‘മീന്‍ പിടിച്ചു കൊടുക്കില്ല, പക്ഷേ മീന്‍ പിടിക്കാന്‍ പഠിപ്പിക്കും’

‘മീന്‍ പിടിച്ചു കൊടുക്കില്ല, പക്ഷേ മീന്‍ പിടിക്കാന്‍ പഠിപ്പിക്കും’

‘ഞങ്ങള്‍ മീന്‍ കൊടുക്കാറില്ല, പകരം മീന്‍ എങ്ങനെ പിടിക്കാന്‍ കഴിയും എന്ന് പഠിപ്പിച്ചുകൊടുക്കും. മീന്‍ കൊടുത്താല്‍ ഒരു ദിവസം കൊണ്ട് തീര്‍ന്നുപോകും. എന്നാല്‍ മീന്‍ പിടിക്കാന്‍ പഠിപ്പിച്ചാലോ’ സിസ്റ്റര്‍ ജോയ്‌സി എസ് എച്ച് സംസാരിക്കുകയായിരുന്നു.

നീതിയും സമാധാനവും കളിയാടുന്ന ഒരു സമൂഹവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സമഗ്രവിമോചനവും ലക്ഷ്യമാക്കി ജാതിയുടെയോ മതത്തിന്റെയോ മുഖം നോക്കാതെയുള്ള സാമുഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ, വ്യത്യസ്തമായ കാലടിപ്പാടുകള്‍ പതിപ്പിച്ചു കടന്നുപോവുകയാണ് സന്യാസവഴിയില്‍ രജതജൂബിലി പൂര്‍ത്തിയാക്കിയ ഈ കന്യാസ്ത്രീ. തിരുഹൃദയസഭയുടെ തലശ്ശേരി പ്രൊവിന്‍സിന്റെ കൗണ്‍സിലറായ സിസ്റ്റര്‍, പ്രസ്തുത സ്ഥാനം വഹിക്കുന്ന ഏതൊരു കന്യാസ്ത്രീയും ചെയ്യുമായിരുന്നതേ താനും ചെയ്യുന്നുള്ളൂ തനിക്ക് അതുകൊണ്ട് പ്രത്യേക മേന്മയൊന്നും ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് താന്‍ ഉള്‍പ്പെടുന്ന സന്യാസസമൂഹം കാഴ്ചവയ്ക്കുന്ന സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

വിദ്യാഭ്യാസം, സാമൂഹ്യസേവനം, അഗതിസംരക്ഷണം, മിഷന്‍ എന്നിങ്ങനെ നാല് പ്രധാന മണ്ഡലങ്ങളില്‍ തിരുഹൃദയസന്യാസിനികള്‍ സേവനം കാഴ്ചവയ്ക്കണമെന്നാണ് സഭാസ്ഥാപകനായ കദളിക്കാട്ടില്‍ മത്തായിയച്ചന്‍ ആഗ്രഹിച്ചത്. ഇതില്‍ സാമൂഹ്യസേവനത്തിന്റെ വഴികളിലാണ് എംഎസ് ഡബ്യൂവും മാനസികരോഗികളുടെ പുനരധിവാസത്തില്‍ ബിരുദാനന്തരബിരുദവുമുള്ള ജോയ്‌സി സിസ്റ്റര്‍ സഞ്ചരിക്കുന്നത്.

കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് സഭയുടെ തന്നെ ഒരു ആശുപത്രിയില്‍ മാനസികരോഗവിഭാഗത്തില്‍ കൗണ്‍സലിംങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു സിസ്റ്റര്‍. അക്കാലത്തെ ജീവിതാനുഭവങ്ങള്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ അവസ്ഥകള്‍ മനസ്സിലാക്കാനും അതിലേക്ക് വെളിച്ചം വീശാനും കാരണമായി. തലശ്ശേരി പ്രൊവിന്‍സിന്റെ സേക്രട്ട് ഹാര്‍ട്ട് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലാണ് സിസ്റ്റര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

ഈ ഉത്തരവാദിത്തം ഏറ്റെടുത്തതിന്‌ശേഷം ആദ്യമായി സിസ്റ്റര്‍ ചെയ്തത്, കരിപ്പേരി അച്ചന്‍ തുടങ്ങിവച്ച സാരഥിയുടെ ചെറിയൊരു യൂണിറ്റ് കണ്ണൂര്‍ പേരാവൂര്‍ തൊണ്ടിയില്‍ സ്ഥാപിക്കുക എന്നതായിരുന്നു. ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയായിരുന്നു കരിപ്പേരി അച്ചന്‍ സാരഥി സ്ഥാപിച്ചത്. എന്തു ലഭിച്ചു എന്നല്ലാതെ എന്തുകൊടുക്കാന്‍ സാധിച്ചു എന്നും നമുക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നും പ്രചോദിപ്പിച്ച് ഡ്രൈവര്‍മാരുടെ ഉള്ളിലെ നന്മകളെ ഊതിയുണര്‍ത്തുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതുമായിരുന്നു സാരഥിയുടെ രൂപീകരണത്തിന് പിന്നില്‍ അച്ചനുണ്ടായിരുന്ന ലക്ഷ്യം.

