മെത്രാഭിഷേകത്തിനൊരുങ്ങുന്ന മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ ഔദ്യോഗിക ലോഗോ പുറത്തിറങ്ങി

മെത്രാഭിഷേകത്തിനൊരുങ്ങുന്ന മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ ഔദ്യോഗിക ലോഗോ പുറത്തിറങ്ങി

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ മുഴുവന്‍ ഏറെ പ്രത്യാശയോടെ നോക്കിയിരിക്കുന്ന മെത്രാഭിഷേകദിനമാണ് മാര്‍ ജോസഫ് സ്രാന്പിക്കലിന്റേത്. മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്ന മാര്‍ ജോസഫ് സ്രാമ്പക്കല്‍ തന്റെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യം പുതിയ നിയോഗത്തിന് ഏറ്റവും ഉതകുന്നതാണ്.

2 തിമോത്തിയോസ് 4:5 ല്‍ പറഞ്ഞിരിക്കുന്ന ഒരു ഭാഗം സുവിശേഷകന്റെ ജോലി ചെയ്യുക എന്ന സുവിശേഷവാക്യത്തിന്റെ അടിസ്ഥാനത്തിലും ബ്രിട്ടന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളിലും സഭാപാരമ്പര്യങ്ങളുടെ വെളിച്ചത്തിലുമാണ് ഔദ്യോഗിക മുദ്ര (ലോഗോ) രൂപകല്‍പന ചെയ്തിരിക്കുന്നത്. ബ്രിട്ടന്റെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മെത്രാന്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ തങ്ങള്‍ സ്വീകരിക്കുന്ന ആദര്‍ശവാക്യത്തെ മുന്‍നിര്‍ത്തിയാണ് ശുശ്രൂഷകള്‍ക്ക് രൂപം നല്‍കുന്നത്. ഈ ആദര്‍ശവാക്യങ്ങള്‍ എപ്പോഴും സുവിശേഷത്തിലെ ഒരു ഭാഗമായിരിക്കും. ഈശോയും ശ്ലീഹന്മാരും ചെയ്ത ശുശ്രൂഷകളുടെ തുടര്‍ച്ചയാണ് തങ്ങളും ചെയ്യുന്നതെന്ന് ഇതുവഴി അവര്‍ ലോകത്തോട് പറയുന്നു. രൂപതയില്‍ നിന്ന് ഔദ്യോഗികമായി നല്‍കപ്പെടുന്ന എല്ലാ ഉത്തരവുകളിലും പുതിയ മെത്രാന്റെ ഔദ്യോഗിക ലോഗോയും ഉണ്ടായിരിക്കും.

മാര്‍ ജോസഫ് സ്രാമ്പക്കലിന്റെ ലോഗോ: പൂര്‍ണ്ണ വിവരണം

സുവിശേഷകന്റെ ജോലി ചെയ്യുക– പിതാവ് തന്റെ ആദര്‍ശവാക്യമായി സ്വീകരിച്ചിരിക്കുന്ന വചനമാണിത് (2 തിമോത്തി 4.5). ഈ വചനഭാഗം ലോഗോയുടെ ഏറ്റവും അടിയില്‍ നല്‍കിയിരിക്കുന്നു.

സുവിശേഷഗ്രന്ഥം– സുവിശേഷം പ്രഘോഷിക്കാനുള്ള നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കല്‍പനയും പുതിയ മെത്രാന്റെ ആദര്‍ശവാക്യവും ഓര്‍മ്മിപ്പിക്കുന്നു.

മാര്‍തോമ്മാ സ്ലീവാ– ലോഗോയിലെ മെത്രാന്റെ തൊപ്പിയുടെ അടിയിലായി സീറോ മലബാര്‍ സഭയുടെ പ്രതീകമായ മാര്‍ത്തേമ്മാസ്ലീവ നല്‍കിയിരിക്കുന്നു. പുഷ്പിതമായ സ്ലീവായിലെ പരിശുദ്ധാത്മ സാന്നിദ്ധ്യം കര്‍ത്താവിന്റെ ഉത്ഥാനത്തെക്കുറിച്ചും അതുവഴി നമുക്കു വന്ന പുതുജീവനെക്കുറിച്ചും ധ്യാനിക്കാന്‍ നമ്മെ സഹായിക്കുന്നു. താമരപ്പൂവില്‍ നിലകൊള്ളുന്ന മാര്‍തോമ്മാ സ്ലീവ ഭാരതസംസ്‌കാരത്തില്‍ മാര്‍ത്തോമ്മാ നസ്രാണി പൈതൃകത്തെയും സൂചിപ്പിക്കുന്നു.

നക്ഷത്രം- തൊപ്പിയില്‍ കാണുന്ന പ്രഭാപൂരിതമായ നക്ഷത്ര പരിശുദ്ധ അമ്മയുടെ നിതാന്ത സംരക്ഷണത്തെ സൂചിപ്പിക്കുന്നു.

സെന്റ് ജോര്‍ജ്ജ് കുരിശ്– നടുവില്‍ കാണുന്ന ചുവന്നകുരിശ് ഇംഗ്ലണ്ടിന്റെ സംരക്ഷകനായ വി. ഗീവര്‍ഗീസിന്റെ സ്മരണയുണര്‍ത്തുന്നു.

ബ്രിട്ടന്റെ ഭൂപടം– മെത്രാന്റെ ആത്മീയ പരിപാലനത്തിന് ഏല്‍പിക്കപ്പെട്ടിരിക്കുന്ന സീറോ മലബാര്‍ നസ്രാണികള്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്റ് എന്നിവടങ്ങളില്‍ വസിക്കുന്നു.

കപ്പല്‍– പുതിയ രൂപതയിലെ കുടിയേറ്റക്കാരായ സുറിയാനി നസ്രാണികളെ പ്രതിനിധാനം ചെയ്യുന്നു.

പുതുനാമ്പ്- സൂര്യപ്രഭയുടെ കീഴില്‍ പൊട്ടിമുളച്ച പുതുനാമ്പ് കിഴക്കിന്റെ പ്രകാശത്തില്‍ പോഷണം സ്വീകരിച്ചു വളര്‍ന്നുവരുന്ന ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ പ്രതീകമാണ്.

പ്രിസ്റ്റണിന്റെ ലോഗോ- പ്രിസ്റ്റണ്‍ പട്ടണത്തിന്റെ ലോഗോയും പുതിയ മെത്രാന്റെ ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിജയശ്രീലാളിതനായ പെസഹാ കുഞ്ഞാടിനെയാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കുന്തമുനകള്‍– ലോഗോയുടെ പശ്ചാത്തലത്തില്‍ കാണുന്ന രണ്ടു കുന്തമുനകളില്‍ ഒന്നാമത്തേത് മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസ്‌ക്ഷിത്വത്തിന്റെയും രണ്ടാമത്തേത് ഇംഗ്ലണ്ടിന്റെ സംരക്ഷകനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിന്മയിന്മേലുള്ള വിജയത്തിന്റെയും പ്രതീകമാണ്.

You must be logged in to post a comment Login