മെത്രാഭിഷിക്ത നിറവില്‍ മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: പ്രാര്‍ത്ഥനിര്‍ഭരമായ നിമിഷങ്ങളും ആഹ്ലാദാരവങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും ഒന്നുചേര്‍ന്ന മുഹൂര്‍ത്തത്തില്‍ മാര്‍ ജോസ് പുളിക്കല്‍ അഭിഷിക്തനായി. സാക്ഷികളായത് സഭാധ്യക്ഷന്‍മാരും സന്യസ്തരും വിശ്വാസിസമൂഹവും.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍വച്ച് നടന്ന രൂപതയുടെ പുതിയ സഹായമെത്രാന്റെ അഭിഷിക്ത ചടങ്ങില്‍ ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഒപ്പം വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായി.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കായിരുന്നു ചടങ്ങകളുടെ ആരംഭം. ആദ്യം നിയുക്ത മെത്രാന്‍ ജോസ് പുളിക്കലിനെ സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലേക്ക് ആനയിച്ചു. പ്രദക്ഷിണത്തില്‍ ഒന്നുചേര്‍ന്നത് അമ്പതിലേറെ മെത്രാന്മാരും രൂപതയിലെയും വിവിധ സന്യാസസഭകളിലെയും വൈദികരും. നിറപ്പകിട്ടാര്‍ന്ന തോരണങ്ങള്‍ക്കിടയില്‍ നിന്ന് ആയിരക്കണക്കിന് വിശ്വാസികള്‍ കൂപ്പുകരങ്ങളോടെ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.

നിയുക്ത മെത്രാനെയും പിതാക്കന്മാരെയും കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ആലുങ്കല്‍, വികാരി ജനറാള്‍മാരായ റവ.ഡോ. മാത്യു പായിക്കാട്ട്, ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരി, വൈസ്ചാന്‍സലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നു കത്തീഡ്രലിലേക്ക് സ്വീകരിച്ചു.

രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ ആമുഖ പ്രഭാഷണത്തിനു ശേഷം മാര്‍ ജോസ് പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് റവ.ഡോ. കുര്യന്‍ താമരശേരി വായിച്ചു.

നവഇടയന്‍ വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി വിശ്വാസപ്രഖ്യാപനം നടത്തുന്ന ചടങ്ങായിരുന്നു അടുത്തത്. സത്യവിശ്വാസം സംരക്ഷിക്കാനും പഠിപ്പിക്കാനും കടപ്പെട്ടവരാണ് അഭിഷിക്തര്‍ എന്ന് അനുസ്മരിപ്പിച്ചുകൊണ്ടായിരുന്നു വിശ്വാസപ്രഖ്യാപനം. തുടര്‍ന്നു നടന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കൈവയ്പുശുശ്രൂഷയിലൂടെ മാര്‍ ജോസ് പുളിക്കലിനെ സഹായമെത്രാനായി അഭിഷേകം ചെയ്തു.

അധികാരത്തിന്റെയും ശുശ്രൂഷയുടെയും സമര്‍പ്പണത്തിന്റെയും അടയാളങ്ങളായി മെത്രാനെ സ്ഥാന ചിഹ്നങ്ങളായ മുടിയും (തൊപ്പി) അംശവടിയും കൈസ്ലീവായും നല്‍കി. മേല്‍പ്പട്ടക്കാരന്റെ ചുമതലയിലേക്ക് ഉയര്‍ത്തപ്പെട്ട നവമെത്രാനെ സന്നിഹിതരായിരുന്ന മറ്റു മെത്രാന്മാര്‍ സഹവര്‍ത്തിത്വത്തിന്റെ അടയാളമായി ആശ്ലേഷിച്ചു. സഹായ മെത്രാനായി ചുമതലയേറ്റെടുത്തതായുള്ള സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ കൂരിയയില്‍ നിന്നുള്ള രേഖകളില്‍ മാര്‍ ജോസ് പുളിക്കല്‍ കാര്‍മികരും ഒപ്പുവച്ചു.

തുടര്‍ന്നു മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും ആയിരങ്ങള്‍ പങ്കെടുത്തു.

You must be logged in to post a comment Login