മോഹനരാഗമായ് ഒരു വൈദികജീവിതം!

മോഹനരാഗമായ് ഒരു വൈദികജീവിതം!

2014 മാര്‍ച്ച് നാല്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍. കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായ സാക്ഷാല്‍ ത്യാഗരാജസ്വാമികളുടെ സമാധി സ്ഥലത്ത് ത്യാഗരാജ സംഗീതോത്സവം. കര്‍ണ്ണാടകസംഗീതത്തില്‍ തിളങ്ങിയ ഗായകരുടെ നീണ്ട നിര. ആര്‍ത്തിരമ്പുന്ന കടല്‍ പോലെ സംഗീതാസ്വാദകര്‍. അവരുടെ കാതുകളിലേയ്ക്ക് പാട്ടിന്റെ പാലാഴിയെന്നോണം ആ മനോഹരശബ്ദം ഒഴുകിയെത്തി. പാടുന്ന ആളെ പലരും ഒന്നെത്തി നോക്കി. പലര്‍ക്കും അമ്പരപ്പ്. സദസ്സിനെ സംഗീതസാന്ദ്രമാക്കി കര്‍ണ്ണാടക സംഗീതം വേദിയില്‍ ആലപിക്കുന്നത് ളോഹയിട്ട ഒരു വൈദികന്‍.

രേവതിയും കല്ല്യാണിയും ശുഭപന്തുവരാളിയും ഹംസധ്വനിയുമെല്ലാം യേശുകീര്‍ത്തനമായി നിറഞ്ഞുതുളുമ്പി. ക്രൈസ്തവര്‍ക്കൊപ്പം തമിഴ് ബ്രാഹ്മണരും
അത്ഭുതപരതന്ത്രരായി ആ വരികളില്‍ ലയിച്ചിരുന്നു…. ക്രൂശിതരൂപനായി…. സ്‌നേഹസ്വരൂപനായി…. പാടുന്നതൊക്കെയും ക്രിസ്തീയ ഭജനുകള്‍. കര്‍ണ്ണാടക സംഗീതം. അത് ഒഴുകി വീഴുന്നത് ക്രൈസ്തവമനസ്സിന് എന്നും അഭിമാനിക്കാവുന്ന മലയാളിയായ ഫാദര്‍ ജോസഫ് തട്ടരാശ്ശേരി എന്ന പുരോഹിതനില്‍ നിന്ന്.

കര്‍ണ്ണാടക, ഹിന്ദുസ്ഥാനി സംഗീതങ്ങളിലൂടെ ക്രൈസ്തവഭജനുകള്‍ രചിക്കുന്നതിലും ആലപിക്കുന്നതിലൂം അര്‍പ്പിതമാണ് ഫാദര്‍ ജോസഫ് തട്ടാരശ്ശേരിയുടെ ജീവിതം.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തൃപ്പൂണിത്തറ സെന്റ് ജോസഫ് ദേവലായത്തില്‍ വികാരിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് കര്‍ണ്ണാടക സംഗീതത്തോടുള്ള തട്ടാരശ്ശേരിയച്ചന്റെ പ്രേമം. അമ്പലങ്ങള്‍ക്കും കച്ചേരികള്‍ക്കും ശ്രദ്ധേയമായ സ്ഥലമാണ് തൃപ്പൂണിത്തറ. 130 ഓളം ക്ഷേത്രങ്ങള്‍. അവിടെ നിന്നും പുലര്‍ച്ചെ കേള്‍ക്കുന്ന കര്‍ണ്ണാടക സംഗീതത്തില്‍ തട്ടാരശ്ശേരിയച്ചന്‍ ആകൃഷ്ടനായി. അത്തരം സംഗീതത്തില്‍ ക്രൈസ്തവ ഭജനുകള്‍ ആരംഭിക്കാന്‍ അന്നുതുടങ്ങി. എല്ലാ മാസാദിവെള്ളിയാഴ്ചകളിലും പുലര്‍ച്ചെ നാല് മണിക്ക് സെന്റ് ജോസഫ് ദേവാലയത്തില്‍ സംഗീതാരാധന തുടങ്ങി. വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച് വച്ച് ഭാരതീയ സംസ്‌കാരത്തിന്റെ മണവും മമതയുമുള്ള കര്‍ണ്ണാടക സംഗീതത്തെ ക്രിസതീയ ആരാധനയുമായി യോജിപ്പിച്ചുകൊണ്ടുള്ള ഒരു ഭജന്‍. ദിവ്യകാരുണ്യഭജന്‍.

