മൃഗയ

മൃഗയ

eagle-hunt-wallpaperമനുഷ്യന്‍ തിരിച്ചു പോവുകയാണ്! പല്ലും നഖവുമുപയോഗിച്ച് പോരാടിയിരുന്ന കിരാതമായ ഭൂതകാലത്തിലേക്ക്. കാട്ടിലേക്ക്. ഇരയെ കൂട്ടം കൂടി വളഞ്ഞു കൊല്ലുന്ന വനനിയമങ്ങളിലേക്ക്…മൃഗോന്മാദങ്ങളിലേക്ക്…

മഹാരാഷ്ട്രയിലെ ഷിര്‍ദി. ഇന്ത്യയുടെ ഭരണഘടനാശില്പിയായ ഡോ. ബി. ആര്‍. അംബേദ്കറുടെ ഗാനം റിംഗ്‌ടോണാക്കിയതിന് ഒരു ദലിത് യുവാവിന് കിട്ടിയത് ശിക്ഷ ക്രൂരമായ നരഹത്യ. എട്ടു പേര്‍ അയാളെ വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടു പോയി ബൈക്ക് കയറ്റി കൊന്നു. ദലിതരുടെ ആവേശമുണര്‍ത്തിയ ഒരു ഗാനം റിംഗ്‌ടോണായി മൊബൈല്‍ ഫോണില്‍ കൊണ്ടു നടന്നതിന്!

ഇറാഖിലും സിറിയയിലും ഈജിപ്തിലും അസ്സീറിയയിലും ക്രിസ്ത്യാനികള്‍ വേട്ടമൃഗങ്ങളാകുന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ അയല്‍ക്കാരായ ഇസ്ലാം മതക്കാര്‍ തങ്ങള്‍ ഇന്നലെ വരെ അറിഞ്ഞിരുന്ന ക്രിസ്ത്യാനികളുടെ ശത്രുക്കളാകുന്നു. കൂട്ടം കൂടി അവരെ മൃഗീയമായി കൊല്ലുന്നു. മധ്യപൂര്‍വ ദേശത്തെ മണല്‍ത്തരികള്‍ ക്രൈസ്തവരുടെ പ്രാണനും കൊണ്ടുള്ള പലായനങ്ങളുടെ രക്തഗാഥകള്‍ കൊണ്ടു നനയുന്നു. ഐഎസിന്റെ രാക്ഷസീയമായ ഗര്‍ജനം സമാധാനത്തിന്റെ അരിപ്രാക്കളുടെ ചിറകരിയുന്നു…

യഹൂദര്‍ മുസ്ലിങ്ങളെയും മുസ്ലിങ്ങള്‍ യഹൂദരെയും വേട്ടയാടുത് പാലസ്തീനാ നാടുകളിലെ സ്ഥിരം കാഴ്ചകള്‍. മതം, ദൈവവിശ്വാസം തുടങ്ങിയ ഏതെങ്കിലും നെഞ്ചിനുള്ളില്‍ സൂക്ഷിക്കുവരെ ഉന്മൂലനാശം വരുത്താന്‍ ചൈന രഹസ്യപദ്ധതിയിടുന്നു. പ്രധാന സ്ഥാനങ്ങളില്‍ നിന്നും മതവിശ്വാസികളെ ഒഴിവാക്കി കൊണ്ടാണ് അതിന്റെ ആദ്യനടപടികള്‍.

ഫേസ്ബൂക്കില്‍ പരക്കുന്നത് മതത്തിന്റെ പേരിലുള്ള പോര്‍വിളികളാണ്. അവസാനത്തെ മുസ്ലീമിനെയും ഇല്ലായ്മ ചെയ്യും വരെ വിശ്രമമില്ലെന്ന് സ്റ്റാറ്റസില്‍ കുറിച്ചിടുന്ന സംഘപരിവാറുകാരന്‍. അത് പ്രിന്റ് സ്‌ക്രീനില്‍ പകര്‍ത്തി ചുട്ട മറുപടി കൊടുക്കുന്ന ഇസ്ലാം മതക്കാരന്‍. എല്ലാവരും തങ്ങള്‍ വിശ്വസിക്കാത്ത കാര്യങ്ങളില്‍ വിശ്വസിക്കുവരെ ഇങ്ങനെ ഇല്ലായ്മ ചെയ്തു തുടങ്ങിയാല്‍ ‘മനുഷ്യന്‍’ എന്തു ചെയ്യും?

