മുപ്പതുവര്‍ഷത്തെ ജയില്‍ ജീവിതത്തിനൊടുവില്‍… ചൈനയില്‍ നിന്ന് ഒരു വിശ്വാസസാക്ഷ്യം

മുപ്പതുവര്‍ഷത്തെ ജയില്‍ ജീവിതത്തിനൊടുവില്‍… ചൈനയില്‍ നിന്ന് ഒരു വിശ്വാസസാക്ഷ്യം

കല്ലുകള്‍ പിളരുന്ന നെടുവീര്‍പ്പുകളുടെയും ആഴത്തിന് മീതെ ഇരുള്‍ മാത്രം നിറഞ്ഞ വാസരങ്ങളുടെയും മുപ്പതുവര്‍ഷങ്ങളാണ് ചൈനീസ് ഭരണകൂടത്തിന്റെ ക്രൈസ്തവപീഡനങ്ങള്‍ക്ക് വിധേയപ്പെട്ട് ഇഗ്നേഷ്യസ് മെത്രാന്‍ തള്ളിനീക്കിയത്.
ഇക്കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും അദ്ദേഹം കത്തോലിക്കാവിശ്വാസസംബന്ധമായ ഒരു വരിയും വായിച്ചിട്ടില്ല.. ബൈബിളില്ല, കൊന്തയില്ല, കുരിശില്ല.. വിശുദ്ധ ബലിയര്‍പ്പണങ്ങളോ കൂദാശാസ്വീകരണമോ ഇല്ല.. കത്തുകളോ സന്ദര്‍ശകരോ ഇല്ല. എന്നിട്ടും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ അദ്ദേഹം കത്തോലിക്കനായി തന്നെ ജയിലില്‍ ജീവിച്ചു. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ആ വിശ്വാസജീവിതം.

ചൈന ചുവപ്പിലേക്ക് തിരിഞ്ഞ വര്‍ഷമായിരുന്നു 1949. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നായിരുന്നു ചൈനീസ് ഭരണാധികാരികളുടെ വിശ്വാസം. അതുകൊണ്ട് മതത്തെ അടിച്ചമര്‍ത്തി മനുഷ്യനെ കൈകാര്യം ചെയ്യാമെന്ന് അവര്‍ വിശ്വസിച്ചു. സംഘടിതവും തുടര്‍ച്ചയായതുമായ നീക്കങ്ങളാണ് കത്തോലിക്കാമതവിശ്വാസത്തിന് നേരെ ചൈനീസ് ഭരണകൂടം നടത്തിയത്. അമിതമായ നികുതിഭാരം ചുമത്തലായിരുന്നു ആദ്യനീക്കം. പിന്നീട് കത്തോലിക്കാവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ മതപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനും മറ്റും വിലക്ക് വന്നു. അല്മായര്‍ കൂടി അംഗങ്ങളാകുന്ന ലീജിയന്‍ ഓഫ് മേരി പോലെയുള്ള ഭക്തസംഘടനകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്തു. ഈ ഒരു സാഹചര്യത്തിലായിരുന്നു ഫാ. ഇഗ്നേഷ്യസിന്റെ മെത്രാഭിഷേകം.

തലമുറകളോളമായി കത്തോലിക്കാവിശ്വാസികളായിരുന്ന ഒരു കുടുംബത്തില്‍ 1901 ഓഗസ്റ്റ് രണ്ടിനായിരുന്നു ഇഗ്നേഷ്യസിന്റെ ജനനം. പത്തൊന്‍പതാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു. ഇരുപത്തിയൊമ്പതാം വയസില്‍ അഭിഷിക്തനായി. 1949 ല്‍ സൂചൗവിലെ മെത്രാനായി .