എഴുപത്തിരണ്ട് മണ്‍ചിരാതുകളും നിരവധി നിലവിളക്കുകളും കൊളുത്തിവച്ച് ഹര്‍മോണിയത്തിന്റെയും പുല്ലാങ്കുഴലിന്റെയും സംഗീതമുയരുന്ന അന്തരീക്ഷത്തില്‍ ദിവ്യകാരുണ്യ ആരാധന.

ശുദ്ധസംഗീത്തിലൂടെയുള്ള അച്ചന്റെ പ്രാര്‍ത്ഥന ഇടവക വിശ്വാസികള്‍ നിറഞ്ഞമനസ്സോടെ സ്വീകരിച്ചു. അന്യമതസ്ഥര്‍ പോലും പ്രഭാതത്തിലുള്ള ദിവ്യകാരുണ്യ ഭജനില്‍ പങ്കെടുത്തു.

വരാപ്പുഴ ക്രിസ്തുനഗര്‍ ഇടവകയില്‍ തട്ടാരശ്ശേരി പാപ്പച്ചന്റെയും റോസകുട്ടിയുടെയും മകനായിട്ടായിരുന്നു ഫാദര്‍ ജോസഫ് തട്ടാരശ്ശേരിയുടെ ജനനം. പത്ത് മക്കളില്‍ ഇളയവന്‍. ചെറുപ്പം മുതല്‍ക്കെ പാട്ടിനോട് പ്രണയം. കര്‍ണ്ണാടക സംഗീത പ്രേമിയായിരുന്ന ജോണ്‍ എന്ന അന്ധനായ ഇടവകക്കാരനാണ് തട്ടാരശ്ശേരിയച്ചന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നത്. ഒപ്പം ഇടവക വികാരിയായിരുന്ന ഫാദര്‍ ഡെന്‍സില്‍ ലൂയിസും സംഗീതമോഹത്തെ പ്രോത്സാഹിപ്പിച്ചു. സെമിനാരി കാലഘട്ടത്തില്‍ ‘അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം…’ എന്ന അതിമനോഹര ഗാനം മലയാളത്തിന് സമ്മാനിച്ച ജോബ് മാസ്റ്ററുടെ ശിഷ്യനായി.

എരൂര്‍ സ്വദേശി പി സി സൈഗാലിന്റെ കീഴിലാണ് കര്‍ണ്ണാടകസംഗീതം ആദ്യം ആഭ്യസിച്ചത്. പിന്നീട് എന്‍ പി രാമസ്വാമിയുടെ കീഴില്‍ അഞ്ച് വര്‍ഷത്തോളം കര്‍ണ്ണാടകസംഗീതം ഒപ്പം ഹിന്ദുസ്ഥാനി സംഗീതവും.

ജോസഫ് തട്ടാരശ്ശേരിയച്ചന്‍ സ്വയം ചിട്ടപ്പെടുത്തിയ വരികളാണ് ഭജനായി പാടുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വരികള്‍. നമ്മുടെ സംസ്‌കാരത്തിന്റെയും മണ്ണിന്റെയും മണമുള്ള സംഗീതത്തിലൂടെ ക്രിസ്തുവിനെ നല്‍കുക എന്നതാണ് ക്രിസ്തീയ കര്‍ണ്ണാടിക് ഭജനിലൂടെ ജോസഫ് തട്ടാരശ്ശേരിയച്ചന്‍ ലക്ഷ്യം വയ്ക്കുന്നത്‌.

പന്ത്രണ്ടുവര്‍ഷത്തിനിടയില്‍ നൂറോളം വേദികളില്‍ അച്ചന്‍ ക്രൈസ്തവ ഭജന്‍ പാടിയിട്ടുണ്ട്. വേളാങ്കണ്ണിയും ഗോവയിലെ ഫ്രാന്‍സിസ് സേവ്യറുടെ ദേവാലയവുമെല്ലാം അവയില്‍ ചില വേദികള്‍ മാത്രം.

വൈറ്റിലയിലെ സെന്റ് റാഫേല്‍ ദേവാലയത്തില്‍ വികാരിയായി സേവനം ചെയ്യുമ്പോഴും തട്ടാശ്ശരിയച്ചന്‍ തന്റെ ക്രൈസ്തവഭജനുകളെ സ്‌നേഹപൂര്‍വ്വം കൂടെ കൂട്ടുന്നു. ഇടവകയുടെ കീഴിലുള്ള റാഫേല്‍ മ്യൂസിക്ക് അക്കാദമിയില്‍ അച്ചന്റെ കീഴില്‍ സംഗീതം അഭ്യസിക്കുന്നവരും ഇന്ന് നിരവധിയാണ്.

 

ലെമി തോമസ്‌

You must be logged in to post a comment Login