മുറിവേറ്റ മാന്‍പേടകളും മുയല്‍ക്കുട്ടികളും…

മുറിവേറ്റ മാന്‍പേടകളും മുയല്‍ക്കുട്ടികളും…

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ആ സിനിമ കണ്ടത്; ‘ജെറമിയ’.
ദൈവത്തെ അനുസരിക്കാന്‍ സകലവും നഷ്ടപ്പെടുത്തിയ പ്രവാചകന്റെ കഥയാണത്.

‘എനിക്ക് മടുത്തു, നീയെന്നെ ചതിച്ചു’ എന്നൊക്കെ പറഞ്ഞു ദൈവസന്നിധിയില്‍ നിന്ന് കുതറിയോടുന്നുണ്ട് ജെറമിയ. എന്നിട്ടും രക്ഷപെടാന്‍ ആകുന്നില്ല അയാള്‍ക്ക്. തന്റെയുള്ളില്‍ ദഹിപ്പിക്കുന്ന അഗ്‌നി അടച്ചിട്ടതുപോലെ തോന്നുന്നുവെന്നാണ് ജെറെമിയയുടെ വിലാപം. ആ അഗ്‌നിയെ അടക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോകുന്ന കുരുക്കിലാണ് അയാള്‍.

ദൈവത്താല്‍ പീഡിപ്പിക്കപ്പെടുന്നവന്‍! അവനുവേണ്ടി നിരന്തരം സംസാരിക്കേണ്ടവന്‍! ദൈവത്തിനുവേണ്ടി അവന്‍ വേണ്ടെന്നുവയ്ക്കുന്നത് നിസ്സാരതകളല്ല; അവന്റെ നെഞ്ചിലെ പൊള്ളുന്ന മറ്റൊരിഷ്ടമായിരുന്ന അവന്റെ സഖി, വീട്, ബന്ധങ്ങള്‍…

രാജാവും അനുചരന്മാരും ചേര്‍ന്ന് പൊട്ടക്കിണറ്റില്‍ താഴ്ത്തുന്നുണ്ട് അയാളെ. തങ്ങളുടെ സ്വൈര്യജീവിതത്തിനു ഭംഗംവരുത്തുന്ന ജനശത്രുവിനുള്ള കരുതിക്കൂട്ടിയുള്ള ശിക്ഷയാണിത്. ഏകാന്തതയാണ് ജെറെമിയായുടെ ആഹാരം! വിജനതയാണ് അവന്റെ സംഗീതം.

ഏകാന്തതയാണ് ഏറ്റവും വലിയ ശിക്ഷ. പ്രാചീനകാലം മുതലുള്ള ശിക്ഷാരീതികളില്‍ ഇടംപിടിച്ച ഒന്നാണ് ഏകാന്തത്തടവ്. ജീവിതകാലം മുഴുവന്‍ നീളുന്നതാകാം അത്. ചിലപ്പോള്‍ മാസങ്ങള്‍, അല്ലെങ്കില്‍ വര്‍ഷങ്ങള്‍. ശിക്ഷ കഴിഞ്ഞു പുറത്തുവരുന്ന ആള്‍ വല്ലാതെ മാറിയിട്ടുണ്ടാകും. പിന്നീടുള്ള ജീവിതം ഭ്രാന്തന്മാരായി അലഞ്ഞുതീര്‍ന്നവര്‍ പോലുമുണ്ട്.

ഏകാന്തതയില്‍ നശിച്ചുപോകുന്ന ചില ജീവിതങ്ങളെ യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടി. നിരന്തരം ദൈവത്തോട് കലഹിക്കുന്ന ഒരാളാണ് ആദ്യത്തേത്. അസാധാരണമായ ദൈവവിശ്വാസമുണ്ട് അയാള്‍ക്ക്. ദൈവം തന്നോടൊപ്പമുണ്ടെന്നും പറയാറുണ്ട് അയാള്‍. താന്‍ ചോദിക്കുന്നതൊന്നും തരാതെ തന്നെ പീഡിപ്പിക്കുകയാണ് ദൈവമെന്നാണ് പരാതി.

