മൂന്ന് സുന്ദരികളുടെ ജീവിതത്തിലെ ചില അത്ഭുതങ്ങള്‍

മൂന്ന് സുന്ദരികളുടെ ജീവിതത്തിലെ ചില അത്ഭുതങ്ങള്‍

എന്താണ് ഒരു വ്യക്തിയെ സന്തോഷവതിയാക്കുന്നത്? പണം? പ്രശസ്തി? കരിയറിലെ വിജയം? ജനപ്രീതി? ചിലരുടെ സന്തോഷത്തിന് കാരണം ഇതൊക്കെയായിരിക്കാം. ഇവയെല്ലാം ഉണ്ടെങ്കില്‍ സന്തോഷമായെന്നും അവര്‍ വിചാരിക്കുന്നുണ്ടാവും.

പക്ഷേ ചിലര്‍ക്ക് ഇതൊന്നും മതിയാവുകയില്ല. ഭൗതികമായി എല്ലാം ഉണ്ടായിരിക്കെ തന്നെ ഏതോ ഒരു ശൂന്യത അവരെ നിറയ്ക്കുന്നു. ആ ശൂന്യത ദൈവത്തിന് മാത്രമേ നികത്താന്‍ കഴിയൂ എന്നും അവര്‍ മനസ്സിലാക്കുന്നു.

ആ തിരിച്ചറിവില്‍ അവര്‍ അതുവരെയുള്ള ജീവിതത്തിന്റെ എല്ലാ ആഘോഷങ്ങളും വിട്ടൊഴിഞ്ഞ് ക്രിസ്തുവിലേക്ക് അടുക്കുന്നു. ഇപ്രകാരം ക്രിസ്തുവിനെ സ്വന്തമാക്കിയ ചില ജീവിതങ്ങളെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്.

1938 ല്‍ ജനിച്ച ഡോളേഴ്‌സ് ഹിക്ക് പതിനെട്ടാം വയസില്‍ ഹോളിവുഡ് താരമായി, ഡോളേഴ്‌സ് ഹാര്‍ട്ട് എന്ന പേരാണ് അവള്‍ അഭിനയത്തിന് വേണ്ടി സ്വീകരിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് ഒമ്പത് ചിത്രങ്ങളില്‍ അഭിനയിച്ച് ഏറെ ശ്രദ്ധേയ ആയ അവസരത്തില്‍ തന്നെയായിരുന്നു വിവാഹം നിശ്ചയിച്ചതും. അതായത് ഇരുപത്തിനാലാം വയസില്‍.

അപ്പോഴാണ് തന്റെ തീരുമാനം അവള്‍ ലോകത്തെ അറിയിച്ചത്. അഭിനയം അവസാനിപ്പിച്ച് താന്‍ കന്യാമഠത്തില്‍ ചേരാന്‍ പോവുന്നു. അങ്ങനെ ആരാധനകരെ ഞെട്ടിച്ചുകൊണ്ട് ഡോളേഴ്‌സ് ഹാര്‍ട്ട് മഠത്തില്‍ ചേര്‍ന്നു.

ഡോളേഴ്‌സിനെ മഠത്തിന് വെളിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ട് ഒരു സുഹൃത്ത് കത്തെഴുതിയപ്പോള്‍ ഡോളേഴ്‌സ് ഹാര്‍ട്ട് അതിന് മറുപടിയെഴുതിയത് ഇങ്ങനെയായിരുന്നു. ‘ ഞാന്‍ കേട്ട സ്വരം നീ കേട്ടിരുന്നുവെങ്കില്‍ നീയും ഇപ്പോള്‍ എന്റെ കൂടെ വരുമായിരുന്നു.’

ഒല്ലാല ഒലിവേറോസ് സ്‌പെയ്‌നിലെ അറിയപ്പെടുന്ന മോഡലും നടിയുമായിരുന്നു. മരിയപ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഫാത്തിമ സന്ദര്‍ശിച്ചതാണ് ഒല്ലാലയുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചത്. ഒരു ഭൂമികുലുക്കത്തിന്റെ അനുഭവത്തോടാണ് ആ സന്ദര്‍ശനത്തെ ഒല്ലാല വിശേഷിപ്പിച്ചത്. അവള്‍ ഉള്ളിന്റെയുള്ളില്‍ തന്നെ ഒരു കന്യാസ്ത്രീയായി ആ നേരത്ത് കണ്ടു. അബദ്ധം എന്ന് പറഞ്ഞ് അവള്‍ തന്നെ അതിനോട് കലഹിച്ചു.

പക്ഷേ എന്നിട്ടും ആ രൂപം മാഞ്ഞുപോയില്ല. കാരണം ക്രിസ്തു തന്നെ അവന്റെ മണവാട്ടിയാകാന്‍ ക്ഷണിക്കുന്നു എന്ന് അവള്‍ മനസ്സിലാക്കിയിരുന്നു. അങ്ങനെ ഗ്ലാമറിന്റെ ലോകം വിട്ടുപേക്ഷിച്ച് ഓര്‍ഡര്‍ ഓഫ് സെന്റ് മൈക്കിളില്‍ അവള്‍ അംഗമായി.

ദൈവത്തിന് ഒരിക്കലും തെറ്റ് പറ്റില്ല. ഞാന്‍ അവനെ അനുഗമിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. എനിക്കത് നിരസിക്കാന്‍ കഴിഞ്ഞില്ല.. ഒല്ലാല്ല തന്റെ പരിവര്‍ത്തനത്തെക്കുറിച്ച് പറയുന്നു.

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുജനത്തിന്റെ കണ്‍വെട്ടത്തുനിന്ന് മറയുമ്പോള്‍ അമാദ റോസാ പെരേസ് കൊളംബിയായിലെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നായിരുന്നു. മരിയന്‍ റിലിജീയിസ് കമ്മ്യൂണിറ്റിയുമായുള്ള അടുപ്പമാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചത്. അതിലേക്ക് വഴി തെളിച്ചതാവട്ടെ ഭാഗികമായി ശ്രവണശക്തി നഷ്ടമായതും.

കരിയറിന്റെ ഏറ്റവും ഉയരങ്ങളില്‍ നില്ക്കുമ്പോഴായിരുന്നു അത്. ക്രമേണ അമാദയെ നിരാശത പിടികൂടി..അവള്‍ അസംതൃപ്തയായി. അങ്ങനെ ഭൗതികമായ കാര്യങ്ങളില്‍ യാതൊന്നിനും സന്തോഷം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തുടര്‍ച്ചയായി അവള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പോയിതുടങ്ങി. കുമ്പസാരം നടത്തി.കൊന്ത ചൊല്ലി.കരുണക്കൊന്ത ചൊല്ലി.

ഇന്ന് ലോകം എന്നെ ആകര്‍ഷിക്കുന്നില്ല.. ദൈവം എനിക്ക് നല്കിയ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ ഇപ്പോള്‍ സമാധാനത്തിലാണ് ജീവിക്കുന്നത്.

അമാദ പറയുന്നു.

You must be logged in to post a comment Login