യുഎസ് കത്തോലിക്കര്‍ ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യുമോ..?

യുഎസ് കത്തോലിക്കര്‍ ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യുമോ..?

വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷനു മുന്നോടിയായുള്ള രണ്ടാം സൂപ്പര്‍ ചൊവ്വയും പിന്നിട്ടു കഴിഞ്ഞപ്പോള്‍ ഡൊണാള്‍ഡ് ട്രപും ഹിലരി ക്ലിന്റനും മുഖാമുഖമെത്തുമെന്ന് ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില അമേരിക്കന്‍ കത്തോലിക്കര്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന് വോട്ടു ചെയ്യാതിരിക്കാന്‍ ഇവര്‍ നിരത്തുന്ന കാരണങ്ങളുമേറെ. ഈ കാരണങ്ങളില്‍ പലതും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുപരി ഡൊണാള്‍ഡ് ട്രംപ് എന്ന വ്യക്തി മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ്.

തങ്ങളുടെ വാദമുഖങ്ങള്‍ക്ക് ആധാരമായുള്ള കാരണങ്ങള്‍ നിരത്തി അമേരിക്കയിലെ പ്രശസ്തരായ 30 തോളം കത്തോലിക്കര്‍ ചേര്‍ന്ന് സംയുക്തപ്രസ്താവനയിറക്കിയിരുന്നു. പ്രിന്‍സട്ടണ്‍ സര്‍വ്വകലാശാലയിലെ നിയമവിഭാഗം പ്രൊഫസര്‍ റോബര്‍ട്ട് ജോര്‍ജ്ജ്, കാത്തലിക് വുമണ്‍സ് ഫോറം ഡയറക്ടര്‍ മേരി റൈസ് ഹാസന്‍ എന്നിവരെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. അമേരിക്കന്‍ പ്രസിഡന്റാകാന്‍ ട്രംപ് യോഗ്യനല്ല എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഇതിന് ഇവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങള്‍:

* ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ പ്രചരണജാഥകള്‍ പലതും അമേരിക്കന്‍ രാഷ്ട്രീയത്തെ കൂടുതല്‍ ജീര്‍ണ്ണതയിലേക്ക് എത്തിക്കുന്നു

*ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ കത്തോലിക്കാ മൂല്യങ്ങള്‍ക്കു ചേര്‍ന്നതല്ല.

*തീവ്രവാദികളെന്നു സംശയിക്കപ്പെടുന്നവരേയും അവരുടെ കുടുംബാംഗങ്ങളെയും വെടിവെച്ചുകൊല്ലാന്‍ പ്രത്യേകസേനയെ നിയോഗിക്കുമെന്ന ട്രംപിന്റെ പ്രസ്താവന ഭയമുളവാക്കുന്നതാണ്.

*മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം, കുടുംബമൂല്യങ്ങള്‍, ജീവന്റെ മഹത്വം എന്നിവയ്ക്ക് ട്രംപ് പ്രാധാന്യം കൊടുക്കുന്നില്ല.

ആര്‍ക്കു വോട്ടു ചെയ്യണമെന്ന് തങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോള്‍ കത്തോലിക്കാ വിശ്വാസത്തിനും സഭയുടെ പഠനങ്ങള്‍ക്കും ചേര്‍ന്നുപോകുന്ന ആശയങ്ങളാണോ അവര്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് പരിശോധിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് മയക്കുമരുന്നുകച്ചവടക്കാരും പീഡനവീരന്‍മാരും കടന്നുവരുന്നുണ്ടെന്നും പ്രസിഡന്റായാല്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതിലുകള്‍ പണിയുമെന്നും മുസ്ലീങ്ങളെ യുഎസിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. താന്‍ പ്രസിഡന്റായാല്‍ അഭയാര്‍ത്ഥികളെ യുഎസില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രംപിന്റെ ഇത്തരം പ്രസ്താവനകള്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പ മെക്‌സിക്കന്‍ സന്ദര്‍ശന സമയത്ത് ട്രംപിന്റെ നിലപാടുകളെ വിമര്‍ശിച്ചിരുന്നു. മതിലുകളാണ് നിര്‍മ്മിക്കുന്നതെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ലെന്നും മതിലുകളല്ല, പാലങ്ങള്‍ പണിയുന്നവനാണ് യഥാര്‍ത്ഥ ക്രിസത്യാനിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

You must be logged in to post a comment Login