വര്‍ഷം 1950 ഷാങ്ഹായ് രൂപതയെ സംബന്ധിച്ച് ആ വര്‍ഷം നിര്‍ണ്ണായകമായിരുന്നു. തദ്ദേശീയ  മെത്രാനായി പരിശുദ്ധ സിംഹാസനം ബിഷപ് ഇഗ്നേഷ്യസിനെ നിയമിച്ചത് ആ വര്‍ഷമായിരുന്നു.
ചൈനയിലെ മെത്രാന്മാരെ സംബന്ധിച്ച് ഈ കാലഘട്ടം ഏറെ പ്രയാസങ്ങളുടേതായിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി അവര്‍ക്കൊരിക്കലും യോജിച്ചുപോകാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട്തന്നെ സ്ഥാനാരോഹണത്തിന് മുമ്പ് മുപ്പത് ദിവസത്തെ ധ്യാനത്തില്‍ സംബന്ധിച്ച് സഭയെ നയിച്ചുകൊണ്ടുപോകാനായി ദൈവത്തോട് പ്രാര്‍ത്ഥിച്ച് ശക്തി സംഭരിച്ചതിന് ശേഷമായിരുന്നു ഇഗ്നേഷ്യസ് ഷാങ്ഹായി രൂപതയുടെ സാരഥ്യം ഏറ്റെടുത്തത്.

രക്തം ചിന്താത്തതും വിയര്‍പ്പ് വീഴിക്കാത്തതുമായ സുരക്ഷിതമായ ഒരു മെത്രാന്‍ഭരണം നടത്തുന്നതിന് ബിഷപ് ഇഗ്നേഷ്യസിന് ചൈനീസ് ഭരണകൂടത്തില്‍ നിന്ന് അനേകം പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അത്തരം പ്രലോഭനങ്ങളില്‍ വീണ് സഭയെയും ക്രിസ്തുവിനെയും ഒറ്റുകൊടുക്കാന്‍ വിശ്വാസത്തിന്റെ പ്രവാചകനായ ബിഷപ് ഇഗ്നേഷ്യസ് തയ്യാറായിരുന്നില്ല. മതപരമായ സ്വാതന്ത്ര്യം എല്ലാ രാജ്യങ്ങളിലും അനുവദിക്കണമെന്ന് അദ്ദേഹം രാഷ്ട്രത്തലവന്മാരോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കത്തോലിക്കാവിശ്വാസത്തിന്റെ വ്യാപനത്തിനായി ആയിരക്കണക്കിന് കാറ്റക്കെസ്റ്റുകള്‍ക്ക് പരിശീലനം നല്കി ചൈനയിലെ വിവിധ ഭാഗങ്ങളിലേക്ക് അദ്ദേഹം അയച്ചിരുന്നു.

ചൈനീസ് ഭരണകൂടം രൂപം നല്കിയതും പോപ്പിനെ അംഗീകരിക്കാത്തതുമായ ചൈനീസ് കാത്തലിക് പേട്രിയോട്രിക് അസോസിയേഷന്‍ ബിഷപ് ഇഗ്നേഷ്യസിന് നിരന്തരം ശല്യമായിക്കൊണ്ടിരുന്നു. ബിഷപിന്റെ പ്രവര്‍ത്തനങ്ങളെ സദാസമയം ഇതിലെ അംഗങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു..അഞ്ചു വര്‍ഷം മാത്രമേ ഷാങ്ഹായിയുടെ ഇടയനായി വിശ്വാസികളെ സേവിക്കുവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചുള്ളൂ.

എന്നാല്‍ ഈ പരിമിതമായ കാലയളവില്‍ വിശ്വാസത്തിന് വേണ്ടി മരിക്കുവാന്‍ വരെ സന്നദ്ധരായ ഒരു പറ്റം വിശ്വാസികളെ അദ്ദേഹം രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു. രാജ്യത്തെ മൂന്ന് മില്യന്‍ റോമന്‍ കത്തോലിക്കാവിശ്വാസികളാണ് ബിഷപ് ഇഗ്നേഷ്യസിന്റെ ത്യാഗപൂര്‍ണ്ണവും വിശ്വാസപരവുമായ ജീവിതത്തില്‍ ആകൃഷ്ടരായി സ്വജീവിതം ക്രിസ്തുവിന് സമര്‍പ്പിക്കാന്‍ സന്നദ്ധരായി മാറിയത്.

