മൃതദേഹം ചെയ്ത അത്ഭുതം

മൃതദേഹം ചെയ്ത അത്ഭുതം

17542_Wതെരുവില്‍ യാചകിയായി നടന്നിരുന്ന ഒരു യുവതിയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കുകയാണ്. മാര്‍ഗററ്റ് എന്നായിരുന്നു അവളുടെ പേര്. അസാധാരണമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നതിനാല്‍ അവളുമായി അടുത്തിടപഴകിയവരെല്ലാം വികാരിയച്ചനോട് ഒരു കാര്യം ആവശ്യപ്പെട്ടു. മാര്‍ഗററ്റിന്റെ മൃതദേഹം പള്ളിക്കുള്ളില്‍ സംസ്‌കരിക്കണം. രണ്ടാമതൊരു ചിന്ത കൂടാതെ വൈദികന്‍ ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന, വിരൂപയായ ഈ സ്ത്രീയെ പള്ളിയ്ക്കുള്ളില്‍ സംസ്‌കരിക്കാനോ? അച്ചന്റെ നിഷേധാത്മകമായ സമീപനം കൊണ്ട് പിന്നെ ആരും അതിന് വേണ്ടി ശബ്ദമുയര്‍ത്തിയില്ല..

കുറച്ചുപേര്‍ മാത്രമേ ആ ചടങ്ങില്‍ പങ്കെടുക്കാനും ഉണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തില്‍ നട്ടെല്ലുവളഞ്ഞതും ഊമയും വികലാംഗയുമായ ഒരു പെണ്‍കുട്ടിയും മാതാപിതാക്കളുമുണ്ടായിരുന്നു. അവള്‍ മാര്‍ഗററ്റിന്റെ മൃതശരീരത്തിന്റെ അടുക്കലെത്തി. പെട്ടെന്ന് എല്ലാവരുടെയും കണ്ഠങ്ങളില്‍ നിന്ന് ഒരു നിലവിളി ഉയര്‍ന്നു. അതാ ജീവനറ്റ മാര്‍ഗററ്റിന്റെ ശരീരത്തില്‍ നിന്ന് ഇടതുകരം ഉയര്‍ന്നുനില്ക്കുന്നു!

ആളുകള്‍ ഞെട്ടിയടര്‍ന്നു മാറി. അപ്പോഴതാ ആ കരം വികലാംഗയായ ആ പെണ്‍കുട്ടിയുടെ നേരെ ചെല്ലുന്നു.. ആ കരം അവളെ തൊട്ടുകഴിഞ്ഞു. അവളുടെ ശരീരത്തിലൂടെ ഒരു മിന്നല്‍പാഞ്ഞു. മാര്‍ഗററ്റിന്റെ പ്രാര്‍ത്ഥന വഴി ദൈവം എന്നെ സുഖപ്പെടുത്തി എന്ന് പറഞ്ഞ് ആ പെണ്‍കുട്ടി പുറത്തേയ്‌ക്കോടി.. ഇന്നുവരെ നിവര്‍ന്ന് നടന്നിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത, കേള്‍വിശക്തിയില്ലാത്ത പെണ്‍കുട്ടി… അവളാണ് ഇപ്പോള്‍ ഇങ്ങനെ ഓടിപ്പോകുന്നത്..വിളിച്ചുപറയുന്നത്..

സംഭവമെല്ലാം കണ്ടുനിന്ന വികാരിയച്ചന് മനസ്സിലായി ആളുകള്‍ പറഞ്ഞത് സത്യമായിരുന്നു, മാര്‍ഗററ്റ് ഒരു വിശുദ്ധ തന്നെയായിരുന്നു. മാര്‍ഗററ്റിനെ പള്ളിക്കുള്ളില്‍ സംസ്‌കരിക്കാമെന്ന് അച്ചന്‍ തീരുമാനം മാറ്റി.
കാസെല്ലോയിലെ വാഴ്ത്തപ്പെട്ട മാര്‍ഗററ്റാണ് ഈ അത്ഭുതം ചെയ്തത്.

1287 ല്‍ ഉന്നതകുലത്തിലാണ് അവള്‍ ജനിച്ചത്. പക്ഷേ വിരുപയായതിനാലും അന്ധയായതിനാലും കുടുംബത്തിന് അവളെ സ്‌നേഹിക്കാനോ സ്വീകരിക്കാനോ സാധിച്ചില്ല. ചികിത്സകള്‍ക്കൊന്നും മകളുടെ വൈരുപ്യവും അന്ധതയും മുടന്തും പരിഹരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ പിതാവ് അവളെ തെരുവില്‍ ഉപേക്ഷിച്ചു. പിന്നെ യാചകര്‍ക്കിടയിലാണ് മാര്‍ഗററ്റ് വളര്‍ന്നുവന്നത്. ഒരു വൈദികന്‍ വഴിയാണ് ദൈവസ്‌നേഹത്തിന്റെ തീര്‍ഥഘട്ടത്തിലേക്ക് മാര്‍ഗററ്റ് നടന്നടുത്തത്. തന്നെ സ്‌നേഹിക്കുന്ന ദൈവത്തെക്കുറിച്ച് അറിഞ്ഞനാള്‍ മുതല്‍ ആ ദൈവത്തിന് വേണ്ടി ജീവിക്കണമെന്നുള്ള ആഗ്രഹം അവളില്‍ ശക്തമായി.. വിശുദ്ധമായ ജീവിതത്തിലേക്കുള്ള വഴികള്‍ അങ്ങനെ ക്രമപ്പെട്ടുവരികയായിരുന്നു.

നിരവധി അത്ഭുതങ്ങള്‍ ജീവിതകാലത്ത് തന്നെ മാര്‍ഗററ്റ് ചെയ്തതായി ജീവചരിത്രങ്ങള്‍ പറയുന്നു. കരടി കൊന്ന വേട്ടക്കാരനും മുകളില്‍ നിന്ന് വീണുമരിച്ച ബാലനും മാര്‍ഗററ്റിന്റെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. മുപ്പത്തിമൂന്നാം വയസിലാണ് മാര്‍ഗററ്റ് മരണമടഞ്ഞത്. മാര്‍ഗററ്റിന്റെ ശവകുടീരം തുറന്നുനോക്കിയപ്പോള്‍ ശരീരാവയവയങ്ങള്‍ക്കോ ഹൃദയത്തിനോ യാതൊരു കേടുപാടുകളും ഇല്ലാത്ത നിലയിലാണ് കണ്ടെത്തിയത്.

1609 ഒക്ടോബര്‍ 19 ന് പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ മാര്‍ഗററ്റിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

You must be logged in to post a comment Login