‘ഇനി നിന്റെ കൂട്ട് വേണ്ട. ഞാനിനി തോന്നുംപടി ജീവിച്ചുകൊള്ളാം’ എന്നൊക്കെ ദൈവത്തിനുമുന്നില്‍ നിരന്തരം ഭീഷണി മുഴക്കും. വല്ലാതെ മടുക്കുന്‌പോള്‍ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പുറപ്പെടും. ജീവിതരീതി കണ്ടാല്‍ ശരിക്കുമൊരു ‘ബൊഹീമിയന്‍ അനാര്‍ക്കിസ്റ്റ്’. ഏതു കൂട്ടത്തിലും ചെന്നുകയറും. ശ്രദ്ധിക്കപ്പെടാനായി ചില വിഡ്ഢിത്തങ്ങളൊക്കെ സ്വയം ചെയ്തുകളയും. അതിന്റെയൊക്കെ ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ നല്‍കും.

ദൈവത്തെ ഉപേക്ഷിക്കും എന്ന് ഭീഷണി മുഴക്കിയയാള്‍ ചിലപ്പോള്‍ ഏതെങ്കിലുമൊരു ദേവാലയത്തിലെ സക്രാരിയുടെ മുന്നില്‍ ഏറെനേരം ചെലവിടുന്നത് കാണാം. അല്ലെങ്കില്‍ കുന്പസാരക്കൂടിനു മുന്നില്‍ കരയുന്നതു കാണാം. ഉള്ളിലൊരു ദൈവമുണ്ട്, ആ ദൈവത്തോടുള്ള നിരന്തരകലഹമാണ് ആ ജീവിതം. ചെളിയില്‍ വീഴാതെ വരന്പത്തുകൂടിയുള്ള ബാലന്‍സ് പിടിച്ചുള്ള ഓട്ടമാണ് ആ ജീവിതം.

അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ എന്റെയുള്ളില്‍ ഒരു ചിത്രം തെളിഞ്ഞു. കാട്ടിനുള്ളിലെ ഒരു പര്‍ണശാല. അതില്‍ ഏകാകിയായ ഒരു മുനി. അയാള്‍ക്ക് മുന്നില്‍ ഒരു ചെറു ഭയപ്പാടോടെ ഒരു പേടമാന്‍. ശരീരത്തില്‍ അവിടവിടെ മുറിവുകളുണ്ട്. സന്യാസി അതിനു കുടിക്കാന്‍ കൊടുത്തു; എന്തോ ചിലതൊക്കെ കഴിക്കാനും നല്‍കി. അല്‍പ്പം കഴിഞ്ഞ് അത് കാടിനുള്ളിലേക്ക് ഓടിപ്പോയി. വീണ്ടും എങ്ങോട്ടെന്നില്ലാത്ത ഓട്ടങ്ങള്‍, കലഹങ്ങള്‍…പിന്നെയും അത് സന്യാസിയെത്തേടിയെത്തുന്നു. അയാള്‍ വീണ്ടും രക്ഷകനും പരിപാലകനുമാകുന്നു. വീണ്ടും കാട്ടിലേക്കുള്ള ഓട്ടവും മുറിവുകളും…

മടങ്ങിയെത്താനുള്ള മനസാണ് പ്രധാനം. തനിക്ക് മറയ്ക്കാന്‍ ഒന്നുമില്ലെന്ന തോന്നലാണ് ശരിക്കുള്ള ആത്മീയത. ഏത് സുനാമിയെയും അതിജീവിക്കുന്ന ചിലതുണ്ട്; ഉരുള്‍പൊട്ടലുകളെ അതിജീവിച്ചുനില്‍ക്കുന്ന ചില ചെറിയ മരങ്ങളെ കണ്ടിട്ടില്ലേ? അതുപോലെ പ്രലോഭനങ്ങളുടെ സുനാമിത്തിരകളെയും ദുരന്തത്തിന്റെ ഉരുള്‍വെള്ളപ്പാച്ചിലിനെയും അതിജീവിക്കുന്നതരം ആത്മീയതയാണ് ഉണ്ടാകേണ്ടത്.

