യഥാര്‍ത്ഥ സമാധാനം കുരിശില്‍ പൊതിഞ്ഞുള്ള ദൈവസമ്മാനം: ഫ്രാന്‍സിസ് പാപ്പാ

യഥാര്‍ത്ഥ സമാധാനം കുരിശില്‍ പൊതിഞ്ഞുള്ള ദൈവസമ്മാനം: ഫ്രാന്‍സിസ് പാപ്പാ

Pope_Francis_1_at_the_Wednesday_General_Audience_in_St_Peters_Square_on_May_20_2015_Credit_Daniel_Iba_n_ez_CNA_5_20_15യഥാര്‍ത്ഥ സമാധാനം കുരിശില്‍ പൊതിഞ്ഞുള്ള ദൈവസമ്മാനമെന്ന്‌ ഫ്രാന്‍സിസ് പാപ്പാ. ആഴമില്ലാത്ത സന്തോഷം മാത്രം നല്‍കുന്ന സമാധാനം പലപ്പോഴും സാത്താനില്‍ നിന്നും വരാം. അത് തെറ്റായ സമാധനമാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.  ദിവ്യകാരുണ്യ യുവജന തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ യുവജനങ്ങളോടു സംവദിക്കുന്ന അവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഈ ലോകത്തിന്റെ സന്തോഷങ്ങളല്ല, മറിച്ച് ദൈവം നല്‍കുന്ന സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ദാഹിക്കാനും അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്തു.

38 ഓളം രാജ്യങ്ങളില്‍ നിന്നായി 1,500 ഓളം യുവാക്കളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അവരവരുടെ ഭാഷകളിലാണ് യുവജനങ്ങള്‍ മാര്‍പാപ്പയോട് ചോദ്യങ്ങള്‍ ചോദിച്ചത്. വിവര്‍ത്തകന്റെ സഹായത്തോടെ മാര്‍പാപ്പ എല്ലാ ചോദ്യങ്ങള്‍ക്കും ഇറ്റാലിയന്‍ ഭാഷയില്‍ ഉത്തരം നല്‍കി.

‘വേദനകളും ദുരിതങ്ങളും ഉത്കണ്ഠകളുമൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. അവയെ സന്തോഷപൂര്‍വ്വം സ്വീകരിക്കുക. ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത ജീവിതം ശവക്കല്ലറയ്ക്കു തുല്യമായിരിക്കും. സമ്മര്‍ദ്ദങ്ങളും ദു:ഖങ്ങളുമൊന്നും ഇല്ലാതിരിക്കുക ശവശരീരങ്ങള്‍ക്കു മാത്രമാണ്. നമുക്ക് ജീവനുള്ളിടത്തോളം കാലം സഹനങ്ങളുമുണ്ടാകും. അത് സ്വാഭാവികമാണ്. അവ നമ്മെ കൂടുതല്‍ ശക്തരാക്കുകയേ ഉള്ളൂ’ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മിലോ സുഹൃത്തുക്കള്‍ തമ്മിലോ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പരസ്പരമുള്ള സംഭാഷണത്തിലൂടെ അതു പറഞ്ഞു തീര്‍ക്കണമെന്നും വൃദ്ധമാതാപിതാക്കളോട് പ്രത്യേകം പരിഗണനയും സ്‌നേഹവും കാണിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login