യുദ്ധം ദാരിദ്ര്യത്തിന്റെ പ്രഭവ സ്ഥാനമെന്ന് പാപ്പ

യുദ്ധം ദാരിദ്ര്യത്തിന്റെ പ്രഭവ സ്ഥാനമെന്ന് പാപ്പ

no warയുദ്ധമെന്ന ഭീകര സത്വത്തിനു കീഴ്‌പ്പെട്ട് ദാരിദ്ര്യത്തില്‍ അകപ്പെട്ടു കഴിയുന്ന കുടുംബങ്ങളെ ഓര്‍ത്ത് പാപ്പ വിലപിച്ചു. യുദ്ധമാണ് ദാരിദ്ര്യത്തിന്റെ മാതാവെന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തു ചേര്‍ന്ന ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. യുദ്ധം കുടുംബത്തെ ഇല്ലാതാക്കുന്നു. അത് ജീവിതത്തെയും ആത്മാവിനെയും വേണ്ടപ്പെട്ടവരെയും വേട്ടയാടുന്ന മൃഗമാണ്. പാപ്പ കൂട്ടിച്ചേര്‍ത്തു.
യുദ്ധം മൂലം കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെയും അതിര്‍ത്തിയില്‍ താമസ്സിക്കുന്നവരെയും പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. എന്നാല്‍ എത്രത്തോളം കഷ്ടപാടുകളിലൂടെ കടന്നു പോയാലും ദൈവവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്ന കുടുംബങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുടുംബങ്ങളോട് നാം നന്ദിയുള്ളവരായിരിക്കണം.
ബന്ധങ്ങളിലെ മനുഷ്യത്വം എത്ര കൊടിയ ദാരിദ്ര്യത്തിലും കുടുംബങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് സഹായിക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിലവാരമുള്ള ജീവിതം ഉണ്ടാക്കിയെടുക്കാന്‍ കുടുംബ ബന്ധത്തിന് രണ്ടാം സ്ഥാനം കല്‍പ്പിക്കുന്നവര്‍ക്ക് അരോചകമായി തോന്നും, പാപ്പ പറഞ്ഞു. സമൂഹം മൃഗീയ വല്‍ക്കരിക്കപ്പെടുന്നതില്‍ നിന്നും മനുഷ്യത്ത്വത്തിനു പ്രാധാന്യം കല്‍പ്പിക്കുന്ന കുടുംബങ്ങളാണ് നമ്മെ രക്ഷിക്കുന്നത്. മനുഷ്യത്വത്തിന്റെ സ്‌കൂളാണിവര്‍. ഇവര്‍ക്കു മുന്നില്‍ നാം മുട്ടുകുത്തിയേ മതിയാവൂ, പാപ്പ കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ സാമ്പത്തിക ശാസ്ത്രം ഒരു വ്യക്തിയുടെ സുസ്തിരതയാണ് പ്രചോദിപ്പിക്കുന്നത്.
ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ലിത്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ജോലിയിലുമുണ്ട്. പോഷഹാകാര കുറവുകളുള്ള കുട്ടികളുടെ ചിത്രം നമ്മെ വൈകാരികമായി സ്പര്‍ശിക്കാറുണ്ട്. മനുഷ്യന്‍ ഭക്ഷണം കൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്ന് കുട്ടികള്‍ക്കും മനസ്സിലാകും, അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യം കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ കുട്ടികള്‍ ദു:ഖിതരാകുന്നു. കാരണം അവര്‍ക്ക് സ്‌നേഹവും ബന്ധങ്ങളും ആവശ്യമാണ്, അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരെ സഹായിക്കേണ്ട ആവശ്യകതയെക്കുറിച്ച് ക്രിസ്ത്യാനികളെ പാപ്പ ഉത്‌ബോധിപ്പിച്ചു.
തൊഴിലില്ലായ്മ, ഭീകരമായ ജോലി സാഹചര്യം, താറുമാറായ ഗതാഗത സൗകര്യവും വീടും, വിദ്യാഭ്യാസത്തിന്റെയും ആശുപത്രികളുടെയും അഭാവം തുടങ്ങി കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയേക്കാവുന്ന കാര്യങ്ങളുടെ നീണ്ട നിര അദ്ദേഹം വിശ്വാസികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.
അമ്മയായ സഭയ്ക്ക് ഇത്തരം അകൃത്യങ്ങള്‍ക്കെതിരെ പുറം തിരിഞ്ഞിരിക്കാനാവില്ല. ലാളിത്യത്തിന്റെ മാര്‍ഗ്ഗത്തിലൂടെ വിവേചനത്തിന്റെ അതിര്‍ വരമ്പുകള്‍ എടുത്തു മാറ്റി ദാരിദ്ര്യത്തില്‍ നിന്നും മോചനം തേടാം എന്നദ്ദേഹം ജനങ്ങളോട് പറഞ്ഞു..

You must be logged in to post a comment Login