മെക്സിക്കോ: മൂന്നാമത്തെ വൈദികനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മെക്സിക്കോ: മൂന്നാമത്തെ വൈദികനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മെക്‌സിക്കോ: മെക്‌സിക്കോയില്‍ നിന്ന് കഴിഞ്ഞയാഴ്ച കാണാതെ പോയ മൂന്നാമത്തെ കത്തോലിക്കാ വൈദികനെയും ഹൈവേയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തി . പള്ളിമേടയില്‍ നിന്നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ചയാണ് ഫാ. ജോസ് ആല്‍ഫ്രെഡോ ലോപ്പസ് ഗ്വില്ലെനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.

അതേ ദിവസം തന്നെയാണ് തട്ടിക്കൊണ്ടുപോയ രണ്ട് വൈദികരുടെ മൃതദേഹം കണ്ടെത്തിയതും. ഇതോടെ 2006 മുതല്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ട വൈദികരുടെ എണ്ണം 31 ആയി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത് മൃതദേഹം കണ്ടെത്തുന്നതിനും അഞ്ച് ദിവസം മുമ്പ് ഫാ. ലോപ്പസ് കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്.

മോറേലിയ അതിരൂപത വ്യാഴാഴ്ച വരെ ഫാ. ലോപ്പസിന്റെ തിരോധാനത്തെക്കുറിച്ച് പൊതുലോകത്തെ വിവരം അറിയിച്ചിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് കര്‍ദിനാള്‍ ആല്‍ബെര്‍ട്ടോ പുരോഹിതന്റെ സുരക്ഷിതമായ മടങ്ങിവരവിന് വേണ്ടി വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചത്.

ഈ കൊലപാതകങ്ങള്‍ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് എന്ന് വൈദികര്‍ പറഞ്ഞു. അധികാരികള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

സെക്രട്ടറിയാണ് ഫാ. ലോപ്പസിനെ കാണാതായ വിവരം ആദ്യം അറിഞ്ഞത്. അച്ചന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരിക്കാം എന്നാണ് സെക്രട്ടറി ആദ്യം വിചാരിച്ചത്. എന്നാല്‍ ബുധനാഴ്ചയോടെ വീട്ടില്‍ നിന്ന് സഹോദരന്‍ പള്ളിമേടയിലേക്ക് വിളിച്ചപ്പോഴാണ് ഫാ. ലോപ്പസ് അവിടെയെത്തിയിട്ടില്ലെന്ന കാര്യം വ്യക്തമായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ രണ്ട് വാഹനങ്ങള്‍ കാണാതെയായിട്ടുണ്ടെന്നും ക്വാര്‍ട്ടേഴ്‌സ് പൂട്ടിയ നിലയിലും കണ്ടെത്തുകയായിരുന്നു.

ആരും മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തിട്ടില്ലെന്നും അതിരൂപതാവൃന്തങ്ങള്‍ അറിയിച്ചു.

You must be logged in to post a comment Login