മുമ്പൊരിക്കലുമില്ലാത്ത വിധമാണ് കിരാതമായൊരു സംഘവെറുപ്പ് ഇന്ന് മനുഷ്യനെ കീഴടക്കുന്നത്. (സംഘപരിവാറിന്റെ പര്യായമായി ഇതിനെ കാണരുത്). സംഘവെറുപ്പിന് ചിന്തയില്ല. യുക്തിബോധമില്ല. ഒരു സംഘവികാരം മാത്രമാണ്. വ്യക്തികളെ കാണാന്‍ കഴിയാതാകുന്നു, വ്യക്തികളുടെ വികാരങ്ങളെ, അവരോടു ബന്ധപ്പെട്ടിരിക്കുന്ന കുടുംബങ്ങളെ കാണാന്‍ കഴിയാതാകുന്നു എതാണ് സംഘവെറുപ്പിന്റെ കാട്ടാളത്തം. മധ്യപൂര്‍വദേശങ്ങളില്‍ തലേദിവസം വരെ പരസ്പരം കണ്ടാല്‍ പുഞ്ചിരിച്ചിരുവര്‍ പെട്ടെന്നൊരു പ്രഭാതത്തില്‍ ശത്രുക്കളാകുന്നത് ഈ സംഘവെറുപ്പു കൊണ്ടാണ്. യുക്തിചിന്തയെ ഇരുട്ടാക്കുന്ന ഒരു സംഘവികാരം നമ്മെ കീഴടക്കുന്നതു കൊണ്ടാണ്. സംഘത്തിനു പുറത്തുള്ളയാളെ സഹാനുഭൂതിയോടെ കാണാന്‍ കഴിവില്ലാത്ത വിധം നമ്മുടെ ഉള്‍ക്കണ്ണില്‍ ഇരുട്ടു കയറുന്നു. അംബേദ്കറിന്റെ ഗാനം റിംഗ്‌ടോണാക്കിയ ദലിത് യുവാവിനെ ക്രൂരമായി കൊന്ന എട്ടു പേരെ നോക്കുക. താന്‍ ആരാധിച്ചിരുന്ന, താന്‍ അംഗമായ ഒരു വിഭാഗത്തിന് ആത്മാഭിമാനം പകര്‍ന്ന ഒരു ചരിത്രപുരുഷന്റെ ഗാനത്തോട് ആദരവ് കാണിച്ചു എന്നതൊഴികെ ആ ദലിത് യുവാവ് എന്തു തെറ്റു ചെയ്തിട്ടാണ്? കൂട്ടം ചേര്‍ന്നാക്രമിക്കു ചെന്നായ്പറ്റത്തിന്റെ രാക്ഷസീയതയാണ് അത്തരം സംഘങ്ങളെ ഭരിക്കുന്നത്. ഈ ഗണത്തില്‍ പെട്ട സംഘങ്ങള്‍ ലോകത്തില്‍ പലയിടത്തും പല രൂപങ്ങളില്‍ പല മതങ്ങളില്‍ അവതരിച്ചു കൊണ്ടിരിക്കുന്നു. ഈ സംഘവെറുപ്പ് തയൊണ് ബീഫ് കഴിക്കാത്തവരെല്ലാം പാക്കിസ്ഥാനിലേക്കു പോകണം എന്ന് ആക്രോശിക്കുന്നത്. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കണം എന്ന് അലറുത്. ചിലരുടേത് മാത്രമായി ലോകത്തെ ചുരുക്കാനുള്ള ഇരുളിന്റെ ആര്‍ത്തി.

