മൂന്ന് സ്വവര്‍ഗ്ഗാനുരാഗികളുടെ മാനസാന്തരത്തിന്റെ കഥ

ഡിസൈര്‍ ഓഫ് എവര്‍ലാസ്റ്റിങ്ങ് ഹില്‍സ്’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ചിത്രമുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളായിരുന്ന മൂന്നു വ്യക്തികള്‍ ഒടുവില്‍ അവയൊക്കെയും നിരര്‍ത്ഥകമാണെന്ന കണ്ടെത്തലില്‍ ക്രിസ്തുവില്‍ അഭയം പ്രാപിച്ച കഥ. ഈ കഥയും കഥാപാത്രങ്ങളും സാങ്കല്‍പികം മാത്രമല്ല. ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെട്ട പച്ചയായ കഥയാണ്. തിരശ്ശീലയിലെ കഥ മാറ്റി യഥാര്‍ത്ഥ കഥയിലേക്കു വരുമ്പോള്‍ ഡാന്‍, റിലെന്‍, പോള്‍ എന്നിങ്ങനെയാണ് ഈ കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകള്‍.

തന്റെ ജീവിതം അഭ്രപാളിയിലെത്തിക്കുന്നതില്‍ ഒട്ടും താത്പര്യമില്ലായിരുന്നു എന്ന് സംഗീതജ്ഞനായ ഡാന്‍ പറയുന്നു. സഹപ്രവര്‍ത്തകരും കൂട്ടുകാരും കുടുംബാംഗങ്ങളുമൊക്കെ എന്തു ചിന്തിക്കുമെന്ന ഭയമായിരുന്നു. ഒടുവില്‍ തന്റെ ജീവിതം മറ്റാരെയെങ്കിലും പ്രചോദിപ്പിക്കാന്‍ ഉതകുമെങ്കില്‍ അതൊരു നല്ല കാര്യമാണെന്ന തിരിച്ചറിവില്‍ സമ്മതിക്കുകയായിരുന്നു.

കത്തോലിക്കനായിട്ടാണ് ജനിച്ചതെങ്കിലും ഡാനിന്റെ മാതാപിതാക്കള്‍ പിന്നീട് പ്രൊട്ടസ്റ്റന്റ് മതം സ്വീകരിക്കുകയായിരുന്നു. ടീനേജ് പ്രായത്തില്‍ പുരുഷന്‍മാരോടാണ് തനിക്കാകര്‍ഷണം എന്ന് ഡാന്‍ മനസ്സിലാക്കി. എന്നാല്‍ അതു പുറത്തു പറയാന്‍ ഭയമായിരുന്നു. ഒരു വര്‍ഷത്തോളം സുഹൃത്തുമായി സ്വവര്‍ഗ്ഗബന്ധത്തിലേര്‍പ്പെട്ടു. അപ്പോളാണ് സഹപ്രവര്‍ത്തകയായ കെല്ലിയെ കണ്ടുമുട്ടുന്നത്. ഒരച്ഛനാകണമെന്ന ഡാനിന്റെ ഉള്ളിലുറങ്ങിക്കിടന്നിരുന്ന ആഗ്രഹം അവളുമായുള്ള പരിചയത്തിലൂടെ ബലപ്പെട്ടു. എന്നാല്‍ ആ ബന്ധം തകരുകയാണുണ്ടായത്. വീണ്ടും പഴയ അവസ്ഥയിലേക്കു തിരിച്ചു പോകാനുള്ള ആഗ്രഹം ബലപ്പെട്ടെങ്കിലും അവയെ ഡാന്‍ അതിജീവിച്ചു. അതോടെ ജീവിതത്തില്‍ സമാധാനവും സന്തോഷവും തിരികെയെത്തി. ഒരിക്കല്‍ ഉപേക്ഷിച്ച ക്രിസ്തുമതത്തിലേക്ക് ഡാന്‍ വീണ്ടും തിരിച്ചെത്തി.

തന്നെ സ്‌നേഹിക്കുന്ന ഒരു പുരുഷനെ വിവാഹം ചെയ്ത് കുടുംബവും കുട്ടികളുമൊക്കെയായി സന്തോഷത്തോടെ ജീവിക്കണമെന്നായിരുന്നു റിലെന്റെ ആഗ്രഹം. എന്നാല്‍ അവിചാരിതമായി മറ്റൊരു സ്ത്രീയുമായി അവള്‍ ഡേറ്റിങ്ങിലേര്‍പ്പെട്ടു. ക്രമേണ അവളൊരു ലെസ്ബിയനായി മാറി. പല സ്ത്രീകളുമായും റിലെന്‍ സ്വവര്‍ഗ്ഗബന്ധത്തിലേര്‍പ്പെട്ടു. എന്നാല്‍ ജീവിതത്തില്‍ എന്തെന്നില്ലാത്ത ശൂന്യതയും ഒറ്റപ്പെടലും അവളനുഭവിച്ചു. ഒടുവില്‍ യഥാര്‍ത്ഥ സമാധാനം കണ്ടെത്തിയത് ക്രിസ്തുവിലാണ്. അതോടെ അവള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

പോളിന്റെ കഥ മറ്റൊന്നാണ്. നിരവധി ആരാധകരുള്ള ഒരു ഇന്റര്‍നാഷണല്‍ മോഡലായിരുന്ന പോളിന് നിരവധി സ്വവര്‍ഗ്ഗ പ്രണയിതാക്കളുണ്ടായിരുന്നു. ഒരിക്കല്‍ ടെലിവിഷനില്‍ മദര്‍ ഏഞ്ചലിക്കയുടെ പ്രഭാഷണം കേള്‍ക്കാനിടയായതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ആദ്യം പരിഹാസഭാവത്തിലാണ് കണ്ടിരുന്നതെങ്കിലും ക്രമേണ പോള്‍ മദറിന്റെ പ്രസംഗങ്ങള്‍ സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങി. അതവനെ ക്രിസ്തുവിലേക്ക് അടുപ്പിച്ചു.

ഇന്ന് ഇവര്‍ മൂന്നു പേരും അടിയുറച്ച കത്തോലിക്കാ വിശ്വാസികളാണ്. പല സുഹൃത്തുക്കളെയും പരിചയക്കാരയെും നഷ്ടമായി. എങ്കിലും ആത്മാവിന്റെ സന്തോഷമാണ് ഏറ്റവും വലുതെന്ന് മൂവരും സാക്ഷ്യപ്പെടുത്തുന്നു.

You must be logged in to post a comment Login