അദ്ദേഹം യുവമനസ്സുകളില്‍ വരുത്തിയ സ്വാധീനത്തിന്റെ ഏറ്റവും പ്രകടമായ തെളിവായിരുന്നു 1953 ല്‍ രൂപതയില്‍ നടന്ന ന്യൂ ഇയര്‍ യൂത്ത് റാലി. അന്ന് ഒരേ മനസ്സോടെ അവര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു.” ബിഷപ് കുങ്, ഇരുട്ടില്‍ അങ്ങ് ഞങ്ങള്‍ക്ക് പാത തെളിച്ചുതന്നു.. വിശ്വാസഘാതിയായ യാത്രയില്‍ അങ്ങ് ഞങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. അങ്ങ് ഞങ്ങളുടെ വിശ്വാസം കാക്കുകയും സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഷാങ്ഹായിലെ സഭയടെ അടിസ്ഥാനശില അങ്ങാകുന്നു..”

ചൈനീസ് ഭരണകൂടത്തിന് ബിഷപ് ഇഗ്നേഷ്യസ് ഒരു എതിരാളിയായി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു.. അക്കാര്യം മനസ്സിലായപ്പോള്‍ അദ്ദേഹത്തെ എങ്ങനെയും നിശ്ശബ്ദനാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറുകയായിരുന്നു.
മതപീഡനങ്ങളുടെ മധ്യത്തിലായിരുന്നു 1952 ഷാങ്ഹായിയില്‍ മരിയന്‍ വര്‍ഷംബിഷപ് ഇഗ്നേഷ്യസ് പ്രഖ്യാപിച്ചത്.

ഔര്‍ ലേഡി ഓഫ് ഫാത്തിമായുടെ മുമ്പിലായി ഇരുപത്തിനാലു മണിക്കൂര്‍ നീണ്ടുനില്ക്കുന്ന അഖണ്ഡജപമാലയ്ക്കും അദ്ദേഹം ആഹ്വാനം ചെയ്തു. ഷാങ്ഹായിയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള വിശ്വാസികള്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. ബിഷപ് ഇഗ്നേഷ്യസ് തന്നെയാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തത്. നൂറുകണക്കിന് സായുധപോലീസ് ആ പ്രാര്‍ത്ഥനക്ക് കാവല്‍ നിന്നിരുന്നു. ജപലമാല പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ബിഷപ് ഇഗ്നേഷ്യസ് ഉറക്കെ ഇങ്ങനെ പ്രാര്‍ത്ഥിച്ചു

.” പരിശുദ്ധ അമ്മേ, ഞങ്ങളൊരിക്കലും ഒരത്ഭുതം പ്രവര്‍ത്തിക്കാനായി അമ്മയോട് പ്രാര്‍ത്ഥിക്കുന്നില്ല.. മതപീഡനങ്ങള്‍ അവസാനിച്ചുകിട്ടുവാനും ഞങ്ങള്‍ അമ്മയോട് പ്രാര്‍ത്ഥിക്കുന്നില്ല. എന്നാല്‍ ഒന്നുമാത്രം ഞങ്ങള്‍ യാചിക്കുന്നു, ഞങ്ങള്‍ വളരെ ദുര്‍ബലരാണ്.. ഞങ്ങള്‍ക്ക് ബലം നല്കാനായി കൂടെയുണ്ടാവണമേ..”

