മോശയും സാമുവലും പിന്നെ കൗണ്‍സലിംങും

മോശയും സാമുവലും പിന്നെ കൗണ്‍സലിംങും

Samuel-mormonകരിസ്മാറ്റിക് മുന്നേറ്റം ആത്മീയലോകത്തിന് നല്കിയ വലിയൊരു സംഭാവനയാണ് വരദാനങ്ങള്‍ ഉപയോഗിച്ചുള്ള ശുശ്രൂഷകള്‍. കൗണ്‍സലിംങ് അതില്‍ മുമ്പന്തിയിലാണ്. ദൈവസ്വരം ശ്രവിച്ച് നമ്മുടെ ജീവിതത്തെ കെട്ടിപ്പടുക്കുവാനും തിരുത്തുവാനും കഴിയുന്ന വലിയ നിര്‍ദ്ദേശങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം പ്രാപിച്ച കൗണ്‍സലേഴ്‌സിലൂടെ നമുക്ക് ലഭിക്കാറുമുണ്ട്.

പക്ഷേ ചിലപ്പോഴെങ്കിലും കൗണ്‍സിലിംങിന് നമ്മള്‍ അടിമകളായി മാറുകയോ കൗണ്‍സലിംങ് മാനുഷികപ്രവൃത്തിയായി മാറുകയോ ചെയ്യാറില്ലേ? മാനുഷികമായ പരിമിതികളും ലഭിക്കുന്ന സന്ദേശങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ സംഭവിക്കുന്ന പാളിച്ചകളുമാണ് ഇതിന് കാരണം.

കൗണ്‍സലിംങിനായി ഓടിപ്പോകുന്ന പലരുടെയും വിചാരം ദൈവം അവരോട് മാത്രമേ സംസാരിക്കുന്നുള്ളൂ എന്നാണ്.. അല്ല..ദൈവം എല്ലാവരോടും സംസാരിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ദൈവികവെളിപാടുകള്‍ കൂടുതലായി ലഭിക്കാറുണ്ട് എന്നതും സത്യമാണ്. അതിനെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇതെഴുതുന്നത്.

അന്ധമായി കൗണ്‍സലിംങുകള്‍ക്ക്്പിന്നാലെ പോകാതിരിക്കുക.. നിര്‍ണ്ണായകമായ ചില സന്ദര്‍ഭങ്ങളില്‍ വിവേകപൂര്‍വ്വം തീരുമാനമെടുക്കുന്നതില്‍ ആത്മീയതയുള്ള ഒരാളുടെ പക്കല്‍ പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെടുന്നതില്‍ തെറ്റുമില്ല..എന്നാല്‍ എന്റെ ആഗ്രഹം സാധിച്ചുകിട്ടാന്‍ വേണ്ടി, അത് ദൈവത്തിന്റെ മറുപടിയായി സ്വീകരിക്കാന്‍ വേണ്ടി, അത്തരത്തിലുള്ള മറുപടി കിട്ടാന്‍ വേണ്ടി, മാത്രമായി കൗണ്‍സലിംങുകാരുടെ പുറകെ പോകുന്നത് ദൈവത്തെ കൂടി നാം അപമാനിക്കുന്നതിന് തുല്യമാണ്.

പകരം,  ചെയ്യാനുള്ള നല്ല മാര്‍ഗ്ഗം ഇതാണെന്ന് തോന്നുന്നു..
ദൈവത്തിന്റെ മുമ്പില്‍ ശാന്തമായി ഇരിക്കൂക.. അവിടുത്തെ മുമ്പില്‍ ഹൃദയത്തിന്റെ ഭാരങ്ങളും തീരുമാനമെടുക്കാനാവാത്ത സാഹചര്യങ്ങളും സമര്‍പ്പിക്കൂക..സാവധാനമാണെങ്കിലും ദൈവം നമുക്ക് ചില ബോധ്യങ്ങളും തോന്നലുകളും നല്കുക തന്നെ ചെയ്യും.

പ്രഭാഷകന്റെ പുസ്തകം 37 ന്റെ 14,15 വാക്കുകള്‍ ഇതിനെ സാധൂകരിക്കുന്നവയാണ്. ഗോപുരത്തിന് മുകളിലിരുന്ന് നിരീക്ഷിക്കുന്ന ഏഴു പേരെക്കാള്‍ സ്വന്തം ഹൃദയമാണ് കൂടുതല്‍ വിവരങ്ങള്‍ നല്കുന്നത്. എല്ലാറ്റിനുമുപരി സത്യമാര്‍ഗ്ഗത്തില്‍ നിന്നെ നയിക്കുന്നതിന് അത്യുന്നതനോട് പ്രാര്‍ത്ഥിക്കുക..

അതെ, ഇതാണ് നമ്മള്‍ ചെയ്യേണ്ടത്.. വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുവാനായി വിളിക്കപ്പെട്ടവരായിരുന്നുവല്ലോ മോശയും സാമുവലും ഒക്കെ..അവരോടെല്ലാം ദൈവം നേരിട്ടാണ് സംസാരിച്ചത്.. അവര്‍ ദൈവഹിതം അറിയാനായി മറ്റാരെയും സമീപിക്കുന്നില്ല. സാമുവലിന് ഏലി ഗൈഡന്‍സ
നല്കുന്നുണ്ടെന്ന് മാത്രം.

ജീവിതത്തിലെ ഉയര്‍ച്ചകളെക്കുറിച്ചറിയാന്‍ കൈനോട്ടക്കാരനെ സമീപിക്കുന്നതുപോലെ കൗണ്‍സലിംങിന് പോകുന്ന പ്രവണത നമുക്ക് അവസാനിപ്പിക്കാം.. മറിച്ച് ദൈവത്തിന്റെ മുമ്പില്‍ സ്വച്ഛമായി, നിഷ്‌ക്കളങ്കമായി, ആത്മാര്‍ത്ഥമായി ഇരുന്നുകൊടുക്കുക.. ദൈവം നമ്മോട് സംസാരിക്കുക തന്നെ ചെയ്യും.

.അരുളപ്പാടുകളായിട്ടാവണമെന്നില്ല.. തീരെ ചെറിയ അടയാളങ്ങളിലൂടെ.. മനസ്സിന്റെ തോന്നലുകളിലൂടെ..അങ്ങനെ പല വിധത്തില്‍..
ദൈവം ഒരിക്കലും വലിയ ആളുകളോടല്ല സംസാരിച്ചത്.. തീരെ ചെറിയ ആളുകളോടായിരുന്നു.. ദൈവം അപ്രകാരം സംസാരിച്ചതിന്റെ പേരില്‍ പിന്നീടാണ് അവരൊക്കെ വലിയവരായത്..അത് ഇന്നത്തെകാലത്തും സത്യമല്ലേ..

അതുകൊണ്ട് ഇന്നുമുതലെങ്കിലും ദൈവത്തിന്റെ മുമ്പില്‍ ശാന്തരായി ഇരിക്കുവാനുള്ള പ്രേരണയ്ക്കുവേണ്ടി നമുക്ക് ശ്രമിച്ചുതുടങ്ങാം..ദൈവം നമ്മോടും സംസാരിക്കട്ടെ…

You must be logged in to post a comment Login