കിരാതമായ ഇത്തരം ചിന്തകള്‍ക്കു നേരെ അതീവ ജാഗ്രത വേണം. ഏതിടങ്ങളിലും മുളയെടുക്കാവുന്ന ഒന്നാണ് ഈ കിരാത ചേതന. നമ്മുടെ നാടും വ്യത്യസ്ഥമല്ല. ചിന്താധാരകളെയും ആശയങ്ങളെയും വിശ്വാസപ്രമാണങ്ങളെയും വാളും വടിവാളും കൊണ്ടു നേരിടുന്നിടങ്ങളിലെല്ലാം ഈ ഭീകരതയുണ്ട്.

തുറന്ന ചിന്തയെ തുറങ്കിലടയ്ക്കുന്ന പ്രത്യയശാസ്ത്രങ്ങളാണ് ഇത്തരം ഇരുണ്ട തീവ്രവാദങ്ങളുടെ ഊര്‍ജം. എഴുപതോ കൂടിയാല്‍ എണ്‍പതോ വര്‍ഷം മാത്രം ജീവിക്കുന്ന മനുഷ്യന്‍ ചരിത്രത്തെ തന്റെ വരുതിയിലാക്കാമെന്ന് വൃഥാ വ്യാമോഹിക്കുന്നു. ഐഎസ് എത്രകാലം ഈ ക്രൂരത കൊണ്ട് മധ്യപൂര്‍വദേശം അടക്കിഭരിക്കും? അനന്തകോടിയായ കാലത്തിന്റെ ഒരു തുള്ളിയില്‍ മാത്രം ജീവിക്കു വെറും അല്പായുസ്സുകളായ ജന്മങ്ങളാണ് നാം എന്ന ബോധം ഒരുനിമിഷം ഉണരുമെങ്കില്‍ വംശങ്ങളെയും രാഷ്ട്രങ്ങളെയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്നേ ബോധമുദിച്ചേനെ! യഹൂദരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച ഹിറ്റിലര്‍ എന്തു നേടി? സിംബാബ്വേയെ അടക്കി ഭരിച്ച മുഗാബേ ഇന്നെവിടേ? തിരിഞ്ഞു നോക്കുമ്പോള്‍ എല്‍ടിടിയുടെ ചാവേര്‍ പോരാട്ടങ്ങള്‍ക്ക് എന്തു ഫലം? കാലം കടന്നു പോകുമ്പോള്‍ എഴുപതും എണ്‍പതും വയസ്സിന്റെ ആയുസ്സു കൊണ്ട് കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന സൗധങ്ങള്‍ മാഞ്ഞു പോകുമെന്ന് ചരിത്രം നോക്കി പഠിക്കാന്‍ എന്തു കൊണ്ട് കഴിയുന്നില്ല?

നമ്മള്‍ കാലത്തിലൂടെ മുന്നോട്ടു നടന്നു എന്നാണ് പറയുന്നത്. എന്നാല്‍ നമ്മളിന്ന് കിരാതമായൊരു ശിലായുഗത്തിലേക്ക് പിന്‍തിരിഞ്ഞോടുകയാണ്. വിശ്വമാനവികത എന്നത് ഭൂമിക്ക് ഇന്നേറ്റവും അത്യാവശ്യമായ മരുന്നാണ്. മതങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമായി മനുഷ്യനെ കാണാനും അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള മനസ്സിന്റെ തുറവി. മറ്റു രാജ്യങ്ങളെ വെറുക്കുന്ന രാജ്യസ്‌നേഹവും മറ്റു മതങ്ങളെ വെറുക്കുന്ന മതസ്‌നേഹവും ഒരു പോലെ അപകടകരമാണ്. പരസ്പരാദരവിന്റെ രാജ്യസ്‌നേഹവും മതസ്‌നേഹവും വീണ്ടെടുക്കണം. ഈ കിരാതമായ കാലത്തെ അതിജീവിക്കാന്‍ ഇതേ വഴിയുള്ളൂ!

 

അഭിലാഷ് ഫ്രേസര്‍.

You must be logged in to post a comment Login