യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സൈമണ്‍ തിരക്കിലാണ്….

ആലപ്പുഴ: വഴിയില്‍ വച്ച് സൈമണ്‍ എന്ന യുവാവിനെക്കണ്ടാല്‍ ആരുമൊന്ന് അമ്പരന്നുനിക്കും. തിടക്കത്തിലുള്ള നടത്തം. കൈയില്‍ ബൈബിളും കുരിശും ഗീതയും ഖുറാനും. കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ചാണ് സി ആര്‍ സൈമണ്‍ എന്ന യുവാവിന്റെ പ്രാര്‍ത്ഥന പദയാത്ര. ലക്ഷ്യം മതസൗഹാര്‍ദവും ലഹരിവിരുദ്ധ സന്ദേശങ്ങളും പ്രചരിപ്പിക്കുക.

പിതാക്കന്മാര്‍ ആശിര്‍വദിച്ച മരക്കുരിശും ബൈബിളും ചേരമന്‍ ജുമാമസ്ജിദില്‍ നിന്നും ലഭിച്ച ഖുറാനും വര്‍ക്കല ശിവഗിരി മഠം നല്‍കിയ ഭഗവത്ഗീതയുമാണ് പദയാത്രയില്‍ സൈമണിനൊപ്പമുള്ളത്. കൊല്ലം സെന്റ് തോമസ് പള്ളിയില്‍ നിന്നും ആരംഭിച്ച യാത്ര 1200 കിലോമീറ്റര്‍ പിന്നിട്ട് ചെന്നൈ സെന്റ് തോമസ് മൗണ്ടില്‍ അവസാനിപ്പിക്കാനാണ് സൈമണിന്റെ പദ്ധതി.

യാത്രാമധ്യേ പ്രധാനതീര്‍ത്ഥാടനകേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കും. വഴികളില്‍ കണ്ടുമുട്ടുന്നവര്‍ക്കെല്ലാം ലഘുലേഖകള്‍ വിതരണം ചെയ്തും തന്റെ യാത്രയെക്കുറിച്ച് സംസാരിച്ചുമാണ് പോകുന്നത്. ഒരു ദിവസം സൈമണ്‍ സഞ്ചരിക്കുന്നത് 25 കിലോമീറ്ററാണ്. താമസം ബിഷപ്പ് ഹൗസുകളോടനുബന്ധിച്ചും കത്തീഡ്രലുകളിലും.

ജോലിയില്‍ നിന്നും താല്‍ക്കാലികമായി അവധിയെടുത്താണ് ഇദ്ദേഹത്തിന്റെ യാത്ര.
പദയാത്രയുടെ ഫലമായി 200 ഓളം ആരാധനാലയങ്ങള്‍ ഇതിനോടകം സൈമണ്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

You must be logged in to post a comment Login