ഇതില്‍ നിന്നും പ്രചോദനം സ്വീകരിച്ച് സിസ്റ്ററും സാരഥിയുടെ ഒരു യൂണിറ്റ് സ്ഥാപിച്ചു. പേരാവൂര്‍ നൂറിലധികം ഓട്ടോ ഡ്രൈവര്‍ തൊഴിലാളികളുണ്ടെങ്കിലും ആദ്യം സഹകരിക്കാനായി മുന്നോട്ടുവന്നത് വെറും മൂന്നുപേരായിരുന്നു. ആരെയും പ്രലോഭിപ്പിച്ചോ നിര്‍ബന്ധിച്ചോ ഇതില്‍ അംഗങ്ങളായി ചേര്‍ക്കാറില്ല. ആദ്യ മൂന്നുപേരുടെ ജീവിതമാതൃകയും അവരുടെ ജീവിതത്തിലുണ്ടായ മാറ്റവും കാരണമായാണ് പിന്നീട് പത്തുപേര്‍ കൂടി സാരഥിയില്‍ അംഗങ്ങളായത്. ഇപ്പോള്‍ പതിമൂന്ന് പേര്‍ ഇതില്‍ അംഗങ്ങളാണ്.

എത്ര പേരെ നിങ്ങള്‍ മരണത്തില്‍ നിന്ന് രക്ഷിച്ചു, എത്ര പേരെ നിങ്ങള്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചു ഇത്യാദി ചോദ്യങ്ങള്‍ക്ക് മുമ്പില്‍ സ്വയം ആത്മവിശ്വാസവും അഭിമാനവും വളര്‍ത്തി മറ്റുള്ളവരെ സഹായിക്കാനായി കരം നീട്ടുന്ന ഓട്ടോഡ്രൈവര്‍മാരുടെ എണ്ണം കൂടിവരികയാണെന്ന് സിസ്റ്റര്‍ പറയുന്നു. പത്രവാര്‍ത്ത അറിഞ്ഞ് മറ്റുള്ളവരെ സഹായിക്കുന്ന രീതിയും സാരഥിയിലെ അംഗങ്ങള്‍ക്കുണ്ട്. ഉളളതില്‍ നിന്ന് നീക്കിവച്ച് മറ്റുളളവരെ സഹായിക്കാന്‍ സന്നദ്ധത കാണിക്കുന്നവര്‍.

മാ നസികരോഗികളെ സന്ദര്‍ശിച്ച് ഭക്ഷണം കൊടുക്കുന്നവര്‍.. വീടുകളില്‍ ഭക്ഷണം തയ്യാറാക്കി ഭാര്യയും മക്കളും ഒത്താണ് സാരഥിയിലെ അംഗങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്. ഒരു സംഭവം സിസ്റ്റര്‍ വിവരിച്ചു.

വാഴക്കൃഷിയിലേര്‍പ്പെട്ടിരുന്ന ഒരു കുടുംബനാഥന്‍.അദ്ദേഹം പെട്ടെന്ന് ശയ്യാവലംബിയായി. വാഴക്കൃഷിയുടെ കാര്യം അനിശ്ചിതത്വത്തിലായി.അത്തരം ദിവസങ്ങളില്‍ സാരഥിയിലെ സഹോദരങ്ങള്‍ അദ്ദേഹത്തിന്റെ വാഴത്തോട്ടത്തിന്റെ പരിപാലനം ഏറ്റെടുത്തു. ഉള്ളിലുളള നന്മ മറ്റുള്ളവര്‍ക്ക്‌സഹായമായി മാറുന്ന ഇതുപോലെയുള്ള എത്രയോ സംഭവങ്ങള്‍.

റിട്ടേണ്‍ വരുന്ന കാശ് ഇവര്‍ വാങ്ങാറില്ല. വണ്ടിയില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സില്‍  നിക്ഷേപിക്കും. ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി ഇവ ഉപയോഗിക്കുകയും ചെയ്യും. തലേന്ന് കിട്ടിയ തുകയില്‍ നിന്ന് ഈ പെട്ടിയിലേക്ക് തുക നിക്ഷേപിച്ച് ദിനം ആരംഭിക്കുന്നവരുമുണ്ട്.. ആ ദിനം സാധാരണ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ ഓട്ടം കിട്ടുന്നതായാണത്രെ അവരുടെ സാക്ഷ്യപ്പെടുത്തല്‍.

