യഥാര്‍ത്ഥ ഭൂതോച്ചാടനം ചിത്രീകരിക്കാന്‍ വത്തിക്കാന്‍ തന്നെ ക്ഷണിച്ചുവെന്ന് എക്‌സോര്‍സിസ്റ്റ് സംവിധായകന്‍

യഥാര്‍ത്ഥ ഭൂതോച്ചാടനം ചിത്രീകരിക്കാന്‍ വത്തിക്കാന്‍ തന്നെ ക്ഷണിച്ചുവെന്ന് എക്‌സോര്‍സിസ്റ്റ് സംവിധായകന്‍

യഥാര്‍ത്ഥ ഭൂതോച്ചാടനം ചിത്രീകരിക്കാന്‍ വത്തിക്കാന്‍ ഈ മാസം ആരംഭത്തില്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന് സംവിധായകന്‍ വില്യം ഫ്രൈഡ്കിന്‍. ദ എക്‌സോര്‍സിസ്റ്റ് എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനാണ് ഇദ്ദേഹം. എണ്‍പതുവയസുകാരനായ ഈ അമേരിക്കന്‍ സംവിധായകന്‍ കാന്‍ ഫിലിംഫെസ്റ്റിവലില്‍ വച്ചാണ് ഇക്കാര്യം അറിയിച്ചത്. മറ്റാര്‍ക്കും അത് ചിത്രീകരിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സിനിമയില്‍ ചിത്രീകരിച്ചതും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതുമായ രംഗങ്ങള്‍ തമ്മില്‍ വളരെ സാമ്യമുണ്ടായിരുന്നു. ഒരിക്കല്‍പോലും ഇത്തരമൊരു സംഭവത്തിന് സാക്ഷിയാകേണ്ടിവരുമെന്ന് താന്‍ കരുതിയിരുന്നില്ല.

1973 ലാണ് എക്‌സോര്‍സിസ്റ്റ്  പുറത്തിറങ്ങിയത്. വില്യം പീറ്റര്‍ ബ്ലാറ്റിയുടെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയായിരുന്നു ചിത്രം എടുത്തത് . യഥാര്‍ത്ഥ സംഭവമായിരുന്നു അതിന് പിന്നില്‍. അമേരിക്കയിലുള്ള ഒരു കൗമാരക്കാരന്‍ റോള്‍ഡന്റിന് സംഭവിച്ച പ്രേതബാധയായിരുന്നു അതിന്റെ ഉള്ളടക്കം. എന്നാല്‍ സിനിമയിലും നോവലിലും കഥാപാത്രത്തെ പെണ്‍കുട്ടിയാക്കി മാറ്റുകയായിരുന്നു.

ഭൂതോച്ചാടനം നടത്തിയ പുരോഹിതന്റെ ഡയറിക്കുറിപ്പുകള്‍ താന്‍ വായിച്ചിരുന്നുവെന്ന് ഫ്രൈഡ്കിന്‍ അറിയിച്ചു. തന്നെ ഒരു വിശ്വാസിയാക്കി മാറ്റാന്‍ ഈ സിനിമ സഹായിച്ചുവെന്നും സംവിധായകന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വ്യക്താക്കി.

ഞാന്‍ കത്തോലിക്കനല്ല. ഞാന്‍ പള്ളിയില്‍ പോകാറുമില്ല. സിനഗോഗിലും പോകാറില്ല. പക്ഷേ ഞാന്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്നു. യുക്രൈയ്‌നില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ജൂതമാതാപിതാക്കളുടെ പുത്രനായ ഇദ്ദേഹം പറഞ്ഞു.

ഭൂതോച്ചാടനം ചിത്രീകരിക്കാന്‍ സംവിധായകനെ ക്ഷണിച്ച കാര്യം വത്തിക്കാന്‍ നിഷേധിച്ചു.വത്തിക്കാനില്‍ അത്തരത്തിലുള്ള ഒന്ന് നടന്നിട്ടില്ലെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു.

You must be logged in to post a comment Login