മെക്‌സിക്കോ: കൊല്ലപ്പെട്ട വൈദികരെക്കുറിച്ചുളള അപവാദങ്ങളില്‍ സഭ ശക്തമായ രോഷം പ്രകടിപ്പിച്ച് രംഗത്ത്

മെക്‌സിക്കോ: കൊല്ലപ്പെട്ട വൈദികരെക്കുറിച്ചുളള അപവാദങ്ങളില്‍ സഭ ശക്തമായ രോഷം പ്രകടിപ്പിച്ച് രംഗത്ത്

മെക്‌സിക്കോ: കഴിഞ്ഞ ആഴ്ചകളില്‍ കൊല ചെയ്യപ്പെട്ട വൈദികരെക്കുറിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യാജആരോപണങ്ങളില്‍ ശക്തമായ വിമര്‍ശനവുമായി സഭ രംഗത്ത്. വൈദികരെ ശാരീരികമായി മാത്രമല്ല ധാര്‍മ്മികമായി കൂടി കൊല ചെയ്തിരിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്ന് മെക്‌സിക്കോയിലെ കാത്തലിക് അതിരൂപതാ വക്താവ് ഫാ. ഹ്യൂഗോ വാല്‍ഡിമര്‍ റോമെറോ പറഞ്ഞു.

കൊല ചെയ്യപ്പെട്ട വൈദികര്‍ മൂന്നുപേരും സംശയാസ്പദമായ ജീവിതം നയിച്ചവരായിരുന്നുവെന്നും ആദ്യം കൊല്ലപ്പെട്ട രണ്ട് വൈദികര്‍ കൊലപാതകികളോടൊപ്പം മദ്യപിച്ചിരുന്നുവെന്നും മൂന്നാമത്തെ വൈദികനെ അവസാനമായി കണ്ടത് ഒരു ആണ്‍കുട്ടിയുടെ ഒപ്പമായിരുന്നതിനാല്‍ അദ്ദേഹം ബാലപീഡകനായിരുന്നുവെന്നുമെല്ലാമുള്ള ആരോപണങ്ങളാണ് വൈദികര്‍ക്കെതിരെ അഴിച്ചുവിട്ടിരിക്കുന്നത്.

വെരാക്രൂസില്‍ റോഡരികിലായി വെടിയേറ്റ നിലയിലാണ് രണ്ടു വൈദികരുടെ മൃതദേഹം കണ്ടുകിട്ടിയത്. മൂന്നാമത്തെ വൈദികനെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഈ വൈദികന്‍ ഒരു ആണ്‍കുട്ടിയോടൊപ്പം ഹോട്ടലില്‍ നില്ക്കുന്ന ചിത്രം ഒരു മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അത് വൈദികന്റെ ചിത്രമല്ല എന്ന് പിന്നീട് തെളിയുകയും ചെയ്തു.

എന്നിട്ടും മാധ്യമങ്ങള്‍ സത്യത്തെ വളച്ചൊടിക്കുന്നത് വളരെ വേദനാകരമായ അനുഭവമാണെന്ന് കര്‍ദിനാള്‍ ആല്‍ബെര്‍ട്ടോ സൂരാസ് പറഞ്ഞു. വൈദികരുടെ കൊലപാതകത്തെക്കുറിച്ച് സത്യസന്ധവും സുതാര്യവുമായ അന്വേഷണം വേണമെന്ന് മെക്‌സിക്കന്‍ കൗണ്‍സില്‍ ഓഫ് ബിഷപ്‌സ് ആവശ്യപ്പെട്ടു.

ഇനിയൊരു വൈദികനും ഇവിടെ ഇത്തരമൊരു ഗതികേട് ഉണ്ടാകരുത്. കൗണ്‍സില്‍ ആവശ്യപ്പെട്ടു. പരസ്യമായ ഒരു ക്ഷമാപണമെങ്കിലും ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഫാ. റൊമേറോ പറഞ്ഞു

You must be logged in to post a comment Login