വര്‍ഷം 1953
ഷാങ്ഹായിയിലെ യുവജനങ്ങള്‍ക്കായി തിരുഹൃദയ ആരാധനയും ബിഷപ് ഇഗ്നേഷ്യസ് സംഘടിപ്പിച്ചു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ജസ്യൂട്ട് ഭവനം വളയുകയും വൈദികരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കത്തോലിക്കരായ മൂവായിരത്തോളം യുവജനങ്ങള്‍ കത്തീഡ്രലിന് ചുറ്റും കൂടി. ആയിരത്തോളം യുവതികള്‍ കത്തീഡ്രല്‍ കോമ്പൗണ്ടിലിരുന്ന് കൊന്ത ചൊല്ലിത്തുടങ്ങി. ആയിരക്കണക്കിന് പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഇവയെല്ലാം. അവര്‍ ഉച്ചസ്വരത്തില്‍ ഏകമനസ്സോടെ വിളിച്ചു പറഞ്ഞു.

” സഭ വിജയിക്കട്ടെ.. പരിശുദ്ധ പിതാവ് നീണാള്‍ വാഴട്ടെ.. ബിഷപ് ഇഗ്നേഷ്യസ് നീണാള്‍ വാഴട്ടെ..”

തടിയില്‍ തീര്‍ത്ത കുരിശുമായി അവര്‍ ബിഷപ്പിന് പിന്നില്‍ അണിനിരന്നു. തങ്ങളുടെ പിതാവിനൊപ്പം കാല്‍വരി കയറാനും തങ്ങള്‍ സന്നദ്ധരാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു ചൈനയിലെ കത്തോലിക്കാ യുവജനങ്ങള്‍.

വര്‍ഷം 1955 സെപ്റ്റംബര്‍ 8
കത്തോലിക്കാ ലോകം മുഴുവന്‍ ഞെട്ടലോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. ബിഷപ് ഇഗ്നേഷ്യസ് കുങും ഇരുനൂറോളം വൈദികരും സഭാനേതാക്കന്മാരും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പിന്നെ പുറം ലോകത്ത് വാര്‍ത്തകളൊന്നും എത്തിയില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഷാങ്ഹായിലെ ഒരു പൊതുമൈതാനത്ത് കമ്മ്യൂണിസ്റ്റ് പോലീസുകാര്‍ ഇഗ്നേഷ്യസ് മെത്രാനെ എത്തിച്ചു. പരസ്യമായി പാപം ഏറ്റുപറഞ്ഞ് കുറ്റവിമുക്തനാക്കുന്നതിനായിരുന്നു അവര്‍ ഇഗ്നേഷ്യസ് മെത്രാനെ അവിടെയെത്തിച്ചത്. എന്തായിരുന്നു അദ്ദേഹം ചെയ്ത കുറ്റം?

ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനോട് വിശ്വസ്തത പുലര്‍ത്തിയില്ല. പകരം റോമന്‍ കത്തോലിക്കാ സഭയോട് കൂറു പുലര്‍ത്തുന്നു. മാര്‍പാപ്പയ്ക്ക് കത്തോലിക്കാസഭയുടെ മേലുള്ള പരമാധികാരത്തെ നിഷേധിക്കുന്നതായിരുന്നു ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്റെ ഒരു മുഖ്യസ്വഭാവം. മതപരമായ നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായി 1950 ല്‍ ചൈനീസ് ഭരണകൂടം തന്നെയാണ് ഇതിന് രൂപം കൊടുത്തത്.

ബിഷപ് ഇഗ്നേഷ്യസ് കത്തോലിക്കാസഭയെ തള്ളിപ്പറയുമോ? ആകുലരായ ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികള്‍ മൈതാനത്ത് ഒന്നിച്ചുചേര്‍ന്നു. ബിഷപിനെ ആയുധധാരികളായ പോലീസിന്റെ അകമ്പടിയോടെ ജനക്കൂട്ടത്തിന് മുമ്പിലേക്ക് നീക്കിനിര്‍ത്തി. അദ്ദേഹത്തിന്റെ കൈകള്‍ പിന്നിലേക്ക് ബന്ധിച്ചിരുന്നു. അഞ്ചടി ഉയരക്കാരനായ അദ്ദേഹം ചൈനീസ് പൈജാമയായിരുന്നു അണിഞ്ഞിരുന്നത്. പോലീസുകാര്‍ അദ്ദേഹത്തെ പുറകില്‍ തള്ളി മൈക്കിന് മുമ്പിലേക്ക് നിര്‍ത്തി. മെത്രാന്‍ എന്തായിരിക്കും പറയാന്‍ പോകുന്നത്? ജീവനില്‍ കൊതിയില്ലാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ..