മറ്റൊരു വ്യക്തിയെ പരിചയപ്പെട്ടു. ജീവിതത്തിന്റെ പാതിയോളം പിന്നിട്ടുകഴിഞ്ഞ ഒരാള്‍. യുവത്വം മെല്ലെ അസ്തമിച്ചുതീരുന്ന പ്രായം. ഒരുപാട് സങ്കടങ്ങളുടെ കൂട്ടിലാണ് അയാളും. ഏകാന്തതയും മുറിവുകളുമാണ് കൂട്ട്. തന്റെ കൂട്ടുകാരില്‍ ഒരാള്‍ മറ്റൊരാളോട് കൂടുതല്‍ ചങ്ങാത്തം കാട്ടിയാല്‍പോലും വേപഥുവാണ് അയാള്‍ക്ക്. ഉള്‍വലിഞ്ഞ പ്രകൃതം. ഒരു ചെറിയ തമാശപോലും അയാളെ വല്ലാതെ നൊന്പരപ്പെടുത്തുന്നുണ്ട്. ഉറക്കം വിട്ടകന്ന രാത്രികള്‍. ഒരുതരം വിര്‍ച്വല്‍ റിയാലിറ്റിയില്‍ മാത്രമുള്ള ജീവിതം. ആരെയും വിശ്വാസമില്ല; എല്ലാവരും ശത്രുക്കള്‍. ഇതൊക്കെയാണ് ആ ചങ്ങാതിയുടെ ചിന്തകള്‍.

മുറിവേറ്റ മാന്‍പേടകളും മുയല്‍ക്കുട്ടികളും ഒക്കെയാണ് വനത്തിലെ മൃഗങ്ങളില്‍ ഏറ്റവും അപകടകാരികള്‍ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അവരുടെ മുറിവുകള്‍ ഉണങ്ങുംവരെ അവരിങ്ങനെ അസ്വസ്ഥരായിക്കൊണ്ടിരിക്കും. മറ്റുപലരേയും അസ്വസ്ഥരാക്കും.

സൗമ്യമായ ഒരു തലോടല്‍ പോലും താങ്ങാന്‍ കരുത്തില്ലാത്ത മുറിവേറ്റ നിരവധി ജീവിതങ്ങളുണ്ട് നമ്മുടെ ചുറ്റും. സ്‌നേഹക്കൂടുകളില്‍ ഇവര്‍ക്കൊക്കെ സൗഖ്യപ്പെടാവുന്നതേയുള്ളു. കേള്‍ക്കാന്‍ സൗമനസ്യമുള്ള ഒരാളുടെ കൂട്ട്, താങ്ങാന്‍ ഒരു കരം, ആശ്വാസത്തിന്റെ ഇത്തിരിതണല്‍ ഇതൊക്കെ മതി ഇത്തരക്കാരെ രക്ഷിക്കാന്‍.

പ്രിയരേ, നമുക്ക് ചുറ്റും നോക്കുക. മുറിവേറ്റ നിരവധിപ്പേരെ കണ്ടെത്താന്‍ കഴിയും. അവര്‍ക്ക് നേരെ നീട്ടുമോ നമ്മുടെ സ്‌നേഹത്തിന്റെ കണ്ണുകള്‍.

ഈ പുതുവത്സരത്തില്‍ നമുക്കെടുക്കാവുന്ന പ്രതിജ്ഞ അതുതന്നെയാവട്ടെ.

ശാന്തിമോന്‍ ജേക്കബ്

You must be logged in to post a comment Login