മോഹന്‍ലാലിന്റെ ഹൃദയത്തെ തൊട്ട ബോബിയച്ചന്‍!

മോഹന്‍ലാലിന്റെ ഹൃദയത്തെ തൊട്ട ബോബിയച്ചന്‍!

മലയാളം ആദരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ഒരു കത്തോലിക്കാ പുരോഹിതനെ കുറിച്ച് ഇത്ര ആദരവോടെ എഴുതണമെങ്കില്‍ അത് അത്ര ചെറിയ കാര്യമല്ല. സുഹൃത്തായ കെ സി ബാബുവിന്റെ സംസാരങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ബോബി ജോസച്ചനെ കാണാന്‍ സത്യത്തില്‍ മോഹന്‍ലാല്‍ നാളുകളായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. അന്നേരം പനിക്കിടക്കയിലായിരുന്നു, ലാല്‍.

‘ആരെ കുറിച്ചും മോശമായി ഒന്നും പറയാത്ത ആള്‍’ എന്നാണ് സുഹൃത്ത് ബോബിയച്ചനെ വിശേഷിപ്പിച്ചത്. “ചെരിപ്പിടാറില്ല, അധികം പണമോ ആവശ്യത്തിലധികം വസ്ത്രമോ കൈയില്‍ കരുതാറില്ല, ഒറ്റയ്ക്ക് ഒരു കാറ്റുപോലെ സഞ്ചരിക്കുന്നയാളാണ്…” സുഹൃത്തിന്റെ സാക്ഷ്യം കേട്ട് ലാല്‍ തീരുമാനിച്ചു, ഈ മനുഷ്യനെ നേരിട്ടു കാണണം.

നേരിട്ട് കാണുന്നതിനു മുമ്പും അച്ചനുമായി മോഹന്‍ലാല്‍ ഫോണില്‍ സംസാരിച്ചിരുന്നു. ‘ഇമ്പമുള്ള, നനവുള്ള ശബ്ദം. അതില്‍ കരുണ എന്ന വികാരം മുഴങ്ങുന്നതുപോലെ തോന്നി….’ എന്ന് ലാല്‍ ഓര്‍ത്തെടുക്കുന്നു.

എത്രയോ പുരോഹിതന്മാരെ ഇത്രയും കാലത്തിനിടെ ഞാന്‍ പരിചയിച്ചിട്ടുണ്ട്. എന്നാല്‍ അവരെപ്പോലെയൊന്നുമായിരുന്നില്ല ഈ മനുഷ്യന്‍, വാക്കിലും നോക്കിലും സാമീപ്യത്തിലും…”ബോബിയച്ചന്‍ എന്ന സംന്യാസിയെ കേള്‍ക്കുകയോ കാണുകയോ ആയിരുന്നില്ല, അനുഭവിക്കുകയായിരുന്നു ഞാന്‍. വസന്തംനിറഞ്ഞ ഒരു വയലിന്റെ ചാരെ നില്‍ക്കുന്നതുപോലെ തോന്നി. മോഹന്‍ലാല്‍ എന്ന നടനോടായിരുന്നില്ല ബോബിയച്ചന്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചതത്രയും. മോഹന്‍ലാല്‍ എന്ന മനുഷ്യനോടായിരുന്നു. അങ്ങനെ അധികം സംഭവിക്കാറില്ല….’ ലാല്‍ എഴുതുന്നു.

‘രാത്രി ഒമ്പതിന് ബോബിയച്ചന്‍ പോകാനിറങ്ങി. പിറ്റേന്ന് കൊല്‍ക്കത്തിയിലേക്ക് പോകുകയാണ് എന്നുപറഞ്ഞു. വിടപറയുമ്പോള്‍ ‘വീണ്ടും കാണാം’ എന്നോ ‘ഞാന്‍ വിളിക്കാം’ എന്നോ അദ്ദേഹം പറഞ്ഞില്ല. പകരം എന്റെ കണ്ണുകളിലേക്ക് കൂടുതല്‍ കരുണയോടെ ഒന്നു നോക്കുക മാത്രം ചെയ്തു. ആ നോട്ടത്തിന്റെ പൊരുള്‍ എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല….’
ഫ്രേസര്‍

You must be logged in to post a comment Login