓരോ വാതിലുകള്‍ തുറന്നുതരികയായിരുന്നു. എന്നെ ദൈവമാണ് നയിച്ചത്. ഇന്നും നയിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ നശിച്ചുവെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ദൈവം എന്നെ ഇവിടെവരെയെത്തിച്ചിരിക്കുന്നു. ഇതെന്റെ ഉയിര്‍പ്പുജീവിതമാണ്… മിന്‍മിനി കൃതജ്ഞതയോടെ പറയുന്നു.

പാട്ടും പണവുമല്ല ജീവിതത്തില്‍ വലുതെന്നും ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. സെലിബ്രിറ്റികളാണെങ്കിലും സമാധാനമില്ലാത്ത കുടുംബാന്തരീക്ഷമാണ് ഉളളതെങ്കില്‍ അവര്‍ നേടുന്നതിനൊന്നും യാതൊരു അര്‍ത്ഥവുമില്ല. പക്ഷേ ഇവിടെ ഞാന്‍ സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്നു.

ജീവിതത്തിന്റെ ദു:ഖവെള്ളികളെ കടന്ന് ഉയിര്‍പ്പിന്റെ മഹിമയിലേക്ക് പ്രവേശിച്ച മിന്‍മിനി ഭര്‍ത്താവ് ജോയിയും മക്കളായ അലനും അലീനയ്ക്കുമൊപ്പം എറണാകുളം, പൂക്കാട്ടുപടി പള്ളിപടിയിലാണ് താമസം. ഇനിയും ഒരുപാട് ഗാനങ്ങള്‍ പാടാന്‍ ദൈവം ഈ ഗായികയ്ക്ക് അവസരം കൊടുക്കട്ടെയന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം…

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login