ഓരോരുത്തരും അടുത്തുനില്ക്കുന്നവരുടെ നെഞ്ചിടിപ്പ് അറിഞ്ഞു. അപ്പോള്‍, ആനിമിഷം ഫോണിന് മുമ്പില്‍ നിന്ന് ഇഗ്നേഷ്യസ് മെത്രാന്റെ സ്വരം അവര്‍ കേട്ടു” ക്രിസ്തുരാജന്‍ വിജയിക്കട്ടെ.. പരിശുദ്ധ പിതാവ് വാഴട്ടെ..” അത്രയും പറയാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. മെത്രാന്റെ വായില്‍ നിന്ന് ഉയര്‍ന്ന ആ വിജയാരവം പോലിസുകാരെ വിറളിപ്പിടിപ്പിച്ചു. അവര്‍ പാഞ്ഞുവന്ന് മെത്രാനെ തള്ളിനീക്കി. പിന്നെ വലിച്ചിഴച്ചു.. ജനക്കൂട്ടം ആ നിമിഷം പ്രതികരിച്ചു.” ക്രിസ്തുരാജന്‍ വിജയിക്കട്ടെ.. ബിഷപ് കുങ് നീണാള്‍ വാഴട്ടെ..’

ഷാങ്ഹായിയിലെ കത്തോലിക്കര്‍ ബിഷപ് ഇഗ്നേഷ്യസിനെ അവസാനമായി കണ്ടത് ഒരു പക്ഷേ അന്നായിരിക്കണം. അഞ്ചുവര്‍ഷത്തേക്ക് വിചാരണ കൂടാതെയുള്ള തടവായിരുന്നു ആദ്യം അദ്ദേഹത്തിന് ലഭിച്ചത്. പിന്നെ 1985 ജൂലൈ മൂന്നിന് ജയില്‍മോചിതനാകുന്നതുവരെ ഇരുട്ട് മാത്രമുള്ള ചൈനീസ് തടവറയ്ക്കുള്ളില്‍ ഏകാന്തവാസമായിരുന്നു അദ്ദേഹത്തിന് വിധിക്കപ്പെട്ടിരുന്നത്.

മറ്റ് തടവുകാര്‍ക്ക് കിട്ടുന്ന മാനുഷികമായ പരിഗണനകളോ ആനുകൂല്യങ്ങളോ ബിഷപ് ഇഗ്നേഷ്യസിന് കിട്ടിയിരുന്നില്ല. ആരെയും കാണാതെ പുറം ലോകത്ത് നടക്കുന്ന യാതൊന്നും അറിയാതെ മുപ്പത് വര്‍ഷങ്ങള്‍.. പണ്ട് താന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ ഓര്‍മ്മകള്‍ ഇഗ്നേഷ്യസ് മെത്രാന്റെ കണ്ണ് നിറയിച്ചു.. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ആ കരങ്ങള്‍ എത്രയോവട്ടം ആഗ്രഹിച്ചു. ജയില്‍മോചിതനായതിന് ശേഷം നല്കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു” വൈദികരെ ജയിലിലടച്ചും സഭയെ സാമ്പത്തികമായി മരവിപ്പിച്ചും ആഗോള കത്തോലിക്കാസഭയില്‍ നിന്ന് ചൈനീസ് സഭയെ ഒറ്റപ്പെടുത്തിയും ചൈനീസ് സഭയെ മുട്ടുകുത്തിക്കാമെന്നായിരുന്നു ഗവണ്‍മെന്റിന്റെ വിചാരം.