നമ്മള്‍ ചെറുതായി ഒന്ന് സപ്പോര്‍ട്ട് ചെയ്താല്‍ മതി. ഇവര്‍ നന്നായി മുന്നോട്ടുപൊയ്‌ക്കൊള്ളും.’ സിസ്റ്റര്‍ പറയുന്നു. ആഴ്ച തോറും പാരീഷ് ഹാളില്‍ ഇവരെ ഒന്നിച്ചുകൂട്ടാറുമുണ്ട്.ക്ലാസുകളും ബോധവല്‍ക്കരണങ്ങളും നടത്താറുമുണ്ട്. മറ്റുള്ളവരെ സഹായിക്കാന്‍ ഇവര്‍ സ്വരുക്കൂട്ടുന്നതില്‍ ഒരു പങ്ക് കോണ്‍വെന്‍റും നല്കും.പിന്നീടത് ആവശ്യക്കാര്‍ക്ക് സിസ്റ്റര്‍ ജോയ്സിയുടെ നേതൃത്വത്തില്‍ എത്തിച്ചുകൊടുക്കുകയും ചെയ്യും.

ഏറ്റവും പാവപ്പെട്ട കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ നല്കുകയും അവരുടെ വിദ്യാഭ്യാസചെലവ് വഹിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു ക്ഷേമപ്രവര്‍ത്തനം. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഇത്തരം സഹായം ചെയ്യുന്നത്. ഇതുവരെ നൂറ് കുട്ടികളെ ഈ സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയും കൂടുതല്‍ കൂട്ടികളെ ചേര്‍ക്കണമെന്നാണ് സിസ്റ്ററുടെ ആഗ്രഹവും.

പക്ഷേ സ്‌പോണ്‍സര്‍മാരെ കിട്ടാനില്ലാത്തത് തന്റെ ആഗ്രഹങ്ങള്‍ക്ക് വിഘാതമായി നില്ക്കുന്നു എന്ന് സിസ്റ്റര്‍ പറയുന്നു. ഇതിനകം അമ്പത്തിയാറ് കുട്ടികള്‍ക്കേ സ്‌പോണ്‍സര്‍മാരെ കിട്ടിയിട്ടുള്ളൂ. മലയാളം മീഡിയത്തിലെ കുട്ടികളെയാണ് ഇപ്രകാരം പഠിപ്പിക്കുന്നത്.

ഒരു കുട്ടിക്ക് വര്‍ഷത്തില്‍ നാലായിരം രൂപയാണ് സ്‌പോണ്‍സര്‍ഷിപ്പ് തുകയായി നല്‌കേണ്ടത്. തന്റെ അഭ്യര്‍ത്ഥന മാനിച്ച് നിരവധി സുഹൃത്തുക്കള്‍ ഇതുമായി സഹകരിക്കുന്നുണ്ടെന്ന് സിസ്റ്റര്‍ ജോയ്‌സി നന്ദിയോടെ ഓര്‍മ്മിക്കുന്നു. സ്‌പോണ്‍സര്‍ ചെയ്ത കുട്ടിയുടെ പിതാവ് ഒരപകടത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ ആ കുട്ടിയുടെ സ്‌പോണ്‍സര്‍, പിതാവിനു കൂടിയുള്ള ചികിത്സാചെലവ് അയച്ചുകൊടുത്തതായും സിസ്റ്റര്‍ പറയുന്നു. ഈ കുട്ടികള്‍ക്കായി മെയ് മാസത്തില്‍ താമസിച്ചുള്ള ക്യാമ്പും ഒരുക്കുന്നു.

മാത്രവുമല്ല ഡിസിഎസ്എല്‍, സ്‌നേഹസേന തുടങ്ങിയവയുടെ ക്യാമ്പുകളിലും പങ്കെടുപ്പിക്കാറുണ്ട്. കുട്ടികളുടെ കുടുംബങ്ങളെയും സിസ്റ്റര്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ക്കാറുണ്ട്.സൗജന്യമായ മെഡിക്കല്‍ പരിരക്ഷ ഇതിലൂടെ ആ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നു. അതുപോലെ സാഹിത്യകലാമത്സരങ്ങള്‍ തുടങ്ങിയവയും ഇവര്‍ക്കായി സംഘടിപ്പിക്കുന്നു.

