മുന്നിലൊരു നക്ഷത്രമുണ്ടോ?

കുഞ്ഞ് കരയുമ്പോള്‍ ഒരമ്മ ചിരിക്കുന്ന ഒരേയൊരു നിമിഷം ആ കുഞ്ഞിന്റെ ജനനനിമിഷമാണ് എന്ന ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത് അന്തരിച്ച മുന്‍രാഷ്ട്രപതി അബ്ദുള്‍കലാമാണ്. ഒന്നു ചിരിക്കാന്‍ നമുക്ക് എപ്പോഴൊക്കെയോ കരയേണ്ടിവരുന്നു. കരച്ചിലില്ലാതെയുള്ള ചിരികള്‍ ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുന്നതില്‍ നിന്ന് പലപ്പോഴും നമ്മെ പിന്തിരിപ്പിക്കും. കാരണം ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും പിന്നിലും കണ്ണീരുണ്ട്. കണ്ണീരിന്റെ കടല്‍ കടന്നാണ് സന്തോഷത്തിന്റെ തീരമണയുന്നത്. ജീവിതത്തിലെ ഈ പൊതു നിയമം ക്രിസ്മസിനും ബാധകമാണ്.

ഉണ്ണീശോ പിറന്നുവീണപ്പോള്‍ യൗസേപ്പും മറിയവും സന്തോഷിച്ചു. ഉണ്ണിയെ കൈയിലെടുത്തപ്പോള്‍ അവരരനുഭവിച്ച സന്തോഷം ആര്‍ക്കാണ് വിവരിക്കാന്‍ കഴിയുക? ആദ്യമായി കുഞ്ഞിനെ കെയിലെടുത്തപ്പോള്‍ ഒരച്ഛനും അമ്മയും അനുഭവിച്ച വികാരങ്ങളെ അത്രയധികം എളുപ്പത്തില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല, അതിലൂടെ കടന്നുപോയിട്ടുള്ള ഒരാള്‍ക്കല്ലാതെ.

ആ സന്തോഷത്തിലേക്ക് അവര്‍ നടന്നടുത്തത് എത്രയോ ദു:ഖങ്ങളുടെ മരുഭൂമികള്‍ പിന്നിട്ടായിരുന്നു. അലച്ചിലുകള്‍..തിരസ്‌ക്കരണങ്ങള്‍..അവഹേളനങ്ങള്‍.. ശാരീരികബുദ്ധിമുട്ടുകള്‍.. പക്ഷേ അവര്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു. തങ്ങളുടെ നിയോഗങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുമുണ്ടായിരുന്നു. ദൈവത്തിന്റെ സ്വപ്‌നങ്ങളെ സാക്ഷാത്ക്കരിക്കാന്‍ ദൈവത്തോട് ചേര്‍ന്നുനില്ക്കണമെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു. ആ ലക്ഷ്യമാണ് ഏതും സഹിക്കാന്‍ അവരെ പ്രാപ്തരാക്കിയത്..കുറ്റപ്പെടുത്താനോ പാതിവഴിയില്‍ അവസാനിപ്പിക്കാനോ കഴിയാതെ മുന്നോട്ടുപോകാന്‍ കരുത്ത് നല്കിയത്.

മറിയത്തെയും ജോസഫിനെയും പോലെ തന്നെയായിരുന്നു ആ രാജാക്കന്മാരും. ദീര്‍ഘദൂര കഷ്ടപ്പാടുകള്‍ പലതും പിന്നിട്ടാണ് അവര്‍ ആ പുല്‍ക്കൂടിന് മുന്നിലെത്തിയത്. പക്ഷേ ആ വാല്‍നക്ഷത്രം അവര്‍ക്ക് പ്രതീക്ഷയായി.. അതിന്റെ പിന്നാലെ അവര്‍ നടന്നു..അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു അത് തങ്ങളെ ലക്ഷ്യത്തിലെത്തിക്കുമെന്ന്..ഒരുപക്ഷേ ആ നക്ഷത്രമില്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയുമായിരുന്നില്ല.

ജോസഫിനും മറിയത്തിനും മുന്നില്‍പോലും ഒരു നക്ഷത്രമുണ്ടായിരുന്നു.. ദൈവപുത്രന്‍ എന്ന നക്ഷത്രം.. ആ നക്ഷത്രത്തെ നോക്കിയാണ് അവര്‍ യാത്ര ചെയ്തത്.

ഓരോ നക്ഷത്രങ്ങളെ കണ്ടുവേണം നാമും യാത്ര ചെയ്യാന്‍.. ഇല്ലെങ്കില്‍ നാം ലക്ഷ്യത്തിലെത്തില്ല. പാതിവഴിയില്‍ അവസാനിപ്പിക്കുവാന്‍ വളരെ എളുപ്പമാണ്.എന്നാല്‍ പൂര്‍ണ്ണതയില്‍ അവസാനിപ്പിക്കുക എന്നതാണ് വെല്ലുവിളി. നമുക്ക് മുന്നിലും വെല്ലുവിളികളുണ്ട്..പിന്തിരിഞ്ഞോടാന്‍ തക്ക സാഹചര്യങ്ങളുമുണ്ട്.. കൈ പിടിക്കുമെന്ന് കരുതിയവര്‍ പോലും കൈവിട്ട അവസ്ഥ.. തെറ്റുചെയ്യാതെയും തെറ്റിദ്ധരിക്കപ്പെട്ടത്.. പ്രതിബന്ധങ്ങള്‍…വൈതരണികള്‍..

പക്ഷേ പിന്തിരിയരുത്..കാരണം ഒരു നക്ഷത്രം നമുക്ക് മുന്നേ ചലിക്കുന്നുണ്ട്.പ്രതീക്ഷയെന്നോ പ്രത്യാശയെന്നോ ആണ് അതിന്റെ പേര്..അതുള്ളപ്പോള്‍ നമുക്ക് നിരാശരാകാന്‍ കഴിയില്ല.ലക്ഷ്യത്തിലെത്തുന്ന നക്ഷത്രത്തിന്റെ പേരാണ് പ്രതീക്ഷ.

പൂജ്യരാജാക്കന്മാരെ പുല്‍ക്കൂട്ടില്‍ എത്തിച്ച നക്ഷത്രത്തെ, എല്ലാ ബുദ്ധിമുട്ടുകളിലും ദൈവത്തോട് ചേര്‍ന്നുനില്ക്കാന്‍ മനസ്സ് കാണിച്ച ജോസഫിനെ, മറിയത്തെ..എല്ലാം നമുക്ക് ധ്യാനിക്കാം..

മുന്നിലൊരു നക്ഷത്രമുണ്ടോ? എങ്കില്‍ യാത്രകള്‍ വിഫലമാകില്ല..ഉറപ്പ്..

 

വി. എന്‍

One Response to "മുന്നിലൊരു നക്ഷത്രമുണ്ടോ?"

  1. Staff Reporter   December 25, 2015 at 4:57 pm

    Good one !

You must be logged in to post a comment Login