മിഷനറീസ് ഓഫ് ചാരിറ്റി വൃദ്ധ സദനത്തിനു നേരെ ആക്രമണം; നാലു കന്യാസ്ത്രികള്‍ ഉള്‍പ്പെടെ 16 മരണം

മിഷനറീസ് ഓഫ് ചാരിറ്റി വൃദ്ധ സദനത്തിനു നേരെ ആക്രമണം; നാലു കന്യാസ്ത്രികള്‍ ഉള്‍പ്പെടെ 16 മരണം

ഏഡന്‍: യെമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നാലു കന്യാസ്ത്രികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കന്യാസ്ത്രികളിലൊരാള്‍ ഇന്ത്യക്കാരിയാണ്. റാഞ്ചി സ്വദേശിയായ സിസ്റ്റര്‍ അന്‍സലം ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

തോക്കുധാരികളായ അജ്ഞാതസംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ മലയാളിയായ സലേഷ്യന്‍ വൈദികനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കോട്ടയം രാമപുരം സ്വദേശിയായ ഫാ.ടോം ആണ് തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികന്‍. ഇന്ത്യക്കാരിയായ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാലി ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായ് രക്ഷപെട്ടു. കൊല്ലപ്പെട്ട കന്യാസ്ത്രികളില്‍ രണ്ടു പേര്‍ റുവാണ്ടയില്‍  നിന്നുള്ളവരും ഒരാള്‍ കെനിയക്കാരിയുമാണ്.

തങ്ങളുടെ അമ്മമാര്‍ വൃദ്ധസദനത്തിനുള്ളലുണ്ടെന്ന് സെക്യൂരിറ്റി ജീവനക്കാരനോട് കള്ളം പറഞ്ഞാണ് അക്രമിസംഘം അകത്തു പ്രവേശിച്ചത്. അകത്തു പ്രവേശിച്ചയുടന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി. തുടര്‍ന്നാണ് വൃദ്ധസദനത്തിനുള്ളിലേക്കു കയറി ആക്രമണം നടത്തിയത്.

You must be logged in to post a comment Login