ഉപരിപഠനത്തിനായി പോകുന്ന കുട്ടികള്‍ക്ക് മഠംവഴി പലിശരഹിത വായ്പ, സേവിങ് സ്‌കീം തുടങ്ങിയവയും നടപ്പിലാക്കിവരുന്നു. നൂറു രൂപയില്‍ കുറയാത്ത തുകയാണ് മാസം തോറും കുട്ടികള്‍ നിക്ഷേപിക്കേണ്ടത്. കുട്ടികള്‍ എത്രയധികം ഇട്ടാലും കോണ്‍വെന്റില്‍ നിന്ന് നൂറ് രൂപ വീതം ഓരോ കുട്ടിക്കും നല്കും. പലതുള്ളി പെരുവെള്ളം എന്ന് പറയും പോലെ ഇപ്രകാരം പതിനായിരം രൂപവരെ സമ്പാദ്യമായുള്ള കുട്ടികളുമുണ്ട്.

കാരുണ്യവര്‍ഷം പ്രമാണിച്ച് തന്റെ സഭ വിവിധ തരത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് സിസ്റ്റര്‍ അറിയിച്ചു. പഞ്ചായത്തുകളില്‍ നിന്ന് ഭവനനിര്‍മ്മാണത്തിനായി രണ്ടു ലക്ഷം രൂപ കിട്ടിയിട്ടുള്ളവര്‍ക്ക് രണ്ടുലക്ഷം രൂപ തിരുഹഹൃദയസഭയും നല്കും. ഇപ്രകാരം പത്തുവീടുകള്‍ നിര്‍മ്മിച്ചുനല്കും.കൂടാതെ അഞ്ച്‌പേര്‍ക്ക് ഓട്ടോറിക്ഷാ വാങ്ങിക്കൊടുക്കും.

മദ്യാസക്തരുടെ മോചനത്തിന് വേണ്ടി മോചന‘യുമായും സിസ്റ്റര്‍ സഹകരിക്കുന്നു. വിഷരഹിത പച്ചക്കറികളും ഭക്ഷ്യവിഭവങ്ങളും ഉല്പാദിപ്പിച്ച് ഒരു പുതിയ സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും സിസ്റ്റര്‍ ജോയ്‌സ് വ്യാപൃതയാണ്.

വീടിനൊരു കൂടും കോഴിയും, മുട്ടഗ്രാമം എന്നീ പദ്ധതികള്‍ അപ്രകാരമുള്ളവയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ വിഷം ഉല്പാദിപ്പിക്കുന്നവയാണ് ഹോര്‍മോണ്‍ കലര്‍ന്ന കോഴിമുട്ടകള്‍. ഇവയ്ക്ക്പകരമായി നാടന്‍ കോഴികളെ വളര്‍ത്തിയെടുക്കുന്ന സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുകയാണ് സിസ്റ്ററുടെ ലക്ഷ്യം. വിഷമില്ലാത്ത പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനായി കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകളും വിതരണം ചെയ്യാറുണ്ട്.

സീനിയര്‍ സിറ്റിസണ്‍ ഫോറമാണ് സിസ്റ്ററുടെ മറ്റൊരു പ്രവര്‍ത്തനമണ്ഡലം. ജീവിതത്തിന്റെ ഇരുള്‍മുടിയ വഴികളില്‍ ഒറ്റപ്പെട്ടുപോയിരിക്കുന്ന വൃദ്ധജനങ്ങളെ സന്ദര്‍ശിക്കുകയും അവരെ ഒരുമിച്ചുകൂട്ടി ജീവിതത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം നല്കുകയുമാണ് പ്രധാന കടമ.

സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് നിരവധിയായ ആനുകൂല്യങ്ങളും അവകാശങ്ങളും കിട്ടുന്നുണ്ട്. പക്ഷേ അവയൊക്കെ നേടിയെടുക്കാന്‍ എന്തുചെയ്യണം എന്ന് പലര്‍ക്കും അറിയില്ല. ഇത്തരക്കാര്‍ക്ക് അത് നേടിയെടുക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാറുണ്ട്.