എന്നാല്‍ എല്ലാ വൈദികരും തങ്ങളുടെ കുരിശുമെടുത്ത് കാല്‍വരി കയറാന്‍ തയ്യാറായിരുന്നു. വിശ്വാസത്തെ കേവലം ഭൗതികസുഖങ്ങള്‍ക്കുവേണ്ടി ഒറ്റുകൊടുക്കാന്‍ അവരാരും തയ്യാറായിരുന്നില്ല. കാരണം റോമന്‍ കത്തോലിക്കാസഭയുടെ അടയാളങ്ങളിലൊന്ന് കുരിശാണ്. മതപീഡനങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും വിവിധ കുരിശുരൂപങ്ങള്‍ രണ്ടായിരം വര്‍ഷം പിന്നിട്ട കത്തോലിക്കാസഭയുടെ ചരിത്രത്തിലുണ്ടായിട്ടുണ്ട്..”

അറസ്റ്റ് ചെയ്തതിന് ശേഷം വിചാരണയ്ക്ക് മുമ്പായി പ്രോസിക്യൂട്ടര്‍ ബിഷപിന്റെ മുമ്പില്‍ വീണ്ടും പ്രലോഭനങ്ങള്‍ നിരത്തി. പോപ്പിനോടുള്ള വിധേയത്വം റദ്ദ് ചെയ്യുക. പേട്രിയോട്ടിക് അസോസിയേഷനുമായി സഹകരിക്കുക. ബിഷപിന്റെ മറുപടി ഇങ്ങനെയായിരുന്നു. ” ഞാനൊരു റോമന്‍ കത്തോലിക്കാ മെത്രാനാണ്. പോപ്പിനോടുള്ള വിധേയത്വം അവസാനിപ്പിക്കുക എന്നാല്‍ ഞാനൊരു കത്തോലിക്കാ ബിഷപ്പല്ലാതായിത്തീരുന്നു എന്നാണര്‍ത്ഥം. റോമന്‍ കത്തോലിക്കനാകാനാണ് എനിക്ക് താല്പര്യം. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ ശിരസ് ഛേദിക്കാം. എന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാന്‍ നിങ്ങള്‍ക്കാകില്ല..”

ജയില്‍വാസകാലത്ത് ഇഗ്നേഷ്യസിന്റെ ജീവിതത്തില്‍ ശ്രദ്ധേയമായ ഒരു സംഭവം നടന്നു. മനില ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ സിന്നിന് നല്കിയ ഒരു സ്വീകരണത്തില്‍ സംബന്ധിക്കാന്‍ അവസരം കിട്ടിയതായിരുന്നു അത്. ജയില്‍വാസത്തിന് ശേഷം ആദ്യമായാണ് ആഗോളകത്തോലിക്കാസഭയുടെ ഒരു പ്രതിനിധിയെ കാണാന്‍ ബിഷപിന് അവസരം കിട്ടിയത്. കര്‍ദിനാള്‍ സിന്നിനും ഇത്തരമൊരു കൂടിക്കാഴ്ച സന്തോഷദായകം തന്നെയായിരുന്നു. എന്നാല്‍ അവര്‍ക്ക് പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല.

ഇരുപത് കമ്മ്യൂണിസ്റ്റുകാരുടെ മധ്യത്തിലായിരുന്നു അവരുടെ കണ്ടുമുട്ടല്‍. സംസാരിക്കുവാന്‍ കഴിയാത്തവിധം ഇരുവരും രണ്ട് വശങ്ങളിലും. ചൈനീസ് ഭരണകൂടത്തിന്റെ സമര്‍ത്ഥമായ നയത്തിന്റെ ഭാഗം തന്നെയായിരുന്നു അത്. അവര്‍ തമ്മില്‍ ആശയവിനിമയം നടക്കാന്‍ പാടില്ല. എന്നാല്‍ കര്‍ദിനാള്‍ സിന്നിന്റെ മനസ്സില്‍ ദൈവം ഒരാശയം നല്കി. അത്താഴസമയത്ത് സിന്‍ ഒരാശയം മുമ്പോട്ടുവച്ചു. എല്ലാ വ്യക്തികളും ഓരോ പാട്ട് പാടുക.. ആ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു.

