മെക്‌സിക്കോ സന്തോഷത്തിന്റേയും ആഘോഷങ്ങളുടെയും നാട്: ഫ്രാന്‍സിസ് പാപ്പ

മെക്‌സിക്കോ സന്തോഷത്തിന്റേയും ആഘോഷങ്ങളുടെയും നാട്: ഫ്രാന്‍സിസ് പാപ്പ

മെക്‌സിക്കോ: മെക്‌സിക്കോ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും നാടാണെന്ന് ഫ്രാന്‍സിസ് പാപ്പ. അഞ്ചു ദിവസത്തെ മെക്‌സിക്കന്‍ സന്ദര്‍ശനത്തിനു ശേഷം വത്തിക്കാനിലേക്കു മടങ്ങിയ മാര്‍പാപ്പ വിമാനത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ‘അതിബൃഹത്തായ സാസ്‌കാരിക പാരമ്പര്യവും സമ്പത്തും ഉള്ള രാജ്യമാണ് മെക്‌സിക്കോ. 65 ഭാഷകള്‍ മെക്‌സിക്കോയിലുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?’ പാപ്പയുടെ മുഖത്ത് ആശ്ചര്യം.

മെക്‌സിക്കന്‍ ജനതയുടെ സന്തോഷത്തെ കുറിച്ച് എനിക്ക് വിവരിക്കാനാവില്ല. പ്രശ്‌നങ്ങള്‍ക്കിടയിലും സന്തോഷവാന്‍മാരായി ഇരിക്കാനുള്ള അവരുടെ കഴിവ് അപാരമാണ്. അവരുടെ ഈ മനശക്തിക്കു കാരണം ഗ്വാഡെലൂപ്പെയിലെ പരിശുദ്ധ മാതാവിന്റെ അനുഗ്രഹമാണ്. ഇതിന് മറ്റൊരു വിശദീകരണവുമില്ല. മാതാവിനോടുള്ള ഭക്തി ഏറെ ഗൗരവത്തോടെ കാണാന്‍ നിങ്ങളോട് ഞാനാവശ്യപ്പെടുന്നു.

അര മണിക്കൂറോളം ഗ്വാഡെലൂപ്പെയിലെ പരിശുദ്ധ മാതാവിന്റെ ചിത്രത്തിനു മുന്നില്‍ നിന്ന് താനെന്താണ് പ്രാര്‍ത്ഥിച്ചതെന്നും ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി. ‘ഞാന്‍ ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. ലോകസമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു.. അങ്ങനെ പല കാര്യങ്ങളും… എന്റെ ആവശ്യങ്ങളുടെ നീണ്ട നിര കേട്ട് മാതാവ് മടുത്തുപോയിട്ടുണ്ടാകും. സഭ കൂടുതല്‍ വളരുന്നതിനു വേണ്ടിയും മെക്‌സിക്കോയിലെ ആളുകള്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിച്ചു. വൈദികര്‍ സത്യമുള്ള വൈദികരാകാനും സന്യാസിനികള്‍ സത്യമുള്ള സന്യാസിനികളാകാനും, മെത്രാന്‍മാര്‍ സത്യമുള്ള മെത്രാന്‍മാരാകാനും ഞാന്‍ പ്രാര്‍ത്ഥിച്ചു. ഇനിയും ഒരുപാട് കാര്യങ്ങള്‍ ഞാനാവശ്യപ്പെട്ടു. പക്ഷേ, അമ്മയോട് മകന്‍ പറയുന്ന ചില കാര്യങ്ങള്‍ രഹസ്യമാക്കി വെക്കണ്ടേ..? ‘, മാര്‍പാപ്പ തമാശരൂപേണ ചോദിച്ചു.

You must be logged in to post a comment Login