സിസ്റ്റര്‍ ജോയ്‌സി ഓരോ സംഭവങ്ങള്‍ പറയുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് ഇതാണ്. ഈ ലോകത്ത് നന്മയുള്ള ഒരുപാട് പേരുണ്ട്.. മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധതയും സന്മനസും ഉള്ളവര്‍. വെളിച്ചം അണഞ്ഞിട്ടില്ലാത്ത ലോകമാണിതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയും നമ്മുടെ ഉള്ളിലെ നന്മകളെ ഊതിയുണര്‍ത്തുകയും ചെയ്യുന്ന സംഭവങ്ങള്‍. ‘

സാമൂഹ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരമ്പരാഗതമായ കാഴ്ചപ്പാടുകള്‍ ഇന്ന് മാറിപ്പോയി. സഹായം ചോദിച്ചുവരുന്നവര്‍ക്ക് പത്തോ നൂറോ കൊടുക്കുന്നതായിരുന്നു പണ്ടത്തെ രീതി. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല, സഹായം ചോദിച്ചുവരാത്ത രീതിയില്‍ സ്ഥായിയായ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ വരുത്തുക എന്നതാണ് ഇന്നത്തെരീതി. ദരിദ്രര്‍ക്ക് ആടായും കോഴിയായും സഹായം എത്തിക്കുന്നത് അതിന്റെ ഭാഗമായാണ്. പക്ഷേ ചിലര്‍ക്ക് ആദ്യം അങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ പിന്നിലെ അര്‍തഥം മനസിലായിട്ടുണ്ടായിരുന്നില്ല. പിന്നീട് അര്‍ത്ഥം മനസ്സിലായിവന്നപ്പോള്‍ അവരൊക്കെ ഓടിവന്ന് നന്ദി പറഞ്ഞിട്ടുണ്ട്..’ സിസ്റ്റര്‍ പറയുന്നു.

മനുഷ്യര്‍ക്ക് നന്മ ചെയ്യാന്‍ അവസരമൊരുക്കുകയാണ് തന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്ന് സിസ്റ്റര്‍ ജോയ്‌സി പറയുന്നു. ഇല്ലാത്തവര്‍ക്ക് വേണ്ടി ഉള്ളവന്റെ മുമ്പില്‍ കൈനീട്ടാന്‍ തനിക്ക് മാനക്കേടൊന്നും തോന്നിയിട്ടില്ല .ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടയില്‍ നില്ക്കുന്ന വ്യക്തിയായാണ് സിസ്റ്റര്‍ തന്നെ വിലയിരുത്തുന്നത്.

സഭാവസ്ത്രത്തിന്റെ വില പലപ്പോഴും തിരിച്ചറിയാന്‍ ഇത്തരം അനുഭവങ്ങള്‍ തന്നെ സഹായിച്ചിട്ടുമുണ്ടെന്ന് സിസ്റ്റര്‍. ഞാന്‍ കൈ നീട്ടുമ്പോള്‍ അത് എനിക്ക് കഞ്ഞികുടിക്കാന്‍ വേണ്ടിയല്ല എന്ന് അവര്‍ക്കറിയാം. അത് ഞാന്‍ ധരിച്ചിരിക്കുന്ന ഈ സഭാവസ്ത്രത്തിന്റെ യോഗ്യതകൊണ്ടാണ്. സിസ്റ്റര്‍ പറയുന്നു.

കിഴക്കയില്‍ ജോയിയുടെയും ത്രേസ്യാമ്മയുടെയും മൂന്ന് മക്കളില്‍ ആദ്യ സന്താനമാണ് സിസ്റ്റര്‍ ജോയ്‌സി.സഹോദരങ്ങള്‍: ഫാ. സുനില്‍ ജോസ് സിഎംഐ, സാബു.

കന്യാസ്ത്രീമാരെ അകലെ നിന്ന് വിധിയെഴുതാന്‍ പലര്‍ക്കും ഉത്സാഹമാണ്. അല്ലെങ്കില്‍ അവരില്‍ ചിലരുടെ ഒന്നോ രണ്ടോ കുറവുകളോ വീഴ്ചകളോ കണ്ട് കല്ലെറിയാനും. പക്ഷേ സിസ്റ്റര്‍ ജോയ്‌സിയെപോലെ എത്രയോ കന്യാസ്ത്രീകള്‍ നിസ്വാര്‍ത്ഥരായി സേവനം ചെയ്യുന്നു..അന്യര്‍ക്കുവേണ്ടി ജീവിക്കുന്നു.. ഈ ജീവിതങ്ങളെ അടുത്തറിയുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ നാം അറിയാതെ കൈകൂപ്പിപോകുന്നു.. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും വഴി നമ്മുടെ സമൂഹത്തെ പ്രകാശിപ്പിക്കുന്നവര്‍..ഒരപേക്ഷയുണ്ട്.. വന്ദിച്ചില്ലെങ്കിലും ഇവരെ നിന്ദിക്കരുതേ.

സിസ്റ്റര്‍ ജോയ്‌സിയുടെ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ പങ്കുചേരാവുന്നതാണ്.

സിസ്റ്ററുടെ ഫോണ്‍:9846759029

 

വിനായക്

You must be logged in to post a comment Login