ബിഷപ് ഇഗ്നേഷ്യസിന്റെ ഊഴമെത്തിയപ്പോള്‍ അദ്ദേഹം ഇങ്ങനെ പാടി. പത്രോസേ നീ പാറയാകുന്നു..ഈ പാറയിന്മേല്‍ ഞാനെന്റെ സഭ പണിയും..”
ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്‍ അംഗമായിരുന്ന ബിഷപ് അലോഷ്യസ് ജിന്‍ ആ നിമിഷം ബിഷപ് ഇഗ്നേഷ്യസിനോട് ദേഷ്യപ്പെട്ടു. നിങ്ങളിതെന്താണീ ചെയ്യുന്നത്..

നിങ്ങളുടെ പൊസിഷന്‍ എന്താണെന്ന് ഓര്‍മ്മയുണ്ടോ”
എന്റെ പൊസിഷന്‍ കാണിക്കേണ്ട ആവശ്യമില്ല.. എന്റെ പൊസിഷന്‍ ഒരിക്കലുംമാറുകയുമില്ല..” അതായിരുന്നു ബിഷപ് ഇഗ്നേഷ്യസിന്റെ മറുപടി.

കര്‍ദിനാള്‍ സിന്നിന്റെ മനസ്സില്‍ ബിഷപ് ഇഗ്നേഷ്യസിനോട് വല്ലാത്തൊരു ബഹുമാനവും സ്‌നേഹവും നിറഞ്ഞു. ചൈനീസ് ഭരണകൂടത്തിന്റെ കൊടുംക്രൂരതകള്‍ക്കോ വര്‍ഷങ്ങളോളമായുള്ള ഏകാന്തതടവിനോ ജീവിതം നല്കിയ കടുത്ത അനുഭവങ്ങള്‍ക്കോ ഒന്നിനും ബിഷപ് ഇഗ്നേഷ്യസിന്റെ വിശ്വാസദീപ്തിയെ കെടുത്തിക്കളയാന്‍ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ആ സന്തോഷവും ബഹുമാനവും. ബിഷപ് ഇഗ്നേഷ്യസ് ഇന്നും റോമന്‍ കത്തോലിക്കാസഭയോട് കൂറ് പുലര്‍ത്തുന്നു. ലോകത്തോട് മുഴുവന്‍ ആ സന്തോഷവാര്‍ത്ത വിളിച്ചുപറയണമെന്ന് കര്‍ദിനാള്‍ സിന്‍ ആഗ്രഹിച്ചു. അദ്ദേഹം ഉടന്‍ തന്നെ മാര്‍പാപ്പയ്ക്ക് ആ സന്ദേശം നല്കി.

ആളുകള്‍ക്ക് സങ്കല്പിക്കുവാന്‍ പോലും കഴിയാത്തവിധമുള്ള സഹനങ്ങള്‍ക്കോ ഏകാന്തതയ്‌ക്കോ വേദനകള്‍ക്കോ ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള സ്‌നേഹത്തില്‍ നിന്ന് ഈ മനുഷ്യനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.. ഇത് യഥാര്‍ത്ഥത്തില്‍ ഒരു ദൈവമനുഷ്യനാണ്..

മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം 1985 ല്‍ ബിഷപ് ഇഗ്നേഷ്യസ് ആകാശം കണ്ടു. അത് അപ്പോഴും നീല തന്നെയായിരുന്നു. പക്ഷേ ആകാശത്തിന്റെ ആ സ്വച്ഛത ബിഷപ് ഇഗ്നേഷ്യസിന് അനുഭവിക്കാന്‍ ഭരണകൂടം അനുവദിച്ചില്ല. ഗവണ്‍മെന്റ് അനുഭാവികളായ ബിഷപ്പുമാരുടെ നോട്ടപ്പുള്ളിയായി വീട്ടുതടങ്കലിലായി പിന്നീടുള്ള മൂന്നുവര്‍ഷങ്ങള്‍. രാജ്യത്തെ വിഭജിച്ച് ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നു എന്ന് ആരോപിച്ച് 97 കാരനായ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പോലും ചൈനീസ് ഭരണകൂടം കണ്ടുകെട്ടിയിരുന്നു. ഒടുവില്‍ അദ്ദേഹത്തിന് ചൈന വിടേണ്ടി വന്നു.

അമേരിക്കന്‍ ബിഷപ് വാള്‍ട്ടര്‍ കുര്‍ട്ടീസിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. 1997 ഡിസംബര്‍ വരെ ബിഷപ് ഇഗ്നേഷ്യസ് അവിടെബന്ധുവീട്ടിലാണ് ജീവിച്ചത്. 1997 ല്‍ ചൈനയുടെ ചെയര്‍മാന്‍ ജിയാങ് സിമിന്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ കര്‍ദിനാള്‍ കുങ് ചൈനയില്‍ മതസ്വാതന്ത്ര്യം നല്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഒരു നിവേദനം നല്കിയിരുന്നു. ചൈനയിലെ ജയിലില്‍കഴിയുന്ന കത്തോലിക്കരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനൊന്നും ക്രിയാത്മകമായ ഇടപെടലുണ്ടായില്ല.

അമേരിക്കന്‍ വാസത്തിനിടയിലായിരുന്നു ദിവംഗതനായ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനുമായുള്ള കണ്ടുമുട്ടല്‍.1991 മെയ് 29 ആയിരുന്നു ആ ദിനം അന്ന് അവിടെ വച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ ഒരു രഹസ്യം പുറത്തുവിട്ടു. അന്നുവരെ താന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന രഹസ്യം.ബിഷപ് ഇഗ്നേഷ്യസ് 1979 മുതല്‍ കര്‍ദിനാളായിരുന്നുവെന്ന സത്യം. ജൂണ്‍ 28 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രക്തസാക്ഷിത്വത്തിന്റെ ചുവന്ന തൊപ്പി ബിഷപ് ഇഗ്നേഷ്യസിനെ അണിയിച്ചു. ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ പരികല്പനയായിരുന്നു ആ ചുവന്ന തൊപ്പി.

വിശ്വാസത്തിന് വേണ്ടി ജീവനോടെ രക്തസാക്ഷിത്വം വരിച്ച ഒരുവന് ആ വിശ്വാസജീവിതത്തെ ആദരിച്ചു സഭനല്കുന്ന അംഗീകാരം. അതായിരുന്നു കര്‍ദിനാളിന്റെ ആ ചുവന്ന തൊപ്പി.വീല്‍ച്ചെയറിലായിരുന്നു അപ്പോള്‍ ബിഷപ് ഇഗ്നേഷ്യസ്. എഴുന്നേല്‍ക്കുവാന്‍ പോലും ത്രാണിയില്ലാത്ത അവസ്ഥയില്‍. കണ്ടുനിന്നിരുന്നവരുടെ കണ്ണുകള്‍ നിറഞ്ഞുപോയി അന്നേരം.
വിശ്വാസത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ നാട്ടില്‍ നിന്ന് ബഹിഷ്‌കൃതനായി പ്രവാസിയായി ജീവിച്ചുവരവെ അമേരിക്കയിലെ സ്റ്റാംഫോര്‍ഡില്‍ 2000 മാര്‍ച്ച് 12 ന് ആയിരുന്നു കര്‍ദിനാള്‍ ഇഗ്നേഷ്യസിന്റെ മരണം.

 

ബിജു

You must be logged in to post a comment Login